Image

 വാക്കത്തോണ്‍: (കവിത:  വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 18 September, 2023
 വാക്കത്തോണ്‍: (കവിത:  വേണുനമ്പ്യാര്‍)

നട...നട
നടവരമ്പത്തൂടെ നട
തരിശു നിലത്തിന്റെ
തിണര്‍ത്ത ഞരമ്പിലൂടെ നട
പ്രഭാതസവാരിക്കിടെ കാറിടിച്ച്
മരിക്കാന്‍ ആഞ്ഞു വലിച്ച് നട

കറപ്പുടുത്ത് നട
ചോപ്പുടുത്ത് നട
കാവിയുടുത്ത് നട
പച്ച പുതച്ച് നട
നഗ്‌നതയുടെ കച്ച മുറുക്കി നട

നാവടക്കി നട
കാടിളക്കി നട
നല്ല നടപ്പില്‍ നട
നട വെക്കാന്‍ നട
കിട പിടിക്കാന്‍ നട
കൊടി പിടിക്കാന്‍ നട
നട മടക്കാന്‍ നട
വീട്ടേണ്ട കടം വീട്ടാനാകാതെ
ഒടുക്കത്തെ വഴി തേടി നട
നട കൊള്‍ക വരാത്തൊരു
നല്ല നാളെക്കായി നട

അവിഹിതപ്പിടയെ കണ്ട്
നാണം കെട്ട് നട
മുഴു ഗര്‍ഭിണിയെ
പഴന്തുണിമഞ്ചലില്‍ ചുമന്ന്
കാനനപാതയിലൂടെ നട

രാസലഹരിയില്‍
ഒഴുകിയൊഴുകി നട
പൂവറിയാതെ തേനെടുക്കുന്ന
തേന്‍ തൊഴിലാളിയെ കണ്ട് നട
മണ്ണറിയാതെ കിളക്കുന്ന
തൊഴിലുറയെ കണ്ട് നട
ഭൂമിയുടെ അറ്റത്തേക്ക് നട
ഒരു പോറലുമേല്‍പ്പിക്കാതെ നട
സ്വര്‍ഗ്ഗപ്പടി കാണും വരെ നട
സ്വന്തം വേട്ടപ്പട്ടിയോടൊപ്പം നട
മറുകരയെത്തിച്ച വഞ്ചിയെ
പുഴയിലുപേക്ഷിക്കാതെ
മുതുകിലേറ്റി കൂനിക്കൂനി നട

നടയടയ്ക്കും മുമ്പെത്തണം നട
നട തള്ളാന്‍ നട
വിട കൊള്ളാന്‍ നട
നടത്തിച്ചയാള്‍ക്ക്
ഒരൂന്ന് വടിയായി നട
കനിവിലലിഞ്ഞില്ലാതാകുവോളം
വിശ്രാന്തിയിലശ്രാന്തം നട

കുംഭത്തിലെക്കളിയാട്ടം കാണ്മാന്‍
അന്തിക്കള്ളുമടിച്ചാടിപ്പാടി നട
അരിയും പൂവുമെറിഞ്ഞ് നട
കണ്ണനെ കാണാതുഴറും
തരിവളയിട്ട രാധയുടെ
വിരഹക്കണ്ണീര്‍ത്തൂമഴയേറ്റ് നട

കാലിനു വേഗം പോരെങ്കില്‍
കാലരിഞ്ഞെറിഞ്ഞ് നട
വിയര്‍പ്പിലെ ഉപ്പ് കുറുക്കി നട
മുടിയഴിച്ചിട്ട ഭ്രാന്തിയെപ്പോലെ
കടല്‍ക്കാറ്റിനെതിരെ നട
സ്ഥലജലവിഭ്രാന്തിയന്യെ
നടുക്കടലിലേക്ക് നട
പരമഹംസത്തെപ്പോലെ നട

നട വാഗ്വീശരിയുടെ
നടനപ്പന്തലിലേക്ക് നട
ചങ്ങമ്പുഴയ്‌ക്കൊരു വാഴക്കുല
നല്‍കാന്‍ നട
വൈലോപ്പിള്ളിക്കൊരു
മാമ്പഴം നല്‍കാന്‍ നട
മരിച്ചിട്ടും മരിക്കാത്ത
വ്യാസനൊപ്പം നട
മരിച്ചിട്ടും മരിക്കാത്ത
കാളിദാസനൊപ്പം നട

മൈനയെപ്പോലെ നട
നടത്തക്കാരനില്ലാതെ നട
നടരാജനെ കാണാന്‍ നട
ഗജരാജനെ മയക്കാന്‍ കാട്ടിലേക്ക് നട
മല ചവിട്ടാന്‍ നഗ്‌നപാദനായി നട

കരയാമയെ പോലെ മയങ്ങി നട
കാട്ടുമുയലിനെ പോലെ വെന്തുരുകി
തുള്ളിത്തുള്ളി നട
കുഴിമന്തിയും കഴിച്ച്
കുഴിയിലേക്കിറങ്ങാന്‍ നട

വിഷവിത്തുകള്‍ വാളിക്കൊണ്ട് നട
ചൂഷകനുവേണ്ടി
മുഷ്ടി ചുരുട്ടി മീശ പിരിച്ച്
ഇന്‍ക്വിലാബ് വിളിച്ച് നട
വിനാശത്തിന്റെ പാതയിലേക്കുള്ള
ഒടുക്കത്തെ മൈല്‍ക്കുറ്റിയായി
വേര് പൊട്ടിച്ച് നട

തീച്ചാമുണ്ടിയായി പൂമി കുലുക്കി
കാല്‍ച്ചിലങ്ക കിലുക്കി നട
തീക്കുണ്ഡത്തിലേക്കുശിരോടെ
വിട കൊള്‍വാന്‍ നട

തെക്ക്ന്ന് വടക്കോട്ട് നട
ജംബുദ്വീപിന്റെ രാജാവാകാന്‍
ഒരു പിച്ചക്കാരനായി നട
നവമാദ്ധ്യമങ്ങളിലൂടെ നട
അമേദ്ധ്യം ചവിട്ടിയശുദ്ധമാകാതെ നട
ദേവശിലയില്‍ രാമന്‍ പുനരവതരിക്കുമ്പോള്‍
അയോദ്ധ്യയിലേക്ക് നട !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക