Image

ആധ്യാത്മിക പ്രഭാഷകയും അക്ഷര ചൈതന്യമുള്ള എഴുത്തുകാരിയുമായി ഉഷാ സുരേഷ്

എ.എസ് ശ്രീകുമാര്‍ Published on 19 September, 2023
 ആധ്യാത്മിക പ്രഭാഷകയും അക്ഷര ചൈതന്യമുള്ള എഴുത്തുകാരിയുമായി ഉഷാ സുരേഷ്

ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ച വേള്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവലിലെ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പറഞ്ഞു... ''ഇന്ത്യന്‍ സംസ്‌കാരം വളരെ സമ്പന്നമാണ്, മഹത്തായ മൂല്യങ്ങള്‍ നമ്മില്‍ ഓരോരുത്തരിലും വളര്‍ത്തിയെടുത്തിട്ടുണ്ട്. അഹം ബ്രഹ്‌മാസ്മി മുതല്‍ വസുധൈവ കുടുംബകം വരെയുള്ളവയയില്‍ നിന്ന് വന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ ഉപനിഷത്തുക്കളില്‍ നിന്ന് ഉപഗ്രഹത്തിലേക്ക് വന്നവരാണ്...''

മഹാ ഉപനിഷത്തിലും ഋഗ്വേദത്തിലും 'വസുധൈവ കുടുംബകം' എന്ന സംസ്‌കൃത വാക്യം ഉണ്ട്. ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാര്‍മ്മിക മൂല്യമായി കണക്കാക്കപ്പെടുന്ന  ഈ വാക്യത്തിന്റെ അര്‍ത്ഥം 'ലോകം ഒരു കുടുംബമാണ്...' എന്നാണ്. ഇത് എന്റേത്, അത് അവന്റേത് എന്ന് സങ്കുചിത മനസ്‌കര്‍ വിചാരിക്കുമ്പോള്‍ ലോകമേ തറവാട് എന്നണ് ഉദാരമനസ്‌കരുടെ ചിന്ത. 'വസുധൈവ കുടുംബകം' എന്ന തത്വശാസ്ത്രം ഉള്‍ക്കൊള്ളുന്നത് ലോകത്തെ ഒരു കുടുംബമായി ഒന്നിക്കാന്‍ നമ്മെ സഹായിക്കും.

ആധ്യാത്മിക പ്രഭാഷക, എഴുത്തുകാരി, സപ്താഹ യജ്ഞാചാര്യ തുടങ്ങി ബഹുമുഖ തലങ്ങളില്‍ സമൂഹത്തിനുവേണ്ടി സ്നേഹസേവനം ചെയ്യുന്ന ഉഷാ സുരേഷ് 'വസുധൈവ കുടുംബകം' എന്ന ഉദാത്ത ചിന്തയിലൂന്നി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഭര്‍ത്താവിനും മകനുമൊപ്പം ഏറെക്കാലം ദുബായില്‍ ജീവിച്ച ഉഷ സുരേഷ്‌കുമാര്‍ തന്റെ കര്‍മ്മഭൂമിയിലും പ്രഭാഷണങ്ങള്‍ നടത്തുകയും കുട്ടികള്‍ക്ക് ഉപനിഷത് ക്ലാസുകള്‍ എടുക്കുകയും കൗണ്‍സിലിങ് നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന ഈ പ്രമുഖ പ്രഭാഷക കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളില്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് രണ്ടാം ജന്മം നേടിക്കൊടുത്തു എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. ഭാഗവത സപ്താഹവും നടത്തുന്ന യജ്ഞാചാര്യ കൂടിയാണ് ഉഷാ സുരേഷ്.

ആത്മീയ ചിന്തകളെയും ഉപനിഷത് തത്വങ്ങളെയും ആനുകാലിക വിഷയങ്ങളുമായി സമരസപ്പെടുത്തിക്കൊണ്ട് നിത്യജീവിത പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്ന തരത്തിലാണ് ഉഷ സുരേഷ്‌കുമാറിന്റെ പ്രഭാഷണങ്ങള്‍. 'വസുധൈവ കുടുംബകം' എന്ന തത്വം മുറുകെ പിടിക്കുന്നതിലൂടെ ജാതിമത സങ്കുചിതത്വങ്ങള്‍ക്കതീതമായി മനുഷ്യന്‍ എന്ന കാഴ്ചപ്പാടിലാണ് ഉഷാ സുരേഷ് സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.

