Image

മനുഷ്യ കുടിയേറ്റം മറ്റ് ഗ്രഹങ്ങളിൽ? (ലേഖനം: ജയൻ വർഗീസ്)

Published on 29 August, 2023
മനുഷ്യ കുടിയേറ്റം മറ്റ് ഗ്രഹങ്ങളിൽ? (ലേഖനം: ജയൻ വർഗീസ്)

പഴയ തിരുവിതാം കൂറിലെ ദരിദ്ര കർഷകർ മലബാറിലേക്ക് കുടിയേറിയ ഒരു കാലമുണ്ടായിരുന്നു. തങ്ങളുടെതുച്ഛമായ കൃഷി ഭൂമി വിറ്റു  കിട്ടുന്ന തുകയുമായി മലബാറിൽ എത്തിയാൽ അവിടെ ധാരാളം ഭൂമി വാങ്ങുവാൻകഴിയുന്ന തരത്തിലുള്ള ഒരവസ്ഥ അന്നുണ്ടായിരുന്നു എന്നത് കൊണ്ടാണ് അന്നവർ വയനാടൻ ചുരം കയറിമുകളിൽ എത്തിയതും, കഠിനാധ്വാനം കൊണ്ട് പിൽക്കാലത്ത് വലിയ മുതലാളിമാരായി അറിയപ്പെട്ടതും. 

ഇക്കൂട്ടരെ അനുകരിച്ച് നാട്ടിൽ നല്ല നിലയിൽ കഴിഞ്ഞിരുന്ന ചിലരെങ്കിലും കൂടുതൽ നേടുന്നതിനുള്ളആർത്തിയോടെ ഉണ്ടായിരുന്ന ഭൂമി വിറ്റ് മലബാറിലേക്ക് കുടിയേറുകയും അവിടെ സംജാതമായ സാമൂഹ്യസാഹചര്യങ്ങളുടെ കുത്തൊഴുക്കിൽ ഉണ്ടായിരുന്നതെല്ലാം നശിച്ച് രോഗവും മരണവും അനുഭവിച്ച് കണ്ണീരുംകയ്യുമായി നാട്ടിൽ തിരിച്ചെത്തിയ ദുരന്ത ചരിത്രവും ഉണ്ട്. ഞങ്ങളുടെ അകന്ന ബന്ധുക്കളിൽ ഒരാളായിരുന്നചേലപ്പുഴ പത്രോസ് അച്ചായൻ അക്കൂട്ടത്തിൽ ഒരാളായിരുന്നു. 

നമ്മുടെ  ശാസ്ത്ര  ഗവേഷകർ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് മനുഷ്യ രാശിയെ പറിച്ചു നടുന്നതിനുള്ള തീവ്രശ്രമങ്ങൾ തകൃതിയായി ഇപ്പഴേ  ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാർ കണക്കിൽത്തന്നെ ജനസംഖ്യയിൽമുപ്പതു ശതമാനത്തോളം വരുന്ന നാൽപ്പതു കോടിയിലധികം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്കടിയിൽ കഴിയുന്ന ഇന്ത്യപോലും അത്തരം മുന്നേറ്റങ്ങളിൽ ചരിത്രപരമായ ചില നാഴികക്കല്ലുകൾ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആൽബർട്ട് ഐൻസ്റ്റൈൻ കണ്ടെത്തി ആവിഷ്‌ക്കരിച്ച റിലേറ്റിവിറ്റി - സ്‌പെഷ്യൽ റിലേറ്റിവിറ്റി തീയറികളുടെ പിൻബലത്തോടെ അതുവരെ അജ്ഞാതമായിരുന്ന പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് കുറെയെങ്കിലും കടന്നു ചെല്ലാൻ കഴിഞ്ഞത് കൊണ്ട് കൂടിയാണ്സൗരയൂഥത്തെയും അതുൾക്കൊള്ളുന്ന ക്ഷീരപഥത്തെയും കുറിച്ചുള്ള പുത്തൻ അറിവുകൾ സ്വായത്തമായതും, ഭൂമിക്കു പുറത്തൊരു ഭൂമി എന്ന പുത്തൻ സ്വപ്നത്തിന്റെ ഇളം നാമ്പുകൾ പതിയെ വളരാൻ ആരംഭിച്ചതും. 

അതിനും അപ്പുറത്തുള്ള അതി വിശാലമായ അത്ഭുത  പ്രതിഭാസങ്ങളിൽ കേവലമായ അഞ്ചുശതമാനത്തെക്കുറിച്ചുള്ള അല്പജ്ഞാനം ആർജ്ജിക്കാൻ കഴിഞ്ഞതോടെ അവിടങ്ങളിൽ വസിക്കുന്ന അന്യഗ്രഹജീവികൾ ഉണ്ടാവാമെന്നും, അവർ അക്രമിക്കുന്നതിന് മുൻപ് അവരെ ആക്രമിക്കണം എന്നുമുള്ള ഒരു ത്വരമനുഷ്യ രാശിയുടെ മേൽ   അനാവശ്യമായി വളർന്നു വന്നു. സ്റ്റീഫൻ ഹോക്കിങ്സിനെപ്പോലുള്ളശാസ്ത്രജ്ഞന്മാർ അന്യഗ്രഹ ജീവികളുടെ ആക്രമണത്തിൽ ഭൂമിയിലെ മനുഷ്യ രാശിയുടെഅവസാനമായിരിക്കും സംഭവിക്കുക എന്ന് വരെ പറഞ്ഞു വച്ചു. 

ഭൂമിയുടെ നൈസർഗ്ഗിക റിസോഴ്‌സുകളുടെ വമ്പൻ സാധ്യത തിരിച്ചറിഞ്ഞതോടെ പൊന്മുട്ടയിടുന്നതാറാവിനെക്കൊന്ന ബാഹ്മണന്റെ അത്യാർത്തിയോടെ മനുഷ്യൻ ഭൂമിയുടെ വയറു  കീറാനാരംഭിച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ കണ്ടെത്തലോടെ അതിനെ ആശ്രയിച്ചു കൊണ്ടുള്ള പുത്തൻ നാഗരികത രൂപപ്പെട്ടുവളർന്നു വന്നു. പടിഞ്ഞാറൻ നാടുകളിൽ ആരംഭിച്ച ഈ ഭൗമ ചൂഷണ സംവിധാനം വിയർക്കാതെ അപ്പംഭക്ഷിക്കുവാനുള്ള അലസനായ മനുഷ്യന്റെ ആവേശത്തെ ആവും വിധം ആശ്വസിപ്പിക്കുകയും, പുരോഗതിയുടെയും വികസനത്തിന്റെയും കൊടിപ്പടങ്ങളേന്തിയ നാഗരികതയായി പുനർജ്ജനിക്കുകയുംചെയ്തതോടെ ലോകം ആ വഴിയിൽ നാശത്തിലേക്കുള്ള യാത്രയാരംഭിച്ചു. 

അനിയന്ത്രിതമായി ഊറ്റിയെടുത്ത ഈ നൈസർഗ്ഗിക രക്ഷാ കവചങ്ങൾ അകത്തും പുറത്തുമായി ഉണ്ടാക്കിയതാളപ്പിഴകൾ  സമതുലിതാവസ്ഥയുടെ അടിക്കല്ലുകൾ ഇളക്കി ഭൂകമ്പങ്ങളായും മഹാമാരികളായുംകൊടുങ്കാറ്റുകളായും ഭൂമിയെ സന്ദർശിച്ചു കൊണ്ടിരിക്കുന്നു. നാഗരികത പുറത്തു വിട്ട വികസനത്തിന്റെവിഷപ്പുകകളിൽ നിന്നുള്ള കാർബൺ ഡയോക്സൈഡ് ഭൂമിയെ പൊതിഞ്ഞു നിന്ന ജൈവികസംരകണത്തിനുള്ള നൈസർഗ്ഗിക പാടയായ ഓസോൺ ലയറിനെ തുളച്ചു കൊണ്ട് രോഗ ഹേതുക്കളായ അൾട്രാവയലറ്റ് രശ്മികളെ ജീവ വ്യവസ്ഥയ്ക്ക് മേൽ അനിയന്ത്രിതമായി വർഷിച്ചു കൊണ്ടിരിക്കുന്നു. 

സ്വാഭാവികമായും ഭൂമിയിലെ ചൂട് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. അന്റാർട്ടിക്കൻ മഞ്ഞ് മലകളിൽ നിന്ന്ആസ്ട്രേലിയയുടെ വലിപ്പത്തിലുള്ള ഒന്ന് ഉരുകി വെള്ളമായിക്കഴിഞ്ഞുവത്രേ! ആധുനിക ലോകത്തിലെഅടിപൊളിയൻ  നഗരങ്ങളിൽ നമ്മുടേതുൾപ്പടെ പലതും ഈ നൂറ്റാണ്ടിൽ തന്നെ വെള്ളത്തിന്റെ  അടിയിലാവുമെന്ന് ശാസ്ത്രം പ്രവചിച്ചു കഴിഞ്ഞു. 

അഞ്ഞൂറ് കോടി കൊല്ലങ്ങൾ കൂടി അനായാസം കത്തി നിൽക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നമ്മുടെ സൂര്യൻഅത്രയ്ക്കൊന്നും പോകാതെ തന്നെ റെഡ്‌ജയന്റായി വളർന്നു ഭൂമിയെ വിഴുങ്ങുമത്രേ ! ഈ വളർച്ചയ്ക്കും വളരെവളരെ മുൻപ് തന്നെ നമ്മുടെ ഭൂമി അത്യജ്ജ്വലമായ സൂര്യ താപത്തിൽ അകപ്പെട്ട് മഴവില്ലും മനുഷ്യ മോഹങ്ങളുംവിരിഞ്ഞു നിൽക്കുന്ന ജീവ വ്യവസ്ഥയുടെ അവസാന തരിയും പറിച്ചെറിഞ്ഞ് മഹാ ഭീമനായി വളരുന്ന സൂര്യഗാത്രത്തിൽ ലയിക്കുമത്രേ ! പിന്നെ സംഭവിക്കുന്ന അനിവാര്യമായ സൂപ്പർനോവയിൽ ഉൾപ്പെട്ടു കൊണ്ട്ഓറിയോൺ നക്ഷത്ര രാശിയിലെ മൂന്നാം ശിഖരത്തിൽ സംഭവിച്ച സൂപ്പർനോവ അവശേഷിപ്പിച്ച വാതകനെബുലകളിൽ നിന്ന് രൂപപ്പെട്ട നമ്മുടെ സൂര്യനോടൊപ്പം സൗര നക്ഷത്ര ധൂളികളായി പ്രപഞ്ച മഹാസാഗരത്തിന്റെ അനന്ത വിസ്തൃതമായ മഹാ മടക്കുകളിൽ എവിടെയോ ഒളിക്കുമത്രേ ! 

ഈ നാശങ്ങൾക്കെല്ലാം നിശബ്ദനായി കൂട്ട് നിന്ന ശാസ്ത്രത്തിന് ഇപ്പോൾ സങ്കടം വരുന്നു. ആഫ്രിക്കൻവിജനതയുടെ അനിശ്ചിതത്വത്തിൽ  നിന്ന് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രം രണ്ടു കാലിൽഎഴുനേറ്റ് നടന്നു തുടങ്ങുകയും, കരയും കടലും താണ്ടി ഭൂഗോളത്തിന്റെ ദുർഘട ഭാഗങ്ങളിൽ വരെ എത്തിപ്പെട്ട്സ്വപ്നങ്ങളുടെ വിത്തുകൾ പാകി മുളപ്പിച്ചെടുക്കുകയും ചെയ്ത ഈ മനുഷ്യനെ അങ്ങിനെ സർവ്വ നാശത്തിനുവിട്ടു കൊടുക്കാനാവുമോ ? 

കയ്യിൽ കാശുള്ള ഒരു പത്ത് ലക്ഷം പേരെയെങ്കിലും ഈ നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളോടെ ഭൂമിക്കു പുറത്തുള്ളമറ്റെവിടെയെങ്കിലും എത്തിക്കുക എന്നതാണ് ഇപ്പോളത്തെ ലക്‌ഷ്യം. തൽക്കാലം ചന്ദ്രനിൽ എത്തിക്കാം എന്ന്കരുതിയാവണം അര   നൂറ്റാണ്ടിനും മുൻപ്  മനുഷ്യനെ അവിടെ ഇറക്കിയത്. പറയാൻ മേലാത്തിടത്തു പട്ടികടിച്ചാൽ പറയാൻ പറ്റാത്തത് പോലെ എന്താ പറ്റിയത് എന്നറിയില്ലാ അൻപതില്പരം വർഷങ്ങളായി മിണ്ടാട്ടമില്ല. ഒറ്റയ്ക്ക് ചന്ദ്രനിൽ ആളെ ഇറക്കിയ അമേരിക്കയുടെ നാസ ഇപ്പോൾ ലോകത്തുള്ള മിക്കവരെയും കൂട്ടിയിട്ടാണ്ചന്ദ്രനിൽ ഇറങ്ങാനുള്ള പണി തുടങ്ങിയിട്ടുള്ളത്. ഇറങ്ങിയാൽ അവിടെ ഒരു ക്യാമ്പ് നിർമ്മിക്കുക, എന്നിട്ട് ആക്യാമ്പിൽ ഭക്ഷണവും വിശ്രമവും കഴിഞ്ഞ് ചൊവ്വയിലേക്ക് പുറപ്പെടുക എന്നതാണ് ഇപ്പോളത്തെ ലക്‌ഷ്യം. 

അത്ര എളുപ്പമല്ല കാര്യങ്ങൾ. അവിടെ കുടിവെള്ളം ഉണ്ടോ എന്നറിയില്ല. ശ്വസിക്കാൻ വായുവുമില്ല. ആദ്യം അത്കൂടെ കൊണ്ട് പോകാം. പിന്നെ അവിടെത്തന്നെ ഉണ്ടാക്കാം എന്നാണ് അകത്തെ പ്ലാൻ. സസ്യങ്ങൾകൊണ്ടുപോകുന്ന കൂട്ടത്തിൽ നല്ല തേൻ വരിക്കയുടെ കുറെ ചക്കക്കുരുക്കൾ കൂടി കൊണ്ട് പോയാൽ വായുവിൽഓക്സിജന്റെ അളവ് വർധിപ്പിക്കുകയും വിശക്കുമ്പോൾ ചക്ക ഓരോന്ന് പറിച്ച് തിന്നുകയും ചെയ്യാം   എന്നൊരുഎളിയ നിർദ്ദേശം എനിക്കുമുണ്ട്. 

ആറ് ഡോളറുമായി അമേരിക്കയിൽ എത്തിയ മലയാളിയെപ്പോലെ കുറേക്കാലത്തെ കഠിനാദ്ധ്വാനം കൊണ്ട്അവിടെ പിടിച്ചു നിൽക്കാമെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ അവിടെയും രക്ഷയില്ല. ഇപ്പോൾ ഹാബിറ്റേബിൾസോണിലുള്ള ഭൂമി  ക്രമേണ സോണിനു പുറത്താകും. അപ്പോൾ ചുട്ടു പൊള്ളുന്ന ചൂടിൽ ഭൂമിയുംചന്ദ്രനുമൊക്കെ പെട്ട് പോവുകയും ഇപ്പോൾ സോണിനു പുറത്തു നിൽക്കുന്ന ചൊവ്വ സോണിന് ഉള്ളിലാവുകയുംചെയ്യുന്നതോടെ ഭൂമിയിലെ സുന്ദര സുരഭില കാലാവസ്ഥ അവിടെ സംജാതമാകും? 

അപ്പോൾ ഈസിയായി ചന്ദ്രനിൽ നിന്ന് കെട്ടിപ്പെറുക്കി അങ്ങോട്ട് കുടിയേറാം. പക്ഷെ അതും താൽക്കാലികമാണ്. റെഡ്‌ജെയന്റ് വളരുകയാണ് ചൊവ്വായെയും വിഴുങ്ങാൻ സാധ്യതയുണ്ട്. അതിനു മുൻപ് അവിടുന്നും മുങ്ങണം. പിന്നെയുള്ളത് നമ്മുടെ സൂര്യന്റെ തൊട്ടയൽക്കാരനായ പ്രോക്സിമാ സെഞ്ചുറിയാണ്. പ്രോക്സിമ സെഞ്ചുറിരണ്ടുമൂന്നു നക്ഷത്രം കൂടിപിടിച്ചുള്ള ഒരു സെറ്റപ്പാണ്. അതുങ്ങൾക്കുമുണ്ടാവണം കുറെ ഗ്രഹങ്ങൾ. ഏതായാലുംരണ്ടെണ്ണം കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയിലെ അവസ്ഥയൊക്കെ ഏകദേശം മാച്ച് ചെയ്യുന്നുമുണ്ട്. അതിൽഏതെങ്കിലും ഒന്നിൽ കൂടാം. ദൂരം ശകലം കൂടുതലാണ്. ഒരു നാലേകാൽ പ്രകാശ വർഷം. സർവ്വജ്ഞനായശാസ്ത്രം കൂടെയുണ്ടല്ലോ? അവിടെ എത്താനുള്ള വാഹനമൊക്കെ പുള്ളി പണിതു തരും. 

അങ്ങിനെ സുഖകരമായ വാസം. സൂര്യൻ നശിച്ചാലെന്താ ഭൂമി നശിച്ചാലെന്താ നമ്മുടെ കാര്യം കുശാൽ. അടിച്ചുപൊളിക്കാൻ അച്‌കൻ ധാരികളായ ബ്രെസ്‌ലെറ്റ്‌ അച്ചായന്മാരുടെ സംഘം. ആൽക്കഹോൾ രഹിത വൈനിൽഅൽപ്പം ബ്രാണ്ടി ചേർത്തടിച്ച് അർമ്മാദിക്കുന്ന ആന്റിമാർ. ആനന്ദ ലബ്ധിക്കിനിയെന്തു വേണം എന്ന് നിനച്ച്ആനന്ദിച്ചിരിക്കുകയായിരുന്നു.

അപ്പോളാണ് മറ്റൊരു ഭീഷണി. അതാ വരുന്നു ആൻഡ്രോമീഡിയ ഗാലക്സി. നമ്മുടെ മിൽക്കിവേയിൽ നിന്ന് 25 ലക്ഷം പ്രകാശ വർഷങ്ങൾക്ക് അകലെയാണ് സ്ഥാനം. പറഞ്ഞിട്ടെന്താ കാര്യം. 1,52, 000 പ്രകാശ വർഷങ്ങളുടെവ്യാസ വിസ്താരത്തിൽ   മണിക്കൂറിൽ 3,96, 000 കിലോമീറ്റർ വേഗതയിൽ വട്ടു പിടിച്ചാണ് വരവ്. നമ്മുടെഗാലക്സിയായ മിൽക്കിവേയെ ഇടിച്ചു തകർക്കും എന്ന വാശിയിലാണ് കക്ഷി. ബിഗ്‌ബാങിലൂടെ പ്രപഞ്ചംവികസിച്ച് അകന്നു കൊണ്ടിരിക്കുന്നു എന്ന് നമ്മെ പഠിപ്പിച്ച ശാസ്ത്രം ഇവിടെ രണ്ടു ഗാലക്സികൾ പൊതുസ്വഭാവത്തിന് വിരുദ്ധമായി അമിത വേഗത്തിൽ അടുക്കുകയും ഇടിച്ചു തകരാൻ തുടങ്ങുകയും ചെയ്യുന്നതിന്റെകാരണം എന്തെന്ന് നമുക്ക് പറഞ്ഞു തരുന്നതുമില്ല. 

മിൽക്കിവേ തകരുമ്പോൾ പ്രോക്സിമ സെഞ്ചുറി പപ്പടം പോലെ പൊടിയും. ‘ ഇനിയെവിടെ കൂട് കൂട്ടുംഇണക്കുയിലേ ‘ എന്ന കവിത പോലെയാകുന്നു കാര്യങ്ങൾ.. മുകളിൽ ആകാശമുണ്ട്. പക്ഷെ താഴെ ഭൂമിയില്ല.. എങ്കിലും  പക്ഷെ കുഴപ്പമില്ല മറ്റേതെങ്കിലും ഗാലക്സിയിലേക്കു പോകാം എന്ന വാഗ്ദാനവുമായി ശാസ്ത്രംകൂടെത്തന്നെയുണ്ടല്ലോ ? ദൂരം ഇച്ചിരെ കൂടും. ഒരു   കുറച്ചു മില്യൺ പ്രകാശ വർഷങ്ങൾ.

പ്രകാശം ഇന്ധനമാക്കിയ വാഹനവുമായി ശാസ്ത്രം റെഡി. മാസ്സുള്ള വസ്തുവായ മനുഷ്യന് ആ വേഗതയിൽസഞ്ചരിക്കാനാവില്ല എന്ന പ്രശ്നമുണ്ട്.  അത് സാരമില്ല എന്ന നിസ്സംഗതയോടെ ശാസ്ത്രം. നമ്മളോടാ കളി എന്നവാശിയോടെ ടിയാൻ ഒരു കവചം കൊണ്ട് വരുന്നു. അതിനകത്ത് കയറുന്ന അച്ചായന് പ്രകാശ വേഗമൊക്കെവെറും പുല്ല്. ആടിപ്പാടി  നക്ഷത്ര ശകടത്തിൽ യാത്ര. അഞ്ച് കൊല്ലം കഴിഞ്ഞു. ഒരു തീരുമാനവുമില്ല. അച്ചായന്ക്ഷീണമുണ്ട്. പക്ഷേ പുറത്ത് പറയാമോ ? ആരൊക്കെ ചത്താലും നമ്മുടെ കാര്യം നന്നായി നടക്കണം എന്നുംപറഞ്ഞ് ഇറങ്ങിത്തിരിച്ചതല്ലേ ? അനുഭവിക്കുക തന്നെ. പിന്നെ അച്ചായൻ പരാതിയൊന്നും പറഞ്ഞില്ല. കണ്ണുമടച്ച്യാത്ര തന്നെ യാത്ര. 

വർഷം അൻപത് കൂടി കഴിഞ്ഞു. അച്ചായന്റെ പല്ലുകൾ ഓരോന്നായി ഊരി വാഹനത്തിൽ വീണു കൊണ്ടിരുന്നു. കറുകറുത്ത തലമുടി പഞ്ഞി പോലെ മിക്കതും കൊഴിഞ്ഞു. പാറ പോലെ ഉറച്ചിരുന്നതും അമ്മായിമാർആവേശത്തോടെ ഒളിഞ്ഞു നോക്കിയിരുന്നതുമായ അച്ചായന്റെ മസിലുകൾ വറ്റി വരണ്ട് അവിടങ്ങളിൽതൂങ്ങിയാടുന്ന തൊലി സഞ്ചികൾ മാത്രമായി. തിളക്കമേറിയ കണ്ണുകൾ മുഖത്തെ കുഴികളിൽ തങ്ങി നിൽക്കുന്നരണ്ട് ജലത്തുള്ളികൾ പോലെയായി. അതിലൂടെ നോക്കുമ്പോൾ എന്തും ഒരു പുക പോലെയേ അച്ചായൻകാണുന്നുള്ളൂ. 

ശാസ്ത്രം കൂടെത്തന്നെയുണ്ട്. ഒന്നും പേടിക്കാനില്ല എന്ന ഭാവത്തോടെ. ഇടയ്ക്ക്  സ്വന്തം കാബിനിൽ നിന്ന്വേദനയുള്ള പിടലി തിരിച്ച്‌ പതിഞ്ഞ ശബ്ദത്തിൽ അച്ചായൻ തിരക്കും :

“ എത്താറായോ സാറെ ? “. 

“ ഇല്ലില്ല ഇനിയും സമയമുണ്ട് വിശ്രമിച്ചോളൂ “ 

പിന്നെ അച്ചായൻ ഒന്നും ചോദിച്ചില്ല. വെറുതേ കണ്ണുമടച്ച് കിടന്നു. മകരക്കുളിരും മാമ്പൂ മണവും നിറഞ്ഞു നിന്നഭൂമിയെന്ന നീലപ്പക്ഷിയെ അച്ചായൻ ഓർത്തെടുത്തു. അവിടെ ആകാശച്ചെരുവിൽ അന്തിച്ചോപ്പിനെ അതിർവരച്ചു നിൽക്കുന്ന മഴവില്ലിന്റെ മനോഹാരിതയിൽ കുഞ്ഞുങ്ങളുറങ്ങുന്ന കൂട്ടിലേക്ക്‌ പറന്നടുക്കുന്നഇണക്കിളികളെപ്പോലെ തങ്ങൾ ജീവിച്ച അനശ്വര നിമിഷങ്ങളും ഒരിക്കൽക്കൂടി അച്ചായൻ അനുഭവിച്ചു.

അച്ചായന്റെ  കാബിൻ സീറ്റിൽ നിന്നും അനക്കമൊന്നും കേൾക്കാതായപ്പോൾ ശാസ്ത്രം അടുത്തു ചെന്നു. തലഒരു വശത്തേക്ക് ചരിച്ച് നിഷ്‌ക്കളങ്കനായ കുട്ടിയെപ്പോലെ അച്ചായനുറങ്ങുകയാണ്. തന്റെ കണ്ടുപിടുത്തങ്ങളുടെയും കണ്ടെത്തലുകളുടെയും സാങ്കേതിക  സംവിധാനങ്ങളുടെയും ഗുണ ഭോക്താവായി നക്ഷത്രയാത്രയിലെ ഈ ശാസ്ത്ര പേടകത്തിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ശാന്തനായി ഉറങ്ങുന്ന ഈ അച്ചായനെഇപ്പോൾത്തന്നെ അകമഴിഞ്ഞ് ഒന്ന് അഭിനന്ദിക്കേണ്ടത് ശാസ്ത്രം എന്ന നിലയിൽ തന്റെ കടമയാണെന്ന്തിരിച്ചറിഞ്ഞ ശാസ്ത്രം അച്ചായനെ കുലുക്കി വിളിച്ചു: 

“ അച്ചായാ ... അച്ചായാ   അ ..ച്ചാ ..യാ ... , “

അനക്കമില്ല. 

കണ്ണുകളിൽ നിന്നടർന്നെങ്കിലും കൺപീലികളിൽ നിന്ന് താഴെ വീഴാൻ മടിച്ചു നിൽക്കുന്ന രണ്ട് നീർത്തുള്ളികൾചേർത്ത് അച്ചായന്റെ കണ്ണുകൾ ശാസ്ത്രം തിരുമ്മിയടച്ചു. ഭൂമിയിലെ മനുഷ്യന്റെ അടങ്ങാത്ത ആർത്തിയുടെപ്രതീകമായി അനന്തമായ ആകാശത്ത് അന്തരിച്ച അച്ചായനെ നോക്കി ശാസ്ത്രം പിറുപിറുത്തു ;  “ കടിച്ചതുമില്ല, പിടിച്ചതുമില്ല. “

 

Join WhatsApp News
Atom 2023-09-03 22:27:10
ശാസ്ത്രം ചേട്ടന് വഴങ്ങുന്ന ഒന്നല്ല. അതുകൊണ്ട് അതിനെ വിട് ചേട്ടാ
Jayan varghese 2023-09-04 03:30:05
കള്ളപ്പേരിൽ കമന്റ്‌ എഴുതുന്നതിനെയും ‘ സോഷ്യൽ മീഡിയാ കാൻസർ ‘ എന്ന് തന്നെ വിളിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക