കാലശക്കൊട്ട്
നാടകം നിറഞ്ഞ സദസ്സില്‍ പൊടിപൊടിച്ചതുകൊണ്ട് എല്ലാവരും ആഹ്ലാദഭരിതരായി. രാത്രിയില്‍, നേരത്തേ പറഞ്ഞുറപ്പിച്ചതനുസരിച്ച് കലാകാരന്‍മാരെല്ലാവരും കുട്ടിക്കാനം പാലസ് അവന്യൂ റിസോര്‍ട്ടില്‍ ഒന്നിച്ചുകൂടി.
കിട്ടിയ അവസരത്തില്‍ എല്ലാവരും തിന്നും കുടിച്ചും നന്നായി ആഘോഷിച്ചു. പക്ഷേ, കലാശക്കൊട്ടു കഴിഞ്ഞപ്പോഴേക്കും ഇരുചെവിയറിയാതെ അപ്പോസ്തലന്‍മാര്‍ മുങ്ങി!
പള്ളിവകയായതുകൊണ്ട് ഹാളിന്റെ കാശു പോകട്ടെയെന്നു വയ്ക്കാം. റിസോര്‍ട്ടുകാരോടും തല്‍ക്കാലം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. ചെലവായ തുക പറ്റിലെഴുതിക്കാം. പക്ഷേ, കഷ്ടപ്പെട്ടഭിനയിച്ചവര്‍ക്കും കര്‍ട്ടന്‍ ബോയിക്കുംപോലും അഞ്ചിന്റെ പൈസ കൊടുത്തിട്ടില്ല. പാതിരാത്രിയായതുകൊണ്ട് സുശീലാമ്മയും റോഷനച്ചനും ലേഡി ആര്‍ട്ടിസ്റ്റുകളും നേരത്തേതന്നെ സ്ഥലം കാലിയാക്കിയിരുന്നു.
റിസോര്‍ട്ടുകാര്‍ കരുതിവച്ചിരുന്ന കുപ്പിയൊക്കെത്തീര്‍ന്നപ്പോള്‍, രാജപ്പന്‍ എവിടെനിന്നോ രണ്ട് ആന്റിക്വിറ്റി വിസ്‌ക്കിക്കുപ്പികളുമായി ബൈക്കില്‍ വന്നു. അതിന്റെ ആഘോഷവും ഉടനേ തുടങ്ങി.
നേരം പരപരാന്നു വെളുത്തപ്പോള്‍ ആകെ ഒച്ചയും ബഹളവുമായി. നല്ലൊരു തുകയുമായാണ് വരത്തന്‍മാര്‍ മുങ്ങിയതെന്ന് പെട്ടെന്നാര്‍ക്കും വിശ്വസിക്കാന്‍ തോന്നിയില്ല. അത്രയ്ക്കു മാന്യമായ പെരുമാറ്റമായിരുന്നല്ലോ!
'നാടകക്കാരുടെ സത്യസന്ധതയെപ്പറ്റി എന്തെല്ലാം ഗീര്‍വ്വാണങ്ങളായിരുന്നു! ഞാനന്നേ പറഞ്ഞതല്ലേ ഒന്നു സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന്?'
കുഞ്ചാക്കോയ്ക്ക് മറ്റുള്ളവരെ അടിക്കാന്‍ കിട്ടിയ വടിപോലെയായിരുന്നു ആ സംഭവം. അയാളതു മുതലെടുത്തു. പെട്ടെന്നാണ് ആനച്ചിറ അമറാന്‍ ഒന്നമറിയത്.
'എവിടെടാ ആ ചെറ്റകള്?'
അതു വലിയൊരലര്‍ച്ചയായിരുന്നു.
'അവരെവിടെങ്കിലും പോയിട്ടുവരും. അവറാച്ചനൊന്നടങ്ങ്. തല്‍ക്കാലം നമുക്കാഘോഷിക്കാം. കണ്ടില്ലേ, ആന്റിക്കുറ്റി ഒരു ബോട്ടിലൂടെ ബാക്കിയുണ്ട്.'
കരണ്ടുരാജപ്പന്‍ പറഞ്ഞു.
'കണ്ട പട്ടച്ചാരായമടിച്ചു ശീലിച്ച ഈ നാടകത്തെണ്ടികളെ കൂടിയ വിസ്‌ക്കി കുടിപ്പിച്ചുപഠിപ്പിച്ചിട്ട് അവരങ്ങു മുങ്ങി! ഒരുത്തനേം ഞാന്‍ വിടില്ല.'
അമറാന്‍ വീണ്ടുമമറി.
കോഴിക്കോടന്‍ റിസോര്‍ട്ടിന്റെ ഗേറ്റില്‍ച്ചെന്ന്, വാച്ച്മാനോടു തീപ്പെട്ടി വാങ്ങി, റോഡിലേക്കിറങ്ങി ഒരു ഇടുക്കി ഗോള്‍ഡ് കത്തിച്ച് ആകാശത്തേക്കു കുമുകുമാന്നു പുക വിട്ടുകൊണ്ടിരുന്നു. ടെന്‍ഷന്‍ വന്നാല്‍ മുണ്ടു മടക്കിക്കുത്തി മുട്ടത്തലയില്‍ കൈയോടിച്ചുകൊണ്ട് ഒറ്റയ്ക്കുനിന്നു പുകയ്ക്കുന്നത് അയാളുടെ ശീലമാണ്.
അഭിനേത്രികളെയെല്ലാം പീറ്റര്‍സാറിന്റെ ജീപ്പില്‍ നേരത്തേ വീടുകളില്‍ വിട്ടു. അതിനുശേഷം എല്ലാവരുംകൂടി എല്ലാം മറന്നാഘോഷിച്ച്, അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. എഴുന്നേറ്റപ്പോള്‍ ആകെ ഒച്ചയും ബഹളവുമായി. ചെലവാക്കിയ ഭീമമായ തുക കൊടുക്കാതെ പോകാന്‍ പറ്റില്ലെന്ന് റിസോര്‍ട്ട് മാനേജര്‍ നൗഫല്‍ പറഞ്ഞു.
ഏതാണ്ട് അതേ സമയത്ത്, പള്ളിമേടയുടെ മുറ്റത്ത് ഓട്ടോറിക്ഷയില്‍ ഒരു പയ്യന്‍ വന്നിറങ്ങി. കൈയില്‍ വെള്ളക്കവറുമായി അവന്‍ പള്ളിമേടയിലേക്കു കയറി, റോഷനച്ചന്റെ വാതിലില്‍ മുട്ടോടു മുട്ടുതന്നെ.
അച്ചന്‍ ഉറക്കച്ചടവോടെ കതകു തുറന്നു. കത്തു വാങ്ങി. പയ്യനെ സൂക്ഷിച്ചുനോക്കി.
'നീയെവിടുന്നാ? മനസ്സിലായില്ലല്ലോ.'
'ഞാനിവിടെ അടുത്തുള്ളതാ. രണ്ടു ചേട്ടന്‍മാരെ പീരുമേടു ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടപ്പോള്‍ തന്നുവിട്ടതാ ഈ കത്തും ഇരുനൂറു രൂപയും. കത്ത് ഇവിടെ റോഷനച്ചനെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. രൂപ എനിക്കുള്ളതാ. ഓട്ടോക്കൂലി വേറെയും തന്നു. അത്രയ്ക്കു നല്ല മനുഷ്യരാ. ഞാന്‍ പോകുവാ. ഇത്തിരി തിരക്കുണ്ട്.'
റോഷനച്ചന്‍ ആകാംക്ഷാഭരിതനായി, കത്തു തുറന്നു വായിച്ചുതുടങ്ങി:
'ഏറ്റവും പ്രിയപ്പെട്ട റോഷനച്ചന്‍ അറിയുവാന്‍,
ഞങ്ങള്‍, ഓ വി ചാത്തുക്കുട്ടിയും അട്ടപ്പാടി ശശിയും മുങ്ങുകയാണ്. റോഷനച്ചനും കുഞ്ഞാടുകള്‍ക്കും ഞങ്ങളോടു വിരോധമൊന്നും തോന്നരുത്. ഞങ്ങള്‍ വളരെയധികം ചിന്തിച്ചെടുത്ത തീരുമാനമാണ്. ചത്തുപോയ നാടകസമിതിക്കു പുതുജീവന്‍ വയ്ക്കാന്‍ ഞങ്ങള്‍ നിങ്ങളെ നല്ലതുപോലെ സഹായിച്ചു എന്നുതന്നെയാണ് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാലും ഞങ്ങളും മനുഷ്യരല്ലേ? സാമാന്യം നല്ലൊരു തുക കൈയില്‍ക്കിട്ടിയപ്പോള്‍ ഒരു വീണ്ടുവിചാരമുണ്ടായി. ഇതെല്ലാം നിങ്ങള്‍ക്കെല്ലാവര്‍ക്കുംകൂടി വീതിച്ചുതന്നാല്‍ ആര്‍ക്കും കാര്യമായ പ്രയോജനമുണ്ടാകാന്‍ പോകുന്നില്ല. ഞങ്ങള്‍ക്കാകുമ്പോള്‍ ഇത്രയും തുക ഒന്നിച്ചുകിട്ടിയതുകൊണ്ടു വളരെയധികം പ്രയോജനമുണ്ടുതാനും. അതുകൂടി അച്ചനോടായതുകൊണ്ടു പറയാം.
സത്യത്തില്‍ ഒരുഗതീം പരഗതീമില്ലാതെയാണ് ഞങ്ങള്‍ കൂനമ്പാറയിലെത്തിയത്. ഒരു സ്വര്‍ഗ്ഗദൂതനെപ്പോലെ ഞങ്ങളെ സഹായിച്ചതില്‍ അച്ചനോടു ഹൃദയംനിറഞ്ഞ നന്ദിയും കടപ്പാടുമുണ്ട്.
ഇനി ഒരു സത്യംകൂടിപ്പറയാം. ഒരേ നാട്ടുകാരും കൂട്ടുകാരുമായ ഞങ്ങള്‍ക്കു ദുബായ്ക്കു പോകാനുള്ള വിസ നേരത്തേ ശരിയായിരുന്നു. പക്ഷേ സാമ്പത്തികമില്ലാഞ്ഞതുകൊണ്ട് രണ്ടുതവണ വര്‍ക്ക് വിസ ക്യാന്‍സലായി. ഇത്തവണകൂടി നഷ്ടപ്പെട്ടാല്‍ ഞങ്ങളുടെ ജീവിതംതന്നെ കട്ടപ്പുകയാകും. സ്വന്തം വീട്ടിലേക്കുപോലും കയറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒന്നുകൂടി പറയട്ടെ. ഞങ്ങള്‍ കള്ളന്‍മാരല്ല, കലാകാരന്‍മാരാണ്. അതുകൊണ്ട് അധികം വൈകാതെ ഞങ്ങള്‍ തിരിച്ചുവരും. എല്ലാവരുടെയും പൈസ പലിശസഹിതം തിരിച്ചുതരും. ഞങ്ങളെ വിശ്വസിക്കുന്നെങ്കില്‍ കാത്തിരുന്നു കാണുക. വീണ്ടും ക്ഷമ ചോദിച്ചുകൊണ്ട്,
സ്‌നേഹപൂര്‍വ്വം
ഓ വി ചാത്തുക്കുട്ടി, അട്ടപ്പാടി ശശി.'
'വരത്തന്‍മാരാണ്, ഊരും പേരുമില്ലാതെ എവിടെനിന്നോ തെണ്ടിത്തിരിഞ്ഞു വന്നതാണ്, ഒന്നു സൂക്ഷിക്കണം' എന്നു പഞ്ചായത്തു പ്രസിഡന്റ് നീലിമാ ഉണ്ണിത്താന്‍ പറഞ്ഞത്, ഫാദര്‍ കാടുകേറിയുടെ മനസ്സില്‍ തികട്ടിത്തകട്ടിവന്നു. ഫാദര്‍ ക്ഷുഭിതനായെങ്കിലും റിസോര്‍ട്ടുകാരെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. നാടകക്കാര്‍ക്കു പറ്റിയ ചതിയാണെന്നറിഞ്ഞതുകൊണ്ട്, റിസോര്‍ട്ട് മാനേജര്‍ തുകയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തു.
അങ്ങനെ തല്‍ക്കാലം തടിയൂരിയെങ്കിലും തട്ടിപ്പിന്റെ കഥ നാട്ടിലാകെ പാട്ടായി. അപ്പാജിക്കും നാടകസംഘത്തിനും അപ്രതീക്ഷിതമായിക്കിട്ടിയ ഈ പ്രഹരത്തില്‍ ഏറ്റവും സന്തോഷിച്ചത് കന്തസ്വാമിയും ശിങ്കിടികളുമാണ്. സസ്‌നേഹം സുശീല ഉദ്ഘാടനത്തിനു വന്നതിലും തമിഴ് മക്കളുടെയിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചക്കാലയ്ക്കല്‍ കുട്ടപ്പനെ പ്രസംഗിക്കാന്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച്, അയാളുടെ അണികള്‍ കുരിശുപള്ളിക്കവലയില്‍ അപ്പാജിയുടെ കോലം കത്തിച്ചിരുന്നു. കന്തസ്വാമിയുടെ നേതൃത്വത്തില്‍ അന്നു രാത്രിതന്നെ പന്തംകൊളുത്തി പ്രകടനവുമുണ്ടായിരുന്നു.
എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അച്ചനു കിട്ടിയ ആ കത്തല്ലാതെ വരത്തന്‍മാരുടെ ഒരു വിവരവുമില്ലായിരുന്നു. അങ്ങനെ നാടകത്തിനും അതുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്കും തിരശ്ശീല വീണു.
അച്ചന് ആ വരത്തന്‍മാരുടെ പ്രവൃത്തി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എങ്കിലും, എന്നെങ്കിലും അവര്‍ തിരിച്ചുവരുമെന്നു വിശ്വസിച്ചുകൊണ്ട്, ബൈബിള്‍വാക്യമുരുവിട്ട് അച്ചന്‍ പ്രാര്‍ത്ഥിച്ചു:
'കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ...'
Read more: https://emalayalee.com/writer/82