Image

പോര്‍ച്ചുഗലിന്റെ വീഥികളിലൂടെ...(വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 24 September, 2023
പോര്‍ച്ചുഗലിന്റെ വീഥികളിലൂടെ...(വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ പല വിദേശ യാത്രകള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗലിലേക്കുള്ള ഈ പ്രാവശ്യത്തെ യാത്രയ്ക്ക് എന്തോ ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെട്ടു. യാത്ര ചെയ്യാന്‍ പണ്ടുമുതലേ ആഗ്രഹിച്ചിരുന്ന ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിലെ ഒരു പ്രത്യേകം രാജ്യം കൂടിയായിരുന്നു പോര്‍ച്ചുഗല്‍.
    
യൂറോപ്പിലെ ടാഗസ് നദിയുടെ തീരജനപദങ്ങളിലൂടെ കാലുകള്‍ പരതുന്ന ഒരുവനു ആ നിളയെ തൊട്ടുരുമ്മി ലാസ്യ ഭാവത്തില്‍ ഏഴുമലകളുടെ മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ ഇന്നും സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെയാണ് ടാഗസ് നദിയും, അറ്റ്‌ലാന്റിക് സമുദ്രവും കൂട്ടിമുട്ടുന്നത്. ലിസ്ബണിന് ബ്രോണ്‍സ് യുഗത്തിന് മുമ്പ് തന്നെ മനുഷ്യാധിവാസം ഉള്ളതായി പറയപ്പെടുന്നു. ബി.സി എണ്ണൂറാമാണ്ടിന് മുമ്പ് തന്നെ ഫിനീഷ്യന്‍സും, മറ്റും അധിവാസം ഉറപ്പിച്ചിരുന്ന ആ പട്ടണത്തിനെ അന്നു 'ആലിസ് ഊബോ' എന്നും പിന്നീടതു ലിസ്ബണ്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ഇതല്‍പ്പം ചരിത്രം !
    
ലിസ്ബണെ 'ലിസ്‌ബോ' (ഘശയെീമ) എന്നാണ് പോര്‍ച്ചുഗ്രീസ് ഭാഷയില്‍ അറിയപ്പെടുന്നത്. ലിസ്ബണിന്റെ പഴയ തെരുവോരങ്ങളെല്ലാം ഇപ്പോഴും ഗതകാല പ്രൗഡിയും, സ്മരണകളും വിളിച്ചോതുന്ന രാജവീഥികളാണ്. എവിടെ നോക്കിയാലും ടൂറിസ്റ്റുകളുടേയും, ടൂറിസ്റ്റ് ബസ്സുകളുടേയും  തിക്കും തിരക്കും ! അവരുടെ വരുമാനത്തിന്റെ പതിനേഴ് ശതമാനവും ടൂറിസത്തില്‍ നിന്നുതന്നെ. ഈ സംസ്‌കാരത്തിന്റെ പശ്ചാത്തലം എടുത്തു കാട്ടുന്ന അവരുടെ സംഗീതം  'ഫാഡോമ്യൂസിക്'- അതിന്റെ വരികളും ഹൃദയ സ്പര്‍ശിയായ സംഗീതവും, ആലാപനവും ഈ ജനതയുടെ ആത്മാവിനെ, എപ്പോഴും തൊട്ടുണര്‍ത്തുന്നവയാണ്. മീഡീവല്‍ കാലത്തിന്റെ സ്മരണകള്‍ ഇപ്പോഴും അയവിറക്കുന്നുണ്ടെങ്കിലും, സിറ്റി ഇപ്പോള്‍ തികച്ചും മോഡേണ്‍ ആണ്.
    
കേരളക്കാരനു പോര്‍ച്ചുഗലുമായി ഒരു നാഭീനാളബന്ധമുണ്ട്. പോര്‍ച്ചുഗല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ഒരു സാദാ മലയാളിയുടെ മനസില്‍ ഓടിയെത്തുന്നത് വാസ്‌കോ ഡ ഗാമയുടെ പേരായിരിക്കും. ആഫ്രിക്കന്‍ മുനമ്പ് ചുറ്റി മാസങ്ങളോളം കരയിലും, കടലിലുമുള്ളവരുമായി മല്ലടിച്ചു 'തണ്ടുവലിച്ചവന്‍' - ഒടുവില്‍ കോഴിക്കോട് വന്ന് തമ്പടിച്ച സാഹസീകനായ ഒരു കപ്പല്‍ യാത്രികന്‍ ! കറുത്ത സ്വര്‍ണ്ണവും (കുരുമുളക്), കറുവാപ്പട്ടയും, ചന്ദനവും തേടിവന്ന സാഹസീകതയുടെ കഥപറയുന്നവരുടെ അമരക്കാരന്‍ ! എന്നാല്‍ ഇന്ത്യയെപ്പറ്റി ഏതാണ്ട് ഒരു ധാരണയുമായി മാത്രം യാത്ര തിരിച്ച കൊളംബസിനുപോലും വഴിതെറ്റിപ്പോയിടത്താണ് വാസ്‌കോ ഡ ഗാമ വിജയം വരിച്ചത്. പിന്നീട് ഇന്ത്യയില്‍ വൈസ്രോയി ആയതും, കൊച്ചിയില്‍ മലേറിയ ബാധിച്ച് കിടന്ന് മരിച്ചതും, തന്റെ ശേഷിപ്പു വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും ലിസ്ബണില്‍ തന്നെ കൊണ്ടുപോയി ശേഷക്രീയ നടത്തിയതുമൊക്കെ ചരിത്രമാണല്ലോ ?
    
ഒരു കാലത്തു കപ്പല്‍ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായിരുന്ന പോര്‍ച്ചുഗലിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളെല്ലാം തന്നെ പൈന്‍ മരങ്ങളെക്കൊണ്ടു നിബിഡമായിരുന്നു. കപ്പല്‍ നിര്‍മ്മാണത്തിനു കൂടുതലായും അന്നവര്‍ ഉപയോഗിച്ചിരുന്നതു പൈന്‍ മരങ്ങളായിരുന്നു. എന്നാല്‍ പണ്ടത്തേപ്പോലെ കപ്പല്‍ യാത്രയും, കപ്പല്‍ നിര്‍മ്മാണവും ഇല്ലാത്തതിനാല്‍ പൈന്‍ മരങ്ങളുടെ സ്ഥാനത്തു യൂക്കാലിപ്പിറ്റ്‌സ് മരങ്ങള്‍ പള്‍പ്പുല്പാദനത്തിനായി വച്ചു പിടിപ്പിച്ചിരിക്കുന്നു. തൊണ്ണൂറു ശതമാനം വനസമ്പത്തും സ്വകാര്യ ഉടമസ്ഥതയിലുള്ളത്.
    
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്റെ അഞ്ച് വന്‍കരകളിലും അവരുടെ സാന്നിദ്ധ്യം അറിയിച്ചതു കൊണ്ടായിരിക്കുമോ എന്തോ മറ്റു വംശങ്ങളും വര്‍ഗങ്ങളുമായി നല്ല സൗഹൃദവും, സഹിഷ്ണതയും കാട്ടുന്നതായി തോന്നി. മറ്റു രാജ്യങ്ങളില്‍ കാണുന്നതിലും കൂടുതല്‍ ഇന്റര്‍റേഷ്യല്‍ കപ്പിള്‍സിനെ കാണാനിടയായി. അവിടുത്തെ 'ഒലീവു' നിറമുള്ള യുവതീ യുവാക്കളുടെ സൗന്ദര്യം എടുത്തു പറയേണ്ടവയാണ്. അവരുടെ സുന്ദരിമാരെ കണ്ടപ്പോള്‍ വില്ലീ നെല്‍സന്റെ  'എയ്ഞ്ചല്‍സ് ഫ്‌ളൈയിംഗ് റ്റൂ ക്ലോസ്റ്റു ദ ഗ്രൗണ്ട്... ' എന്ന ഫേമസ് നമ്പര്‍ ഓര്‍ത്തുപോയി. അവിടുത്തെ വൃക്ഷലതാദികള്‍ക്കും വളരെയധികം സൗന്ദര്യം ഉള്ളതുപോലെ, പലതും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നു നട്ടു പിടിപ്പിച്ചവകള്‍. എന്തിനേറെ പറയുന്നു ഇന്നത്തെ പോര്‍ച്ചുഗ്രീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റാ തന്നെ ഗോവന്‍ വേരുള്ളവന്‍. അദ്ദേഹത്തിന്റെ പിതാവിന്റെ സിരകളില്‍ കൂടി ഓടിയിരുന്ന രക്തത്തില്‍ ഇന്ത്യന്‍ മണ്ണിലെ ഇരുമ്പിന്റെ അംശം. ഇന്ത്യാക്കാരുടെ എന്തോ ഓരോര്‍മ്മ ആ മണ്ണിന്റെ വായുവില്‍ അനുഭവപ്പെട്ടു. ഒരു തായ് റെസ്‌റ്റോറന്‍ഡില്‍ ഡിന്നര്‍ കഴിക്കാന്‍ ചെന്ന ആദ്യത്തെ കപ്പിള്‍ ഞങ്ങളായിരുന്നു. അവിടെ ബോളീവുഡ് സംഗീതം ചെവിപൊട്ടുമാറ് തകര്‍ക്കുകയാണ്. ഞങ്ങളെ കണ്ടപ്പോള്‍ ഉടനെ തന്നെ അവരുടെ തനതായ കുണുങ്ങി കുണുങ്ങിയുള്ള 'നേസല്‍ വോയ്‌സ് സംഗീതം' ഓണാക്കി.
    
അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, കൊളംബസ്, ആഫ്രിക്കന്‍ ഇരുണ്ട ഭൂമണ്ഡലത്തിലേക്കു നരഭോജികളെത്തേടിയുള്ള മിഷനറികൂടെയായിരുന്ന ഡോ: ഡേവിഡ് ലിവിംസ്റ്റന്‍, വാസ് കോ ഡ ഗാമ എന്നീ ധൈര്യശാലികളുടെ യാത്രകള്‍ക്കു ലഭിച്ചിരുന്ന ആ ചോദന എന്ത് എന്നു ചരിത്രം പഠിക്കുന്ന ഒരു ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയെ ആശയക്കുഴപ്പത്തിലാക്കുന്നവയാണ്. കേട്ടറിവു മാത്രമുള്ള ഒരു രാജ്യത്തേക്കു, അന്നത്തെ കാലത്തു, പലരാജ്യങ്ങളില്‍ കൂടെ, കടലില്‍ കൂടെ അതതു രാജ്യങ്ങളുമായി മല്ലടിച്ചു 'ലോകം വെട്ടിപ്പിടിക്കുക' എന്നൊരു വ്യഗ്രതയില്‍ ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സാധ്യതകളൊന്നുമില്ലാതെ, പ്രവചനാധീതമായ ഇളകി മറിയുന്ന സാഗര തിരമാലകളെ വെട്ടിമുറിച്ചുകൊണ്ട്, ഇത്രയും പേര്‍ക്കു ആഹാര പദാര്‍ത്ഥങ്ങള്‍ പാകം ചെയ്തു, രോഗങ്ങളെ അതിജീവിച്ചു, ഇന്നത്തെപ്പോലെ ഇടയ്ക്കു നിര്‍ത്തി കൊക്കക്കോളയോ, ബോട്ടില്‍ഡ് വാട്ടറോ, വാങ്ങിക്കുടിക്കാന്‍ ഒരു സെവന്‍ ഇലവനോ, സര്‍ക്കിള്‍കെയോ പോലും ചിന്തിക്കാന്‍ മേലാത്ത സാഹചര്യത്തില്‍, മാസങ്ങളും, വര്‍ഷങ്ങളും കടലില്‍ കഴിഞ്ഞു, ഒരു തിരിച്ചു പോക്കുതന്നെ സാധ്യമാകുമോ എന്നു നിശ്ചയമില്ലാതെ നടത്തിയ സാഹസീക യാത്രയ്ക്കു കിട്ടിയ പ്രചോദനത്തിന്റെ മാനദണ്ടമെന്തെന്നു എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല. ഇന്നു, വളരെ സുഖകരമായി യാത്ര ചെയ്യാവുന്ന ആധുനീക സൗകര്യങ്ങളൊക്കെയുള്ള നീണ്ട വ്യോമയാത്രയുടെ കാര്യമോര്‍ക്കുമ്പോള്‍ തന്നെ അല്പം മടുപ്പ് തോന്നാറുണ്ട്. അപ്പോള്‍ അന്നത്തെ ആ സാഹചര്യം വച്ചു നോക്കുമ്പോള്‍...? പണ്ടു കാലത്ത് യാത്ര ചെയ്യില്ലെങ്കിലും എയര്‍ പോര്‍ട്ടില്‍ ചുമ്മാ പോകുന്നതുപോലും ഒരു നല്ല അനുഭൂതിയായിരുന്നു. ഇന്നോ...? ഭീകരവാദത്തിന്റെ 'അധമസംസ്‌കാരം' അന്നും, ഇന്നും, മേലിലും ലോകര്‍ മുഴുവന്‍ അനുഭവിക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ രണ്ടംഗ എക്‌സ്പഡീഷന്‍ സംഘം ലിസ്ബണിലേക്കു വിമാനം കയറി.
    
ഈ നാട്ടില്‍ എണ്ണൂറില്‍പ്പരം വര്‍ഷം മൂഴ്‌സ് (അറബികള്‍) അതിക്രമിച്ചു കയറി അടിമപ്പെടുത്തി ഭരിച്ചു. ക്രിസ്ത്യാനികളുടെ പള്ളികളുടെ മുകളില്‍ അവര്‍ താഴികക്കുടം നിര്‍മ്മിച്ചു. എന്നാല്‍ കാലക്രമേണ ക്രിസ്ത്യാനികള്‍ (കത്തോലിക്കര്‍) ആ താഴികക്കുടങ്ങളൊക്കെയും ഇടിച്ചു നിരത്തി വീണ്ടും കത്തീഡ്രലാക്കി അതിനു മുകളില്‍ വലിയ കുരിശുകള്‍ സ്ഥാപിച്ചു. മൂഴ്‌സിനെ അവിടെ നിന്നും ഒരു തരിപോലുമില്ലാതെ ആട്ടിപ്പായിച്ചു. എങ്കിലും മൂഴ്‌സ് നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും, ചരിത്ര സ്മാരകങ്ങളും ഇന്നും ഒരു ഗതകാല സ്മരണയായി ആ നാട്ടില്‍ തലയുയര്‍ത്തിപിടിച്ചു നില്‍പ്പുണ്ട്.
    
ആര് എന്തു പറഞ്ഞാലും ലോക സുവിശേഷീകരണം അന്നും, ഇന്നും, എന്നും പാശ്ചാത്യരുടെ അജണ്ടയിലെ ഒരു പ്രധാന ഘടകം ആണല്ലോ. ഈ രാജ്യം പള്ളികളുടെ നാടാണോ എന്നു തോന്നിപ്പോവും. എവിടെ നോക്കിയാലും പ്രാചീന മനുഷ്യന്റെ കരവിരുതും, ഇച്ഛാശക്തിയും വിളിച്ചോതുന്ന കത്തീഡ്രലുകള്‍., മൊണാസ്ട്രികള്‍, കെട്ടിട സമുച്ഛയങ്ങള്‍! ജെറോ നിമസ് മൊണാസ്ട്രി പണിതു തീര്‍ക്കാന്‍ ഒരുനൂറുവര്‍ഷം വേണ്ടി വന്നു എന്നു കേട്ടിട്ടുണ്ട്. എന്തിനാണു ഈ ദേശത്തു ഇത്രമാത്രം കത്തീഡ്രലുകള്‍ എന്നു സ്വയം ചോദിച്ചുപോയി. ചിലപ്പോള്‍ െ്രെകസ്തവ മേല്‍ക്കോയ്മ എടുത്തുകാട്ടാന്‍ വേണ്ടിയായിരിക്കാം. അവരുടെ പണ്ടത്തെ കുപ്പായത്തിന്റെ മദ്ധ്യത്തില്‍, തൊപ്പികളില്‍, കിരീടങ്ങളില്‍, ബില്‍ഡിംഗുകളിലെല്ലാം കുരിശിന്റെ അടയാളങ്ങള്‍. ഒരു വൈദികന്‍ പറഞ്ഞതു, ഒരു കാലത്ത് പോര്‍ച്ചുഗലില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒരു കത്തോലിക്കനായിരിക്കണം എന്നായിരുന്നു. ഇന്നും തെക്കേ അമേരിക്കയിലെല്ലാം സ്പാനിഷു സംസാരിക്കുമ്പോള്‍ പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഒരേയൊരു തെക്കേഅമേരിക്കന്‍ രാജ്യം ബ്രസീല്‍ മാത്രമാണ്.
    
കോയിന്‍ബ്രോ സിറ്റിയില്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ എന്റെ സമീപത്തു തന്നെ ഇരിപ്പുറപ്പിച്ച ഒരു ഫിലിപ്പീനോ നമ്മുടെ നാടന്‍ മത്തി (സാര്‍ഡീന്‍) പൊരിച്ചതു കഴിക്കുന്നതു കൗതുകത്തോടെ ഞാന്‍ നോക്കിയിരുന്നു പോയി. നമ്മുടെ നാട്ടില്‍ അമ്മച്ചിമാര്‍ അയയില്‍ തുണി ഉണക്കാന്‍ തൂക്കിയിടുന്ന പോലെ അഞ്ചെട്ടു മത്തി വറുത്തതു അയയിലെന്നവണ്ണം തൂക്കിയിട്ടു ഒരു പാത്രത്തില്‍ അയാളുടെ തീന്‍മേശയില്‍ കൊണ്ടുവന്നതു കണ്ടപ്പോള്‍ മണ്‍മറഞ്ഞുപോയ എന്റെ മാതാവിന്റെ കിച്ചനിലെ ആ പഴയ ഓര്‍മ്മകളാണു തേടിയെത്തിയത്. ആ മത്തികള്‍ അയാള്‍ വാലറ്റം മുതല്‍ തല വരെ ' കറുമുറാ ' കടിച്ചാസ്വദിക്കുന്നതു കണ്ടപ്പോള്‍...?!.  ഏതു സസ്യഭുക്കിനേയും മോഹിപ്പിക്കുന്ന അല്ലാ, പ്രലോഭിപ്പിക്കുന്ന മണമായിരുന്നു ആ റെസ്‌റ്റൊറന്റിന്റെ മേല്‍ക്കൂരയ്ക്കു കീഴില്‍.
    
മത്തി അല്ലെങ്കില്‍ സാര്‍ഡീന്‍ പണ്ടുകാലം മുതലേ പോര്‍ച്ചുഗീസ് കാരുടെ തീന്‍ മേശയിലെ ഒരു വിശിഷ്ട വിഭവമാണ്. അവര്‍ മത്സ്യ സമ്പത്തു തേടി തെക്കേ അമേരിക്കമുതല്‍ വടക്കേ അമേരിക്കയിലും പ്രത്യേകിച്ചു ക്യാനഡയിലും വരെ വന്നതു ചരിത്രമാണല്ലോ ? സാര്‍ഡീന്‍ എന്ന നമ്മുടെ മത്തിക്കു പേരു ലഭിച്ചതു 'സാര്‍ഡീനിയ ' എന്ന ഇറ്റാലിയന്‍ ദ്വീപിന്റെ ചുറ്റുപാടും സുലഭമായി കിട്ടുന്ന ഒരു മത്സ്യമായതിനാലാണെന്നു പറയപ്പെടുന്നു. എന്നാല്‍ സാര്‍ഡീന്‍ ഈ ദ്വീപിനു ചുറ്റും ധാരാളമായി കാണപ്പെടുന്നതിനാല്‍ ആ സ്ഥലത്തിനു സാര്‍ഡീനിയ എന്ന പേരു ലഭിച്ചു എന്നും വാദമുണ്ട്. എന്നാല്‍ ആദ്യത്തെ വാദമാണു കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
    
മറ്റൊരു സിറ്റിയായ നാസറേ (നാസറേത്ത്) യിലെ കടലോരത്തു നമ്മുടെ നാട്ടിലെപ്പോലെ മത്സ്യം ഉണങ്ങാന്‍ ഇട്ടിരിക്കുന്നതു ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു. ചിലപ്പോള്‍ വാസ് കോ ഡ ഗാമ നമ്മുടെ നാട്ടില്‍ നിന്നും അടിച്ചു മാറ്റിയ ഒരു സമ്പ്രദായമോ, അല്ലെങ്കില്‍ അതിയാന്‍ കേരളത്തിനു സംഭാവന ചെയ്ത സമ്പ്രദായമോ അല്ലെന്നു ഇപ്പോള്‍ പറയാന്‍ മേല - ഗവേഷണം വേണ്ടിയിരിക്കുന്നു. 16-ാം നൂറ്റാണ്ടില്‍ അവര്‍ കൊണ്ടുവന്ന മുളക് നമുക്ക് മറക്കാന്‍ പറ്റില്ലല്ലോ ! അവര്‍ നമ്മളെ മുളക് തിന്നാന്‍ പഠിപ്പിച്ചു. ഭൂമിശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കു ഭൂമിയുടെ ഫോര്‍മേഷനെപ്പറ്റി പഠിക്കാന്‍ സംഗതമായ ഭൗമസ്ട്രാറ്റായുടെ ഒരു വലിയ ദൃശ്യം ഈ കടലോരത്തുണ്ട്. 
    
കരമാര്‍ഗ്ഗം സഞ്ചരിക്കുന്ന, പോവുന്നിടത്തെല്ലാം മഴ നനയാതിരിക്കാന്‍ മുതുകത്തു താജ്മഹലിന്റെ താഴികക്കുടം പോലുള്ള സ്വന്തം വീടു ചുമന്നുകൊണ്ടുപോവുന്ന ഒച്ചിനെ ഭക്ഷിക്കുന്നവര്‍ കൂടെയാണു  പോര്‍ച്ചു ഗീസുകാര്‍. ആഫ്രിക്കന്‍ വന്‍കരയിലെ ഒച്ചും, യൂറോപ്പിലെ ഗാര്‍ഡന്‍ ഒച്ചും, ടര്‍ക്കിയിലെ ഒച്ചും, റോമന്‍ ബര്‍ഗണ്ടി ഒച്ചും ഒക്കെ യൂറോപ്യന്‍സിന്റെ വിശിഷ്ട ആഹാര വിഭവങ്ങളായിട്ടാണു അറിയപ്പെടുന്നത്. മൊളസ്‌ക്കന്‍ കുടുംബക്കാരായ ഈ വിശിഷ്ട വിഭവത്തെ ഫ്രഞ്ചുകാര്‍ എസ്‌ക്കാര്‍ഗോ എന്ന് ഓമനപ്പേരില്‍ വിളിക്കുന്നു.
    
അവിടുത്തെ ചില്ല് അലമാരകളില്‍ നമ്മുടെ നാടന്‍ ചായക്കടയിലെ പഴംപൊരിയേ അനുസ്മരിക്കുന്ന പലഹാരങ്ങള്‍ നിരത്തി അടുക്കി വച്ചിരിക്കുന്നതു റോഡിന്റെ ഓരം ചേര്‍ന്നു നടന്നു പോവുന്നവനെ മാടിവിളിക്കുന്നവയാണ്. പല ഫുഡ് സ്റ്റാളുകളില്‍ നമ്മുടെ നാടന്‍ സമോസായും കാണാനിടയായി. സമോസായെ അവര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു, നോണ്‍വെജ്ജാണെന്നു മാത്രം!
    
ഒരു ഒന്നിനോ, രണ്ടിനോ (ബയോബ്രേക്ക്) പോകുന്നവന്‍ ഡബ്ലു.സി (ം.ര) എന്താണെന്നു നേരത്തെ തന്നെ അറിഞ്ഞിരുന്നില്ലായെങ്കില്‍ പണി പാളും ! ചിലപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ 'ഒന്നുക്കു പോയവന്‍ രണ്ടും കഴിഞ്ഞു വെള്ളം തൊടാതിങ്ങു വന്നു കരേറിനാന്‍...' എന്ന ഗതിയിലാവും. ടോയ് ലറ്റ്, റെസ്റ്റ് റൂം, ബാത്ത് റും എന്നൊക്കെ ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തി കാണിക്കും. ഡബ്ലു.സി എന്താണെന്നു ചോദിച്ചപ്പോഴാണറിയുക, വാട്ടര്‍ ക്ലോസറ്റ് എന്നാണത്രെയെന്ന്. പത്തൊന്‍ പതാം നൂറ്റാണ്ടിനു മുമ്പ് ടോയ് ലറ്റ് ടിഷ്യു പേപ്പര്‍ കണ്ടു പിടിക്കുന്നതിനും മുമ്പും യൂറോപ്യന്മാര്‍ വെള്ളത്തെയായിരുന്നു 'അനന്തരകര്‍മ്മത്തിനു' (ശൗച്യം) ആശ്രയിച്ചിരുന്നത്. ഇന്നവരുടെ മട്ടും, ഭാവവും കണ്ടാല്‍  'എന്തു വാട്ടര്‍ ക്ലോസറ്റെടേ '...? അവര്‍ക്കിതൊന്നുമറിയത്തേയില്ല എന്ന കാപട്യത്തിലാണവര്‍. ഒരു കാര്യം കൂടെ ഓര്‍മ്മിപ്പിക്കട്ടെ; അങ്ങിനെ ഡബ്ലു.സി തേടി  പോവുന്നവരുടെ എളിയില്‍ ഒരു അന്‍പതു പൈസാ തുട്ടും (യൂറോ) തിരികിയിരിക്കുന്നതു നന്നായിരിക്കും... ഒന്നും ഫ്രീയല്ലിവിടെ... ജെസ്റ്റ് റിമമ്പര്‍ ദാറ്റ് !
    
പോര്‍ച്ചുഗലിലേക്കോ, മറ്റു യൂറോപ്യന്‍ (ഈ.യു) രാജ്യങ്ങളിലേക്കോ വിമാനം കയറുന്നവന്‍ കുറേ യൂറോ കൂടെ കരുതിയിരിക്കുന്നതു നന്നായിരിക്കും. അമേരിക്കയിലെ ഏതെങ്കിലും ബാങ്കില്‍ ഒരാഴ്ച മുമ്പെങ്കിലും തുക അടച്ചാല്‍ തത്തുല്യമായ യൂറോ തപാല്‍ വഴി അയച്ചു തരും. അതല്ലാ, അവിടെ ചെന്നു ഡെബിറ്റ് കാര്‍ഡ് എ.റ്റി.എം മെഷീനില്‍ ഇട്ടാല്‍ ചിലയിടങ്ങളില്‍ മുപ്പതു ശതമാനം വരെ ഫീസ് അവര്‍ ഈടാക്കും. ജെസ്റ്റ് റിമമ്പര്‍ ദാറ്റ് റ്റൂ!
    
ഒരു ഗ്രൂപ്പിന്റെ കൂടെ പോവാന്‍ ആഗ്രഹമില്ലാത്തവര്‍ക്കു സ്വയമായി അവിടെ ചെന്നു ഒരു ഓട്ടോ റിക്ഷാ (റ്റുക്ക് റ്റുക്ക്) വാടകയ്ക്ക് എടുത്താല്‍ അതിന്റെ ഓപ്പറേറ്റര്‍ തന്നെ പോകുന്നിടത്തെ കാഴ്ചകളൊക്കെ വിവരിച്ചു തരും.
    
അവിടുത്തെ മനുഷ്യരേയും, സംസ്‌കാരവും കാലാവസ്ഥയും, ഓട്ടോറിക്ഷയുമെല്ലാം കണ്ടപ്പോള്‍ ഇന്ത്യയിലെ ഏതോ ഒരു വലിയ പട്ടണത്തിലാണോ നില്‍ക്കുന്നതെന്നു അല്പനേരത്തേക്കു ഓര്‍ത്തുപോയി.
    
ഇപ്പോഴും മീഡീവല്‍ സിറ്റിയുടെ യഥാര്‍ത്ഥ പ്രതീകം കാണണമെങ്കില്‍ പോര്‍ട്ടോയില്‍ തന്നെ പോവണം. പൗരാണികത നിലനിര്‍ത്താന്‍, എടുത്തു കാട്ടാന്‍ പെയിന്റടിക്കാതെ നിര്‍ത്തിയിരിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ ! പോര്‍ട്ടോയിലെ വൈന്‍ മേല്ത്തരവും, ലോകോത്തരവുമാണ്. 'വൈന്‍ ടേസ്റ്റിംഗ്'എന്നൊരു പരിപാടിയും ഞങ്ങളുടെ ടൂറിന്റെ ഒരു ഭാഗമായതിനാല്‍ കേരളാ ഗവണ്‍മെന്റിന്റെ ബവറേജ് ഔട്‌ലെറ്റിനു മുന്‍പില്‍ നില്‍ക്കുന്നവനെപ്പോലെ ആ ലൈനില്‍ ചെന്നു നിന്നു. ആ വൈനറിയിലെ ഒരു നടത്തിപ്പുകാരന്‍ ചുവന്നതും, വെളുത്തതുമായ (വൈറ്റ് വൈന്‍) വൈനിന്റെ മേന്മകളേപ്പറ്റി ഒരു പ്രസംഗം തന്നെ നടത്തി. എന്റെ വാമഭാഗം ഒന്നു രുചിച്ചുനോക്കിയിട്ടു അവരുടെ രണ്ടു ഗോബ്ലെറ്റു വൈന്‍ കൂടെ എന്റെ നേരെ നീട്ടി. ജീവിതത്തില്‍ ഒരിക്കലും ബീയറോ, വൈനോ, സ്വര്‍ണ്ണ നിറമുള്ള മറ്റു സെലസ്റ്റ്യല്‍ പാനീയങ്ങളോ കുടിക്കാത്ത ഞാന്‍ ആ നാലു ഗോബ്‌ളറ്റു വൈനും റ്റീവിയില്‍ കാണുന്നതുപോലെ കൈയ്യിലിട്ടു വട്ടം കറക്കി, ഒന്നു മണത്തിട്ടു ഒറ്റ വീര്‍പ്പിനു അകത്താക്കി - ആദ്യമായ് ! ചുവപ്പും, വെളുപ്പുമായ ആ ദ്രാക്ഷാ രസം നിമിഷ നേരത്തിനകം എന്റെ സിരകളില്‍ കൂടെ അതിവേഗം ഇരച്ചു കയറി. ആ ദ്രാക്ഷാ രസം രണ്ടു മണിക്കൂര്‍ നേരത്തേക്കു എന്നെ 'എയറിലാക്കി' ! ഞാന്‍ വീണ്ടും ഞാനായി തിരികെ വരാന്‍ സമയമെടുത്തെന്നു വേണമെങ്കില്‍ പറയാം.
    
കാലാവസ്ഥാപരമായി നോക്കിയാല്‍ ഓഗസ്റ്റിലെ ഫ്‌ളോറിഡാ സൂര്യനേക്കാള്‍ പോര്‍ച്ചു ഗീസുകാരുടെ സൂര്യനാണോ കൂടുതല്‍ താപ തീഷ്ണത എന്നു സംശയിച്ചു പോയി. രാവിലെ തുടങ്ങി വൈകുന്നേരം വരെ കുത്തനെയുള്ള ലൈംസ്‌റ്റോണ്‍ - ബസാള്‍റ്റിക് കല്ലുകള്‍ പാകിയ മിനുസമുള്ള നടപ്പാതകളിലെ നടത്തം ശ്രമകരമാവും, ആയാസരഹിതമാവുമായിരുന്നു. എങ്കിലും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ജലപ്പരപ്പിനെ തൊട്ടുതലോടി പറന്നുവരുന്ന ഇളം തെന്നല്‍ ക്ഷീണം ബാധിച്ച ഞങ്ങളുടെ മുഖത്തെ തഴുകിക്കൊണ്ടേയിരുന്നു.
    
ഏതൊരു ദേശത്തിന്റെയും ഹൃദയത്തെ തൊട്ടറിയണമെങ്കില്‍ ആ ദേശത്തിന്റെ ഉള്‍നാടന്‍ ഇടവഴിയിലൂടെ നടക്കണമെന്നല്ലേ പറയുന്നത്. പത്തു ദിവസങ്ങളോളം നീണ്ടു നിന്ന ലിസ്ബണ്‍, നാസറേ, സിന്റാ, ഓബിഡോസ്, റ്റോമാര്‍, ഫാത്തിമാ, കോയിന്‍ബ്രോ, പോര്‍ട്ടോ, അവീറോ അങ്ങിനെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പോര്‍ച്ചു ഗലിന്റെ വീഥികളിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി....
    ഓബ്രിഗാഡോ - അറ്റേ ലോഗോ !  

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക