Image

വനമിത്രയുടെ ഏറ്റവും ഇളയ ജേതാവ്‌: ബാംബു ഗേൾ (വിജയ് സി. എച്ച്)  

Published on 17 September, 2023
വനമിത്രയുടെ ഏറ്റവും ഇളയ ജേതാവ്‌: ബാംബു ഗേൾ (വിജയ് സി. എച്ച്)  

നാളെ ലോക മുള ദിനം. മുളയുടെ പാരിസ്ഥിതിക പ്രസക്തി പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ആഗോളതല ആചരണം വർഷം തോറും സെപ്റ്റംബർ 18-ന് എത്തുന്നു.
കേരള സർക്കാർ വനമിത്ര പുരസ്കാരം നൽകി ആദരിച്ച നൈന ഫെബിൻ എന്ന പത്തൊമ്പതുകാരി എന്തുകൊണ്ടു മുളയുടെ തോഴിയെന്നു പരക്കെ അറിയപ്പെടുന്നു എന്നു തിരക്കിയാൽ തന്നെ അതൊരു ലോക മുള ദിന ആചരണത്തിനു സമാനം!
മുളയുടെ സാംസ്കാരിക മാനങ്ങൾ പ്രമേയമാക്കിയുള്ള ഒരു പുസ്തകത്തിൻ്റെ മിനുക്കുപണിയിലാണ് പട്ടാമ്പി ഗവൺമെൻ്റ് സംസ്കൃത കോളേജിലെ ബോട്ടണി ഒന്നാം വർഷ വിദ്യാർത്ഥി ഇപ്പോൾ എന്നു കൂടി അറിയുമ്പോൾ, ഈ മുള ദിനത്തിൽ ഇത്തിരി നേരം നൈനയെ കേൾക്കാതെ കഴിയുമോ? അഭിമുഖത്തിൽ നിന്ന്:


🟥 വനമിത്രയുടെ ഏറ്റവും ഇളയ ജേതാവ്‌
ഞാനാണ് വനമിത്രയുടെ ഏറ്റവും ഇളയ ജേതാവെന്നു അധികൃതർ പറഞ്ഞിരുന്നു. അതുകൊണ്ടായിരിയ്ക്കാം നാട്ടുകാരും, കൂട്ടുകാരും, അദ്ധ്യാപകരുമെല്ലാം ഞാൻ വനമിത്ര നേടിയ വിവരം ഹൃദയംകൊണ്ടു ശ്രവിച്ചത്! കോഴിക്കോട് സർവകലാശാലയുടെ എജ്യൂക്കേഷനൽ മൾട്ടിമീഡിയ സെൻ്റർ എൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ആധാരമാക്കി ഒരു ഹ്രസ്വ ചലച്ചിത്രം നിർമ്മിച്ചതും അതുകൊണ്ടായിരിയ്ക്കാം. വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ വനമിത്ര പുരസ്കാരം, കണ്ടൽവന സം‌രക്ഷകൻ കല്ലേൻ പൊക്കുടനും, പരിസ്ഥിതി ആചാര്യൻ പ്രൊ. ജോൺ. സി. ജേക്കബും നേടിയത് അവർ എഴുപത് താണ്ടിയതിന് ശേഷമായിരുന്നു. ഇവരാണ് വനമിത്രയുടെ ആദ്യത്തെയും രണ്ടാമത്തെയും ജേതാക്കൾ.


🟥 മൂന്നാം ക്ലാസ്സു മുതൽ മുളയെ പ്രണയിച്ചു
കുട്ടിക്കാലം മുതൽ കാടുകൾ എനിയ്ക്ക് പ്രിയമാണ്. എൻ്റെ നിർബന്ധത്തിനു വഴങ്ങി, കുടുംബ വിനോദയാത്രകൾ പതിവായി വനപ്രദേശങ്ങളിലേയ്ക്ക് ആയിരുന്നു. അനുഭവിച്ചു തന്നെ അറിയേണ്ടതാണ് കാടുകളുടെ കാന്തി! മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലാണ് മുളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. തൊടികളുടെ അതിരുകളിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. പുരയിടം ശ്വാസോച്ഛ്വസം ചെയ്യുന്നത് ഈ മുളംക്കൂട്ടങ്ങൾ വഴിയാണെന്നും മറ്റുമുള്ള ഉമ്മച്ചിയുടെ പഴങ്കഥകൾ ഞാൻ കാതുകൂർപ്പിച്ചു കേട്ടു. തുടർന്ന്, കാടുകളിലേക്കുള്ള യാത്രകളിൽ പോലും എൻ്റെ കണ്ണുകൾ തേടിയിരുന്നത് മുളങ്കൂട്ടങ്ങളായിരുന്നു. അങ്ങനെ മുളയോടുള്ള എൻ്റെ പ്രണയം തീവ്രമായി വളർന്നു!


🟥 മുളകൾ മനുഷ്യനു മാതൃക
കൂട്ടമായാണ് വളരുകയെന്ന മുളകളുടെ ജൈവസ്വഭാവമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ചോരയിൽ ഛിദ്രവാസനയുള്ള മനുഷ്യർക്ക് മാതൃകയാണ് മുളകളുടെ പരസ്‌പരാശ്രിതമായ ഈ സഹവാസ രീതി. യഥാർത്ഥത്തിൽ, ഐകമത്യം മഹാബലം എന്ന സംജ്ഞയുടെ സസ്യവൈജ്ഞാനിക ആവിഷ്‌കാര രൂപമാണ് മുളങ്കൂട്ടങ്ങൾ!
🟥 മുളയുടെ ആവാസ സേവനങ്ങൾ
ആവാസവ്യവസ്ഥയിൽ മുള വഹിക്കുന്ന പങ്ക് അസാധാരണമാണ്. മണ്ണൊലിപ്പ് തടയുന്നതിനും, മണ്ണു സംരക്ഷണത്തിനും, മണ്ണിൻ്റെ ഗുണം പുനഃസ്ഥാപിക്കുന്നതിനും മുളയ്ക്കുള്ളത്ര കഴിവ് മറ്റൊരു സസ്യത്തിനുമില്ല. മുളയുടെ മൂലകാണ്ഡവും, അതിവ്യാപകമായി വളർന്നെത്തുന്ന വേരു ശൃംഖലയും, മലഞ്ചെരിവുകളിലും, കുത്തനെ കിടക്കുന്ന ഭൂപ്രദേശങ്ങളിലും, നദികളുടെയും മറ്റു ജലാശയങ്ങളുടെയും തീരങ്ങളിലും, ഭൂവിൻ്റെ ഉപരിതലത്തെ പരസ്പരബന്ധിതമായി നിലനിർത്തുന്നു. മുളകൾ വളർത്തി, സ്ലോപ്പ് സ്റ്റെബിലൈസേഷൻ നടത്തുന്നത് ലോകത്ത് ഏറെ പ്രചാരമുള്ളൊരു മണ്ണ് പരിപാലന സമ്പ്രദായമായി ഇന്നു മാറിക്കൊണ്ടിരിക്കുന്നു.


🟥 മുളയിഷ്ടം പ്രതിദിനം വർദ്ധിച്ചു
മുളയുടെ പാരിസ്ഥിതിക പ്രസക്തിയും, പുട്ടുകുറ്റി മുതൽ കല്യാണപ്പന്തൽ വരെ പരന്നു കിടക്കുന്ന ഉപയോഗ യോഗ്യതയും, ഒരൊറ്റ ദൃശ്യത്തിലെ ചേർച്ചയുള്ള നിറങ്ങളായി തിരിച്ചറിയാൻ തുടങ്ങിയപ്പോൾ, അതിനോടുള്ള എൻ്റെ ഇഷ്ടം ഉച്ചസ്ഥായിയിലെത്തിയത് ഞാൻ പോലും അറിയാതെയാണ്! മുറം, കുട്ട, വട്ടി, പരമ്പ് മുതലായ മുള ഉൽപ്പന്നങ്ങൾ മലയാളികളുടെ ജീവിതപൈതൃകമായി നിറഞ്ഞു നിൽക്കുന്നത് മെല്ലെ, മെല്ലെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. പുല്ല് വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുളയെന്നും, ഏറ്റവും വേഗത്തിൽ വളരുന്ന സസ്യവുമിതാണെന്നും കൂടി അറിഞ്ഞപ്പോൾ, ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ഉടനെ ഈ സസ്യത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ വെമ്പൽകൊണ്ടു. ഉമ്മച്ചിയോട് നിരന്തരം ചോദ്യങ്ങളായിരുന്നു. എന്നോട് ഉത്തരങ്ങൾ പറഞ്ഞു, പറഞ്ഞ് ഉമ്മച്ചിയും പപ്പയും വല്ലാതെ നട്ടം തിരിഞ്ഞുകാണും!


🟥 നാട്ടുകാരുടെ 'കട്ട സപ്പോർട്ട്'
മുള ഗണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കിയത്, നാട്ടറിവുകൾ ധാരാളമുള്ള ചില നാട്ടുകാരിൽ നിന്നാണ്. അതിലൊരാളായ ജയമാമയുടെ വിവരണങ്ങളിൽ നിന്നാണ് ഞാൻ മുളകളെ അടുത്തറിഞ്ഞത്. ആനമുളയും, കല്ലൻമുളയും കനം കൂടിയവയാണ്. ബിലാത്തി, മിലാക്കൻ മുതലായവ പൊള്ളയായ ഇനങ്ങൾ. തോട്ടിമുള മുതൽ, മോഹന നാദങ്ങൾ പൊഴിയ്ക്കുന്ന ഓടക്കുഴൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മലയോട വരെയുള്ള തരംതിരിവുകളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. അദ്ദേഹത്തെപ്പോലെ ഉള്ളവരുടെ 'കട്ട സപ്പോർട്ട്' ഇല്ലായിരുന്നുവെങ്കിൽ, മുളയും നാടൻ കലകളും എനിക്കിത്ര വഴങ്ങുമായിരുന്നില്ല. മുളയെ അടുത്തറിഞ്ഞപ്പോൾ, ആ സംസ്കൃതി ക്ഷയിച്ചു വരുന്നതായും വ്യക്തമാകാൻ തുടങ്ങി. പുരയിടങ്ങൾ ഹ്രസ്വമായതോടെ അതിരുകളിൽ വളർത്തിയിരുന്ന മുളങ്കൂട്ടങ്ങൾക്ക് ഇടമില്ലാതാകുന്നതും, മുളകൊണ്ടു നിർമ്മിക്കുന്ന പാചകോപകരണങ്ങളും അളവുപാത്രങ്ങളും പ്രചാരലുപ്‌തമാകുന്നതും ഞാൻ വേദനയോടെ നിരീക്ഷിച്ചു.


🟥 ആദ്യ മുളംതൈ വീട്ടുവളപ്പിൽ
കേരളത്തിൻ്റെ മുള സംസ്കാരം വീണ്ടെടുക്കുകയെന്ന ബൃഹത് ദൗത്യം ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട്, ആദ്യത്തെ മുളംതൈ വീട്ടുവളപ്പിൽ ഞാൻ നട്ടു. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഉമ്മച്ചി തന്ന കാശുകൊണ്ട് പ്ലേൻ്റ് നഴ്സ്റിയിൽനിന്നാണ് ആ മുളംതൈ വാങ്ങിയത്. പിന്നെയങ്ങോട്ട് കിട്ടിയ കാശിനൊക്കെ മുളംതൈകൾ വാങ്ങി, ലഭ്യമായ ഇടങ്ങളിലെല്ലാം നടാൻ തുടങ്ങി. അവ വളരുന്നുണ്ടോ അതോ ഉണങ്ങിപ്പോയോ, ഇലകൾ നാൽക്കാലികൾ കടിച്ചോ, സംരക്ഷണത്തിനായി കമ്പുകൾ നാട്ടണോ എന്നൊക്കെ എന്നും പോയി നോക്കാൻ വലിയ ആകാംക്ഷയായിരുന്നു.
🟥 ഒരു കൊല്ലം 1001 മുള
എൻ്റെ ജന്മദിനം ജൂലൈ 28-നാണ്. 2017-ലെ പിറന്നാൾ മുതൽ, 2018-ലേതു വരെയുള്ള ഒരു കൊല്ലത്തിൽ, 1001 മുളംതൈകൾ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിച്ചു. വലിയൊരു നിയോഗമായാണ് ഇതിനെ ഞങ്ങൾ കാണുന്നത്! വിദ്യാലയ വളപ്പുകൾ, സാംസ്‌കാരിക കേന്ദ്ര മുറ്റങ്ങൾ, പൊതു ഇടങ്ങൾ, മണ്ണ് ഇഴഞ്ഞിറങ്ങാൻ സാധ്യതയുള്ള പുഴയോരങ്ങൾ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ, യോജിക്കുന്ന ഇനം തൈകൾ നട്ടു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) നിന്ന് ഡെൻഡ്രോകെലമസ് ആസ്പർ, സിക്കിമെൻസിസ്, ബൽകോവ, ബിലാത്തി, ഓട, ഈറ്റ മുതലായവയും, കേരള വനം വകുപ്പിൽ (KFWD) നിന്ന് ഇല്ലിമുളയും, സ്വകാര്യ നഴ്സറികളിൽ നിന്ന് ആനമുളയും, ലാത്തിമുളയും, ബുദ്ധമുളയും, മഞ്ഞമുളയും, പച്ചമുളയും, മുള്ളുകളില്ലാത്ത നാടുകാണി കല്ലനും ആവശ്യമുള്ളത്രയും ലഭിച്ചതിനു ശേഷമാണ് ഉദ്യമം ആരംഭിച്ചത്.


🟥 നട്ടതിലൊന്നും നഷ്ടമാകില്ല
നട്ടതിലൊന്നു പോലും നഷ്ടമാകാതിരിക്കാനാണ് ഏറ്റവുധികം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. എനിയ്ക്ക് വഴികാട്ടിത്തരുന്ന മുതിർന്നവരും, വിവിധ പ്രദേശങ്ങളിലെ പരിസ്ഥിതി സ്നേഹികളും ഓരോ തൈകളും രാപ്പകൽ കാത്തുസൂക്ഷിക്കുന്നു. നാനാവിധമായ കര്‍മ്മ പദ്ധതികളിലായി, ഇതുവരെ മുവ്വായിരത്തിലേറെ മുളംതൈകൾ നട്ടു കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളർന്നുയരാനും, ദ്രുതഗതിയിൽ പുതിയ ആണ്ടകൾക്ക് ജന്മം നൽകി കൂട്ടംകൂടി ശക്തിയാർജ്ജിക്കാനും മുളയ്ക്കുള്ള കഴിവ് മറ്റൊരു സസ്യജാലത്തിനുമില്ല. സ്വയരക്ഷയ്ക്ക് മുള്ളുകൾ രൂപപ്പെടുന്നതിനു മുന്നെ, തൈകളെ ഞങ്ങൾ ട്രീ ഗാർഡുകൾ സ്ഥാപിച്ച് സംരക്ഷിക്കുന്നു. നട്ട ഇടങ്ങളിൽ പോയി മേൽനോട്ടം സ്ഥിരമായി നടത്തിവരുന്നു.


🟥 ഒരു വീട്, ഒരു മുള
മുളയൊരു കളയല്ല എന്ന സന്ദേശം ജന ഹൃദയങ്ങളിലേക്ക് എത്തിയ്ക്കാൻ ഇപ്പോൾ 'മുളപ്പച്ച' വിഭാവനം ചെയ്തു, നടപ്പാക്കുന്നു. ഓരോ വീട്ടു വളപ്പിലും പോയി ഒരു മുളംതൈ നട്ട്, അതിൻ്റെ സംരക്ഷണം ആ വീട്ടുകാരെ ഏൽപ്പിക്കുന്നു. മുളയോടത്ര ഇഷ്ടമില്ലാത്തവരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും, രാമനാട്ടുകര മുതൽ മൂന്നാർ വരെ ഇതിനകം 'മുളപ്പച്ച' എത്തിക്കഴിഞ്ഞു! 'മുള സൗഹൃദ ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായി, 'മുളപ്പച്ച'യെ വിപുലീകരിക്കുന്നതിൻ്റെ തത്രപ്പാടിലാണ് ഞങ്ങളിപ്പോൾ. പഞ്ചായത്തുകളിലെ ജൈവവൈവിധ്യ സമിതികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആ സ്ഥലത്തെ പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്‌. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്തിട്ടുണ്ടെങ്കിലും, തൈകൾ നടാൻ ഇത്തിരി മണ്ണ് അനുവദിച്ചു തരാതെ ചില പഞ്ചായത്തുകളിലെ അധികാരികൾ വിലങ്ങുതടിയാകുന്നു.
🟥 'ബാംബൂ കോർണർ'
ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'ബാംബൂ കോർണർ' പദ്ധതി പ്രവർത്തനം ആരംഭിച്ചു. വിദ്യാലയങ്ങളുടെയും, വായനശാലകളുടെയും പറമ്പുകളിൽ, ഒരു സെൻ്റ് നിലത്ത്, പത്ത് വർഗ്ഗത്തിൽപ്പെട്ട പത്ത് മുളംതൈകൾ നട്ട്, ഒരു 'മുളയിടം' സൃഷ്‌ടിച്ചെടുക്കുന്ന ആസൂത്രണമാണിത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ബാംബൂ മിഷൻ്റെ (KSBC) കണക്കു പ്രകാരം, സംസ്ഥാനത്ത് 28 വർഗ്ഗത്തിൽപ്പെട്ട (Species) മുളകൾ വളരുന്നുണ്ട്. അവയിൽ പത്തെണ്ണമെങ്കിലും ഒരു കോർണറിൽ നട്ടുവളർത്തി, ഒരു മുള അവബോധം സാധാരണക്കാരിൽ വളർത്തിയെടുക്കുകയാണ് ഉദ്ദേശ്യം. ക്ഷയിച്ചു വരുന്ന നമ്മുടെ മുള സംസ്കാരം വീണ്ടെടുക്കാൻ ഈ സംരംഭം സഹായിക്കുമെന്നു വിശ്വസിക്കുന്നു. ഓരോ സ്പീഷീസ് മുളയിലും, അതിൻ്റെ സകല വിവരങ്ങളുമടങ്ങുന്ന QR കോഡും ഘടിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ പഠനങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത്, യുവ തലമുറയ്ക്ക് QR കോഡ് സ്കാൻ ചെയ്ത് ഒരു തത്സമയ മുള പഠനത്തിന് ഇത് സൗകര്യമൊരുക്കുന്നു. ഇതു വരെ 25 മുളയിടങ്ങൾ നിർമിച്ചു കഴിഞ്ഞു!


🟥 പഠിപ്പും, മുളയും, കലയും ഒരുമിച്ച്
മുളയോടൊത്തുള്ള യാത്ര തുടങ്ങിതിൽ പിന്നെ, സ്കൂളിലും കോളേജിലും റെഗുലറാകാ൯ എനിയ്ക്കു കഴിഞ്ഞിട്ടില്ല. നാട൯ പാട്ടുകളും, നാടോടി നൃത്തങ്ങളും, ചെണ്ടകൊട്ടും, കവിതാലാപനവും, മോഹിനിയാട്ടവുമെല്ലാം കൂടെയുണ്ടല്ലൊ. നാട്ടുതാളങ്ങൾ ആലപിക്കുന്ന 'ഒച്ച' എന്ന ഞങ്ങളുടെ മ്യൂസിക്ക് ബാൻഡിനും സമയം കണ്ടെത്തണം. എൻ്റെ തിരക്കുകൾ മനസ്സിലാക്കിയ കുറെ അധ്യാപകരുണ്ടായതിനാൽ ക്ലാസ്സുകൾ മുടങ്ങിയത് പഠിപ്പിനെ ബാധിച്ചില്ല. ഫുൾ എ-പ്ലസിൽ പത്താം ക്ലാസ്സും പ്ലസ് ടു-വും പാസ്സായി. ഹരിതകേരളം പദ്ധതിയിൽ, നവീന ആശയങ്ങൾ തേടി, മുഖ്യമന്ത്രി വിദ്യാർത്ഥികൾക്കയച്ച കത്തിന് അദ്ദേഹത്തിനു ലഭിച്ച പതിനായിരത്തിൽ പരം മറുപടികളിൽ, ഞാൻ എഴുതിയത് മികച്ച പ്രതികരണത്തിനുള്ള പുരസ്‌കാരം നേടി. താമസിയാതെ വനമിത്രയുമെത്തി. പുരസ്കാരങ്ങൾ പ്രോത്സാഹനമാണെങ്കിലും, ചിലപ്പോൾ അവ ചിലരിൽ അനിഷ്ടം ജനിപ്പിക്കുന്നു.
🟥 'ബേംബൂ ബല്ലാഡ്' രാജ്യാന്തരങ്ങളിൽ...
എന്നെ കേന്ദ്രകഥാപാത്രമാക്കി കോഴിക്കോട് സർവകലാശാല നിർമിച്ച 'ബേംബൂ ബല്ലാഡ്' രാജ്യത്തും രാജ്യാന്തരങ്ങളിലും ഓടിക്കൊണ്ടിരിക്കുന്നു. മുളയുൾപ്പെടുന്ന പ്രകൃതി, മനുഷ്യജീവിതത്തെ എത്രത്തോളം സംഗീതാത്മകമാക്കുന്നുവെന്നാണ് ഡോക്യുമെൻ്ററി ദൃശ്യവൽക്കരിക്കുന്നത്. സജീദ് നടുതൊടിയാണ് രചനയും സംവിധാനവും. NCERT നടത്തുന്ന ആൾ ഇന്ത്യ ചിൽഡ്രൻസ് ഓഡിയോ-വീഡിയോ ഫെസ്റ്റിൽ മികച്ച ഡോക്യുമെൻ്ററിയ്ക്കുള്ള പുരസ്കാരവും, എനിയ്ക്ക് ബെസ്റ്റ് വോയ്സ് ഓവർ നരേറ്റർ അവാർഡും, 'ബേംബൂ ബല്ലാഡ്' നേടിത്തന്നു. രാജ്യത്ത് മുപ്പതോളം ബഹുമതികൾ ഇതിനകം നേടിയെടുത്ത ഡോക്യുമെൻ്ററി, അമേരിക്ക, ബ്രിട്ടൻ, ജർമനി, കാനഡ, ബ്രസീൽ, ചിലി, ജപ്പാൻ, സിങ്കപ്പൂർ മുതലായ രാജ്യങ്ങളിൽ 15 പുരസ്കാരങ്ങൾക്ക് അർഹമായി. വിദേശങ്ങളിൽ 'ബേംബൂ ബല്ലാഡ്' ഇപ്പോഴും 'വൈറലായി' പ്രദർശനം തുടരുന്നു.
🟥 മുളസംസ്കാര പുസ്തകം
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും, നിരവധി വിദേശ രാജ്യങ്ങളിലും മുളങ്കൂട്ടങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും, മലയാളികളുടെ സംസ്കൃതിയും ജീവിതരീതിയും മുളയോടു ബന്ധപ്പട്ടു കിടക്കുന്നതു പോലെ മറ്റാരുടേതുമുണ്ടാകില്ല. ആ സമ്പുഷ്ടമായ ബന്ധുത്വം തേടുകയാണ് ഞാൻ ഒരു പുസ്തകത്തിലൂടെ. നമ്മുടെ അതുല്യമായ മുള സംസ്കാരസമ്പത്തും, അതിനോടു ബന്ധപ്പെട്ട ഞങ്ങളുടെ പ്രവർത്തനങ്ങളുമെല്ലാം പുസ്തകത്തിലുണ്ട്. ഉടനെ അച്ചടിക്കാ൯ കഴിയുമെന്നു കരുതുന്നു. കൂടെ ഒരു മുള കേന്ദ്രീകൃതമായ ഡോക്യുഫിക്ഷൻ ചിട്ടപ്പെടുത്തുന്നതിൻ്റെ പണികളും നടന്നു വരുന്നു.
🟥 കുടുംബ പശ്ചാത്തലം
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കു സമീപമുള്ള കൊപ്പം ഗ്രാമത്തിൽ ജനിച്ചു വളർന്നു. സബിതയും, ഹനീഫയും, മാതാപിതാക്കൾ. നാസ്, അനുജൻ. കൊപ്പം ജി.വി.എച്ച്.എസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുളമുക്ക് എ.എം.എൽ.പി സ്കൂൾ അധ്യാപികയായ ഉമ്മച്ചി, കഴിഞ്ഞ പതിനൊന്നു വർഷം സർക്കാരിൽ നിന്ന് സ്വീകരിച്ച വേതനം, സംസ്ഥാനത്തിൻ്റെ വിഭിന്ന ഇടങ്ങളിൽ, നൂറ്റാണ്ടിൽ ഒരു വട്ടം കൂട്ടമായി പൂക്കുന്ന പൈതൃകച്ചെടികളായി തഴച്ചു വളരുന്നു. മുളയുടെ തോഴിയുടെ ഉള്ളിൽ കുളിരു കോരാൻ മറ്റെന്താണു വേണ്ടത്!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക