Image

ഇ.പിയും സജിയും സോളാറില്‍ ഫ്യൂസാകാതെ...  (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 25 September, 2023
ഇ.പിയും സജിയും സോളാറില്‍ ഫ്യൂസാകാതെ...  (കെ.എ ഫ്രാന്‍സിസ്)

നോക്കണേ, എല്ലാ ഗുലുമാലുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഇ.പി ജയരാജനെയും മന്ത്രി സജി ചെറിയാനെയും കുടുക്കാനാണ് കേന്ദ്ര ഏജന്‍സിയുടെ ശ്രമം! ഹൈബി ഈഡനു സരിതയുമായി ബന്ധമില്ലെന്ന് തെളിയിക്കുന്നതിനിടെയാണ് കേന്ദ്ര ഏജന്‍സി ഈ രണ്ടു പേരെയും സംശയത്തിന്റെ  നിഴലിലാക്കിയത്. സി.പി.എമ്മിന്റ്‌റെ എല്ലാ ഓപ്പറേഷനും നടത്തുന്ന രണ്ടുപേരെ കളങ്കിതരാക്കുകയാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. 

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ കേരളത്തിലെ സഹകരണ ബാങ്കുകളും ചില ട്രസ്റ്റുകളും തമ്മില്‍ വലിയ മത്സരം നടക്കുകയാണ് എന്ന മട്ടിലാണ് ഇ.ഡിയുടെ പ്രചാരണം! അതായത് സി.പി.എമ്മിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും അവര്‍ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തുന്നു. ഇതില്‍ സി.പി.എമ്മിന്റേത് വെറും തട്ടിപ്പും വെട്ടിപ്പും മാത്രം. പോപ്പുലര്‍ ഫ്രണ്ടിന്റേത് ദേശവിരുദ്ധ പ്രവര്‍ത്തനവുമാണ്, അതാണ് വ്യത്യാസം! ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തുന്ന സി.പി.എമ്മിനെ തേജോവധം ചെയ്യാനാണ് ഇ.ഡിയുടെ ശ്രമമെന്ന് സഖാക്കള്‍ പറയുമ്പോള്‍, തങ്ങളെ വര്‍ഗ്ഗപരമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമെന്ന് ഫ്രണ്ട് പ്രവര്‍ത്തകരും പറയുന്നു. ഇ.ഡി  പറയുന്നതാകട്ടെ ഫ്രണ്ട് നേതാക്കളുടെ സ്ലീപ്പിംഗ് സ്‌കോഡ് ട്രസ്റ്റുകളുണ്ടാക്കി അതിന്റെ മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ്. സി.പി.എമ്മുകാര്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മറയാക്കുന്നു എന്നാണ് അധിക്ഷേപം. എന്തായാലും ഇരുകൂട്ടരും ഡീല്, ചെയ്യുന്നത് കള്ളപ്പണം തന്നെ. 

കണ്ണേ, കണ്ണാ, നേതാവേ : 

തൃശ്ശൂരിലെ എം.കെ കണ്ണന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ്. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും കേരളാ ബാങ്കിന്റെ വൈസ് പ്രസിഡന്റുമാണ് കണ്ണന്‍. ആ കണ്ണനെയും  കള്ളപ്പണ ഇടപാടില്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി ഇന്ന്  കൊച്ചി ഓഫീസിലേക്ക്  വിളിപ്പിച്ചു. എ.സി മൊയ്തീനെ  ഒന്നുകൂടി വിളിപ്പിക്കും പോലും. രണ്ടുപേരും സി.പി.എമ്മിന്റെ  ഉന്നതരും സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളുമാണ്. പാര്‍ട്ടിക്കെതിരെ ഇ.ഡി നിന്നാല്‍, സഖാക്കള്‍ക്കും ഇ.ഡിയ്ക്കെതിരെ നില്‍ക്കാതിരിക്കാനാകുമോ ? അതെങ്ങനെ വേണമെന്നാണ് ഇനി തീരുമാനിക്കാനുള്ളത്. 

സൂര്യപുത്രീ... :

ഹൈബി ഈഡനെ സൂര്യപുത്രീയായ സരിതയുടെ മായാവലയത്തില്‍ നിന്ന് മോചിപ്പിച്ച സി.ബി.ഐ പ്രതി സ്ഥാനത്തേക്കോ, സോളാര്‍ കേസിലെ ഗൂഢാലോചന കേസിലേക്കോ  ഇ.പി ജയരാജനെയും മന്ത്രി സജിയേയും കൂട്ടി കൊണ്ടു വരാനുള്ള ഗൂഢാലോചനയുള്ളതു പോലെയില്ലേ ഇന്നത്തെ പത്രം വായിച്ചാല്‍? ഒരു പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്തു അധികാരത്തില്‍ കൊണ്ടു വന്നാലല്ലേ  കോണ്‍ഗ്രസില്‍  അസംതൃപ്തരായ എണ്ണം പറഞ്ഞ ഹിന്ദുക്കളെ ആകര്‍ഷിച്ചു കേരളത്തിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാറിനെ  അധികാരത്തിലേറ്റാമെന്ന് അമിത്ഷാ കരുതുന്നതെന്നും ആയിക്കൂടെ ? എന്തായാലും വളയ്ക്കാന്‍ പറ്റുന്നത് കോണ്‍ഗ്രസുകാരെ തന്നെ. 

അടിക്കുറിപ്പ് : ഓരോ കാലത്ത് ഓരോരുത്തര്‍ മുന്‍പേ ചെയ്ത കാര്യങ്ങളുടെ ദോഷഫലം എപ്പോഴാണ് വന്നത്തുന്നതെന്ന് ദൈവം തമ്പുരാനേ അറിയൂ.  മന്ത്രിയാകാന്‍ കുപ്പായം തുന്നി വെച്ച ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയില്‍ 18ന് ഹാജരാകണം. സരിത ജയിലില്‍ വച്ച് എഴുതിയ 21 പേജ് കത്ത് 25 ആയി മാറ്റിയ ഗൂഢാലോചനയില്‍  ഗണേഷ് കുമാറിന്റെ പങ്കാണ്  ഇപ്പോള്‍ കോടതി അന്വേഷിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ വച്ച് എഴുതിയ കത്തിനേക്കാള്‍ രസകരമായ കത്തുകളാണല്ലോ അത്.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക