കപടലോകം
കൂനമ്പാറയുടെ പുതിയ രക്ഷകരിലുള്ള വിശ്വാസംകൊണ്ടാവാം, നാടകത്തിനു പ്രതീക്ഷിച്ചതിലേറെ ആളുകള്‍ വന്നു. മലയാളം നേരേചൊവ്വേ പറയാനറിയാത്ത തമിഴ് തൊഴിലാളികള്‍ക്കും നേതാവ് കന്തസ്വാമിക്കുംവരെ, കരുണാകര്‍ജി പാര്‍ട്ടിസ്വാധീനത്താല്‍ ടിക്കറ്റ് വിറ്റു. പക്ഷേ നാടകസ്ഥലത്ത് അയാളുടെ പൊടിപോലും കണ്ടില്ല.
സ്റ്റൈലിക്കുഞ്ഞമ്മ അണിഞ്ഞൊരുങ്ങിവന്ന്, എല്ലാവരുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്തു പെണ്ണുങ്ങള്‍ കൂടുന്നിടത്തുചെന്ന് ചെറിയ രീതിയില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതു കുഞ്ഞമ്മയുടെ പതിവാണ്. വീട്ടമ്മമാരെ സ്റ്റൈല്‍ പാര്‍ലറിലേക്കു ക്ഷണിക്കാനുള്ള പരിപാടിയാണത്. പൊട്ടനെ ഒറ്റനോട്ടത്തില്‍ അവിടെയെങ്ങും കണ്ടില്ല. അല്ലെങ്കിലും കുഞ്ഞമ്മയുടെ പത്രാസിനുപറ്റിയ ആളല്ലല്ലോ കൂടെക്കൊണ്ടുനടക്കാന്‍!
പഞ്ചായത്തു പ്രസിഡന്റ് നീലിമാ ഉണ്ണിത്താനും ഡോക്ടര്‍ സോളമനും മുന്‍സീറ്റില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു. കാടുകേറിയച്ചന്‍ നിലവിളക്കു കൊളുത്തി ആശംസകളര്‍പ്പിച്ചു. സിനിമാനടി സസ്‌നേഹം സുശീലയുടെ ഉദ്ഘാടനപ്രസംഗത്തോടെ നാടകത്തിന് ആരംഭമായി. എം എല്‍ ഏ ചക്കാലയ്ക്കല്‍ കുട്ടപ്പനെ പ്രസംഗിക്കാന്‍ വിളിക്കാഞ്ഞതുകൊണ്ട്, നിയമസഭയിലെ വാക്കൗട്ട് പോലെ കുറച്ചു തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി. നാടകം കാണാനെത്തിയ മറ്റുള്ളവര്‍ അതത്ര കാര്യമാക്കിയില്ല.
അപ്പാജി, കര്‍ട്ടനു പിറകില്‍നിന്ന് ഒരു കൈമണിയുമായി ഉച്ചത്തില്‍ പറഞ്ഞു:
'എത്രയും പ്രിയപ്പെട്ട നാട്ടുകാരേ, സഹൃദയരേ, നമ്മുടെ കൂനമ്പാറ പഞ്ചായത്തിലെ നാടകസമിതിയുടെതന്നെ ഉയര്‍ച്ചതാഴ്ച്ചകളുടെ കഥ പറയുന്ന ഏറ്റവും പുതിയ സംഗീതനൃത്തനാടകം ഇതാ ആരംഭിക്കുകയായി. അവതരണം, നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ്. നാടകത്തിന്റെ പേര്, കപടലോകം...'
തുടര്‍ന്ന്, 'ണീം' എന്നൊരു മണിയടിച്ചു.
അപ്പാജി തുടരുകയാണ്:
'നാടകത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും: സംവിധായകന്‍ സോമസാഗരം - അപ്പാജി. പ്രവാസിയായ സിനിമാനിര്‍മ്മാതാവ് - ആനച്ചിറ അവറാന്‍. പരമു പരപ്പനങ്ങാടി - കരണ്ടുരാജപ്പന്‍. കുട്ടപ്പന്‍ തട്ടുകട- കുഞ്ചാക്കോ. ജോസഫ് ചാരാഞ്ചിറ - കുടില്‍ക്കുമാര്‍. കെട്ടിടമുടമ - പ്രൊഫസര്‍ പീറ്റര്‍. രാജന്‍ രാമപുരം - വൈക്കം വാസു. തോമാച്ചന്‍ - ആലപ്പി അപ്പുക്കുട്ടന്‍. പൂങ്കുന്നം- ആനച്ചിറ അമ്മുക്കുട്ടി. കൊച്ചമ്മിണി - കൈനകരി കമലാക്ഷി.
എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ നാടകം ആരംഭിക്കുകയായി...'
വീണ്ടും രണ്ടു തകര്‍പ്പന്‍ മണിയടിച്ചു. തുടര്‍ന്ന് അവതരണഗാനം:
'ഭരതമുനിയൊരു കളം വരച്ചു...
ഭാസകാളിദാസര്‍ കരുക്കള്‍ വച്ചു...'
ഗാനം നിലച്ചതോടെ കര്‍ട്ടനുയര്‍ന്നു.
മദ്യപനായ സംവിധായകന്‍ സോമസാഗരമായി അപ്പാജി വേദിയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന്, അവറാനും കരണ്ടുമൊക്കെ തലങ്ങും വിലങ്ങും നടന്നഭിനയിച്ചു. കുഞ്ചാക്കോയും കുടില്‍ക്കുമാറും വൈക്കം വാസുവും ആലപ്പി അപ്പുക്കുട്ടനും പീറ്റര്‍സാറുമെല്ലാം കിട്ടിയ ഭാഗങ്ങള്‍ ഭംഗിയാക്കി.
കൊച്ചമ്മിണിയേയും അമ്മുക്കുട്ടിയേയും കാഴ്ചക്കാര്‍ക്കിഷ്ടമായി.
ഇടയ്ക്കിടെയുയര്‍ന്ന കൈയടി, അഭിനേതാക്കളെയും സംഘാടകരേയും സന്തുഷ്ടരും ഉത്സാഹഭരിതരുമാക്കി. ഫാദര്‍ റോഷന്‍ കാടുകേറിക്ക് അഭിമാനവും സംതൃപ്തിയും തോന്നി.
ഇടവേളയായപ്പോള്‍ കര്‍ട്ടന്‍ വീണു. നിലയ്ക്കാത്ത കൈയടിയുയര്‍ന്നു. നാടകം തുടരുംമുമ്പ്, അട്ടപ്പാടി ശശി കര്‍ട്ടനുമുമ്പില്‍വന്നു പ്രസ്താവിച്ചു:
'അടുത്ത രംഗത്തോടുകൂടി ഈ നാടകം അവസാനിക്കുകയാണ്. പ്രിയപ്പെട്ട നാടകസുഹൃത്തുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. നല്ലവരായ നാട്ടുകാരുടെ സഹായസഹകരണങ്ങള്‍ക്കും നന്ദി. എല്ലാ സഹായങ്ങളും ചെയ്തുതന്ന ബഹുമാന്യനായ കാടുകേറിയച്ചനും എന്റെയും നാടകസമിതിയുടെയും പ്രത്യേകം പ്രത്യേകം നന്ദി.
ഒരറിയിപ്പുകൂടിയുണ്ട്. നാടകത്തിനുശേഷം താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുട്ടിക്കാനം പാലസ് അവന്യൂ റിസോര്‍ട്ടില്‍വച്ച് വിരുന്നുസല്‍ക്കാരമുണ്ടായിരിക്കുന്നതാണ്. ദൂരെനിന്നു വന്നവര്‍ക്കു താമസിക്കാനുള്ള സൗകര്യവും അവിടെയൊരുക്കിയിട്ടുണ്ട്.
ഇതാ, രണ്ടാംഭാഗം ആരംഭിക്കുകയായി....'