Image

ഒരു ആത്മാർത്ഥ പ്രണയകഥ ( കണ്ണടച്ച വിശ്വാസം : റൂബി എലിസ )

Published on 09 September, 2023
ഒരു ആത്മാർത്ഥ പ്രണയകഥ ( കണ്ണടച്ച വിശ്വാസം : റൂബി എലിസ )

ഒരു  കഥ;... പണ്ട് നാലാം ക്ലാസിൽ പഠിച്ച, എല്ലാവർക്കും അറിയാവുന്ന.. പുതിയ രീതിയിലൊന്ന് വിപുലീകരിച്ച ...കഥ
   
 
എങ്കിൽ കഥ തുടങ്ങാം 
 പണ്ടൊരു പാവം കുരങ്ങച്ചൻ മുതലയെ സ്നേഹിച്ച കഥ. 

കഥയിലെ ഈ കുരങ്ങച്ചൻ ഒരു പുഴയോരത്തെ കാട്ടിലായിരുന്നു താമസം. പുഴയിലാണെങ്കിൽ നിറയെ മുതലകളും താമസിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം പുഴക്കരയിലെ കാടിനടുത്തു വന്നൊരു മുതലപ്പെണ്ണ് കരയിലെ ഞാവലിൽ ചാടിമറിയുന്ന കുരങ്ങനെ പരിചയപ്പെട്ടു, കുരങ്ങനും മുതലയെ കണ്ടു വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ ഇഷ്ടം...ആ ഇഷ്ടം കൂട്ടുകാരായി, പിന്നീട് ബെസ്റ്റ് ഫ്രണ്ട് ആയി..... പിരിഞ്ഞിരിക്കാൻ വയ്യാതെയായി, മുതലേ അമ്മയ്ക്ക് ഭർത്താവും കുഞ്ഞുങ്ങളും ഉണ്ട്, നോട്ട് ദ പോയിന്റ്...ദിവസവും കമ്മ്യൂണിക്കേഷൻ....

പിന്നെ എല്ലാ ദിവസവും മുതല അവിടെവരും കുരങ്ങനും ഞാവൽ മരത്തിന്റെ കൊമ്പിൽ കാത്തിരിക്കും ഒരു ദിവസം കുരങ്ങച്ചൻ മുതലയോട് ഞാവൽ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുത്ത് പഴം കഴിക്കുന്നോ എന്നു ചോദിച്ചു. അന്നുവരെ ഒരു പഴവും കഴിച്ചിട്ടില്ലാത്ത മുതല കുരങ്ങച്ചാരുടെ ഇഷ്ടത്തിനു വഴങ്ങി,  സമ്മതിച്ച് ഞാവൽപഴം കഴിക്കാൻ തീരുമാനിച്ചു. 
ഉടനെ കുരങ്ങൻ ഒരു കൊമ്പു കുലുക്കി കുറേ പഴം താഴെയിട്ടു കൊടുത്തു. നല്ല പഴുത്തു തുടുത്ത ഞാവൽപ്പഴം മുതലക്ക് നല്ല ഇഷ്ടമായി കുറച്ചു ദിവസങ്ങൾ അങ്ങനെ നല്ല പ്രണയിനികളായി പഴം നൽകിയും കഴിച്ചും കഴിഞ്ഞു. 

ഇതു തുടരവേ ഒരുനാൾ മുതല തന്റെ ഭർത്താവിനോട് പഴം കഴിച്ചതും കുരങ്ങനെ കുറിച്ചും പറഞ്ഞു, പിറ്റേ ദിവസം കുറച്ചു പഴം മുതലച്ചാർക്കും കൊണ്ടു പോയി കൊടുത്തു. നല്ല രസമുള്ള പഴം മുതലച്ചാർക്കും വളരെ ഇഷ്ടമായി,   പിന്നെ ഇതൊരു പതിവായി, എന്നു മാത്രമല്ല രണ്ടു പേരും കൂടുതൽ അടുത്തു എന്ന് മനസ്സിലാക്കിയ മുതല ഭർത്താവ്.  എങ്ങനെ ഇവരെ പിന്തിരിപ്പിക്കണമെന്ന്ചിന്തയിലായി...കുറേ സമയം സംസാരിച്ചും പഴങ്ങൾ കഴിച്ചും ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു, ഇതു മുതലച്ചാർക്കു പിടിക്കാതെയായി ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്നു തോന്നിയ മുതലച്ചാർ ഒരു അവസരം കാത്തിരുന്നു. 

