Image

അതിക്രൂര മാസത്തിലെ കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചയും ഓപ്പന്‍ഹൈമറും(ചെറിയാന്‍ മഠത്തിലേത്ത്)

ചെറിയാന്‍ മഠത്തിലേത്ത് Published on 18 September, 2023
അതിക്രൂര മാസത്തിലെ കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചയും ഓപ്പന്‍ഹൈമറും(ചെറിയാന്‍ മഠത്തിലേത്ത്)

ഹൂസ്റ്റണ്‍: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആഗ്ലോ-അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്ന ടി.എസ് എലിയറ്റിന്റെ വിഖ്യാതമായ 'ദ വേസ്റ്റ്ലാന്‍ഡ്' എന്ന കവിത തുടങ്ങുന്നത് 'April is the cruelest month...' എന്ന വരിയോടെയാണ്. ഏപ്രില്‍ അതിക്രൂരമായ മാസമാണെന്ന് കവി പറയുന്നു.

എന്നാല്‍ ടെക്സസ് സ്റ്റേറ്റില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റാണ് അതിക്രൂരമായ മാസം. കാരണം സഹിക്കാന്‍ പറ്റാത്ത വരള്‍ച്ചയും ചൂടുമാണ് ഓഗസ്റ്റിലിവിടെ അനുഭവപ്പെടുന്നത്. പ്രതികൂലമായ ഈ കാലാവസ്ഥയിലും കേരള റൈറ്റേഴ്സ് ഫോറം അംഗങ്ങള്‍ തങ്ങളുടെ പുതിയ രചനകളുമായി ഓഗസ്റ്റ് മാസത്തെ സാഹിത്യ ചര്‍ച്ചയ്ക്ക് ഒത്തുകൂടിയത് കുളിര്‍മയുള്ള അന്തരീക്ഷം പ്രദാനം ചെയ്തു.

വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ചര്‍ച്ചകളും മറ്റ് പരിപാടികളും അംഗങ്ങളുടെ ചിന്തയും കാഴ്ചപ്പാടുകളും അവരുടെ കൃതികളും എല്ലാം നിത്യ ജീവിതത്തെ കൂടുതല്‍ ജീവസ്സുറ്റതാക്കുന്നു എന്നുവേണം പറയാന്‍.

ജോണ്‍ തൊമ്മന്റെ 'എടാ മാണീ, തീര്‍ന്നിട്ടില്ല...' എന്ന കഥയാണ് വിലയിരുത്തലിനായി ആദ്യമെടുത്തത്. അമേരിക്കയിലുള്ള പുതിയ കുടിയേറ്റക്കാര്‍, തീര്‍ത്തും അപരിചിതമായ ഒരു നാട്ടില്‍ തങ്ങളുടെ പ്രവാസ ജീവിതത്തിന്റെ തുടക്കകാലത്ത് അതിജീവനത്തിനു വേണ്ടി നടത്തുന്ന പരിശ്രമങ്ങളുടെയും വെല്ലുവിളികളുടെയും കഥയാണിത്. പുതിയ കുടിയേറ്റക്കാരനായ മാണിയുടെ ജീവിത ക്ലേശങ്ങളുടെ കഥയാണിത്.

മാണിയേക്കാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെത്തിയ വിന്‍സെന്റിനെ അയാള്‍ പരിചയപ്പെടുന്നു. വിന്‍സെന്റ് മാണിക്ക് ജോലി സംഘടിപ്പിച്ചു കൊടുത്തു. മലയാളി സമൂഹത്തില്‍ അവര്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും അതോടൊപ്പം സങ്കീര്‍ണമായ പ്രശ്നങ്ങളും കഥാകൃത്ത് വരച്ചുകാട്ടുന്നു.

വിന്‍സെന്റിന്റെയും മാണിയുടെയും സ്വാഭാവികമായ ജീവിത യാത്രയ്ക്കിടയില്‍ ചില ദുരന്തങ്ങള്‍ സംഭവിച്ചു. മലയാളി സംഘടനാ നേതാവും മാണിയുടെ മാര്‍ഗദര്‍ശിയുമായ വിന്റസെന്റിന് ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക് സംഭവിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന വിന്‍സെന്റിന്റെ ശുഭാപ്തി വിശ്വാസമുള്ള വാക്കുകളോടെയാണ് കഥയുടെ പരിസമാപ്തി. ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു... ''എടാ മാണീ, തീര്‍ന്നിട്ടില്ല...''.

മീറ്റിംഗില്‍ പങ്കെടുത്ത അംഗങ്ങള്‍ ഈ കഥയെ പറ്റി പോസിറ്റീവായ അഭിപ്രായമാണ് പങ്കുവച്ചത്. കാരണം ഇത് പ്രവാസികളായ തങ്ങളുടെയും കൂടി കഥയാണല്ലോ. ഡോ. സണ്ണി എഴുമറ്റൂര്‍, എ.സി ജോര്‍ജ്, ജോസഫ് പൊന്നോലി, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ വിന്‍സെന്റ് എന്ന കഥാപാത്രത്തിന്റെ ശുഭാപ്തി വിശ്വാസത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. ഏവരും ജോണ്‍ തൊമ്മനെ അനുമോദിക്കുകയും ചെയ്തു.

മലയാള സിനിമയെക്കുറിച്ചുള്ള ലേഖന ചര്‍ച്ചയായിരുന്നു അടുത്തത്. ചെറിയ കാലത്തിന്റെ ചരിത്രമേയുള്ളൂവെങ്കിലും വലിയ നേട്ടങ്ങളാണ് മലയാള സിനിമയുടേത്. അത് നമ്മുടെ ഉന്നത സംസ്‌കാരത്തിന്റെയും ലോകോത്തര അറിവിന്റെയും ഭാഗമാണ്. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേല്‍ 1928ല്‍ സംവിധാനം ചെയ്തതും മലയാളത്തിലെ ആദ്യ സിനിമയും ആദ്യ നിശബ്ദ ചലചിത്രവുമായ 'വിഗതകുമാരനി'ല്‍ നിന്ന് തുടങ്ങുന്നു ആ ദൃശ്യവിസ്മയ ചരിത്രം.

മാത്യു വെള്ളമറ്റം ആണ് ലേഖനം അവതരിപ്പിച്ചത്. നാല്പതുകളിലെ നാടന്‍ സിനിമാക്കൊട്ടകകളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചപ്പോള്‍ അതൊരു ഗൃഹാതുര നൊമ്പരമായി. നാട്ടിന്‍പുറങ്ങളില്‍ വൈദ്യുതി ഇല്ലാതിരുന്ന അക്കാലത്ത് കൈ കൊണ്ട് കറക്കുന്ന പ്രൊജക്ടറുകളിലൂടെയാണ് സിനിമ കണ്ടിരുന്നത്. ഓല മേഞ്ഞ തീയേറ്ററുകളായിരുന്നു അന്നത്തേത്. ഇന്നത്തെ ഐമാക്സ് സ്‌ക്രീനുകളും ഡിജിറ്റല്‍ സൗണ്ടും ഒ.ടി.ടി പ്ലാറ്റ്ഫോമും സാറ്റലൈറ്റ് റിലീസിങും അന്ന് ആരും സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ല.

തികഞ്ഞ ഒരു സിനിമാ ആസ്വാദകനായ മാത്യു വെള്ളമറ്റം പഴയകാല സിനിമകളും ന്യൂജനറേഷന്‍ ചിത്രങ്ങളും തമ്മില്‍ ഒരു താരതമ്യ പഠനം തന്നെ നടത്തുകയുണ്ടായി. മലയാള സിനിമയുടെ വികാസ പരിണാമങ്ങള്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ലേഖനം.

ഇതേക്കുറിച്ച് ബാബു കുറവയ്ക്കലും ജോസഫ് തച്ചാറയും നടത്തിയ ക്രിയാത്മക നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി. മോട്ടി മാത്യു മലയാള സിനിമയ്ക്കപ്പുറം മറ്റ് ഭാഷാ ചിത്രങ്ങളെക്കുറിച്ചും ഭംഗ്യന്തരേണ സംസാരിച്ചു. ജെ റോബര്‍ട്ട് ഓപ്പന്‍ ഹൈമറിന്റെ 'ഓപ്പന്‍ഹൈമര്‍' (Openheimer) എന്ന പുതിയ ചിത്രം കാണുവാന്‍ അദ്ദേഹം ഏവരോടും അഭ്യര്‍ത്ഥിച്ചു.  റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ഓപ്പണ്‍ഹൈമര്‍ പറയുന്നത്.

ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്യപ്പെട്ട പ്രശസ്തനായ അമേരിക്കന്‍ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍. സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ നോളന്‍ സംവിധാനം ചെയ്ത ബയോപിക് 'ഓപ്പന്‍ഹൈമര്‍' ജൂലൈ 21ന് റിലീസ് ചെയ്തിരുന്നു.

റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണിന്റെ അഭാവത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആയ ജോണ്‍ മാത്യു ആണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്തതും അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പബ്ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന്, ഡോ. ജോസഫ് പൊന്നോലി, എ.സി ജോര്‍ജ് തുടങ്ങിയവര്‍ സിദ്ദിഖിന്റെ ചലച്ചിത്ര സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു. ബിസിനസ് മീറ്റിംഗില്‍ സബ്കമ്മറ്റികളുടെ അധ്യക്ഷന്മാര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. റൈറ്റേഴ്സ് ഫോറം ട്രഷറര്‍ മാത്യു വെള്ളമറ്റം ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Join WhatsApp News
ഫിലിഫു് തോമസ് 2023-09-18 19:02:14
ചില എഴുത്ത് സംഘടനക്കാരുടെ വാർത്തകൾ വല്ലപ്പോഴും വായിക്കാറുണ്ട്. ഈ റൈറ്റർ ഫോറം കൂടാതെ മലയാളം സൊസൈറ്റി എന്ന മറ്റൊന്നുകൂടി ഉണ്ടല്ലോ അല്ലേ? ? പിന്നെ ഡള്ളാസിലും, മിചിഖനിലും, പിന്നെ ന്യൂയോർക്കിൽ ചിന്താധാര വിചാരധാര എന്നൊക്കെ ഏതാണ്ട് സംഘടനകൾ ഉണ്ടല്ലോ? സത്യത്തിൽ എനിക്ക് ഒരു അഞ്ചാറു ബുക്ക് പ്രസിദ്ധീകരിക്കാൻ ഉണ്ടായിരുന്നു. റൈറ്റർ ഫോറം മറ്റേതെങ്കിലും ഒരു സംഘടന എൻ്റെ ബുക്കുകൾ ഒന്ന് പ്രസിദ്ധീകരിച്ചു തരാമോ? ? അതിൽ ഒരു ബുക്ക് ഇംഗ്ലീഷിൽ എഴുതിയതാണ്. അതൊന്നു മലയാളത്തിൽ തർജ്ജമ ചെയ്ത തന്നാലും തരക്കേടില്ല. ഏതു സംഘടനയിൽ നിന്നാണ് ഇപ്പോൾ നല്ല സമർത്ഥരായ എഴുത്തുകാരെ കിട്ടുക? ഒന്നു പറഞ്ഞുതരാമോ? പണ്ടൊക്കെ എഴുതിയിട്ടുണ്ട് ഞാൻ എഴുത്തിലെ വലിയ കൊമ്പൻ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം ഈ പറയുന്ന പല വമ്പന്മാരും നാട്ടിൽ നിന്ന് എഴുതി വരുത്തി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നവർ ആയിട്ടാണ് ഞാൻ അറിയുന്നത്. അവന്മാരുടെ ചാർജും ഭയങ്കരമാ. അതിനാൽ അമേരിക്കയിലെ എഴുത്ത് സംഘങ്ങളിൽ ആർക്കെങ്കിലും എൻറെ ബുക്കുകൾ ഒന്ന് വായിച്ചു മനസ്സിലാക്കി കറക്ഷൻസ് വരുത്തി ഒന്ന് പ്രസിദ്ധീകരിക്കാൻ സഹായിച്ചാൽ അവരോട് എനിക്ക് പ്രത്യേകം നന്ദി ഉണ്ടാകും. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ആണല്ലോ ഇത്തരം സംഘങ്ങൾ സംഘടനകൾ. പിന്നെ വല്ലതും പറയാൻ സ്വാതന്ത്ര്യമുള്ള, ഒരു ജനാധിപത്യ സ്വഭാവമുള്ള എഴുത്ത് സംഘടന ഏതാണ്? സ്ഥിരം ഏതാനും പേർ ഭരണ വഹിക്കുന്ന, കിംഗ് മേക്കർ ആയി സംഘടന നയിക്കുന്നവരോ, സ്ഥിരം പ്രസിഡണ്ട് സെക്രട്ടറിയും ഒക്കെയായി കസേര കളിക്കുന്ന സംഘടനയും അത്ര നന്നല്ല അവരോടും ഞാൻ സഹായം ചോദിക്കുന്നില്ല. ഏതായാലും നല്ല ജനാധിപത്യ സ്വഭാവമുള്ള, റിയലി സ്വന്തമായി എഴുതാൻ കഴിവുള്ള മനുഷ്യർ ഉള്ള ഒരു സംഘടനയുടെ സഹായമാണ് ഞാൻ തേടിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഏത് സംഘടനയ്ക്കും എന്നെയോ, അതേമാതിരി, പുതിയ എഴുത്തുകാരെ സഹായിക്കാൻ സന്മനസ്സുള്ള ഏതൊരാൾക്കും സംഘടനയ്ക്കും മുന്നോട്ടു വരാം. പിന്നെ റൈറ്റർ ഫോറത്തിന്റെ ഈ മീറ്റിംഗ് കൊള്ളാം. വാർത്ത നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക