നിനക്കോർമ്മയില്ലേ...
ഞാനും നീയും സ്വപ്‌നങ്ങൾ പങ്ക് വെച്ചതും
നമ്മളൊന്നായതും
കത്തി ജ്വലിച്ചിരുന്ന
ആ വാകമരച്ചോട്ടിലായിരുന്നു..
പ്രണയത്തിന്റെ വർണ്ണക്കാഴ്ചകളിൽ
നമ്മൾ നമ്മളെ മറക്കുമ്പോൾ
പൂക്കൾ പൊഴിച്ച്
ഇക്കിളിപ്പെടുത്തിയ വാകയ്‌ക്കരികിൽ
നീയും ഞാനും
നിത്യ സന്ദർശകരായിരുന്നു...
പിന്നെപ്പോഴോ...
പിണക്കത്തിന്റെ വേലിയേറ്റത്തിൽ
നീയറിയാതെ ഞാനും
ഞാനറിയാതെ നീയും
ഒളിഞ്ഞു നോട്ടക്കാരായ ദൂരക്കാഴ്ചക്കാരായി...
ഒന്ന് മിണ്ടാൻ ഹൃദയം തുടിക്കുമ്പോഴും
ദുർവാശിക്കാരിയായ എനിക്ക് മുന്നിൽ
തോൽവി സമ്മതിക്കുന്നതെന്നും
നീയായിരുന്നു...
പിണക്കത്തിനൊടുവിലെ ഇണക്കത്തിനു
വാക സാക്ഷിയായ്
ഞാൻ ചോദിക്കാറുണ്ടായിരുന്ന
നിന്റെ ചുംബനത്തിനെന്നും ഇരട്ടി മധുരമായിരുന്നു...
പോയ കാലത്തിന്നോർമ്മയ്ക്കായ്
വിങ്ങും ഹൃദയവുമായ്
ഞാനെന്നും കാത്തിരിക്കാറുണ്ടായിരുന്നു...
നിനക്കായ്....
ആ വാകമരച്ചോട്ടിൽ...
നീ വന്നതേയില്ല...
ഒരിക്കൽ പോലും ...
എന്നെ കാണാനായ്...
പ്രണയ നൊമ്പരത്തിന്നുപ്പു കാറ്റേറ്റ
ആ ചുവന്ന വാകയും
പൂക്കൾ പൊഴിക്കാനായ്
പിന്നെ പൂത്തതേയില്ല...