20 വർഷക്കാലം അമേരിക്കയിൽ താമസിച്ച ആളാണ് ഞാൻ. തിരികെ നാട്ടിലെത്തിയിട്ട് 10 വർഷമായി. നമ്മുടെ നാട്ടിൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം ഞാൻ ഈയിടെ കണ്ടെത്തി. കുറ്റം ചെയ്തവരെ വെറുതെ വിടുകയും ഇരകളായവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നിലവിൽ ഇരിക്കുന്നത്. എന്നാൽ അമേരിക്കയിൽ കുറ്റം ചെയ്തവരെയാണ് ശിക്ഷിക്കുന്നത്, ഇരകളെയല്ല.
ഒരു വാഹനം മറ്റൊരു വാഹനത്തെ ഇടിക്കുന്നു എന്ന സങ്കൽപ്പിക്കുക. അപ്പോൾ ഇവിടെ ഇടിച്ചവനുണ്ട്, ഇടികൊണ്ടവനുമുണ്ട്. അതായത് കുറ്റം ചെയ്തവനുമുണ്ട്, അതിന്റെ ഫലം അനുഭവിച്ചവനുമുണ്ട്.
ഇതിൽ ആർക്കാണ് ശിക്ഷ കിട്ടേണ്ടത്? സാമാന്യ ബുദ്ധിയുള്ള ആരും പറയും, ഇടിച്ചവനാണ് ശിക്ഷ കിട്ടേണ്ടത്, അല്ലാതെ ഇടികൊണ്ടവനല്ല. എന്നാൽ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് എന്താണെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. ഇടിച്ചവൻ യാതൊരു ശിക്ഷയും ഇല്ലാതെ രക്ഷപ്പെടുന്നു. ഇടികൊണ്ടവന് ശിക്ഷ ലഭിക്കുന്നു. ഇക്കാര്യം ഞാൻ കൂടുതൽ വിശദമാക്കാം.
ഒരു ബസ് നിങ്ങളുടെ കാറിനെ ഇടിക്കുന്നു എന്നു വയ്ക്കുക. നിങ്ങളുടെ മുമ്പിൽ രണ്ടു വഴികൾ ഉണ്ട്:
1. നിങ്ങളുടെ സ്വന്തം ഇൻഷുറൻസ് കമ്പനിയെ സമീപിക്കുക. അത് നിങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നു. നിങ്ങളുടെ കയ്യിൽ നിന്ന് കുറച്ചു കാശ് ചെലവാകും.
2. മറ്റൊരു വഴി നിങ്ങളെ ഇടിച്ച ആളിന്റെ ഇൻഷുറൻസിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുക എന്നതാണ്. അതു വേണമെങ്കിൽ നിങ്ങൾ അയാൾക്കെതിരായി കേസ് കൊടുക്കണം. അത് തീർപ്പാക്കാൻ രണ്ടുവർഷത്തെ കാലതാമസം എടുക്കും. നിങ്ങൾക്കായി വാദിക്കാൻ ഒരു വക്കീലിനെ വയ്ക്കേണ്ടിവരും. ആദ്യം നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി നിങ്ങളുടെ കാറിന് ഉണ്ടായ നഷ്ടം പരിഹരിക്കേണ്ടി വരും.
മിക്കവരും ആദ്യത്തെ വഴി മാത്രമേ തിരഞ്ഞെടുക്കു. കയ്യിൽ നിന്ന് കുറച്ചു കാശു പോയാലും രണ്ടുവർഷം കേസ് നടത്തി ഫലം കാണുവാൻ ആരും ആഗ്രഹിക്കുകയില്ല. സ്വന്തം ഇൻഷുറൻസ് മതി എന്നുവയ്ക്കും. അതിന്റെ ഫലമായി, അടുത്തവർഷം ഇൻഷുറൻസ് പ്രീമിയം കൂടുതലായിരിക്കും. നിങ്ങളെ ഇടിച്ചിട്ട് പോയ ആൾക്ക് ഒരു നഷ്ടവുമില്ല.
ഇങ്ങനെ കുറ്റം ചെയ്ത ആളിന് അനുകൂലമായ ഒരു വ്യവസ്ഥിതിയാണ് നമ്മുടെ നാട്ടിൽ നിലവിലിരിക്കുന്നത്. നമ്മുടെ നാട്ടിൽ traffic കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയാണ്.
അവിടെ ആയിരുന്നപ്പോൾ ഒരിക്കൽ ഒരു വാഹനം എന്റെ കാറിനെ ഇടിച്ചു. വിളിച്ചയുടനെ അവിടെ എത്തിയ പോലീസ് ഓഫിസർ കുറ്റം മറ്റേയാളിന്റെ പക്കൽ തന്നെ എന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്തു. ഞാൻ എന്റെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടു. മറ്റേയാളിന്റെ ഇൻഷുറൻസിൽ നിന്ന് എന്റെ വാഹനത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ അവർ ചെയ്തു. എന്റെ insurance പ്രീമിയം കൂടിയില്ല. എന്നെ ഇടിച്ച ആളിന്റെ insurance പ്രീമിയം കൂടി. അങ്ങനെ കുറ്റം ചെയ്യുന്നവർക്ക് ശിക്ഷ കിട്ടുന്ന വ്യവസ്ഥിതിയാണ് അവിടെയുള്ളത്.
ഇങ്ങനെ ഒരു മാറ്റം വരാതെ നമ്മുടെ നാട്ടിലെ ട്രാഫിക് അപകടങ്ങൾ കുറയുകയില്ല. മറ്റുള്ളവരെ ഇടിക്കുന്നതിന് ഒരു ശിക്ഷയും ഇല്ല എന്ന് വന്നാൽ എത്ര അശ്രദ്ധയോടെ വാഹനം ഓടിക്കുകയും മറ്റുള്ളവരെ ഒക്കെ ഇടിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ ബസുകൾ എല്ലാം ഇത്ര അശ്രദ്ധയോടെ അപകടകരമായി ബസ്സ് ഓടിക്കുന്നതിന്റെ കാരണം ഇത് തന്നെയാണ്. ഇടികൊണ്ടവൻ കേസിനു പോയാൽ മാത്രം ഇവരുടെ ലൈസൻസ് റദ്ദാക്കി എന്ന് വരും. അങ്ങനെ ഇടി കൊണ്ടവൻ കേസിനു പോകാനുള്ള സാധ്യത തീരെയില്ല.
ജോൺ ഡി. കുന്നത്ത്
കോട്ടയം