Image

കടിഞ്ഞൂൽ (ലത ടി. ബാലകൃഷ്ണന്‍)

Published on 14 September, 2023
കടിഞ്ഞൂൽ (ലത ടി. ബാലകൃഷ്ണന്‍)

പത്തൊൻപതാം നമ്പർ ടോക്കൺ കയ്യിൽ പിടിച്ച്  ഗൈനക്കോളജി ഒ .പി യുടെ മുന്നിൽ അക്ഷമയായി അവൾ കാത്തു നിന്നു. പ്രസവത്തിനുള്ള തീയതി ആയിട്ടില്ലെങ്കിലും തലേന്ന് രാത്രിയിലെ അസ്വസ്ഥത  രാവിലെ തന്നെ ഡോക്ടറെ കാണാൻ അവളെ പ്രേരിപ്പിച്ചു. സർക്കാർ ആശുപത്രി ആയതു കൊണ്ട്  കുറച്ച് കരുതലുകൾ  എടുക്കുന്നത്  നല്ലതാണ്. കൂട്ടത്തിൽ അമ്മയുണ്ട്. ഭർത്താവ് എത്തിയിട്ടില്ല. രാവിലെ  വീട്ടിൽ നിന്നു പുറപ്പെട്ടു എന്നാണ് പറഞ്ഞത്. അമ്മ ഇടയ്ക്കിടെ ഒരല്പം നീണ്ടു കൂർത്ത തൻ്റെ വയറിലേക്കും  ക്ഷീണ ഭാവം നിറഞ മുഖത്തേക്കും മാറി മാറി നോക്കി. ആൺകുട്ടിയാവും അതാണ്  ഇത്ര ക്ഷീണം. അമ്മ ആരോടെന്നില്ലാതെ പറഞ്ഞു. ആണായാലും പെണ്ണായാലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി.  ഇതിന്റെ ചവിട്ടും തൊഴിയും ഉള്ളിൽ ഇടയ്ക്കിടയ്ക്ക് സന്തോഷമുണ്ടാക്കുന്നു എങ്കിലും പ്രസവ  വാർഡ്‌ എന്ന് കേൾക്കുമ്പോൾ പണ്ട് മുതലേ പേടിയാണ്. തൻ്റെ  ഊഴം അടുത്തു എന്നാണ് തോന്നുന്നത്.
വാതുക്കൽ നിന്ന് ഒരു സിസ്റ്റർ രുഗ്മിണി എന്ന് ഉറക്കെ വിളിച്ചു.
വയറിൻ്റെ ഭാരം മറന്നു അവൾ ചാടി  എണീറ്റു.
അകത്തേക്ക് കടന്ന ഉടൻ തന്നെ ഡോക്ടർ പറഞ്ഞു.
തീയതി ആയിട്ടില്ലല്ലോ.
ഇനിയും ഒരാഴ്ച ഉണ്ട്.
കുട്ടിക്ക് ഇന്നലെ മുതൽ അനക്കം ഇല്ലാത്ത പോലെ തോന്നുന്നു ഡോക്ടർ . രാത്രിയിൽ നടുവിന് വല്ലാത്ത വേദന ഉണ്ടായിരുന്നു.
മുറിയുടെ ഒരു മൂലക്ക് കിടന്ന ടേബിളി ലേക്ക് ഡോക്ടറുടെ കണ്ണുകൾ നീണ്ടു. പരിശോധന മുറിയുടെ കർട്ടൻ വകഞ്ഞു മാറ്റി അവൾ മേശപുറത്തു കയറി കിടന്നു.
  പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഒന്ന് ഇരുത്തി മൂളി.
സ്കാൻ ചെയ്തിട്ട് നോക്കാം.
സ്കാനിംഗ്  റൂമിലേക്ക് പറഞ്ഞുവിട്ട അവൾക്കു അവിടെയും തന്റെ ഊഴം കാത്ത് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. വയറിന്റെ ഭാരവും സ്കാനിംഗ് ക്ലിയർ റിപ്പോർട്ടിനുവേണ്ടി ഇടയ്ക്കിടെ വെള്ളം കുടിച്ചു വീർത്ത മൂത്ര സഞ്ചിയുടെ ഭാരവും കൊണ്ട് അവൾ ഞെളി പിരി കൊണ്ടു. അവസാനം അവളുടെ ഊഴം എത്തി. ഒരു മുഴുത്ത മാങ്ങാ അണ്ടിയുടെ ആകൃതിയിൽ തിര ഇള ക്കത്തിനു നടുവിൽ അവ്യക്തമായി തന്റെ കുഞ്ഞ് കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞു. കുഞ്ഞ് പാദങ്ങൾ  മുകളിലേക്കു ഉയർത്തി വെച്ചു സുഖമായി കിടക്കുന്നു. പക്ഷേ ഒരു ചരടുകൊണ്ട് അവനെ ആരോ ചുറ്റി വരിഞ്ഞിട്ടുണ്ട്.
പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ടല്ലോ
ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞുകൊണ്ട്  സിസ്റ്റർ റിപ്പോർട്ട്‌ അമ്മയ്ക്ക് കൈമാറി.
പട്ടിക്കു പൊതിക്കാത്ത തേങ്ങാ കിട്ടിയത് പോലെ അമ്മ അതും പിടിച്ചു തന്റെ മുഖത്തേക്ക് നോക്കി.
ഡോക്ടറെ പെട്ടെന്ന് കൊണ്ട് പോയി കാണിക്കൂ. വൈകുന്തോറും കുഞ്ഞിന് റിസ്ക് ആണ്.
അടുത്തിരുന്ന സ്ത്രീ പറയുന്നതുകേട്ട്  അമ്മയുടെ മുഖത്തേക്ക് അവൾ അപേക്ഷ ഭാവത്തിൽ നോക്കി.
സ്കാൻ ചെയ്ത റിപ്പോർട്ടും കൊണ്ട്  അമ്മ ഡോക്ടറുടെ അടുത്തേക്ക് ഓടി. വീർത്ത മൂത്ര സഞ്ചിയുടെ ഭാരം താങ്ങാനാവാതെ   സ്കാനിങ് റൂമിനോട് ചേർന്നുള്ള ടോയ്‌ലെറ്റിലേക്ക് അവൾ ഓടി കയറി. തിരിച്ചിറങ്ങിയപ്പോൾ കയ്പ്പുള്ള നല്ല നാടൻ നെല്ലിക്കാ കഴിച്ചിട്ട് വെള്ളം കുടിച്ചാലുള്ള ഒരു സുഖം. ഇനി എവിടെ എങ്കിലും ഒന്നിരുന്നാൽ മതി. പുറത്തെ ചാരു ബെഞ്ചിൽ എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. ക്ഷീണം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങി.
അർദ്ധ മയക്കത്തിൽ  പേടിപ്പെടുത്തുന്ന ചിന്തകൾ അവളെ അസ്വസ്ഥ ആക്കി.
അറിയാതെ അടിവയറ്റിൽ കൈവെച്ചു പോയി. കടിഞ്ഞൂൽ എന്ന് പേരെ ഉളളൂ. കടിഞ്ഞൂൽ ആകാൻ മോഹിച്ച് വയറിൽ ഇടം കണ്ടെത്തിയ രണ്ടും   പാതി വിടരും മുൻപ് ഞെട്ടറ്റു  ചെഞ്ചോരയിൽ ഒഴുകി പോയി.  മണ്ണാറശാലയിലെ ഉരുളി കമിഴ്ത്തലും കഴിഞ്ഞു കിട്ടിയ മൂന്നാമത്തെ  കുട്ടിയാണ്  അകത്തു ബന്ധനസ്ഥനായി  കിടക്കുന്നത്. നോർമൽ ആയ  പ്രസവത്തിന്റെ എല്ലാ സാധ്യതകളും ഡോക്ടർ നേരത്തെ സൂചിപ്പിച്ചിരുന്നതിനാൽ ഒരു ശസ്ത്രക്രിയയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ആരാണ് ഒരല്പം ധൈര്യം തരാൻ? . അമ്മയെ കാണുന്നില്ല.. സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു്  നേടിയ അനുഭവങ്ങളുടെ കരുത്തു തനിക്കു ഊന്നു വടി ആയിരിക്കുന്നു. 
തൊണ്ട വല്ലാതെ വരളുന്നു.വെള്ളം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
രുഗ്മിണിയുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ?  ഒരു സിസ്റ്റർ വീണ്ടും വാതുക്കൽ എത്തി ഉറക്കെ ചോദിച്ചു.
അമ്മയുണ്ട് സിസ്റ്റർ
അമ്മയെവിടെ
ഡോക്ടറെ കാണാൻ പോയി.
ബ്ലഡ്‌ വേണ്ടി വരും.ഈ മെഡിസിൻസ് എല്ലാം പുറത്ത് നിന്നു വാങ്ങണം. ഡോക്ടർ റൌണ്ട്സ് കഴിഞ്ഞു വന്നാൽ ഉടൻ  തിയേറ്റർ ഡ്യൂട്ടി ആണ്. ആദ്യത്തെ കേസ് തന്റെ ആണ്.
ഒന്നും അറിയാതെ പകച്ചു നിന്നപ്പോൾ ദൂരെ നിന്നു അമ്മ ഓടി വരുന്നുണ്ടായിരുന്നു. കൂടെ  പൊട്ടി മുളച്ചപോലെ ഭർത്താവും.
. മരുന്നിന്റെ കുറുപ്പടി കൈയിൽ പിടിച്ചു ഭർത്താവ്  മെഡിക്കൽ സ്റ്റോറിലേക്ക് ഓടി.
'നിന്റെ ഗ്രൂപ്പിലുള്ള രക്തം വേണമല്ലോ കുട്ടി. രാമകൃഷ്ണനെ വിളിച്ചാലോ
അമ്മക്ക് വെപ്രാളം തുടങ്ങി.
ആവശ്യം വന്നാൽ ബാങ്കിൽ നിന്നു എടുക്കാം. പിന്നീട് കൊടുത്താൽ മതി.
കൂടെ നിന്ന ഒരു സ്ത്രീ അമ്മയുടെ പരിഭ്രമം കണ്ടു സമാധാനിപ്പിച്ചു. അപ്പോൾ എല്ലാം തീരുമാനമായി. ഇടുപ്പെല്ലിന്റെ വികസനം ഇനി വേണ്ട. പ്രസവം സുഗമം  ആക്കാനുള്ള ശരീരത്തിന്റെ തയ്യാറെടുപ്പിന് വേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമായി എന്തൊക്കെ  അഭ്യാസങ്ങൾ ആണ് ഏഴാം മാസം മുതൽ തന്നെ കൊണ്ട് ചെയ്യിച്ചത്.
കൈപ്പത്തിയുടെ വലിപ്പം മാത്രം ഉള്ള കുറ്റിചൂൽ കൊണ്ട് രാവിലേയുള്ള മുറ്റമടി. .വൈകുന്നേരം കുന്നിൻ മുകളിലെ സെമിനാരിയിലേക്കുള്ള സായാഹ്നസവാരി.
കിം ഫലം?
കുരുന്നിന്റെ  കരണം മറിച്ചിലിൽഎല്ലാം തകിടം മറിഞ്ഞു കത്തി വെക്കേണ്ട അവസ്ഥ ആയി.
ശരീരത്തിലെ അയഞ്ഞ പേശികൾക്കെല്ലാം ഇനി പൂർവ സ്ഥിതിയിലേക്ക് മടങ്ങാം.
രുഗ്മിണി ആരാ? ഇതിന്റെ കൂടെ ആരാ ഉള്ളത്.
ഒരു മയവുമില്ലാത്ത  പ്രായം ചെന്ന നഴ്സിന്റെ ചോദ്യം കേട്ടപ്പോൾ സങ്കടം തോന്നി.
പേറ്റു മണം നിറഞ്ഞ ഇടനാഴിയിലൂടെ അവൾ വാർഡിലേക്ക് നടന്നു.
അറുക്കാൻ കൊണ്ടുപോകുന്ന ഉരുവിനെ എന്ന പോലെ അമ്മ  ഹെഡ് നഴ്സിന്റെ മുൻപിലേക്കു അവളെ നീക്കി നിര്ത്തി.
കുട്ടി അകത്തേക്ക് വാ. ഡ്രസ്സ്‌ മാറണം.
അകത്തേക്ക് കയറിയ ഉടനെ തന്നെ  ഒരു നേഴ്സ് കാണിച്ച ടേബിളിൽ കയറി കിടന്നു. ഇട്ടിരുന്ന അയഞ്ഞ ഫ്രണ്ട് ഓപ്പൺ നെറ്റിയുടെ കുടുക്കുകൾ അഴിച്ചു  വീർത്ത  വയറിനു മുകളിലൂടെ  ഡ്രിമ്മർ ചലിപ്പിച്ചപ്പോൾ വല്ലാതെ അസ്വസ്ഥത  തോന്നി. ടേബിളിൽ നിന്നിറങ്ങിയപ്പോൾ അമ്മ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കുന്നത് കാണാമായിരുന്നു. തൊട്ടടുത്ത ബെഡിലെ  യുവതിയും ഓപ്പറേഷൻ കേസ് ആണെന്ന് തോന്നുന്നു. ഒരു സിസ്റ്റർ അവരെ പച്ച dressഅണി യിക്കുന്നു. മറ്റൊരാൾ മുടി രണ്ട്
വശത്തേക്കും മെടഞ്ഞിട്ട്  കൊടുക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന തന്റെ കൈകളിലേക്ക് ഒരു പച്ച കുപ്പായം വന്നു വീണു. വേണമെങ്കിൽ ധരിച്ചോ എന്ന മട്ടിൽ. അമ്മ അകത്തേക്ക് വന്നിരുന്നെങ്കിൽ തനിക്കും മുടി ചീകി ഒതുക്കിത്തരുമായിരുന്നു.  ഇവരെന്താ തന്നെ തീരെ ഗൗനിക്കാത്തത്.
കൊച്ചേ ഇവിടെ ചില  ചിട്ടകൾ ഉണ്ട്. നിന്നെ  ഒരുക്കി തിയേറ്ററിൽ എത്തിക്കുന്നതിനു മുൻപ് ഇവർക്കൊക്കെ ചില്ലറ കൊടുക്കണം. ഒരു സിസ്റ്റർ വന്നു ചെവിയിൽ പറഞ്ഞു.
എന്ത് കൊടുക്കാൻ.. ഇവർ സർക്കാർ ശമ്പളം വാങ്ങുന്നില്ലേ. തനിക്കീ  പതിവുകൾ ഒന്നും അറിയില്ല.അഥവാ അറിഞ്ഞാലും തന്റെ കൈയിൽ പണമില്ല. അമ്മ വെറും കൂട്ടിരിപ്പുകാരി. കാശു കൊടുക്കണമെങ്കിൽ അതെല്ലാം ഭർത്താവിന്റെ ഉത്തരവാദിത്വം. താൻ ഈ ഹോസ്പിറ്റലിൽ വന്ന ശേഷം ദൂരെ നിന്നു പുള്ളിയെ കണ്ടതല്ലാതെ നേരിട്ട് സംസാരിക്കാനുള്ള അവസരം പോലും കിട്ടിയില്ല. ഭാര്യ ലേബർ റൂമിൽ കയറുമ്പോൾ  ഞെളി പിരികൊള്ളുന്ന ഭർത്താക്കന്മാർ  പുറത്ത് കാവലുണ്ട്. അകത്തും പുറത്തും പരിഗണന കിട്ടാത്ത ചില ജന്മങ്ങളിൽ ഒന്നായ താൻ അധിക ശുശ്രൂഷയും ലാ ളനയും കൊതിക്കാൻ പാടില്ല. ഒരു നെടുവീർപ്പു പോലും തന്നിൽ നിന്നും ഉയരാൻ പാടില്ല. അതു തന്റെ കുഞ്ഞിനെ ബാധിക്കും. അതിനാൽ മുടി ആവും വിധം രണ്ടായി പകുത്തു മെടഞ്ഞിട്ട്  തിയേറ്ററിൽ ഇടേണ്ട  ഡ്രെസ്സും തനിയെ അണിഞ്ഞു അടുത്തു കണ്ട വീൽ ചെയറിൽ  കയറി  ഇരുന്നു.. അപ്പോഴേക്കും ഒരു സിസ്റ്റർ ഓടി വന്ന്‌അവളെ  പിടിച്ചു മാറ്റി  മറ്റേ യുവതിയെ വീൽ  ചെയറിൽ പിടിച്ചിരുത്തി.
എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നതിനു മുൻപു തന്നെ യുവതിയുമായി  വീൽചെയർ തീയേറ്ററിലേക്ക് ഉരുണ്ടു. ഇനി തനിക്കിരിക്കണം എന്നുണ്ടെങ്കിൽ വീൽ  ചെയർ പുറത്ത് നിന്നു  വരണം. അല്ലെങ്കിൽ ഒഴിഞ്ഞ വീൽ ചെയറിനു വേണ്ടി പുറത്ത് മല്ല യുദ്ധത്തിന് പോണം. വീൽ ചെയറിനു വേണ്ടി ആര് മല്ല യുദ്ധതിനു ഇറങ്ങും. അമ്മക്ക് അതൊന്നും പരിചയമില്ല.  തത്കാലം യുവതി എണീറ്റു മാറിയ ബെഡിൽ ഇരുന്നു. ആദ്യത്തെ ഓപ്പറേഷൻ തന്റേത് എന്ന് പറഞ്ഞിട്ട് വീൽ ചെയറിൽ ഈ കുട്ടിയെ ആണല്ലോ കയറ്റി ഇരുത്തിയത്. തന്റെ ഊഴം എപ്പോഴാണാവോ?. വീൽ ചെയറിനു വേണ്ടിയുള്ള മത്സരം മനസ്സിൽ യുദ്ധത്തിൽ മുറിവേറ്റ പടയാളിയുടെ വേദന ആയി നിറഞ്ഞു നിന്നതിനാൽ ജീവിതത്തിൽ ആദ്യമായി ഒരു ശസ്ത്രക്രിയ നേരിടേണ്ട പേടി മനസ്സിൽ നിന്നും ഓടി ഒളിച്ചു. കുട്ടിയുടെ ജീവനെ കുറിച്ചാണ് ആശങ്ക. എത്ര നേരം  തന്റെ കുഞ്ഞ്  കൊടി ചുറ്റി കിടക്കും. അതിന് ശ്വാസം കിട്ടുമോ? സമയം വൈകുന്തോറും കുട്ടിക്ക് ആപത്തല്ലെ? പെട്ടെന്ന് തന്നെ അവളുടെ അടുത്തേക്ക് ഒരു ട്രിപ്പ്‌ സ്റ്റാൻഡ് വന്നു നില ഉറപ്പിച്ചു. സ്റ്റാൻഡിൽ തല കീഴായി കിടക്കുന്ന ബോട്ടിലിൽ ഒന്ന് നോക്കിയ നേരം കൊണ്ട് കൈ ഞരമ്പിനകത്തേക്ക് ഒരു നീടിൽ മുന്നറിയിപ്പില്ലാതെ കടന്നു പോയി.
ബോട്ടിലിൽ നിന്നും താഴെക്കിറങ്ങുന്ന മരുന്ന് തുള്ളിയുടെ വേഗത വളരെ കുറവായിരുന്നു. അര മണിക്കൂറോളം ബെഡിൽ ചാരി ഇരുന്നു. ആരും കിടക്കാനോ എണീക്കാനോ പറഞ്ഞില്ല.
പുറത്ത് അസാധാരണമായ ഒരു ബഹളം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ പകുതി തീർന്ന മരുന്ന് കുപ്പി തന്റെ കൈയിൽ പിടിപ്പിച്ചു ട്രിപ്പ്‌ സ്റ്റാൻഡും കൊണ്ട് ഒരു സിസ്റ്റർ തീയേറ്ററലറിലേക്ക് ഓടി കയറി . ഓട്ടത്തിനിടയിൽ അവർ പറയാൻ മറന്നില്ല.
ഒരു എമർജൻസി കേസ് വന്നു. കുട്ടി ആ ബോട്ടിൽ ഒന്ന് ഉയർത്തി പിടിക്കൂ.
ഇതെന്താ ഇങ്ങനെ?
ഒരു കൈ കൊണ്ട് ബോട്ടിൽ ഉയർത്തിപ്പിടിച്ച് നീടിൽ കയറ്റി നീര് വെച്ച മറ്റേ കൈ ജനൽ കമ്പിയിൽ പിടിച്ചു നിൽക്കുന്ന അവളുടെ രൂപം  ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ചിത്രം ഓർമിപ്പിച്ചു.
ചുമരിൽ ചാരി നിൽക്കുന്ന അവളുടെ നിസ്സഹായാവസ്ഥ കണ്ടു സ്‌ട്രെച്ചർ തള്ളി കൊണ്ട് വന്ന ഒരു അറ്റണ്ടർ രുഗ്മിണിയുടെ അരികിലേക്ക് ചെന്നു. ഭിത്തിയിൽ തറച്ചിരുന്ന ഒരു ആണിയിൽ അയാൾ ബോട്ടിലിന്റെ ചുവടു ചരട് കൊണ്ട്ബന്ധിച്ചു തൂക്കിയിട്ടു.
കുട്ടി ആ ബെഡിൽ ഇരുന്നോ അല്ലേൽ അതും പോകും.
മുന്നറിയിപ്പ് കേട്ടു പെട്ടെന്ന് ട്രിപ്പ്‌ bottle ഘടിപ്പിച്ച  ഭിത്തിയോട് ചേർന്നുള്ള ബെഡിന്റ സൈഡിലേക്കു  വയറിന്റെ ഭാരം വക വെക്കാതെ അവൾ ചാടി കയറി  ഇരുന്നു. ഒത്തിരി സമയം നിൽക്കാൻ വയ്യ. പെട്ടെന്ന് അടിവയറ്റിൽ  കൊളുത്തി വലിക്കുന്ന വേദന  സഹിക്കാൻ പറ്റുന്നില്ല നടുവിന്റെ കണ്ണികൾ പൊട്ടുന്ന പോലെ. അമ്മേ എന്നറിയാതെ വിളിച്ചുപോയി. പെട്ടെന്ന് കാലുകൾ നനച്ചു കൊണ്ട് എന്തോ ഒരു കൊഴുത്ത ദ്രവാകം  നിലത്തു പരന്നോഴുകി.
സിസ്റ്റർ ....
അറിയാതെ പേടി കൊണ്ട് വിളിച്ചു കൂവി.
തൊട്ടടുത്തു വേദന കൊണ്ട് പുളയുന്ന ഒരു  ഗർഭിണിയോട് അടങ്ങി കിടക്കാൻ  പറഞ്ഞിട്ട്  അവിടെ എന്താ ഇത്ര പുതുമ എന്ന ചോദ്യ ഭാവത്തിൽ  അവർ തിരിഞ്ഞു നോക്കി.
നിലത്തു പടർന്ന  നനവ് കണ്ടു അവർ നിസ്സാര ഭാവത്തിൽ പറഞ്ഞു.
"ഓ ഫ്ലൂയിഡ് പോയി. ഇനി ഉടനെ ഉണ്ടാവും."
ഡോക്ടർ അകത്തു ഒരു എമർജൻസി കേസ് അറ്റൻഡ് ചെയ്യുകയാണ്.  അതു തീർന്നാൽ ഉടനെ വിളിക്കും.
മണിക്കൂർ എത്ര ആയി. ഈ കുഞ്ഞ് അപ്പോഴേക്കും ജീവനോടെ ഉണ്ടാകുമോ.  അകം വേവുന്നതിനൊപ്ലം അസ്ഥികൾ ഒടിയുന്ന വേദനയും. അറിയാതെ നിലവിളിച്ചു പോയി. പുറത്തുനിൽക്കുന്ന അമ്മ ഓടി വാതിൽക്കൽ വന്നു. ഒരു സിസ്റ്റർ അമ്മയെ ഓടിച്ചു വിടുന്നത് കാണാമായിരുന്നു.  എവിടെ നിന്നോ ഒരു സ്‌ട്രെച്ചർ അകത്തേക്ക് ഉരുണ്ടു നീങ്ങി. വിട്ടു വിട്ടുള്ള വേദനയുടെ  ഇടവേളയിൽ എപ്പോഴോ ട്രിപ്പ് ബോട്ടിലിൽ നിന്നും വിടുതൽ കിട്ടിയ നിമിഷം ഒഴിഞ്ഞ സ്‌ട്രെച്ചറിന്മേൽ കയറി കിടന്നു. ഇനി ആരും പിടിച്ചു താഴെക്കിടില്ല.
രുഗ്മിണിയെ തിയേറ്ററിലേക്ക് കൊണ്ട് വന്നോളൂ.
തൽക്കാലം  വാർഡിൽ നിന്നും ആരോ സ്‌ട്രെച്ചർ ഉന്തി നീക്കി തിയേറ്റർ വരെ എത്തിച്ചു. പോകുന്ന വഴിക്കു ആ കിടപ്പിൽ കിടന്നു അമ്മയെ ഒന്ന് പാളി നോക്കി. ഭർത്താവിനെ ദൂരെ ഒരു നിഴൽ പോലെകണ്ടു. പുക ചുരുളുകൾക്കിടയിൽ  മുഖം വ്യക്തമല്ല. ഇങ്ങേർക്ക് ഈ സമയത്തു ഇത്രയും പുകച്ചു തള്ളാൻ  എന്താണാവോ?
നിലനിൽപ്പിനുവേണ്ടി അകത്തു നടന്ന സമരം ഒന്നും ഈ പുള്ളി അറിഞ്ഞില്ലേ.
ആദ്യ ഗർഭം അലസി യപ്പോൾ പുള്ളി ബോംബയിൽ ആയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തെ അവധി കഴിഞ്ഞു പോയ സമയം. അതു വരെ പൊതിഞ്ഞു നിർത്തിയ സ്നേഹക്കൂടു പൊളിച്ചെടുത്തു ദൂരേക്ക് പോയപ്പോൾ ഉള്ളു പൊള്ളി. ആരും കാണാതെ അടുക്കള കോണിലും കുളിക്കടവിലും വിരഹത്തിന്റെ കണ്ണുനീർ തുള്ളികൾ വീണു. ഏകാന്തത നിറഞ്ഞ വീട് ഒന്ന് കൂടി മനസ്സിൽ വിഭ്രാന്തി കൂട്ടി. പുഴുങ്ങിയ നെല്ലിന്റെ മണം കേട്ടാൽ ഓക്കാനം തുടങ്ങും. കൊയ്ത്തു കഴിഞ്ഞ സമയം. പരിചയമില്ലാത്ത ചുറ്റുപാടുകൾ,ചെയ്തു പഴക്കം വരാതെ തെറ്റിയും  തിരുത്തിയും പുതിയ വീട്ടുപണികൾ. എടുത്താൽ പൊങ്ങാത്ത ചെമ്പ് കുട്ടകത്തിൽ വെയിൽ കാത്തു കിടക്കുന്ന പാതി വെന്ത പുന്നെല്ല് ചിക്ക് പായിൽ നിരത്തി കാലു കൊണ്ട് വൃ ത്തം വരക്കുമ്പോൾ നെല്ലിൻ്റെ ചൂട് ഉള്ളം കാൽ പൊള്ളിക്കുമായിരുന്നു . എവിടെയോ ആദ്യത്തെ ചുവടു പിഴച്ചു. അടിവയർ കൊളുത്തി പ്പിടിക്കുന്ന വേദനയിൽ ചുടുചോര കാൽ നനച്ചു. മൂപ്പെത്താത്ത മാമ്പഴം ഞെട്ടറ്റു വീണു. പത്തു പറ നെല്ല് ഉരലിൽ കുത്തി പേറ്റ് നോവിൽ തളരാതെ ഒൻപത് പ്രസവിച്ച  നാട്ടിലെ നാണിയമ്മ മൂക്കത്ത് വിരൽ വെച്ച് അമ്മായിയമ്മയെ ഇടം കണ്ണിട്ടു നോക്കി. അവരുടെ  ഇരുത്തി മൂലളിൽ മനമുരുകി നാണം കെട്ടു തല കുനിച്ചു.
അവനു പ്രായം കൂടി വരുന്നു. ഇനി.എന്നാണ് ഒരു കുഞ്ഞിക്കാൽ?
മുഖത്തേക്ക് നോക്കി അമ്മായി അമ്മ ചോദിച്ചപ്പോൾ  വായു വഴി.പരാഗണം നടത്താൻ താനൊരു പുഷ്പം അല്ല എന്ന് പറയാൻ തോന്നി.
വിവാഹം കൊണ്ടു ജീവിതത്തിൽ വലിയ പുരോഗതി ഒന്നും ഉണ്ടായില്ല. വറ ചട്ടിയിൽ നിന്നും  എരി തീയിലേക്ക് എന്നുള്ള വ്യത്യാസം. വിവാഹം വീട്ടിൽ വെച്ചായിരുന്നു. വലിയ ഹാളിൽ വെച്ചു നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്നതിനാൽ അമ്മ താൻ ജനിച്ചപ്പോൾ തന്നെ  മരിച്ചുപോയ അച്ഛൻ്റെ അവസാനത്തെ ആഗ്രഹത്തെ കൂട്ടുപിടിച്ചു.
അവളുടെ അച്ഛൻ മരിക്കുന്നതിന് തൊട്ടു മുൻപ് മകളുടെ വിവാഹം വീട്ടിൽ പന്തലിട്ടു നടന്നു കാണണം എന്ന് പറഞ്ഞിരുന്നു.
കാലമെത്ര കഴിഞ്ഞു!!
അച്ഛൻ്റെ  ആത്മാവ് മകളുടെ വിവാഹം കാണാൻ വീട്ടുമുറ്റത്ത് വരുമെന്ന് അമ്മ വെറുതെ നമ്പർ ഇട്ടു. പുള്ളിക്ക് സ്ഥലം തെറ്റിയാലോ വരൻ്റെ വീട്ടുകാരും സമ്മതിച്ചു. പകരം അതിന്റെ പേരിൽ ചെലവ് ചുരുക്കിയ വകയിലെ  സ്വർണം കൂടി മകൾക്ക് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അമ്മ ഇളിഭ്യായി. താൻ ഉള്ളിൽ കുടഞ്ഞിട്ടു ചിരിച്ചു. പ്രാരബ്ധ ജന്മത്തിൽ കുടുങ്ങി പോയ ഒരമ്മയും മൂന്നു പെണ്മക്കളും..
നെയ്ത്തും, തയ്യൽ  ജോലിയും, കുറിച്ചിട്ടിയും കൊണ്ടു ജീവിതം  ഒറ്റക്ക് നീന്തി കടക്കുന്ന അമ്മക്ക് ഡിഗ്രി കഴിഞ്ഞ തന്റെ തുടർ പഠനത്തിന് പണം ഒരു ചോദ്യ ചിഹ്നം ആയപ്പോൾ നീക്കിയിരുപ്പായി അച്ഛൻ ബാക്കി വെച്ചു പോയ രണ്ടു ആടുകളും ഏഴ് കോഴിയും തൻ്റെ കൈകളിൽ തന്നിട്ട് എന്താണ് വെച്ചാൽ ആയിക്കോ എന്ന് പറഞ്ഞു.
ആടിന് പ്ലാവില തൂക്കും കൊടുത്തു കോഴികളെ കൂട്ടിലും കയറ്റി ഇളയ കുട്ടികൾക്ക്  ട്യൂഷൻ എടുത്തും തുടർ പഠനം എന്ന സ്വപ്നം ഉപേക്ഷിച്ചു. കല്യാണ പ്രായം കടന്നു പോയാലോ എന്ന ചിന്തയിൽ ആദ്യം വന്ന ആലോചന അമ്മ ഉറപ്പിച്ചു. വീട്ടിൽ ഒരു ചെറിയ പന്തൽ ഒരുങ്ങി. നാദസ്വരത്തിന്റെ കുറവ് വായ്ക്കുരവയിൽ തീർത്തു.
കല്യാണ പന്തലിലേക്ക് ഒരുങ്ങി ഇറങ്ങുന്ന സമയത്ത് അമ്മായി ഓർമിപ്പിച്ചു
എടീ നീ ആടിനെ കൂട്ടിൽ കയറ്റിയില്ലേ രംഗബോധ്മില്ലാത്ത അമ്മായിയുടെ വിടുവാ കേട്ടു ആരൊക്കെയോ മൂക്കത്തു വിരൽ വെച്ചു.
ചേച്ചി ആട് കരയുന്നു. തീറ്റ കൊടുത്തില്ലേ
ഇളയവൻ തന്റെ ചെവിയിൽ ചോദിച്ചപ്പോൾ ഇന്ന് തന്റെ വിവാഹം അല്ലെ  എന്ന് സ്വയം ചോദിച്ചുപോയി.
ആ പെങ്കിച്ചിന് ഈ സമയം എങ്കിലും ആടിൻ്റെ പിടിയിൽ നിന്ന് വിടുതൽ കൊടുക്ക്. അയൽക്കാർ അമ്മായിയെ ശാസിച്ചു. ആട്ടിൻകൂടിൽ നിന്നും  വെയ്കോൽ കൂനയിലേക്കുള്ള കൂടുമാറ്റം അത്രേ ഉള്ളൂ തൻ്റെ പുതിയ ജീവിതം .
അതിലേക്കു ഒരു പുതിയ അതിഥി കൂടി ഇതാ വരാൻ പോകുന്നു . തീയേറ്ററിലെ ടേബിളിൽ കണ്ണടച്ച് കിടക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഒന്നൊന്നായി മനസ്സിലേക്ക് ഓടി എത്തി. മരുന്നിന്റെ മണം. കത്തികളുടെ കിലുക്കം. അവ്യക്തമായ സംഭാഷണശകലങ്ങൾ. അനസ്തീഷ്യ തരാൻ പോണു എന്ന് ആരോ പറഞ്ഞു കേട്ടു
വർണ്ണ രാജികൾ നിറഞ്ഞ ഇടനാഴിയിലൂടെ ആരാണ് തന്നെ കടത്തിവിട്ടത്?
ബോധ തലങ്ങളിൽ മത്സര ബുദ്ധിയോടെ വേഗത്തിൽ പുറകോട്ടു മറിയുന്ന വിവിധ വർണ്ണവൃത്തങ്ങൾ മാത്രം. അവിടെ ശരീരം നഷ്ടപ്പെട്ട ആദ്മാക്കളുടെ നൃത്തം.ഭാരം നഷ്ടപ്പെട്ട  തന്റെ ശരീരം അപ്പൂപ്പൻ താടി പോലെ വായുവിലൂടെ ഒഴുകി നടക്കുന്നു. ഒഴുക്കിന്റെ അവസാനം ഭൂമിയിൽ സഹിക്കാനാവാത്ത വേദനയുടെ ഗർത്തത്തിൽ പതിക്കുന്നു. ആരോ തന്റെ കവിളത്തു മൃദുവായി അടിച്ചു.
രുഗ്മിണി കണ്ണ് തുറക്കൂ. മോനെ കാണണ്ടേ.
മയക്കം വിട്ടു കണ്ണ് തുറന്നതും വേദനയുടെ ലോകത്തേക്ക്.
തൊട്ടടുത്തു കൈകാലിട്ടടിച്ചു കരയുന്ന കുഞ്ഞിനെ ഒരു നേഴ്സ് തന്റെ നെഞ്ചോട്‌ ചേർത്തു കിടത്തി.
മിടുക്കനാണ് കേട്ടോ. അവൻ ഈ  തീയേറ്റർ വിറപ്പിച്ചു. അതുപോലെ ആയിരുന്നു അവന്റെ കരച്ചിൽ.
കുഞ്ഞി കണ്ണുകൾ തുറന്നിട്ടില്ല. സുന്ദരൻ ആണ്. അവൾ ഇടം കൈകൊണ്ടു കുഞ്ഞിനെ ചേർത്തു പിടിച്ചു. ഗർഭാവശിഷ്ടങ്ങളിൽ നിന്നും മുക്തി നേടിയ അവൻ അവളുടെ കരവലയത്തിൽ ഒതുങ്ങി. മുലപ്പാൽ തെറിച്ചു വീണ വിരലുകൾ അവൻ ആവേശത്തോടെ നുണഞ്ഞു. അവളിലെ അമ്മ ഉണർന്നു. ആ നിമിഷത്തിൽ അവൾതന്റെ ഭർത്താവിനെ കാണാൻ ആഗ്രഹിച്ചു. ആ മുഖം വാർഡിന് പുറത്തു എവിടെയെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ അവൾ വാതിൽക്കലേക്ക് ഇമ ചുമ്മാതെ നോക്കിക്കിടന്നു. കുട്ടി പാൽ കുടിച്ചു മയങ്ങി. മണിക്കൂറുകൾ കടന്നു പോയി. അമ്മയുടെ മുഖം പല തവണ കണ്ടു. പകൽ വെളിച്ചം അകന്നു. തൊട്ടടുത്ത ബെഡിൽ പുതിയ അമ്മയും കുഞ്ഞും സ്ഥാനം പിടിച്ചു. അവരുടെ ബന്ധുക്കൾ പലരും വന്നു പോയി.വീണ്ടും കുട്ടി ഉണർന്നു കരഞ്ഞു. അവന്റെ നനഞ്ഞ ഡയപ്പർ മാറ്റി സിസ്റ്റർ കടന്നു പോയി.മാതൃത്വത്തിന്റെമാധുര്യം ഉറക്കത്തിന്റെ ഇടവേളകളിൽ അവൻ നുകർന്നുകൊണ്ടേ ഇരുന്നു. രാത്രിയുടെ ഇരുണ്ട യാമങ്ങളിലും അവൾ അയാളുടെ മുഖം കാണാൻ കൊതിച്ചു. അവസാനം അയാൾ വന്നു. ഡോർ കർട്ടൻ വകഞ്ഞു മാറ്റി അയാൾ ദൂരെ നിന്ന് അവളെയും കുഞ്ഞിനേയും നോക്കി.ചുവടുറക്കാത്ത കാലുകൾ ശരീരത്തെ പ്രയാസപ്പെട്ടു താങ്ങി നിർത്തുമ്പോഴും അയാൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പൂർണ്ണ ചന്ദ്രനെ കണ്ടപോലെ അവളുടെ മുഖംവിടർന്നു. കടിഞ്ഞൂൽ കണ്മണി വന്നതിന്റെ സുഹൃത്തുക്കളുമായുള്ള അയാളുടെ ആഘോഷം പാതിരാവരെ വരെ നീണ്ടു പോയ വിവരം അപ്പോഴും അവൾ അറിഞ്ഞില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക