Image

എം. ലീലാവതി ടീച്ചറുടെ തൊണ്ണൂറ്റിയാറാം ജന്മദിനം : ജോയ്ഷ് ജോസ്

Published on 16 September, 2023
എം. ലീലാവതി ടീച്ചറുടെ തൊണ്ണൂറ്റിയാറാം ജന്മദിനം : ജോയ്ഷ് ജോസ്

“നിരൂപകരുടെ ആ മണ്ഡലത്തില്‍ ഒട്ടും സ്വീകാര്യ ആയിരുന്നിട്ടില്ല, പുരുഷനോടൊപ്പം മത്സരിക്കാന്‍ സ്ത്രീകളായിട്ടില്ല എന്ന ധാരണ പൊതുവെ പണ്ഡിതപക്ഷത്തിനുണ്ട്.” ; ഡോ. എം ലീലാവതി..സാഹിത്യ ഗവേഷണ പഠനങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹിക ശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകൾ ഇണക്കിച്ചേർത്തുകൊണ്ട് പുതു ഭാവുകത്വത്തോട് സംവദിക്കുന്ന എം. ലീലാവതി ടീച്ചറുടെ തൊണ്ണൂറ്റിയാറാം ജന്മദിനമാണിന്ന്.

അധ്യാപനമേഖലയിലെ അനുകരണീയമായ ശൈലിക്കുടമയായിരുന്ന ലീലാവതി ടീച്ചര്‍  കാവ്യനിരൂപണമേഖലയിലെ പുനർവായനകളിലൂടെ കൃതികളുടെ കാലാതീതമായ ആന്തരിക ലോകത്തെ വീണ്ടെടുത്തു. പക്വവും പ്രസന്നവുമായ ഈ നിരൂപണരീതിയിൽ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉൾക്കരുത്തും ഒരുപോലെ സമന്വയിച്ചു.1950- കളിൽത്തന്നെ എഴുത്തുകാരിയെന്ന നിലയിൽ ശ്രദ്ധേയയായ ടീച്ചര്‍ മലയാള കവിതയിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ സാംസ്കാരിക ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

പൗരാണികമായ പ്രമേയങ്ങളുടെ പുനർ വായനകളിൽ ആ കൃതികളുടെ സ്ത്രീപക്ഷ വായനകൾക്കു വീക്ഷണങ്ങൾക്കും ടീച്ചര്‍ പ്രാധാന്യം നല്കി. കഥാപാത്രങ്ങളുടെ സാമൂഹിക പശ്ചാത്തലം, സാംസ്കാരിക സന്ദർഭങ്ങൾ, വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘർഷങ്ങൾ എന്നിവയൊക്കെ നിരൂപണത്തിൽ ഉൾക്കൊള്ളിക്കുന്ന ശൈലി ടീച്ചറുടെ മാത്രം. പ്രത്യേകതയാണ്.ലീലാവതി ടീച്ചറുടെ സാഹിത്യ നിരൂപണം വ്യക്തിഹത്യയിലധിഷ്ഠിതമായിരുന്നില്ല. അതുകൊണ്ടുതന്നെ പഠന, ഗവേഷണ രംഗങ്ങളിൽ സ്വീകാര്യമായ ശൈലിയായി ടീച്ചറുടെ നിരൂപണരീതി . കാവ്യനിരൂപണത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ടീച്ചര്‍  കവിത, നോവൽ, ചെറുകഥ, വേദാന്തം, ഇതര സാഹിത്യശാഖകൾ എന്നിവയുടെ നിരൂപണങ്ങൾ നടത്തി.

മലയാള സാഹിത്യ നിരൂപണ മേഖലയിലെ എടുത്തു പറയാവുന്ന സ്ത്രീ സാന്നിധ്യം ഡോ. എം.ലീലാവതിയുടേതാണ്. അവരോളം ശക്തമായ മറ്റൊരു സ്ത്രീ സ്വരം ഈ മേഖലയിൽ കണ്ടെത്തുക തന്നെ പ്രയാസമാണ്. എന്നാൽ സ്ത്രീപക്ഷ നിരൂപക എന്ന നിലയിൽ മാത്രമല്ല; അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാ ശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളിൽ കൂടിയാണ് ടീച്ചറെ ഈ കാലം അടയാളപ്പെടുത്തുന്നത്.

പോൾ ഡി പനയ്ക്കൽ 2023-09-17 12:13:58
ഈ ലേഖനമെഴുതിയ ജോയ്ഷ് ജോസിനു നന്ദി. പണ്ട്, നാട്ടിൽ പ്രൊഫ. ഗുപ്തൻ നായരുടെയും പ്രൊഫ. സുകുമാർ അഴീക്കോടിന്റെയും പ്രൊഫ. ലീലാവതിയുടെയും പ്രസംഗങ്ങൾ ഒരു വേദിയിൽ നിന്നു തന്നെ കേട്ടതോർക്കുന്നു. അവരുടെ നിരൂപണങ്ങൾ വായിച്ചതോർക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവരുടെ ലേഖനങ്ങൾ വളരെ താൽപ്പര്യത്തോടെ വായിച്ചിരുന്നു. ജീവിത യാത്രയിൽ പ്രൊഫ എം ലീലാവതി മനസ്സിൽ നിന്നു മുഴുവനായി തന്നെ അപ്രത്യക്ഷയായിരുന്നു. വളരെ സുഖത്തോടെ, ആല്മചാതുര്യത്തോടെ ലേഖനം വായിച്ചു. മലയാള നിരൂപണ സാഹിത്യത്തിലെ ഈ നായികയെ അവരുടെ തൊണ്ണൂറ്റിയാറാം ജന്മദിനത്തിൽ വായനക്കാരുടെ മുന്നിൽ കൊണ്ടുവന്നതിനു അഭിനന്ദനവും നന്ദിയും ലേഖനകർത്താവിനലേഖനകർത്താവിന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക