മലയാളത്തില്‍ ഒരു പഴമൊഴിയുള്ളത് 'പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും'. ആത്മാവില്‍, അറിവില്‍ അജ്ഞരായ മനുഷ്യര്‍ക്ക് പുണ്യവാളന്‍ ചെയ്യുന്നതെല്ലാം മയിലിന്റെ അഴകുപോലെയാണ്. കണ്ടുനില്‍ക്കുന്നവര്‍ മയിലാടുംപോലെ ആടിക്കൊണ്ടിരിക്കും. കേരളത്തിലെ ജാതിപ്പോര് ഉത്കണ്ഠ വിടര്‍ന്ന മിഴികളോടെയാണ് മനുഷ്യത്വമുള്ള മനുഷ്യര്‍ കാണുന്നത്. നമ്മുടെ ജാതിമത മേലാളന്മാരില്‍ കണ്ടുകൊണ്ടിരിക്കുന്ന ത്യജിക്കപ്പെടേണ്ട ദുരാചാരങ്ങള്‍ തുടരുക മാത്രമല്ല അതിന്റെ നായകത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. അതാണ് നമ്മുടെ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നന്ത്യാട്ടുകോവില്‍ ക്ഷേത്രത്തില്‍ പൂജാരി നിലവിളക്ക് കൊളുത്തിയ ഉദ്ഘാടന കര്‍മ്മ ചടങ്ങില്‍ കണ്ടത്. വിദേശ രാജ്യങ്ങളില്‍ മലയാളി സമാജങ്ങളുടെ ഉദ്ഘാടനം മാധ്യമങ്ങളില്‍ പടം വരാനായി പ്രസിഡന്റ് നിര്‍വ്വഹിക്കുന്നതുപോലെ ഒരു മന്ത്രി സദസ്സിലിരിക്കെ പൂജാരി തന്നെ ഉദ്ഘാടനം നടത്തി അദ്ദേഹത്തെ അവഹേളിച്ചു. നമ്മുടെ ജാതി മത അഹങ്കാരം വളരുന്നതിന്റെ തെളിവാണിത്. മന്ത്രിയുടെ വാക്കുകള്‍ അറിവുള്ള മനുഷ്യരില്‍ ക്രോധം വളര്‍ത്തുകതന്നെ ചെയ്യും. സാധാരണ നമ്മള്‍ കണ്ടുവരുന്നത് വിശിഷ്ട വ്യക്തികളാണ് വിളക്ക് കൊളുത്തുക. ഇവിടെ കണ്ടത് ജാതിവ്യവസ്ഥയാണ്. വിളക്ക് കൊളുത്തിയത് പൂജാരിമാര്‍. നാരായണഗുരു പറഞ്ഞതുപോലെ ഇന്നത്തെ ദേവാലയങ്ങളെ വിദ്യാലയങ്ങളാക്കിയാല്‍ ജാതിഭൂത ചിന്തകളില്‍ നിന്ന് മനുഷ്യര്‍ക്ക് മോചനം ലഭിക്കും. ജാതി പറഞ്ഞു ജനത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്നവരെ എന്നാണ് ഇവര്‍ തിരിച്ചറിയുക?
ആറ് ഭൂഖണ്ഡങ്ങളില്‍ ജീവിച്ച അനുഭവത്തിലൂടെ പറഞ്ഞാല്‍ കേരളം സര്‍വ്വ ദുരാചാരങ്ങളുടെ ഒരു കോട്ടയാണ്. ഈ കൂട്ടര്‍ ദൈവത്തിന്റെ നാടിനെ പിശാചിന്റെ നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഇതിന് ആശിര്‍വാദം നല്‍കുന്നത് അല്ലെങ്കില്‍ പോറ്റിവളര്‍ത്തുന്നത് ഇന്ത്യയിലെ ജാതിമത രാഷ്ട്രീയമാണ്. അതിന് കാരണം അധികാരത്തോടുള്ള മലിനമോഹങ്ങളാണ്. അധികാരം നിലനിര്‍ത്താന്‍ എന്ത് കുടിലതന്ത്രങ്ങളും പുറത്തെടുക്കും. ഈ അന്ധവിശ്വാസികള്‍ക്ക് വിശാലമായ ലോകത്തെപ്പറ്റി യാതൊരു അറിവുമില്ല. ഇരുണ്ട ആഫ്രിക്കന്‍ നാടുകളെപോലെ വിശ്വാസങ്ങളുടെ രാജകിയ പ്രൗഢിയില്‍ മന്തുകാലന്റെ കാത്തളപോലെ ജീവിക്കുന്നു. ഇന്ത്യയില്‍ ജാതിമത വിവേചനത്തില്‍ പാവങ്ങള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ജീവിക്കുമ്പോള്‍ വികസിത രാജ്യങ്ങളില്‍ മതത്തേക്കാള്‍ മനുഷ്യന് പ്രാധാന്യം കൊടുക്കുന്നു. ജാതി വ്യവസ്ഥിതിയില്‍ ആരും ഞെരിപിരികൊള്ളാതെ തളിരും തരുമണിഞ്ഞു ജീവിക്കുന്നു. നമ്മള്‍ ആകാശഗോപുരങ്ങള്‍ കീഴടക്കികൊണ്ടിരിക്കുമ്പോള്‍ എവിടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം? ജാതിചിന്ത എന്തുകൊണ്ട് വളരുന്നു? നല്ല പുസ്തകങ്ങള്‍ വായിച്ചു വളരില്ല.
മഴമേഘങ്ങളെ കീറിമുറിച്ചുകൊണ്ട് ചന്ദ്രചൊവ്വയുടെ ഉര്‍വരതയിലേക്ക് ചേക്കേറുമ്പോളും നമ്മള്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല. ഇന്ത്യയെപോലുള്ള ഒരു ദരിദ്രരാജ്യം അല്ലെങ്കില്‍ വളര്‍ച്ചപ്രാപിക്കുന്ന രാജ്യം ശതകോടിക്കണക്കിന് രൂപ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചെലവഴിക്കുമ്പോള്‍ മതബോധത്തേക്കാള്‍ ശാസ്ത്രബോധമുള്ള ഒരു തലമുറയെ എന്തുകൊണ്ടാണ് വാര്‍ത്തെടുക്കാത്തത്? വടക്കേ ഇന്ത്യയില്‍ കാണുന്ന ജാതിമത പ്രീണനങ്ങള്‍ കേരളത്തില്‍ അനുവദിക്കരുത്. അത് അരാജകത്വത്തിലേക്കാണ് ജനത്തെ നയിക്കുക. മുന്‍കാലങ്ങളില്‍ സവര്‍ണ്ണരുടെ മുന്നില്‍ അവര്‍ണ്ണര്‍ വസ്ത്രം ധരിക്കുന്നതും, സ്ത്രീകള്‍ ആഭരണമണിയുന്നതും, മാറുമറയ്ക്കുന്നതും കുറ്റകരമായിരുന്നു. അന്നത്തെ ജീര്‍ണ്ണ സംസ്‌ക്കാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ചില സവര്‍ണ്ണരുടെ ഒളിത്താവളങ്ങളില്‍ ഇന്നും ജീവിക്കുന്നു. ഇവര്‍ ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടാക്കി ബാഹ്യലോകത്തിന് നല്‍കി കൊഴുത്തു തടിക്കുന്നു. റോമന്‍ ചക്രവര്‍ത്തിമാരും ധാരാളം ദൈവങ്ങളെ കെട്ടിയിറക്കി ആരാധിച്ചു. യേശുക്രിസ്തുവിന്റെ വരവോടെ എ.ഡി. മുന്നൂറില്‍ ആ വിഗ്രഹങ്ങളെല്ലാം മണ്ണോട് ചേര്‍ന്നത് യൂറോപ്പിലെങ്ങും കാണാം. ഇന്ന് യൂറോപ്പിലെ പല ക്രിസ്തീയ ദേവാലയങ്ങളും കാടുപിടിച്ചു കിടക്കുമ്പോള്‍ നമ്മള്‍ ആഡംബര ദേവാലയങ്ങള്‍ തീര്‍ത്തു ദൈവത്തെ പ്രസാദിപ്പിക്കുന്നു. ഇങ്ങനെ ദൈവത്തെ പ്രസാദിപ്പിച്ച ബി.സി.യില്‍ ലോകാത്ഭുതമായിരുന്ന ശലോമോന്‍ രാജാവ് തീര്‍ത്ത ജെറുസലേം ദേവാലയം മണ്ണോട് ചേര്‍ന്നത് മറക്കരുത്. മതങ്ങള്‍ പഠിപ്പിക്കുന്നത് ശാസ്ത്രമോ അറിവോ അല്ല മതബോധമാണ്. ഇന്നത്തെ പൂജാരിയും വിശ്വാസിയും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മള്‍ ദൈവത്തിന്റ ഘാതകരാണോ?
ആത്മീയ ജീവിതം മഞ്ഞുതുള്ളിപോലെ പവിത്രമാണ്. ഇരുളില്‍ നിന്ന് പ്രകാശത്തിലേക്ക് വരുന്നത്. അവിടെ ചതി, വഞ്ചന, വൈരാഗ്യം വിദ്വേഷം, അധര്‍മ്മം, വര്‍ഗ്ഗീയത വളരില്ല. ആ ആത്മാനുഭൂതിയുടെ അനുഗ്രഹം അനുഭവിക്കുന്ന മഹര്‍ഷികളെ ഹിമാലയസാനുക്കളില്‍ കണ്ടിട്ടുണ്ട്. ഇങ്ങനെ തീണ്ടലും തോടിലുമായി, സമ്പന്നരായി ജീവിക്കുന്ന പൂജാരിമാരില്‍ നിന്ന് എന്ത് ആത്മീയ അനുഗ്രഹങ്ങളാണ് വിശ്വാസികള്‍ക്ക് ലഭിക്കുക? നമ്മുടെ വിശ്വാസ ചിന്തകളില്‍പോലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താതെ പരമ്പരാഗത വിശ്വാസങ്ങളില്‍ അടിയുറച്ചു പോകുന്നു. എല്ലാം രംഗത്തും ലോകം വളരുമ്പോള്‍ കൂട്ടിലടച്ച തത്തയെപ്പോലെ നമ്മള്‍ ജീവിക്കുന്നു. ജാതിവ്യവസ്ഥിതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അറിവുള്ള മനുഷ്യര്‍ രംഗത്ത് വരണം.
കേരളത്തില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് പണക്കാരന്റെ പിന്നാലെ പത്തുപേര്‍, ഭ്രാന്തന്റെ പിന്നാലെ പത്തുപേര്‍ എന്ന നിലയിലാണ്. മന്ത്രി പറയുന്നതുപോലെ 'പാവപ്പെട്ടവന്റെ പണത്തിന് അയിത്തമില്ല, മനുഷ്യനാണ് അയിത്തം'. സത്യത്തില്‍ ഈ പാവപ്പെട്ടവരില്ലായിരുന്നെങ്കില്‍ ഈ സവര്‍ണ്ണനും സമ്പന്നനും മണ്ണില്‍ ഇന്നുള്ളതുപോലെ കാണില്ലായിരുന്നു. അവരുടെ കനപ്പെട്ട സേവനത്തിന് പ്രതിഫലമായി സ്നേഹവര്‍ഷത്തേക്കാള്‍ ഹൃദയവ്യഥകളാണ് കൊടുക്കുന്നത്. മനുഷ്യനെ അനാഥമാക്കിക്കൊണ്ടിരിക്കുന്ന ജാതിചിന്ത ഒരു സാമൂഹ്യവൈകൃതമാണ്, അത്യാചാരമാണ്. ഇനിയും ഈ വിഷവിത്ത് കേരളത്തില്‍ വളരരുത്. ഭ്രാന്താലയം പുനര്‍ജ്ജനിക്കരുത്.