Image

സ്‌കൂള്‍ ബാഗില്‍ ഇപ്പോള്‍ മദ്യക്കുപ്പിയും ടച്ചിംഗ്‌സും : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 26 September, 2023
സ്‌കൂള്‍ ബാഗില്‍ ഇപ്പോള്‍ മദ്യക്കുപ്പിയും ടച്ചിംഗ്‌സും : (കെ.എ ഫ്രാന്‍സിസ്)

കരുവന്നൂര്‍ കൊള്ളയുമായി ബന്ധപ്പെട്ട നാടകങ്ങള്‍ എന്നുമുള്ളതല്ലേ, ഇന്ന് നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ കൂട്ടമായി വന്നു സ്മോളടിക്കുന്നതാണ് വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത ! ചില കുട്ടികളുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് മദ്യക്കുപ്പിയും ടച്ചിങ്‌സ് കിട്ടി പോലും! 

പിള്ളേരല്ലേ, എംബി രാജേഷ് മന്ത്രിയുടെ ഫാനായ ചില സി.പി.എം കുട്ടികള്‍ ഒരു രസത്തിന് ഒരിക്കല്‍ മദ്യം ടേസ്റ്റ് ചെയ്തുവെന്ന് വെച്ച് വാനമിടിയുമോ എന്ന പ്രസ്താവന ഒന്നും ആരുടെയും വക വേണ്ട. സര്‍വ്വവിധ രാഷ്ട്രീയകക്ഷി ഛോട്ടാ നേതാക്കളുടെ മക്കള്‍ മാനന്തവാടി ബീവറേജ് കോര്‍പ്പറേഷന്‍ ശാഖയില്‍ മിക്ക ദിവസവും രാവിലെ കൂട്ടം കൂട്ടമായെത്തി മാറിനില്‍ക്കും.പിള്ളേര്‍ക്ക് മദ്യം ബിവറേജസ് കൊടുക്കാത്തതു കൊണ്ട് അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചില ചേട്ടന്‍മാര്‍ അവര്‍ക്കത് വാങ്ങി കൊടുക്കും. ചില വിരുതന്മാര്‍ നല്ല ടച്ചിങ്ങ്‌സ് വീട്ടില്‍ നിന്നോ തൊട്ടടുത്ത ഹോട്ടലില്‍ നിന്നോ വാങ്ങി കരുതിവെക്കും. അല്പം അകലെയുള്ള മരങ്ങള്‍ക്കിടയില്‍ അവര്‍ ഇരുന്നു സോമപാനം നടത്തും. 

നാട്ടുകാര്‍ക്കും ബീവറേജുകാര്‍ക്കും ഇതെല്ലാം അറിയുന്നതാണ്. അവരില്‍ പലരും ഇത് എക്‌സൈസ് സംഘത്തെ അറിയിച്ചതുമാണ്. പക്ഷേ, ഇന്ന് രാവിലെ സാധനം വാങ്ങി കൊടുക്കുന്നവര്‍ തമ്മിലെന്തോ തര്‍ക്കമുണ്ടായി; ബഹളമായി. നാട്ടുകാര്‍ പോലീസ്സായി എല്ലാറ്റിനെയും അടിച്ചോടിച്ചു. പിന്നാലെ എക്സൈസ് കൂട്ടവുമെത്തി. കായിക രംഗത്ത് 'ചെറുപ്പത്തിലെ പിടികൂടുക' എന്നൊരു ചൊല്ലുണ്ട്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാമറിഞ്ഞിട്ടും അനങ്ങാതിരുന്നത് മദ്യവില്പന ബെവ്കോയില്‍  കൂട്ടാനുള്ള ആഹ്വാനമായി എക്‌സൈസുകാര്‍ കണ്ടു. രാജേഷ് ഇത്തരം  മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കനാണല്ലോ.  

അടിക്കുറിപ്പ് : മൊയ്തീന്‍ ഇനി ഇ.ഡിയുടെ  അരികില്‍ പോയാല്‍ ഉടനെ ഒന്നും വീട്ടില്‍ തിരിച്ചെത്തില്ലെന്നായിരുന്നു അനില്‍ അക്കര, ഇക്കരെ നിന്ന് പറയുന്നത്. പി.ആര്‍ അരവിന്ദാക്ഷനെ ഇ.ഡി   ഇന്ന് കൂട്ടിക്കൊണ്ടുപോയി. അറസ്റ്റിലാക്കി.  പ്രധാന പ്രതിയും അരവിന്ദാക്ഷന്റെ സുഹൃത്തുമായ സുനില്‍ പോയത് വലിയ ഗൗരവത്തിലായിരുന്നു. ഇ.ഡി അവിടെ പിടിച്ചിട്ടു. ഇതൊക്കെ കേട്ടപ്പോള്‍ ഗോവിന്ദന്‍ മാഷ് പറഞ്ഞത് കേട്ടോ ? സി.പി.എം വഴങ്ങില്ലെന്ന് ! മരിച്ചുപോയ ഒരു വനിതാകമ്മീഷന്‍ പറഞ്ഞതുപോലെ സി.പി.എമ്മിനുണ്ട് പോലും പ്രത്യേക പോലീസ് സ്റ്റേഷനും കോടതിയും ! അതുകൊണ്ടാണാവോ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പുതുതായി വന്ന ഘടനയും ഭരണഘടനയും സുപ്രീം കോടതിയില്‍ ചെന്നപ്പോള്‍ 
പൊടുന്നനെ മാറ്റിയത്.  ഭരണഘടനയാണെങ്കില്‍ മന്ത്രി സജി ചെറിയാനാണ് ബെസ്റ്റ്! 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക