കാലിൽ തൊട്ട് വന്ദിക്കുക എന്നത് മലയാളികൾക്കിടയിൽ അത്ര വ്യാപകമായ സംസ്ക്കാരമോ ആചാരമോ അല്ല. വിവാഹചടങ്ങ് പോലെ ഉള്ള ചടങ്ങുകളിൽ മാത്രം കാണുന്ന ഒന്നാണ് ഇത്. ഹൈന്ദവ ഇതര സമുദായങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം. ഒരു നിവർത്തിയും ഇല്ലെങ്കിലാണ് കാല് പിടിക്കുക. "നിൻ്റെ കാല് ഞാൻ പിടിക്കാം. എന്നെ രക്ഷിക്കണം" എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ.
വടക്കേ ഇന്ത്യയിൽ ഹിന്ദുക്കൾക്കിടയിൽ ഇത് വളരെ വ്യാപകമാണ് എന്നറിയാമല്ലോ. പക്ഷേ പ്രായത്തിൽ മുതിർന്ന ഒരാളെയാണ് സാധാരണ ഇത് പോലെ ബഹുമാനിക്കുക. രജനീകാന്ത് യോഗിയെക്കാൾ പ്രായത്തിൽ മുതിർന്ന ആളാണ് എങ്കിലും തിരിച്ച് ആണ് സംഭവിച്ചത്.
രജനീകാന്ത് യോഗിയുടെ കാൽ തൊട്ട് വന്ദിക്കുന്ന രംഗം നമുക്ക് അരോചകം ആയി തോന്നുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് രജനിയെ പോലൊരു നടനിൽ നിന്ന് നമ്മൾ അത് പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ നിലപാടും വ്യക്തിത്വവും ഉള്ള ഒരു നടൻ ആയാണ് അദ്ദേഹത്തെ നമ്മൾ കണ്ടിട്ടുള്ളത്. നടൻ എന്ന നിലയിൽ നമുക്ക് അയാളെ ഇഷ്ടവും ആണ്.
രണ്ട് ഇങ്ങനെ വന്ദിക്കപ്പെട്ടത് യോഗിയെ പോലെ ഒരു വർഗ്ഗീയവാദി എന്നതാണ്. തമിഴർക്ക് ഈ കാൽ തൊട്ട് വണങ്ങുന്ന പരിപാടിയിൽ പുതുമ ഒന്നും ഇല്ല. ജയലളിതയുടെ കാൽ തൊട്ട് വണങ്ങുന്ന പല നേതാക്കളുടെയും ചിത്രങ്ങൾ നമ്മൾ കണ്ടത് ആണല്ലോ.
കേരളത്തിൽ പ്രകടമായ കാൽ തൊട്ട് വന്ദിക്കൽ ഒന്നും ഇല്ല. പക്ഷേ കാര്യം നേടാൻ ആരുടെ കാൽക്കലും പരോക്ഷമായ രീതിയിൽ വീഴും. നിങ്ങൾക്ക് ഒരു നേതാവിനെ കൊണ്ട് ഉപകാരം ഉണ്ടെങ്കിൽ അയാൾക്ക് വേണ്ടി എന്തും ചെയ്യും. അയാൾ ചെയ്യുന്ന ഏതു തെറ്റും അഴിമതിയും നിങ്ങൾ എന്ത് വില കൊടുത്തും ന്യായീകരിക്കും. അയാളെ വാനോളം വാഴ്ത്തും. അയാളുടെ കൊള്ളരുതായ്മകൾ നിങ്ങൾക്ക് അപദാനങ്ങൾ ആവും. അയാളുടെ എതിരാളികളുടെ കുടുംബത്തെ സഹിതം പൊതുജന മധ്യത്തിൽ അപമാനിക്കും. പ്രതിഫലമായി ഈ സംഘത്തിലെ അംഗത്വവും അത് വഴിയുള്ള ഒരു സുരക്ഷിത ബോധവും, ജോലി, പല വിധ സൗകര്യങ്ങൾ, മാനദണ്ഡങ്ങൾ മറികടന്ന് പല സ്ഥാനത്തേക്കും പരിഗണിക്കപ്പെടും, അക്കാദമികളിലും മറ്റും അംഗത്വം...ഇങ്ങനെ പോകുന്നു.
ഇത് ഒരു നേതാവിനെ അല്ലെങ്കിൽ പാർട്ടിയെ മാത്രം ഉദ്ദേശിച്ച് ഉള്ളതല്ല. എല്ലാവരിലും ഉണ്ട് ഈ അടിമ യജമാനൻ ഭാവം.
ഈ അടിമത്ത മനോഭാവം കാല് പിടിക്കൽ നടത്തുന്നില്ല എന്നെ ഉള്ളൂ. അത് നിങ്ങളുടെ തലച്ചോറിൽ മായ്ക്കാൻ ആവാത്ത വണ്ണം ആഴത്തിൽ കോറി ഇട്ടിരിക്കുകയാണ്. അവൻ അതാ ആ വർഗ്ഗീയ വാദിയുടെ കാലിൽ വീഴുന്നു എന്ന് പറഞ്ഞു ആർത്ത് ചിരിക്കുമ്പോൾ താനും ഒരുവൻ്റെ കാൽക്കീഴിൽ ആണെന്ന് അവർ അറിയുന്നില്ല.
കേസ് ഒതുക്കാനും, പലതും നടന്നു കിട്ടാനും നമ്മൾ ആരും അറിയാതെ രഹസ്യമായി ആരൊക്കെ ആരുടെയൊക്കെ കാല് പിടിക്കുന്നു എന്ന് പാവം നമ്മൾ അറിയുന്നുണ്ടോ? ഇങ്ങനെ രഹസ്യമായി കാല് പിടിച്ചു കാര്യം നേടുന്നവർ അല്ലേ പരസ്യമായി കാലു പിടിച്ച രജനിയേക്കാൾ നികൃഷ്ടർ?
രജനിയെ വിമർശിക്കും മുമ്പ് നിങ്ങൾ നടത്തിയ/ നടത്തി കൊണ്ടിരിക്കുന്ന പരോക്ഷ കാല് പിടുത്തങ്ങൾ കൂടി ആലോചിക്കുക.