ഇങ്ങനെ ഇരിക്കെ ഞാവൽ മരത്തിലെ പഴം തീർന്നു എന്നിട്ടും മുതല ആ മരച്ചുവട്ടിൽ പോവുന്നതും കുരങ്ങനുമായുള്ള പ്രണയം തുടർന്നു. മുതലച്ചാർ ഒരു ദിവസം ഭാര്യയോട് പറഞ്ഞു എന്തൊരു രസമുള്ള ഞാവൽ പഴമായിരുന്നു ഇപ്പഴും തിന്നാൻ കൊതിയാവുന്നു. അതെ ഇക്കാര്യത്തിൽ അവൾക്കും എതിരഭിപ്രായം ഇല്ലായിരുന്നു.
 എന്തു ചെയ്യാം ഇനി അടുത്ത പഴക്കാലം വരണം അതുവരെ കാത്തിരിക്കാം... എന്നു പറഞ്ഞു. 
അപ്പോൾ അവളോട് മുതലച്ചാർ ഇങ്ങനെ പറഞ്ഞു  
എത്രയോ കാലമായി ഈ രുചികരമായ പഴങ്ങൾ ഭക്ഷിക്കുന്ന കുരങ്ങച്ചന്റെ കരളും ഹൃദയവുമൊക്കെ എന്തൊരു രസമായിരിക്കും അവനെ തിന്നാൻ എനിക്ക് ആർത്തിയാവുന്നു.  
ഈ പറഞ്ഞത് അവൾക്കത്രെ രസിച്ചില്ല. കാരണം കാമുകൻ അല്ലേ...
അതു ശരിയാവില്ല കുരങ്ങൻ എന്റെ ആത്മാർത്ഥ സുഹൃത്തല്ലെ തൽക്കാലം അതിപ്പോ നടപ്പാവില്ല ഞാവൽപ്പഴം ആവുമ്പോ തിന്നാ മതി.  
എന്നാൽ അവൻ അതൊന്നും കേൾക്കാൻ തയ്യാറല്ല കിട്ടിയേ തീരൂ എന്നു വാശി പിടിച്ചു ഇല്ലെങ്കിൽ നിന്റെ ഹൃദയവും കരളും യഥാസ്ഥാനത്തുണ്ടാവില്ലെന്നു ഭീഷണിപ്പെടുത്തി. ഒടുവിൽ ഗത്യന്തരമില്ലാതെ അവൾ സമ്മതിച്ചു കുരങ്ങച്ചനെ കൂട്ടി കൊണ്ടു വരാമെന്നേറ്റു.  പതിവു പോലെ അടുത്ത ദിവസവും മുതല പുഴക്കരയിൽ കുരങ്ങനടുത്തെത്തി. അന്ന് അവനോടിങ്ങനെ പറഞ്ഞു എന്നും നല്ല രുചികരമായ ഞാവൽ പഴം തന്നിരുന്ന കൂട്ടുകാരനെ എന്റെ മുതലച്ചേട്ടന് എന്ത് ഇഷ്ടമാണെന്നോ. നിന്നെ കാണാനും വീട്ടിൽ വരുത്തി സൽക്കാരിക്കാനും അദ്ദേഹം എന്നെ നിർബന്ധിക്കുന്നു....  അതിനായി നിന്നെ ഞങ്ങളുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടു വരാൻ പറയുന്നൂ..... അവിടെ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് കുരങ്ങൻ അറിയുന്നില്ല... എന്റെ പ്രണയനി അങ്ങനെ ചെയ്യില്ല എന്നുള്ള വിശ്വാസം...

പാവം കുരങ്ങച്ചൻ അതു വിശ്വസിച്ചു. ഞാനെങ്ങിനെ വരും ദൂരെ പുഴയുടെ അക്കരെയുള്ള നിങ്ങളുടെ വീട്ടിലേക്ക്, 
എനിക്കാണെങ്കി നീന്തൽ അറിയുകയുമില്ല.

അതിനെന്താ നീ എന്റെ പുറത്തു കേറി ഇരുന്നാ മതി ഞാൻ നിന്നെ  അക്കരെയുള്ള ഞങ്ങളുടെ വീട്ടിൽ എത്തിച്ചോളാം... മുതല പറഞ്ഞു.  

കൂട്ടുകാരിയുടെ ചതി മനസിലാക്കാതെ കുരങ്ങച്ചൻ വേഗം അവളുടെ പുറത്തു കേറി ഇരുന്നു. മുതല സമയം കളയാതെ അവനേയും കൊണ്ട് വേഗത്തിൽ  നീന്താൻ തുടങ്ങി. പുഴയുടെ പകുതി പിന്നിട്ടപ്പോൾ അവൾ പറഞ്ഞു പ്രാണനാഥ 
ക്ഷമിക്കണം നിന്നെ ഞാൻ എന്റെ വീട്ടിൽ സൽക്കരിക്കാൻ കൊണ്ടു പോണതല്ല. എന്റെ ചേട്ടന് നിന്റെ കരളു കഴിക്കണം എന്ന് ഒരേ നിർബന്ധം, വാശി നടന്നില്ലെങ്കിൽ എന്റെ കാര്യം അപകടത്തിലാവും 
അതുകൊണ്ടാണ് നിന്നെയും കൊണ്ടു ഞാൻ വേഗം പോകുന്നത്.  

ഇതു കേട്ട് കുരങ്ങൻ ഞെട്ടി... ഞാൻ വിശ്വസിച്ച എന്റെ പ്രണയിനി അവൾക്ക് ഇങ്ങനെയൊരു മനസ്സ്  ഉണ്ടോ...  ഇനി എന്തു ചെയ്യും പുഴ പകുതിയിലധികവും കടന്നല്ലോ ഇനി രക്ഷയില്ല എന്നു ചിന്തിച്ചു. എന്താണൊരു വഴി ഇവൾ ഇങ്ങനെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... അത്രയ്ക്ക് അവളെ ഇഷ്ടമായിരുന്നു... ഇഷ്ടം മാത്രമല്ല എല്ലാമെല്ലാമായിരുന്നു സമ്മാനങ്ങൾ കൈമാറിയിരുന്നു... എങ്കിലും അവൾക്ക് ഇങ്ങനെയൊരു മുഖം...

കുരങ്ങച്ചന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി...
ഇങ്ങനെ പറഞ്ഞു അതിനെന്താ.... എനിക്കതിൽ സന്തോഷമേയുള്ളൂ.... 
നീ എന്റെ എല്ലാം എല്ലാം അല്ലേ ...
നിനക്കിതു നേരത്തെ പറയാമായിരുന്നു,
അതൊരു മണ്ടത്തരമായിപ്പോയി. 

അതെന്തു പറ്റീ... മുതലപ്പെണ്ണ് ചോദിച്ചു. 

കുരങ്ങൻ;  
അത് ഇനി പറഞ്ഞിട്ടു കാര്യമില്ല; ഞങ്ങൾ കുരങ്ങന്മാർ ഹൃദയവും കരളുമൊന്നും കൂടെ കൊണ്ടു നടക്കാറില്ല അതു വല്ല കാട്ടിലോ മരത്തിലോ സൂക്ഷിക്കാറാണു പതിവ്. ആദ്യം പറഞ്ഞിരുന്നെങ്കി ഞാനത് ആ ഞാവൽ മരത്തിൽ വെച്ചു പോരില്ലായിരുന്നു, 
അതെടുത്തേ വരുമായിരുന്നുള്ളൂ... 

അയ്യോ ഇനിയിപ്പോ എന്തു ചെയ്യും:
മുതല അതു കേട്ടു വിശ്വസിച്ചു അതിനെന്താ പെട്ടെന്നു പോയി നമുക്കത് എടുത്തിട്ടു വരാം....

അതെ 
എന്നാ... കുഴപ്പമില്ല നമുക്കു തിരിച്ചു പോയി എടുത്തിട്ടു വരാം എന്നു കുരങ്ങനും പറഞ്ഞു. ഇതു കേട്ട മുതല വേഗത്തിൽ തിരിച്ചു നീന്തി ഞാവൽ മരത്തിന് അരികെയെത്തി. 

മരത്തിനടിയിൽ എത്തിയതും പേടിച്ചു ശ്വാസം പിടിച്ചിരുന്ന കുരങ്ങൻ ഒറ്റച്ചാട്ടത്തിന് കാട്ടിലെ ഏറ്റവും വലിയ മരത്തിന്റെ  മുകളിൽ എത്തി. 
ഹാവൂ...
രക്ഷപെട്ടു

മുതല താഴെ നിന്നും കരളെടുത്ത് പെട്ടെന്നു വാ എന്ന് വിളിക്കുന്നുണ്ട്. 
അപ്പോൾ അവളുടെ തനി സ്വഭാവം മനസ്സിലാക്കി കണ്ണേ കരളേ മുത്തേ എന്ന് വിളിച്ച വായിൽ,
എടി  മുതലേ നീ  പെട്ടെന്ന് സ്ഥലം വിടാൻ നോക്ക് എന്റെ ഹൃദയവും കരളും ഞാനെവിടേയും സൂക്ഷിച്ചിട്ടില്ല അതെന്റെ ശരീരത്തിൽ തന്നെയുണ്ട്, അല്ലെങ്കിലും അതൊക്കെ അഴിച്ചു വെക്കാൻ പറ്റുമോ ആർക്കെങ്കിലും.
നീ ഒരു മണ്ടി മാത്രമല്ല ചതിയൻ കൂടിയാണ്. ഇനി നീ... വിട്ടോ.. ഈ വഴിക്കേ വരണ്ട. 

മുതലക്ക് അപ്പോഴാണ് അബദ്ധം ബോധ്യമായത് തനിക്കു പറ്റിയ മണ്ടത്തരം ഓർത്ത്... ഭർത്താവിന്റെ ഇഷ്ടത്തിന്  എന്റെ പ്രാണനാഥനെ വിട്ടുപിരിയുന്നതിൽ അവൾക്ക് സങ്കടം ഉണ്ടായിരുന്നു...
മുതല മെല്ലെ സ്ഥലം വിട്ടു.
കഥയും കഴിഞ്ഞു, എന്നാലോ ഇതിൽ നിന്നും കുരങ്ങച്ചൻ നല്ല ഒരു ഗുണപാഠം പഠിച്ചു.
ജീവിതത്തിൽ ആരേയും ഒരിക്കലും അവിശ്വസിക്കാത്ത അവന് 
"കണ്ണടച്ച് ആരേയും വിശ്വസിച്ചു പോകരുതെന്ന വലിയൊരു പാഠം".... മുകളിൽ നോട്ട് പോയിന്റ് പറഞ്ഞത് ഇപ്പോൾ മനസ്സിലായ കാണുമല്ലോ സുഹൃത്തുക്കളെ...എന്നാലും കുറെനാൾ അവർ ഒന്നിച്ച് ജീവിച്ചതല്ലേ മനസ്സിൽ നിന്നും പെട്ടെന്ന് മാറ്റാനും പറ്റില്ല...

മുതലക്കും ഒരു കാര്യം മനസിലായോ എന്നറിയില്ല ഉപാധികളില്ലാതെ സ്നേഹിക്കുന്നവരെ ഒരിക്കലും വേറൊന്നിനു വേണ്ടിയും ചതിക്കരുതെന്ന്....

ഇതൊരു കഥയാണെങ്കിലും ഒരു ഗുണപാഠം...

ചതിയരായ ലോകത്തിലെ ചതിയന്മാർക്കുള്ള ഗുണപാഠം ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക