Image

കൂനമ്പാറക്കവല (അധ്യായം 14- നോവല്‍: തമ്പി ആന്റണി)

Published on 11 September, 2023
കൂനമ്പാറക്കവല (അധ്യായം 14- നോവല്‍: തമ്പി ആന്റണി)

രാജസന്ദര്‍ശനം

    ഒരു ഞായറാഴ്ച, കുര്‍ബ്ബന കഴിഞ്ഞ് പതിവുപോലെ പീറ്റര്‍സാര്‍ കുട്ടാപ്പി ആന്‍ഡ് സണ്‍സില്‍ കൂടി. അന്നത്തെ പ്രധാനചര്‍ച്ച കോഴിമല രാജാവിനെപ്പറ്റിയായിരുന്നു. 

    നടനും സംവിധായകനുമായ അപ്പാജിയാണു ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചതെങ്കിലും കൂനമ്പാറയില്‍ കോഴിമല രാജാവിന്റെ ചരിത്രം മുഴുവനറിയാവുന്നതു പീറ്റര്‍സാറിനു മാത്രമാണ്. അദ്ദേഹം അത് അപ്പാജിയോടു പറഞ്ഞുതുടങ്ങി. സ്ഥിരം കേള്‍വിക്കാരായ വേണുജിയും കോഴിക്കോടനും കടയിലെ പതിവുകാരുമുണ്ട്. 

    രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുമ്പുള്ള രണ്ടു രാജവംശങ്ങളേ ഇപ്പോഴും നിലവിലുള്ളു എന്ന് ക്ലാസ്സെടുക്കുന്ന രീതിയില്‍ പ്രൊഫസര്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും മിണ്ടാതെ ശ്രദ്ധിച്ചിരുന്നു. 

    'ഒരു രാജവംശം നമ്മുടെ കോഴിമലയും മറ്റൊന്ന് അങ്ങു ത്രിപുരയിലുമാണ്. ദക്ഷിണേന്ത്യയിലുള്ള ഒരേയൊരു രാജവംശം ഇതാണത്രേ. ഈ രണ്ടു രാജവംശങ്ങള്‍ മാത്രമേ ഇപ്പോഴും കൊട്ടാരത്തില്‍ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നുള്ളു. 

    നമ്മുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പല വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളുണ്ടത്രേ. മന്നാന്‍, മുതുവാന്‍, മലപ്പുലയന്‍, മലമ്പണ്ടാരം, മലയരയന്‍, ഊരാളി എന്നിവരാണവര്‍. ഇവരില്‍ പഴയ മലയാളം പറയുന്നവരും തമിഴരുമുണ്ടാകും. അവരുടെയിടയിലും ജാതികളും ഉപജാതികളുമുണ്ട്. 

    മന്നാന്‍ വിഭാഗത്തില്‍പ്പെട്ട രാജപരമ്പരയിലെ ഇപ്പോഴത്തെ രാജാവ് രാമരാജമന്നാനെന്നറിയപ്പെടുന്നു. തമിഴ് സംസ്‌ക്കാരമുള്ള ഇവരുടെ കുലദേവത മധുരമീനാക്ഷിയാണ്. കാളീദേവിയേയും അയ്യപ്പനേയും ഇവരാരാധിക്കുന്നുണ്ട്. രാജ്യവും ഭരണവുമൊന്നുമില്ലെങ്കിലും ഈ മന്നാന്‍രാജാവ് നല്ല തിരക്കിലാണ്. അതുകൊണ്ട് ചെല്ലുന്ന വിവരമൊക്കെ മുന്‍കൂട്ടി വിളിച്ചറിയിക്കണം.'

    ഇതെല്ലാം കേട്ടപ്പോള്‍ കുട്ടാപ്പി പറഞ്ഞു: 

    'എന്നാലും ഇത്രയുമടുത്ത് നമ്മുടെ നാട്ടിലും ഒരു രാജാവും കൊട്ടാരവുമൊക്കെയുണ്ടായിട്ടും നമ്മളാരും ഒന്നുമറിഞ്ഞില്ലല്ലോ! എന്തായാലും നിങ്ങളൊക്കെ പോകുന്നെങ്കില്‍ ഞാനും വരുന്നു.'

    അതുകേട്ടപ്പോള്‍ പീറ്റര്‍സാറിന് ഉത്സാഹമായി. 

    'അതൊക്കെ ചരിത്രം പഠിക്കാത്ത നിന്നോടൊക്കെപ്പറഞ്ഞിട്ട് എന്തുകാര്യം! എന്നാലും ഞാനൊന്നു വിളിച്ചുചോദിക്കട്ടെ. എന്നിട്ടാകാം യാത്രയൊക്കെ തീരുമാനിക്കുന്നത്. ആദിവാസികളുടെ രാജാവെന്നൊക്കെപ്പറഞ്ഞാലും രാജാവു രാജാവുതന്നെയല്ലേ?'

    'അതു നേരാ. ആന മെലിഞ്ഞെന്നുപറഞ്ഞു തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ! ആ പേരിനൊരു സ്‌പെല്ലിംഗ് മിസ്റ്റേക്കുള്ളതുപോലെ...'

    കരുണാകര്‍ജി പറഞ്ഞു. 

    'അതെന്താ, കോഴിയെന്നു കേട്ടതുകൊണ്ടാണോ?'

    അപ്പാജി ചോദിച്ചു. 

    'ഞാനൊന്നുമുദ്ദേശിച്ചില്ല. പേരുകേട്ടപ്പോള്‍ ഒരു സംശയം. ചരിത്രത്തിനും തെറ്റുപറ്റാമല്ലോ. രാമായണത്തിലും ബൈബിളിലും ഖുറാനിലുംവരെയില്ലേ തെറ്റുകള്‍?'

    കരുണാകര്‍ജി അലമാരയില്‍ കൈയിട്ട് ഒരു പരിപ്പുവടയെടുത്തു കറുമുറാ തിന്നുന്നതിനിടയില്‍ പറഞ്ഞു. അയാളുടെ കൈയിലിരിക്കുന്ന കുപ്പിയില്‍ നെല്ലുവാറ്റിയ ഒന്നാന്തരം ചാരായമാണ്. 

    'നമ്മുടെ കൂട്ടത്തിലുമില്ലേ ഒരു കോഴി? സാക്ഷാല്‍ കോഴിക്കോടന്‍. അതുകൊണ്ടവന്‍ കോഴിയാണോ? അതുപോലെയാ ഇതും.'

    അപ്പാജി തമാശ പറഞ്ഞു ചിരിച്ചെങ്കിലും രാഷ്ട്രം പ്രതികരിച്ചില്ല. 

    'അതു രാജാവ്. ഇതു രാഷ്ട്രം, അല്ലെങ്കില്‍ ഭാവിയിലെ മന്ത്രി.'

    കുട്ടാപ്പി തട്ടിവിട്ടു. അതു കോഴിക്കോടന് ഇഷ്ടപ്പെട്ടെന്നു തോന്നി. ഒരു ചെറുപുഞ്ചിരി മുഖത്തു മിന്നിമറഞ്ഞു. 

    'അതൊക്കെപ്പറഞ്ഞു വിഷയം മാറ്റണ്ട. ഇതു മതഗ്രന്ഥങ്ങളില്‍ വായിക്കുന്ന നുണക്കഥകളൊന്നുമല്ല, ചരിത്രമാ. ചുമ്മാ വളച്ചൊടിക്കണ്ട. പഴയ കോവില്‍മലയാ. പറഞ്ഞുപറഞ്ഞു കാലാന്തരത്തില്‍ കോഴിമലയായതാ.'

    അതുപറഞ്ഞ്, പീറ്റര്‍സാര്‍ ഫോണെടുത്തു വിളിച്ചുനോക്കി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. 

    'ആ മലമുകളിലൊന്നും റേഞ്ച് കാണില്ല പീറ്റര്‍സാറേ. നമുക്ക് അടുത്ത ഞായറാഴ്ച നേരേയങ്ങു ചെല്ലാം. വേണമെങ്കില്‍ പള്ളീന്നു റോഷനച്ചന്റെ ഒരു കത്തും കൊണ്ടുപോകാം. അച്ചനെ അറിയുന്ന ആളാണെന്നല്ലേ പറഞ്ഞത്?'

    കരണ്ടുരാജപ്പന്‍ പ്രസ്താവിച്ചു. 

    'എഴുത്തൊന്നും വേണ്ട. നമ്മള്‍ ഒരുദിവസം അങ്ങു പോകുന്നു. അപ്പനും അപ്പൂപ്പനുംതൊട്ടു പറഞ്ഞുകേള്‍ക്കുന്നതാ. ഒന്നു കാണണമെന്നു വിചാരിച്ചിട്ട് എനിക്കിതുവരെ സാധിച്ചിട്ടില്ല.'