''കുട്ടികളുടെ ദുഷിച്ച പ്രവണതകള്‍ ഉള്‍പ്പെടെ നമ്മെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. വെറുതെ ഒരു കാര്യം പറഞ്ഞു പോകുന്നതിനു പകരം സമൂഹത്തിന്റെ പൊതു നന്മയെ ലക്ഷ്യം വച്ച് എന്റെ കര്‍മ്മം നിറവേറ്റുകയാണ്. നിത്യ ജീവിത പ്രശ്നങ്ങള്‍ക്കകത്തു നിന്നു കൊണ്ടു തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ടെന്‍ഷനുള്ള കാലമാണിത്. അതില്‍ നിന്ന് മോചനം സാധ്യമാക്കി സമാധാനത്തോടെ ജീവിക്കുവാനുള്ള അന്വേഷണവും ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നു. അതിന് വേദോപനിഷത്തിലെ വാക്യങ്ങള്‍ ലളിതമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്...'' ഉഷാ സുരേഷ് പറയുന്നു.

പണ്ട് ബ്രാഹ്‌മണര്‍ക്കു മാത്രമായിരുന്നു വേദോപനിഷത്തുകളെ കുറിച്ച് അറിവുണ്ടായിരുന്നത്. അന്ന് സാധാരണക്കാര്‍ക്കും അധഃസ്ഥിതര്‍ക്കും വേദങ്ങളും ഉപനിഷത്തുക്കളും അപ്രാപ്യമായിരുന്നു. എന്നാല്‍ ഈ പരിഷ്‌കൃത ലോകക്രമത്തിലും അത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും ഒരു ഗ്രാഹ്യവുമില്ല. മുതിര്‍ന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ജീവിതത്തിന്റെ ഹ്രസ്വത മനസ്സിലാക്കിക്കൊടുക്കുവാന്‍ സാധിച്ചാല്‍ അവരെയെല്ലാം ആദ്ധ്യാത്മികതയുടെ മേഖലയിലേക്ക് വേഗത്തിലെത്തിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉഷാ സുരേഷ് വ്യക്തമാക്കി.

കുട്ടിക്കാലത്തെ നാമജപത്തില്‍ നിന്നാണ് ഇന്നത്തെ അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകയിലേക്കുള്ള ഉഷ സുരേഷ്‌കുമാറിന്റെ ജൈത്രയാത്ര. മതപ്രഭാഷണങ്ങള്‍ നിരന്തരം കേട്ടും വീടിനടുത്തുള്ള വായനശാലയിലെ ആദ്ധ്യാത്മിക സംബന്ധിയായ പുസ്തകങ്ങള്‍ വായിച്ചും പത്രമാധ്യമങ്ങളിലെ ചിന്താവിഷയങ്ങള്‍ ഹൃദിസ്ഥമാക്കിയും വേദോപനിഷത്തുകള്‍ ആഴത്തില്‍ പഠിച്ചുമാണ് ഉഷാ സുരേഷ ആകുല മനസ്സുകള്‍ക്ക് അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും മാര്‍ഗദീപമാകുന്നത്.

അമൂല്യമായ ഭാരതീയ സംസ്‌കാരത്തില്‍ വളര്‍ന്നവരും സദാചാരികളുമായിരിക്കണം ഹിന്ദുക്കള്‍. അറിവാണ് മതം എന്ന ബോധം അവര്‍ക്ക് ഉണ്ടാകണം. വേദവേദാന്തങ്ങളുടെ പൊരുളറിയുകയും വേണം. ഈശ്വരനെ നിത്യവും ധ്യാനിക്കണം. മതഗ്രന്ഥങ്ങള്‍ പഠിക്കണം. അഹങ്കാരലേശമില്ലാതെ ഗുരുപാദങ്ങളില്‍ വന്ദിച്ച് ജ്ഞാനസമ്പാദനം നടത്തുന്നവരുമായിരിക്കണം ഹിന്ദുക്കള്‍. ഹിന്ദുത്വമെന്നത് ഒരേ സമയം ഒരു മതവും ജീവിതരീതിയുമാണ്. ഹിംസയെ വെറുക്കുന്നവരാണ് ഹിന്ദുക്കള്‍. സനാതന ധര്‍മ്മം ആണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനം. ഇതര മതസ്ഥരോടുള്ള ആദരവ് പുലര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉഷാ സുരേഷ് ചൂണ്ടിക്കാട്ടി.

'അഹം ബ്രഹ്‌മാസ്മി' എന്ന ഗ്രന്ഥത്തിലൂടെ ആദ്ധ്യാത്മിക രംഗത്തെ അക്ഷരചൈതന്യവുമായിരിക്കുകയാണ് ഉഷാ സുരേഷ്.  വേദോപനിഷത്തുകളെ ആഴത്തില്‍ പഠിച്ച് വിശദവും ലളിതവുമായി പ്രതിപാദിക്കുന്ന ശ്രദ്ധേയമായ രചനയാണിത്. ശാന്തിമന്ത്രങ്ങളും കഥകളും ഉള്‍പ്പെടുത്തി ബൃഹത്തായ ആശയപ്രകാശനം നടത്തുന്ന ഉഷാ സുരേഷ് ആദ്ധ്യാത്മിക രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഈ പുസ്തക രചനയിലൂടെ നടത്തിയിരിക്കുന്നത്.

''ഒരു പുസ്തകമെഴുതണമെന്ന് എനിക്ക് ഒരു ഇച്ഛയുണ്ടായി. അപ്പോള്‍ ജ്ഞാനവും കൈവന്നു. ആ ജ്ഞാനത്തെ ക്രിയയാക്കി മാറ്റി. ഇച്ഛ, ജ്ഞാനം, ക്രിയ... ഇതു തന്നെയാണ് വേദത്തില്‍ പറയുന്ന കര്‍മ്മം, ഉപാസന, ജ്ഞാനം...'' ഗ്രന്ഥകാരി പറഞ്ഞു.  ഓങ്കാരത്തെ ഒരു വില്ലായും ജീവാത്മാവിനെ അതില്‍ തൊടുക്കാനുള്ള ശരമായും കാണുന്നു. അതിനാല്‍ ഈശ്വര ചൈതന്യം നിറഞ്ഞ് തുളുമ്പുന്ന ഗ്രന്ഥമാണ് അഹം ബ്രഹ്‌മാസ്മി.

മനസ്സില്‍ ഉരുത്തിരിയുന്ന ആത്മീയ ചിന്തകളും കാഴ്ചപ്പാടുകളും തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ സഞ്ചാരവും എല്ലാം സ്വരുക്കൂട്ടി വച്ച് പുസ്തകരൂപത്തിലാക്കുന്ന ഉഷാ സുരേഷ് മറ്റൊരു ബൃഹത്തായ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. പുണ്യപാപങ്ങളിലേക്ക് നമ്മെ നയിക്കുന്നത് നമ്മുടെ തന്നെ കര്‍മ്മത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്ന ഉഷ സുരേഷ് പ്രഭാഷണങ്ങളും ഭാഗവത സപ്താഹ യജ്ഞങ്ങളും ഗീതാക്ലാസ്സുകളും ഒക്കെയായി സമൂഹ മധ്യത്തില്‍ തന്റെ നിയോഗവുമായി നിലയുറപ്പിച്ചിരിക്കുന്നു.

കോട്ടയം ജില്ലയിലെ പൊന്‍കുന്നം ചിറക്കടവ് മുട്ടത്തേടത്ത് വീട്ടില്‍ നാരായണപിള്ളയുടെ മകളാണ് ഉഷദേവി എന്ന ഉഷ സുരേഷ്. കുമരകത്തുള്ള കൊട്ടാരം വീട്ടില്‍ പ്രഭാകരന്‍ പിള്ളുടെ മകന്‍ സുരേഷ്‌കുമാര്‍ ആണ് ഭര്‍ത്താവ്. യു.എ.ഇ യൂണിവേഴ്സിറ്റിയില്‍ എയ്റോ സ്പേസില്‍ (ഹൈബ്രിഡ് ലോക്കോമോഷന്‍ ഓഫ് റോവേഴ്സ്) റിസര്‍ച്ച് ചെയ്യുന്ന വൈശാഖ് സുരേഷ്‌കുമാറാണ് ഏക മകന്‍. നീതു വൈശാഖിന്റെ ഭാര്യയും കൈലാസ് മകനുമാണ്.

ഭാരതീയ സംസ്‌കാരത്തിന്റെ വിശാലതയും സൗമനസ്യവും വ്യക്തമാക്കുവാന്‍ നിരന്തരം ഉദ്ധരിക്കപ്പെടുന്ന ഒരു ശ്ലോകത്തിന്റെ അവസാന വരിയുണ്ട്. ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...'' എന്നാണത്. സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ഉഷാ സുരേഷിന്റെ പ്രാര്‍ത്ഥനയും അതുതന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക