നാട് തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള വ്യഗ്രതയിലാണ്. അതിനിടയില്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞ ക്രിമിനലുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ചില ഞെട്ടല്‍ പ്രതികരണങ്ങള്‍ക്കപ്പുറം മറ്റൊരു ചലനവും സൃഷ്ടിക്കുന്നില്ല. കുറച്ചു മാസങ്ങള്‍ പിന്നോട്ടു നോക്കാം, നമ്മുടെ കണ്‍മുന്നില്‍ പേപ്പട്ടിയുടെ ആക്രമണത്താല്‍ ജീവന്‍ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മരവിച്ചു കിടപ്പുണ്ട് ഇപ്പഴും. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന് ജീവനുകള്‍ നഷ്ടമായത് ഒറ്റയ്‌ക്കൊറ്റയ്ക്കു തന്നെയാണ്. അവറ്റ കൂട്ടമായും കുഞ്ഞുങ്ങളെ ആക്രമിച്ചിരുന്നു. ശരിയാണ്, നമുക്ക് തടയാന്‍ ആകുമായിരുന്നു ആ മരണങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ടു പറയട്ടെ, നായ ഒരു മൃഗമാണ്. സഹജവാസനയെ തടയാന്‍ സാധിക്കാത്ത, നമ്മളീപ്പറയുന്ന സംസ്‌ക്കാരമോ വിദ്യാഭ്യാസമോ ഒന്നും ചിന്തിക്കേണ്ടതില്ലാത്ത വെറും മൃഗങ്ങള്‍. തിന്നാം, ഇണചേരാം, പരസ്പരം ആക്രമിക്കാം, ചത്തുചീയാം. അതു പ്രകൃതി നിയമം. എന്നാല്‍ മനുഷ്യരോ?
ആദി പുരാതനകാലം മുതല്‍ ഉള്‍ക്കൊണ്ട സംസ്‌കാരം, ചിന്താശേഷി, അറിവ്, വിവേചനബുദ്ധി, വിവേകം എന്നിവയാല്‍ ഉത്കൃഷ്ടമായ ജന്മം.
ഇനി കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളിലൂടെ കണ്ണോടിക്കാം, കൊല്ലപ്പെടുന്നത്, പീഡിപ്പിക്കപ്പെടുന്നത് കുട്ടികളാണ്. അതു തടയാന്‍ കഴിയുന്നില്ല. ശരിയാണ് ഓരോ കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്താന്‍ മാത്രം പോലീസ് ഫോഴ്‌സ് സംസ്ഥാനത്തിനില്ല, എന്നാല്‍ ഏതാണ്ട് പത്തു സെന്റ് സ്ഥലത്ത് സ്ഥിരമായി ഒരു മയക്കുമരുന്നു വില്പനശാല പ്രവര്‍ത്തിച്ചിരുന്നത് നമ്മുടെ നാട്ടിലാണ് എന്ന വാര്‍ത്ത നിസ്സാരമാണോ? തികച്ചും അപകടകാരികളായ റോഡ് വീലര്‍ നായകളെ വളര്‍ത്തി സുരക്ഷ ഉറപ്പിച്ചു കൊണ്ട് നിര്‍ബാധം ലഹരി വില്‍പ്പന നടത്താനും എതിര്‍ക്കുന്നവരുടെ വീട് തകര്‍ക്കാനും ധൈര്യം കിട്ടുന്നത് എങ്ങനെയാണ്? ഇവിടെ നമ്മുടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം തീരെ മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു വിഭാഗമല്ല. അവരുടെ ജാഗ്രതയെ കണ്ടില്ലെന്നു നടിക്കാനുമാകില്ല, എന്നാല്‍ ചോദ്യമിതാണ്, എന്തുകൊണ്ട് വന്‍കിട ലഹരി കച്ചവടക്കാരിലേക്ക് പോലീസ് എത്തുന്നില്ല.
ഇന്നലെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അപകടം നടന്ന ശേഷം പ്രഖ്യാപിക്കുന്ന സഹായധനം അല്ല ഭരണകൂടം ജനങ്ങള്‍ക്കു നല്‍കേണ്ടത്, മറിച്ച് അത്തരം ആക്രമണങ്ങള്‍ ഇല്ലാത്ത, കുറ്റമറ്റ ക്രമസമാധാനപാലനമാണ്. പോലീസിനുള്ളിലും ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ട് എന്നതു പരസ്യമാണിന്ന്. അതുകൊണ്ടാണല്ലോ ലഹരിമരുന്ന് കച്ചവടം ഒരു ലളിതമായ സംഗതിയായി യുവജനങ്ങള്‍ കാണുന്നത്.
അതിഥി തൊഴിലാളി എന്നു നാം അവരെ വിളിച്ചുതുടങ്ങിയത്, കോവിഡ് കാലത്താണ്. അതു വരെ ബംഗാളി എന്നായിരുന്നു വിളിപ്പേര്. അതിഥി തൊഴിലാളികള്‍ പ്രതികളാകുന്ന അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ നമ്മളില്‍ ചിലര്‍ നെറ്റി ചുളിച്ചു. എല്ലാറ്റിനും കാരണം അവരാണ് എന്നു സ്ഥാപിച്ചു ജയിച്ചു. എന്നാല്‍ ഇന്നലെ ഒരു ചെറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടിനുള്ളില്‍ നിന്നാണ്. അതു ചെയ്തത് ഒരു സാക്ഷരസംസ്‌ക്കാരസമ്പന്ന മലയാളിയാണ്. ആ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടിയത് മനുഷത്വം വറ്റാത്ത രണ്ടു മൂന്നു മനുഷ്യര്‍ അന്യം നിന്നു പോയിട്ടില്ലാത്തതിനാലാണ്.
ഒന്നു പറയാം, നമ്മള്‍ തോറ്റു കൊണ്ടിരിക്കുന്ന ജനതായിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ യുവാക്കള്‍ ഒരു വഴിയുണ്ടെങ്കില്‍ വിദേശത്തു ചേക്കേറാന്‍ ആഗ്രഹിക്കുന്നു. യുവാക്കള്‍ പലരും നിലകൊള്ളുന്നത് ലഹരി മാഫിയകളുടെ ദൃഷ്ടി പഥത്തിനുള്ളിലാണ്. ലഹരി എന്നാല്‍ ലൈംഗിക അരാജകത്വം എന്ന വാക്കുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍, ഏറ്റവും അപകടകരമായ നിലയിലാണ് അത്തരം യുവാക്കളുടെ നില്‍പ്. ഒന്നുകില്‍ അമിത ലഹരിയില്‍ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കിടയില്‍ അവര്‍ ചത്തുവീഴുകയോ പിടിക്കപ്പെടുകയോ ചെയ്യാം, പിന്നെ ബാക്കിയാകുന്നത് കുറേ രാഷ്ട്രീയ നേതാക്കളും, അണികളും, വലിയ ആളൊഴിഞ്ഞ വീടുകളുമാണ്. പകല്‍ പോലും ഒറ്റക്കു സഞ്ചരിക്കാന്‍ ഭയക്കേണ്ട സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപം കൊള്ളുന്നു. ഓരോ ദിവസവും പുലരുന്നത്, കൊലപാതകത്തിനിരയാവുന്നവരുടെ ആരും കേള്‍ക്കാത്ത നിലവിളികളോടെയാണ്.
നമ്മള്‍ പ്രതികരിക്കാന്‍ മറന്നവരാണ്.
തുറന്നു പറയുന്നതില്‍ ഇനി ലജ്ജ വേണ്ട, നമ്മളെക്കാള്‍ എത്രഭേദം ആ പേ പിടിച്ച നായക്കൂട്ടം!