    പീറ്റര്‍സാര്‍ എല്ലാം തീരുമാനിച്ച ലക്ഷണത്തിലാണ്. എല്ലാവരുംകൂടി ചായഗ്ലാസ്സുകള്‍ പൊക്കി ചിയേഴ്‌സ് പറഞ്ഞു. 

    കരണ്ടുരാജപ്പന്‍ നല്ല ഫോമിലായിരുന്നു. കരുണാകര്‍ജി ഉയര്‍ത്തിയത് കൈയിലിരുന്ന കുപ്പിയാണ്. അപ്പാജി ടി വിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്നു. 

    അങ്ങനെ, കുട്ടാപ്പിയുടെ കടയിലെ അന്നത്തെ വട്ടമേശസമ്മേളനം അവസാനിച്ചു. 

    പിറ്റേ ഞായറാഴ്ച നല്ല തെളിവുള്ളതായിരുന്നു. പ്രൊഫസര്‍ പീറ്ററും കരണ്ടുരാജപ്പനും കരുണാകര്‍ജിയുംകൂടി പ്രൊഫസറുടെ മഹീന്ദ്ര ജീപ്പില്‍, കോഴിമലയിലേക്കുള്ള യാത്രയാരംഭിച്ചു. അപ്പാജി വരാമെന്നു പറഞ്ഞിരുന്നെങ്കിലും നാടകക്കാരന്റെ തനിസ്വഭാവം കാണിച്ചു. വിളിച്ചിട്ടു ഫോണെടുക്കുകപോലും ചെയ്തില്ല. പീറ്റര്‍സാര്‍തന്നെയാണു ജീപ്പോടിച്ചത്. ഞായറാഴ്ച ഒന്നുരണ്ടു ഭവനസന്ദര്‍ശനമുള്ളതുകൊണ്ട് അച്ചനു വരാന്‍ അസൗകര്യമുണ്ടെന്നു നേരത്തേ അറിയിച്ചിരുന്നു. കൂനമ്പാറപ്പള്ളി പിരിയുമ്പോഴത്തെ തിരക്കില്‍ പത്തു കാശുകിട്ടുന്നതു കളഞ്ഞ് കടയടച്ചിട്ടു പോരാന്‍ കുട്ടാപ്പിയും തയ്യാറായില്ല. അങ്ങനെയാണ് സംഘത്തില്‍ മൂവരും മാത്രമായത്. 

    തേയിലത്തോട്ടങ്ങളിലൂടെ വളഞ്ഞുതിരിഞ്ഞും കയറിയുമിറങ്ങിയും കൂനമ്പാറ കടന്ന്, ജീപ്പ് കട്ടപ്പനയിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും ചായ കുടിക്കണമെന്നു തോന്നി. 

    'കോഴിമലയിലേക്കുള്ള കുന്നു കയറിയാല്‍ ഏതെങ്കിലും കട കാണും. അവിടെനിന്നാകാം.'         കരുണാകര്‍ജി നിര്‍ദ്ദേശിച്ചു. 

    'അതുനേരാ. ഉയരം കൂടുന്തോറും ചായയ്ക്കു രുചി കൂടുമെന്നല്ലേ സൂപ്പര്‍സ്റ്റാറുകള്‍വരെ പറയുന്നത്!'

    കരണ്ടുരാജപ്പന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചു. പക്ഷേ, സിനിമ കാണുകയോ പരസ്യം ശ്രദ്ധിക്കുകയോ ചെയ്യാത്ത പീറ്റര്‍സാറിനും കരുണാകര്‍ജിക്കും ഒന്നും മനസ്സിലായില്ല.

    മലമുകളിലേക്ക്, ചെമ്മണ്‍റോഡിലൂടെ ജീപ്പ് ഇരച്ചുകയറി. പ്രതീക്ഷിച്ചതുപോലെ ദൂരെ, വഴിയോരത്ത് ഒരു തട്ടുകട കണ്ടു. അതിനുമുമ്പില്‍ വണ്ടി നിര്‍ത്തി. 

