Image

ഇപ്പ എവിടാണാവോ രാമേട്ടൻ...! ( അന്നൊരാൾ : മിനി ആന്റണി )

Published on 15 September, 2023
ഇപ്പ എവിടാണാവോ രാമേട്ടൻ...! ( അന്നൊരാൾ : മിനി ആന്റണി )

ഞാനിന്ന് രാമേട്ടനെ ഓർത്തു. ഓർക്കാനെന്താ കാരണം ന്ന് ചോച്ചാല് വെർതെ ഒരോന്നോർത്തോണ്ടിരുന്നപ്പോ ഓർത്തു.

രാമേട്ടനൊരു കണ്ണില്ലാരുന്നു. എന്നാലും ചൊക്കിരികണ്ണനാന്ന് ആരും പറയണതോ വിളിക്കണതോ കേട്ടിട്ടില്ല. നമ്മടെ വേണു നാഗവളളിനെപോലെ  ഒരു സൈഡിലേക്ക് ചെരിച്ച് ചീകിവച്ച ഇത്തിരി നീട്ടൊള്ള എണ്ണത്തലമുടീം  അതേ പോലത്തെ ശരീരോം ആയിരുന്നു.

ഞാനിപ്പോ കണ്ടിട്ട്  പത്തുമുപ്പത് കൊല്ലം ആയിട്ടുണ്ടാവും.  വല്ലപ്പോഴും പാരഗൺചെരുപ്പ് തേച്ചൊരച്ച് വെളുപ്പിക്കുമ്പോ ഞാൻ രാമേട്ടനെ ഓർക്കാറുണ്ടാരുന്നു. ഇപ്പൊ കൊറെ കൊല്ലായിട്ട് അത്തരം ചെരുപ്പിടാറില്ല. ന്നാലും ചില കാറ്റോള് തൊട്ടോണ്ട് പോവുമ്പഴോ  ചില കാഴ്ച്ചോള് കണ്ണിപ്പെടുമ്പഴോ രാമേട്ടൻ പെട്ടെന്നാ മനസില് തെളിയണെ.

എന്തെങ്കിലും പ്രത്യേകത ഉണ്ടാരുന്നോ ആൾക്ക്. എനിക്കറിയില്ല. കമ്മ്യൂണിസ്റ്റായിരുന്നിരിക്കണം.  പിന്നെ വലുതായപ്പോ (ബുദ്ധി ഇത്തിരി വലുതായപ്പോ ) എനിക്ക് അങ്ങനെ  തോന്നലുണ്ട്.

രാമേട്ടന്റെ വീടിന്റെ തെക്കോറത്തെ മുറീല് എടക്ക് പതുങ്ങിപ്പോയി പുസ്തകം എടുത്തോണ്ട് വരാറുണ്ട്. അത്ര ദാരിദ്ര്യം ഉണ്ടാവുമ്പോ മാത്രം. അവടക്കൊന്നും ആരും പോവാറില്ല. അവരടെ വീട്ടിലേക്ക് .

പണ്ട് പണ്ട് ചാത്തനും കുറുമ്പേം ജീവിച്ചിരുന്നപ്പോ ( രാമേട്ടന്റെ അഛനും അമ്മേം ) കുറുമ്പ എപ്പഴും തറവാട്ടില് അമ്മാമേടെ അടുത്ത് വരാറുണ്ട്. അവര് നല്ല കൂട്ടാരുന്നു. എന്നാ ഓണത്തിന് നായൻമാരോടന്ന് പാറൂട്ട്യമ്മ സദ്യ കൊണ്ടരണ കണ്ടിട്ടുണ്ട്. ചാത്തമ്മാരോടന്ന് കുറുമ്പ കൊണ്ടാറില്ല.
അതെന്താവും?

രാമേട്ടന്റോടെ എപ്പഴും പുസ്തകങ്ങള് ഉണ്ടാവും. അങ്ങനത്തെ വീടോളും വീട്ടുകാരും എന്റെ ഇഷ്ടക്കാരായിരുന്നു. രാമേട്ടനും.

തോട്ടുമണ്ടക്കെ ചെരുപ്പ് തേച്ചൊരക്കണ രാമേട്ടൻ . പുസ്തകം കക്ഷത്തി വച്ച് ഒരു കൈയ്യോണ്ട് മുണ്ടിന്റെ കോന്തല പിടിച്ച് വെളുവെളുത്ത ചെരുപ്പിട്ട് നടന്ന് പോണ രാമേട്ടൻ .

തോട് ശുഷ്കിച്ചു. റോഡ് വികസിച്ചു.തോടിന് മുന്നിലെ പാടത്ത് വീടോളായി.   തോടിന് പിന്നിലെ വീടോളൊക്കെ പിന്നിലായ കൂട്ടത്തില് രാമേട്ടനും ഏറെ പിന്നിലായി. തലേക്കല്ലനെ കല്ലെറിഞ്ഞ് നടക്കാൻ തോട്ടുവരമ്പില്ലാതായപ്പോ  രാമേട്ടനേ കാണാണ്ടായി.

ഇപ്പ എവിടാണാവോ രാമേട്ടൻ .  എവിടേലും ഇണ്ടാവോ ? ചെലപ്പോ കണ്ണിന് മുന്നിലൂടെ കടന്നുപോയിട്ടും കാണാതെയാണോ? ചെലപ്പോ അങ്ങനെം ആവാം. കണ്ണുകൾ നാം പോലും അറിയാതെ നമ്മെ പറ്റിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക