"ഹരി ശ്രീ ഗണപതയേ നമ:" പുരാണങ്ങൾ അച്ചടിക്കാനുള്ളതല്ലായിരുന്നുവെന്നു ഹിമാലയത്തിന്റെ താഴ്വരയിലെ ആശ്രമത്തിൽ കഴിയുന്ന ഓം സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ആത്മീയഗുരുവും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും പറയുന്നു. ഗുരുകുല സംവിധാനത്തിൽ ഗുരുക്കന്മാർ കുട്ടികൾക്ക് വിദ്യ പകരാൻ ഉപയോഗിച്ചിരുന്ന കഥകൾ നമ്മൾ അക്ഷരാർത്ഥത്തിൽ എടുക്കുമ്പോഴാണ് പലരും പരിഹസിക്കുന്നതും ചോദ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നതും. ഹിന്ദുമതത്തിൽ ആധികാരികമായി ഒരു വിഷയത്തെക്കുറിച്ച് പറയാൻ വിശുദ്ധ .ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ജാതിവ്യവസ്ഥയിൽ മറഞ്ഞിരുന്നു. ഇന്നും വലിയ വ്യത്യാസം വന്നിട്ടില്ല. അതുമൂലം പല പ്രശ്നങ്ങളുമുണ്ടായി. അതേപോലെ തന്നെ ഒരു സംഭവത്തെക്കുറിച്ച് പല സ്ഥലത്തും പലതരം വിശദീകരണങ്ങൾ പ്രത്യക്ഷപ്പെട്ടു.
ഉദാഹരണമായി ഗണപതിക്ക് എന്തുകൊണ്ട് ഒറ്റക്കൊമ്പ് എന്നതിന് പല കഥകളുണ്ട് ഒന്ന് ഗണപതിയുടെ തല ശിവൻ വെട്ടികളഞ്ഞപ്പോൾ തല തേടിപോയവർ ഒരു ഒറ്റക്കൊമ്പന്റെ തല അറുത്തുകൊണ്ടു വന്നു വച്ചുവെന്നു ഒരു കഥ. വ്യാസമുനി മഹാഭാരതം പറഞ്ഞുകൊടുത്തു എഴുതിക്കുമ്പോൾ എഴുതുന്ന നാരായം ഒടിഞ്ഞുപോയെന്നും പകരം തന്റെ കൊമ്പിൽ നിന്നും ഒരു കൊമ്പൊടിച്ച് എഴുത്തു തുടർന്നുവെന്നു വേറെ കഥ.ശിവനെയും പാർവതിയെയും കാണാൻ വന്ന ഭാർഗ്ഗവരാമനു ഗണപതി അനുവാദം നിഷേധിച്ചു. അതിൽ കോപാകുലനായ രാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞു. വാസ്തവത്തിൽ ആ മഴു ശിവൻ തന്റെ ശിഷ്യനായ രാമന് നല്കിയതായിരുന്നു. അതുകൊണ്ടാണ് ഗണപതി അതിനെ എതിർക്കാതിരുന്നത്. അങ്ങനെയും ഒരു കഥ. കുബേരൻ നൽകിയ സദ്യയുണ്ടു വയർ നിറഞ്ഞു പൊട്ടാറായി തന്റെ വാഹനമായ എലിയുടെ പുറത്തു കയറി വരുമ്പോൾ വഴിയിൽ ഇഴഞ്ഞുവന്ന പാമ്പിനെകണ്ടു പരിഭ്രാന്തനായ ഏലി ഗണപതിയെ തട്ടി മറിച്ചിട്ടു ഓടികളഞ്ഞപ്പോൾ ഗണപതി കഴിച്ചതെല്ലാം ഛർദിച്ചു. അതുകണ്ടു ചന്ദ്രൻ പരിഹസിച്ച് ചിരിച്ചപ്പോൾ തന്റെ ഒരു കൊമ്പ് പൊട്ടിച്ച് ചന്ദ്രനെ എറിഞ്ഞുവെന്നും ഒരു കഥ. വിനായകചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കാണരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. അന്ന് ചന്ദ്രനെ കണ്ടാൽ അനാവശ്യ പഴികേൾക്കുമത്രേ. ചന്ദ്രനിൽ ഇന്ന് കാണുന്ന കുണ്ടും കുഴിയുമൊക്കെ അന്ന് ഗണപതി തന്റെ കൊമ്പുകൊണ്ടു എറിഞ്ഞ പാടുകളാണത്രെ. ചന്ദ്രായൻ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തിയെന്നല്ല വിനായക എന്ന് പേരിടാൻ എന്തേ ഭാരതം ആലോചിച്ചില്ലെന്നുള്ളത് അത്ഭുതം തന്നെ.
സെപ്റ്റംബർ 19 നു വിനായക ചതുര്‍ഥി. പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍മദിനമാണ്. ഭാരതത്തിലെ ഹിന്ദുക്കൾ വിനായകചതുർത്ഥി ആഘോഷിക്കുമ്പോൾ ആനതലയുള്ള ദൈവത്തെപ്പറ്റി പതിവുപോലെ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും.ഗണപതിയുടെ രൂപത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നതായി കാണുന്നു. "ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു. ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താപദ്ധതിയെ സൂചിപ്പിയ്ക്കുന്നു.സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു. നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയാണവ. കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക."
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശചതുർത്ഥി എന്നും അത്തചതുര്‍ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. . അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ടു മാല, അപ്പം, മോദകനേദ്യം, ഗണപതിഹോമം എന്നിവ നടത്തിയാൽ സർവ്വാഭീഷ്ടസിദ്ധിയാണ് ഫലം. .ശണേശവിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.ഇന്ത്യയിലെ എല്ലായിടത്തും ഗണേശചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഗോവയിലും ഗണേശചതുർത്ഥി ഒരു പ്രധാന ആഘോഷമാണ്.
കേരളത്തിൽ പ്രധാനമായും ഗണപതിക്ഷേത്രങ്ങളിൽ ഒതുങ്ങിനിൽക്കുന്നവയാണ് വിനായകചതുർത്ഥി ആഘോഷങ്ങൾ എങ്കിലും ഈയടുത്ത കാലത്തായി ഗണേശോത്സവം പോലുള്ള പരിപാടികൾ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. "വിനായകചതുർത്ഥി ദിവസം ചൊവ്വാഗ്രഹത്തിൽ നിന്നും ഗണേശവിഗ്രഹത്തിൽ നിന്നും ഏറ്റവും കൂടുതൽ ശക്തിതരംഗങ്ങൾ ഭക്തരിലേക്ക് ആവാഹിച്ച് എത്തുന്നു. അതിനെ ആവാഹനം ചെയ്യാനായി സ്ഥിരമായ ഗണപതി വിഗ്രഹത്തിനു പകരം പുതിയ വിഗ്രഹം നിർമ്മിച്ച് ഉപയോഗിക്കുകയും അതിനെ പിന്നീട് വിസർജ്ജിക്കുകയും ചെയ്യുന്നു." ഇങ്ങനെ പത്ത് ദിവസം ആഘോഷിക്കുന്നതിലും പത്താം ദിവസം നിമജ്ഞനം ചെയ്യുന്നതിനെ സംബന്ധിച്ച കഥ ഇങ്ങനെ. മഹര്‍ഷി വേദവ്യാസന്‍ മഹാഭാരതം രചിക്കാനായി അത് പറഞ്ഞുകൊടുത്ത് എഴുതിക്കാൻ ഗണേശനെ ക്ഷണിച്ചു. നിർത്താതെ പറയണമെന്ന നിബന്ധന ഗണേശനും മനസ്സിലാക്കി എഴുതണമെന്ന നിബന്ധന വ്യാസ മഹർഷിയും വയ്ക്കുകയും ഇരുക്കൂട്ടരും അത് സമ്മതിക്കുകയും ചെയ്തു. ഗണേശചതുര്‍ത്ഥി ദിനത്തില്‍ വേദവ്യാസന്‍ ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും അങ്ങനെ ഗണപതി ഭഗവാൻ മഹാഭാരതം എഴുതാൻ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു. ഈ 10 ദിവസം കൊണ്ട് ഭഗവാന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഭഗവാൻ, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്‍ദശി ആയിരുന്നു. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത് എന്ന് വിശ്വസിക്കുന്നു.
ഹിന്ദുമത വിശ്വാസപ്രകാരം പ്രഥമഗണനീയനാണ് ഗണപതി. ഏതൊരു നല്ല കാര്യം തുടങ്ങുന്നതിനുമുമ്പ് ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്. ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകൾ ഗണപതിക്കുണ്ട്. തന്മൂലം മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠയുണ്ട്. സംഗീതവിദ്യാർത്ഥികൾ ആദ്യം ഭജിക്കുന്നത് ഗണപതിയെയാണ്. വാതാപി ഗണപതിം ഭജേഹം, വാതാപി ഗണപതിം ഭജേഹം, വാരണാസ്യം വരപ്രദം ശ്രീ,വാതാപി ഗണപതിം ഭജേഹം. വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ക്യതിയാണ് വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.(വാതാപിയിൽ വാണരുളുന്ന ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു). ചാലൂക്യരാജവംശത്തിൻറ്റെ തലസ്ഥാനമായിരുന്ന കർണ്ണാടകത്തിലെ ബഗൽക്കൊട്ട് ജില്ലയിലെ ബദാമി എന്നിപ്പോൾ അറിയപ്പെടുന്ന താലൂക്കും അതിന്റെ തലസ്ഥാനവും ആണ് പഴയ വാതാപി.
കുട്ടിയെ എഴുത്തിനിരുത്തുമ്പോൾ ആദ്യം നാവിലും കൈകളിലും നിറയുന്ന ആദ്യ അക്ഷരം ഗണപതി സ്തുതിയാണ്. 'ഓം ഹരിശ്രീ ഗണപതയേ നമഃ'. പുരാതനഭാരതത്തിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്നു കേരളത്തിൽ ഉപയോഗിച്ചിരുന്ന അക്ഷരസംഖ്യ സമ്പ്രദായമാണ് കടപയാദി. ക ട പ യ തുടങ്ങിയ അക്ഷരങ്ങൾ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു ആ അക്ഷരങ്ങൾ മുതൽ എന്ന് മനസിലാകാൻ വേണ്ടിയാണ്. ഇതിനെ കപടയാദി എന്ന് പറയുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഓരോ അക്ഷരത്തിനും ഓരോ സംഖ്യയുണ്ട്(numerology പോലെ). അത് പ്രകാരം ഹരി:28, ശ്രീ:2, ഗ:3, ണ:5, പ:1, ത:6, യേ:1, ന:0, മ:5 (ആകെ കൂട്ടുമ്പോൾ 51). ഇത് മലയാളത്തിലെ 51 അക്ഷരങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് നവരാത്രിക്ക് എഴുതാനിരിക്കുമ്പോൾ “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതിക്കുന്നത്. ഒപ്പം വിദ്യയുടെ ദേവതയായ സരസ്വതിദേവിയെയും സ്തുതിക്കുന്നു.
സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണീ. വിദ്യാരംഭം കരിഷ്യാമി, സിദ്ധിർ ഭവതുമേ സദാ.
അർത്ഥം = സരസ്വതീദേവി, അനുഗ്രഹങ്ങൾ വർഷിക്കുന്ന, ആഗ്രഹങ്ങൾ സഫലമാക്കുന്ന അവിടുത്തേക്കെന്റെ വന്ദനം. ഞാൻ വിദ്യാഭ്യാസം ആരംഭിക്കുകയാണ്, എനിക്കെന്നും നേട്ടം ഉണ്ടാവണേ.
വിളക്കു കൊളുത്തി സന്ധ്യക്ക് ഈശ്വരനാമം ജപിക്കുന്നത് പുരാതനകാലം മുതൽ ഹിന്ദുക്കൾ അനുഷ്ടിച്ച്ചുവരുന്ന ചടങ്ങാണ്. താഴെ പറയുന്ന സ്തോത്രം ചൊല്ലി ഗണപതി ഭഗവാനെ സ്തുതിക്കുന്നു.
ഏകദന്തം മഹാകായം, തപ്തകാഞ്ചന സന്നിഭം. ലംബോദരം വിശാലാക്ഷം, വന്ദേഹം ഗണനായകം
അർത്ഥം = ഏക ദന്തനും മഹാശരീരിയും കാച്ചിയ തങ്കത്തിന് സമാനമായ വർണ്ണത്തോടെ പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയങ്ങളോടുകൂടിയവനും ഭൂതഗണങ്ങൾക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്കരിക്കുന്നു.
അടുത്ത ശ്ലോകം “ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം, പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “
അർത്ഥം = ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതി ദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ഗണപതിയുടെ ജനനത്തെക്കുറിച്ച് ധാരാളം വ്യത്യസ്തമായ ഐതിഹ്യങ്ങൾ ഉണ്ട്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന.ഗജാസുരനെ സംഹരിക്കാൻ ശിവൻ കൊമ്പനാനയുടെ രൂപം ധരിച്ച് ദേവി പിടിയാനയായി. അങ്ങനെയുണ്ടായ പുത്രനാണു ഗണപതി എന്ന് ഉത്തരരാമാ യണത്തിൽ പറയുന്നു. പാർവതി ദേവി ദിവ്യത്വമുള്ള ഒരു കുഞ്ഞിനുവേണ്ടി മഹാവിഷ്‌ണുവിനെ ഉപാസിച്ചു. തപസ്സിൽ സന്തുഷ്ടനായ വൈകുണ്ഠൻ ശിശുരൂപത്തിൽ പാർവതിയുടെ മകനായി പിറന്നു. കുട്ടിയെ അഭിനന്ദിച്ചവരിൽ ശനീശ്വരനും ഉണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ നോക്കിയില്ല.കാരണം അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് ദൃഷ്ടിദോഷമുണ്ടെന്നും നോക്കിയാൽ കുട്ടി മരിക്കുമെന്നും പറഞ്ഞു.പാർവതി ദേവി അത് സാരമില്ല നോക്കിക്കോളൂ എന്ന് അനുവാദം നൽകി. കുട്ടിയുടെ ശിരസ്സ് അറ്റു പോയി. പാർവതി ദേവി കോപിച്ച് ശനീശ്വരനെ ശപിച്ചു. പിന്നെ അവർ അതീവദുഃഖിതയായി. അവരുടെ ദുഃഖത്തിൽ ദയ തോന്നിയ വിഷ്ണുഭഗവാൻ കുട്ടിക്ക് ആനയുടെ ശിരസ്സ് നൽകി. അങ്ങനെ ആന തലയനായി. സ്വർഗ്ഗത്തിലുള്ള ചന്ദ്രപ്രതിഷ്ഠാദർശനം മനുഷ്യർക്കും ശൂദ്രന്മാർക്കും, കിരാതർക്കും സാധ്യമായി. ഇത് ദേവന്മാർക്ക് അപ്രിയമായിരുന്നു. അവർ ശിവനെ വിവരം അറിയിച്ചു. പരിഹാരം കാണാൻ ശിവൻ പാർവതിയെ ഏൽപ്പിച്ചു. പാർവതി തന്റെ ശരീരത്തിൽ തേച്ചിരുന്ന ചന്ദനം ഉരുട്ടിയെടുത്ത് ഒരു പ്രതിമ സൃഷ്ടിച്ച്,നാല് കൈകളും ആനത്തലയുമുള്ള ഒരു ജീവിയെ സൃഷ്ടിച്ച്. അനധികൃതർ സ്വർഗത്തിൽ പ്രവേശിക്കരുത്. സ്വർഗം കാക്കാൻ ഗണപതിയെ ചുമതലപ്പെടുത്തി.
ബുദ്ധിയുടെയും സിദ്ധിയുടേയും കവിതത്തിന്റെയും വേദവിജ്ഞാനത്തിന്റെയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്.വിഘ്നേശ്വരനായ ഗണപതിയുടെ കോവിലിൽ മാത്രമുള്ള ഒരു സമർപ്പണമുണ്ട്. അതാണ് ഏത്തമിടൽ. ഇടതുകാലിന്മേൽ ഊന്നിനിന്നു വലതുകാൽ ഇടതുകാലിനു മുന്നിൽകൂടി ഇടത്തോട്ട് പിണച്ചുകൊണ്ട് പോയി പെരുവിരൽ മാത്രം നിലത്ത് തൊടുവിച്ച് നിൽക്കണം, ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ മുൻവശത്തുകൂടി ഇടത്തോട്ടുകൊണ്ടുപോയി മുമ്പ് പറഞ്ഞ രണ്ടു വിരലുകൾ കൊണ്ട് ഇടത്തെ ചെവിയും പിടിക്കണം. എന്നിട്ട് ഗണപതിയെ വന്ദിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പലതവണ കുമ്പിടുകയും നിവരുകയും ചെയ്യണം, ഇത് 3, 5, 7, 12, 21 ഇങ്ങനെ പല പ്രാവശ്യം ചെയ്യാവുന്നതാണ്. ശാസ്ത്രവിധിയനുസരിച്ച് ഏത്തമിടൽ കുട്ടികളിലുണ്ടാകാവുന്ന ശ്രദ്ധയില്ലായ്മ (Attention Deficit Disorder ADD) കണക്കിലേറെ പ്രസരിപ്പ് (Attention Deficit Hyperactivity Disorder ADHD) ഡൌൺ സിൻഡ്രോം, മറവി രോഗം, മുതലായ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് പ്രയോജനകരമാണെന്നു ആധുനിക ശാസ്ത്രം കണ്ടെത്തുന്നു. മനസ്സിന് ഏകാഗ്രത ലഭിക്കുന്നതിനും, ബുദ്ധിവികാസത്തിനും, ശരീരത്തിന്റെ എനർജിലെവൽ ഉയർത്താനും ഇതിനു കഴിയുന്നു. ബ്രയിനിലെ ന്യുറോപ്പാത്ത് വഴികളെ സ്റ്റിമുലേറ്റ് ചെയ്യുകയും ചെവിയുടെ മാംസളമായ കീഴ്ഭാഗത്തെ അകുപങ്‌ചർ പോയിന്റുകളെ ശക്തമാക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടി ക്ഷേത്രം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോട്ടയം ജില്ലയിലെ മള്ളിയൂർ, എറണാകുളം ഇടപ്പള്ളി, മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഇന്ത്യനൂർ, വയനാട് ബത്തേരി, കണ്ണൂർ ജില്ലയിലെ വേളം, കാസർഗോഡ് ജില്ലയിലെ മധൂർ തുടങ്ങി കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകാറുണ്ട്.
ശുഭം