    ഒരു പിള്ളേച്ചനാണ് കടയുടമ. കഷ്ടിച്ചു നാലുപേര്‍ക്കിരിക്കാവുന്ന ഒരു തടിബെഞ്ചും മേശയും മാത്രമാണ് ആകെയുള്ള ഫര്‍ണിച്ചര്‍. ആളുകള്‍ കൂടുതല്‍ വന്നാല്‍ പിള്ളേച്ചന്‍ നിന്നുകൊണ്ടാണു ചായയുണ്ടാക്കുന്നത്. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, പരിപ്പുവടയുണ്ടായിരുന്നത് കരുണാകര്‍ജിയെ സന്തുഷ്ടനാക്കി. 

    ഉള്ള സ്ഥലത്തിരുന്ന്, അവര്‍ പിള്ളേച്ചനോടു കൊട്ടാരത്തിന്റെ കാര്യങ്ങള്‍ തിരക്കി. 

    'ആ കാണുന്ന മലഞ്ചെരുവിലെ കാട്ടിനകത്തുള്ള കൃഷിസ്ഥലം കാണുന്നില്ലേ? അതിന്റെ നടുക്കിരിക്കുന്ന വലിയ വീടുകണ്ടോ? അതാണ് കോഴിമല രാജാവിന്റെ ആസ്ഥാനം.'

    ദുരെനിന്നു കണ്ടിട്ട്, കൊട്ടാരത്തിന്റെ ലക്ഷണമൊന്നുമില്ലായിരുന്നു. ചായകുടി കഴിഞ്ഞ്, ആ വീടു ലക്ഷ്യമാക്കി ജീപ്പ് മുന്നോട്ടു പോയി. കരുണാകര്‍ജി, കൈയിലിരുന്ന കുപ്പി പകുതി കാലിയാക്കി കരണ്ടുരാജപ്പനു കൊടുത്തു. 

    'ദേ, കണ്ടമാനം മാട്ടരുത്. രാജസന്നിധിയിലേക്കാ പോകുന്നതെന്നോര്‍ക്കണം.'

    പീറ്റര്‍സാര്‍ പറഞ്ഞു. 

    'നമ്മളൊരു നല്ലകാര്യത്തിനല്ലേ പോകുന്നത്? അതിന്റെ സന്തോഷത്തിനിത്തിരി കഴിക്കുന്നു. സാറേ, ഓവറാകില്ല. ഈ കുപ്പിയാണേ സത്യം!'

    കരണ്ടുരാജപ്പന്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു. 

    ജീപ്പ് നിരങ്ങിനിരങ്ങി, ആ വീട്ടിലേക്കുള്ള കയറ്റം കയറിത്തുടങ്ങി. ഇരുവശവും കൃഷിസ്ഥലങ്ങളാണ്. കൂനമ്പാറയേക്കാള്‍ താഴ്ന്ന പ്രദേശമായതുകൊണ്ട് എല്ലാത്തരം പച്ചക്കറികളും വളരും. എല്ലാം ഭംഗിയായി പരിപാലിച്ചിരിക്കുന്നു. 

    ജീപ്പ് ഒരു വീടിന്റെ മുറ്റത്തെത്തി. അകത്തുനിന്ന് ഒരനക്കവും കേട്ടില്ല. പുറത്ത്, കുറഞ്ഞപക്ഷം ഒരു കുതിരയേയും രണ്ടു കാവല്‍ക്കാരേയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കുരയ്ക്കാന്‍ ഒരു പട്ടിയെപ്പോലും അവിടെക്കണ്ടില്ല. ആകെപ്പാടെ ഒരു പഴയ തറവാടിന്റെ മുറ്റത്തു ചെന്ന പ്രതീതി. വഴി തെറ്റിയതാണോ എന്നവര്‍ സംശയിച്ചു. 

    'ഇതുകണ്ടിട്ടു കൊട്ടാരമാണെന്നു തോന്നുന്നില്ല.'

    രാജപ്പന്‍ പറഞ്ഞു. എന്തായാലും പീറ്റര്‍സാര്‍ ജീപ്പു നിര്‍ത്തി പുറത്തിറങ്ങി. ഇരുവരും അനുഗമിച്ചു. 

    മുറ്റത്തിന്റെ ഇടതുവശത്തായി സിമന്റുകൊണ്ടു കെട്ടിയിരിക്കുന്ന ഒരു കുളമുണ്ട്. കണ്ടാല്‍ മീന്‍വളര്‍ത്തലിനുള്ള കുളമാണെന്നു തോന്നും. 

    ആളനക്കമൊന്നുമില്ലാത്തതുകൊണ്ട്, അവര്‍ മെല്ലെ വരാന്തയിലേക്കു കയറി. അവിടെയൊരു മണി കെട്ടിത്തൂക്കിയിരുന്നു. കരുണാകര്‍ജി അതിന്റെ കയറില്‍പ്പിടിച്ച് മൂന്നുതവണയടിച്ചു. അല്‍പ്പം പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങിവന്നു. അവരെക്കണ്ടപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പു തോന്നി. അവര്‍ക്ക് ഒരു രാജ്ഞിയുടേതു പോയിട്ട്, വീട്ടമ്മയുടെ ലക്ഷണംപോലുമില്ല. അവര്‍ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്കിരിക്കാന്‍ പറഞ്ഞു. 

    പീറ്റര്‍സാര്‍ സംസാരിച്ചുതുടങ്ങി: 

    'ഞങ്ങള്‍ രാജാവിനെ കാണാനാണു വന്നത്. പറയാതെ വന്നതില്‍ ക്ഷമ ചോദിക്കുന്നു.'

    'എന്റെ മോനിവിടെയില്ല. അവനും മരുമകളും പണിക്കു പോയിരിക്കുന്നു.'

    ആഗതര്‍ അന്തംവിട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കി. രാജാവും രാജ്ഞിയുമൊക്കെ പറമ്പില്‍ പണിക്കുപോകുമോ! കരുണാകര്‍ജി ഒന്നുകൂടി വ്യക്തത വരുത്തിപ്പറഞ്ഞു: 

    'ഞങ്ങള്‍ രാജാവിനെ ഒന്നു കാണാന്‍ വന്നതാ.'

    അത് വൃദ്ധയ്ക്കിഷ്ടപ്പെട്ടില്ലെന്നു തോന്നി. ഒന്നു കടുപ്പിച്ചു നോക്കിയതിനുശേഷം വികലമായ മലയാളത്തില്‍ത്തന്നെ പറഞ്ഞു: 

    'മലയാളത്തിലല്ലേ പറഞ്ഞത്? എന്റെ മോന്‍ പണിക്കു പോയിരിക്കുകയാണ്.'

    ആരും മറുപടി പറഞ്ഞില്ല. ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലെയായിരുന്നു എല്ലാവരും. 

    വൃദ്ധ ചിരിച്ചുകൊണ്ടു പറഞ്ഞു: 

    'ഞാന്‍ കുടിക്കാനെന്തെങ്കിലുമെടുക്കാം. അവന്റച്ഛനെ വിട്ടു വിളിപ്പിക്കാം. അല്ലെങ്കില്‍ വരാന്‍ വൈകും. പറമ്പിലെ പണിയിട്ട് അങ്ങനെ എങ്ങും പോകില്ല.'

    'വന്ന സ്ഥിതിക്കു കണ്ടിട്ടു പോകണമെന്നാ ഞങ്ങള്‍ക്കും ആഗ്രഹം.'

    പീറ്റര്‍സാര്‍ പറഞ്ഞു. അമ്മച്ചി അകത്തേക്കു പോയി. കുറേനേരത്തേക്ക് ശബ്ദമൊന്നും കേട്ടില്ല. 

    പെട്ടെന്ന്, മുട്ടിനു താഴെ നില്‍ക്കത്തക്കവിധം കള്ളിമുണ്ടും വെളുത്ത മുറിക്കൈയന്‍ ഷര്‍ട്ടുമിട്ട ഒരു മദ്ധ്യവയസ്‌ക്കന്‍ അകത്തുനിന്നിറങ്ങിവന്നു. 

    'എന്റെ പേര് തേവമന്നാന്‍. അവന്റച്ഛനാ. നിങ്ങളൊക്കെ എവിടെനിന്നു വരുന്നു?'

    'ഞങ്ങള്‍ നാട്ടുകാരാ. പീരുമേട്ടില്‍നിന്നു വരുന്നു.'

    കരുണാകര്‍ജി പറഞ്ഞു. 

    'നിങ്ങളിരിക്കൂ. ഞാന്‍ പോയി വിളിച്ചുകൊണ്ടുവരാം.'

    അയാള്‍ പുറത്തേക്കിറങ്ങി. 

    'എന്നാലും ഇതൊരു അത്ഭുതലോകംതന്നെ! രാജാവും രാജ്ഞിയും പണിക്കു പോയിരിക്കുന്നു! എനിക്കങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല!'

    കരണ്ടുരാജപ്പന്‍ ആത്മഗതംപോലെ പറഞ്ഞു. 

    'അങ്ങനെയൊക്കെയാ. പണ്ടത്തെ രാജാക്കന്‍മാരും ചക്രവര്‍ത്തിമാരും വേറൊരു പണിയുമില്ലെങ്കില്‍ യുദ്ധത്തിനു പോകും. അങ്ങനെയല്ലേ ഈ ലോകമഹായുദ്ധങ്ങളൊക്കെയുണ്ടായത്!'

    കരുണാകര്‍ജി ആധികാരികതയോടെ പ്രസ്താവിച്ചു. രാജപ്പന്റെ കമന്റ് ഉടനേ വന്നു: 

    'അതു മഹാഭാരതം വായിച്ചവര്‍ക്കൊക്കെയറിയാം.'

    'പിന്നേ! ബൈബിളുപോലും തുറന്നുനാക്കാത്ത രാജപ്പനാ മഹാഭാരതം വായിക്കുന്നത്! രാജപ്പന് ഏതു പുസ്തകത്തില്‍ത്തൊട്ടാലും കരണ്ടടിക്കും.'

    പീറ്റര്‍സാര്‍ കളിയാക്കി. 

    ഭീത്തിയില്‍ കുറേ പഴയ പെയിന്റിംഗുകളെക്കൂടാതെ രാജാവിന്റെയും രാജ്ഞിയുടെയും പുതിയൊരു പടവുമുണ്ടായിരുന്നു. അല്‍പ്പം ഇരുണ്ട നിറമാണെങ്കിലും പഴയ പ്രതാപത്തിന്റെ അടയാളമായ തലപ്പാവും, ദേഹത്ത് ഇടത്തേ അരയില്‍നിന്നു വലത്തേ തോളിലൂടെ പിന്നിലേക്ക്, നല്ല വീതിയുള്ള തുകല്‍ബെല്‍റ്റും ധരിച്ചിട്ടുണ്ട്. നല്ല വെള്ളമുണ്ടുടുത്തിരിക്കുന്നു. 

    അതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോഴേക്കും ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും മുറ്റത്തെത്തിയിരുന്നു. അവരാദ്യം മുറ്റത്തുള്ള ടാപ്പിന്റെ ചുവട്ടില്‍ കൈയും കാലും കഴുകുന്നതുകണ്ട്, മൂവര്‍സംഘം അന്തംവിട്ടു നോക്കി. മുണ്ടും ടീഷര്‍ട്ടുമായിരുന്നു പുരുഷന്റെ വേഷം. 'രാജ്ഞി' തവിട്ടുനിറമുള്ള, ചുരീദാര്‍ പോലെയുള്ള വേഷത്തിലായിരുന്നു. രണ്ടുപേരും ഒരു പ്രത്യേകതരം ഷൂ ധരിച്ചിട്ടുണ്ടായിരുന്നു. അത് പറമ്പിലെ പണിക്കുള്ള ഒരുതരം ചെരിപ്പാണെന്നൂഹിക്കാം. 

    യുവാവ് ഒന്നു പുഞ്ചിരിച്ച്, അതിഥികളെ സ്വീകരിക്കാനായി മുന്‍വാതിലിലൂടെ കയറിയെങ്കിലും യുവതി, വീടിന്റെ ഒരു വശത്തുകൂടി പിന്‍ഭാഗത്തേക്കു നടന്നു. 

    'വണ്ടി ഇങ്ങോട്ടു പോരുന്നതു കണ്ടപ്പോഴേ എനിക്കു കാര്യം മനസ്സിലായി. അച്ഛന്‍ വന്നു പറഞ്ഞപ്പോള്‍ ഉറപ്പിച്ചു. അതുകൊണ്ട് ഇന്നു നേരത്തേ പോന്നു.'

    'ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം. ഞങ്ങളങ്ങു കൂനമ്പാറയില്‍നിന്നു വരികയാ.'

    പീറ്റര്‍സാര്‍ ഉപചാരവാക്കു പറഞ്ഞു. എല്ലാവരേയും പരിചയപ്പെടുത്തി. 

    'എനിക്ക് ഇവിടത്തെ പുറംനാട്ടുകാരെയൊന്നും അത്ര പരിചയമില്ല. നിങ്ങളുടെയൊക്കെ സ്വന്തം നാടെവിടെയാ?'

    'ഞങ്ങളൊക്കെ എറണാകുളത്തിനിന്നും കോട്ടയത്തുനിന്നുമൊക്കെ അപ്പനപ്പൂപ്പന്‍മാരുടെ കാലത്തുതന്നെ കുടിയേറിയവരാ.'

    'അതറിയാം. ചോദിച്ചെന്നേയുള്ളു. എനിക്കു പുറംനാട്ടുകാരെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ ഇഷ്ടമാണ്.'

    സന്ദര്‍ശകരെ പെട്ടെന്നു പുറംനാട്ടുകാരാക്കിയതില്‍ അവര്‍ക്കൊക്കെ ചെറിയ പ്രതിഷേധം തോന്നിയെങ്കിലും പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം, അതല്ലേ സത്യം? 

    അപ്പോഴേക്കും കറുമ്പിയെങ്കിലും അഴകുള്ള യുവതി, ട്രേയില്‍ ചായയും നല്ല ഭംഗിയില്‍ മുറിച്ച പപ്പായപ്പഴങ്ങളുമായി വന്നു. 

    യുവാവു പരിചയപ്പെടുത്തി: 

    'ഇത് എന്റെ ഭാര്യ കുയിലി.'

    യുവാവു തുടര്‍ന്നു: 

    'ഇവള്‍ക്ക് എറണാകുളം ഒന്നു കാണണമെന്നു വലിയ ആഗ്രഹമാ. ഞങ്ങള്‍ അവിടെയെങ്ങും പോയിട്ടില്ല.'

    മൂവരും അന്തംവിട്ടു. 

    'രാജാവു പഠിച്ചത് മഹാരാജാസിലല്ലേ?'

    പീറ്റര്‍സാര്‍ ചോദിച്ചു. 

    'രാജാവോ? അതേ. അദ്ദേഹം പഠിച്ചതവിടെയാണ്.'

    'അപ്പോള്‍... താങ്കളല്ലേ രാജാവ്?'

    കരുണാകര്‍ജി ചോദിച്ചു. 

    'ഞാനോ! രാജാവോ!'

    യുവാവ് അത്ഭുതം കേട്ടതുപോലെയിരുന്നു. പിന്നെ പൊട്ടിച്ചിരിച്ചു. യുവതിയുടെ മുഖത്തും ചിരി വന്നു. സന്ദര്‍ശകര്‍ മൂവരും മുഖത്തോടു മുഖം നോക്കി. 

    'നിങ്ങള്‍ ഞങ്ങളുടെ രാജാവിനെക്കാണാന്‍ വന്നതാണല്ലേ? അദ്ദേഹം കുടികളില്‍ സന്ദര്‍ശനത്തിനു പോയിരിക്കുന്നു. മുന്‍കൂട്ടി അറിയിച്ചില്ല, അല്ലേ?'

    യുവാവു ചോദിച്ചു. 

    'ഇല്ല... വിളിച്ചിട്ടു കിട്ടിയില്ല.'

    പീറ്റര്‍സാര്‍ പരുങ്ങലോടെ പറഞ്ഞു. 

    'ഉം... ഞാന്‍ വിചാരിച്ചു ബാങ്കില്‍നിന്നുള്ള സാറന്‍മാരാണെന്ന്. ഞാന്‍ മഹേശന്‍. മീന്‍വളര്‍ത്തലിന് ബാങ്കിലൊരു ലോണിനപേക്ഷിച്ചിരുന്നു. രാജാവിനെക്കാണാന്‍ നേരത്തേ അറിയിക്കണം.'

    'ഈ രാജാവിനു മന്ത്രിയുണ്ടോ?'

    കരുണാകര്‍ജി പെട്ടെന്നു ചോദിച്ചു. 

    'ഉണ്ടല്ലോ. പന്ത്രണ്ടു മന്ത്രിമാരുണ്ട്. അവരെ കാണികളെന്നാണു വിളിക്കുക. ഞങ്ങളുടെ നാല്‍പ്പത്താറു കുടികളും രാജാവിനുവേണ്ടി അവരാണു ഭരിക്കുന്നത്. അവരുടെ ഓരോരുത്തരുടെയും കീഴില്‍ ഏഴുപേര്‍ വീതമുള്ള കൗണ്‍സിലുകളുമുണ്ട്. ഞങ്ങള്‍ ഒരുലക്ഷത്തോളം വരുന്ന മന്നാന്‍മാരുടെ കണ്‍കണ്ട ദൈവമാണു രാജാവ്.'

    'ഇവിടെ ഇന്റര്‍നെറ്റൊന്നുമില്ലേ?'

    രാജപ്പന്‍ സ്വന്തം വിജ്ഞാനമറിയിക്കാന്‍ ചോദിച്ചു.

    'ഉണ്ടല്ലോ. രാജാവിനു സ്വന്തം വെബ്‌സൈറ്റുമുണ്ട്. മലയാളത്തിലെ മഹാനടനായ മമ്മൂട്ടിയാണ് ഇവിടെവന്ന് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഇവിടെവന്ന് ഞങ്ങളുടെ രാജാവിനെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റിനുവരെ രാജാവിനെയറിയാം.'

    സ്വന്തം രാജാവിനെ കുറച്ചുകണ്ടതിനോടുള്ള പ്രതിഷേധം, ആ ചെറുപ്പക്കാരന്റെ വാക്കുകളിലുണ്ടായിരുന്നു. പീറ്റര്‍സാറും കൂട്ടുകാരും അറിയാതെ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു. 

    'ഇനിയൊരിക്കല്‍ വിളിച്ചിട്ടു വരാം.'

    നേര്‍ത്ത ചമ്മലോടെ പീറ്റര്‍സാര്‍ പറഞ്ഞു. 

    'അതാ നല്ലത്.'

    യുവാവു മറുപടി നല്‍കി. അയാളുടെ മുഖത്തൊരു പരിഹാസമുണ്ടെന്നു കരുണാകര്‍ജിക്കും കരണ്ടുരാജപ്പനും തോന്നി. 

    തിരിച്ചുപോരുന്നവഴി രാജപ്പന്‍ ആത്മഗതംപോലെ പറഞ്ഞു: 

    'അമേരിക്കന്‍ പ്രസിഡന്റിനെക്കാണാന്‍ വൈറ്റ് ഹൗസില്‍ ചെന്നതുപോലെയായി!'

    കരുണാകര്‍ജി, സീറ്റിനടിയില്‍നിന്ന് കുപ്പിയെടുത്തു വായിലേക്കു കമഴ്ത്തി. അയാളുടെ കമ്യൂണിസ്റ്റ് ബോധം സടകുടഞ്ഞെഴുന്നേറ്റു: 

    'നമ്മുടെയീ കോഴിമല രാജാവാടാ രാജാവ്! കാട്ടിനുള്ളിലെ ആദിവാസികളുടെ രാജാവ്! അടിസ്ഥാനവര്‍ഗ്ഗത്തിന്റെ നേതാവ്! ഇദ്ദേഹമാണു നമ്മുടെ ഫെഡറല്‍ കാസ്റ്റോ.'

    'ഫെഡറല്‍ കാസ്റ്റോ അല്ല. ഫിഡല്‍ കാസ്‌ട്രോ. ഫിഡല്‍ അലജേന്ദ്രോ കാസ്‌ട്രോ റൂസ് എന്നു മുഴുവന്‍ പേര്.'

    പീറ്റര്‍സാര്‍ അതു തിരുത്തിപ്പറഞ്ഞു. അങ്ങനെയൊന്ന് ആദ്യമായി കേട്ടതോടെ ഞെട്ടിത്തരിച്ച കരുണാകര്‍ജി കുപ്പി മൊത്തമായി വായിലേക്കു ചെരിച്ചു. അപകടം മണത്ത രാജപ്പന്‍ അതു പിടിച്ചുവാങ്ങി സ്വന്തം വായിലേക്കൊഴിച്ചു. 

    കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിത്തുടങ്ങിയതുകൊണ്ട്, അവരുടെ കലാപരിപാടികള്‍ ശ്രദ്ധിക്കാതെ പീറ്റര്‍സാര്‍ വേഗം വണ്ടിയോടിച്ചു. 

    ഇരുട്ടിത്തുടങ്ങിയിരുന്നെങ്കിലും, വിവരങ്ങളറിയാനായി കുട്ടാപ്പി ചായക്കടയില്‍ കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ, നായ ചന്തയ്ക്കുപോയതുപോലെയായിരുന്നു യാത്രയെന്ന സത്യം പിറ്റേന്നാണ് അവരയാളോടു വെളിപ്പെടുത്തിയത്!

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക