രാവിലെ പതിവു പോലെ ന്യൂസ് വായിക്കാൻ ആയിട്ട് ഒരു ഓൺലൈൻ മാധ്യമത്തിൽ കയറിയപ്പോൾ കണ്ട ഒരു വാർത്തയാണു ഇന്നത്തെ കുറിപ്പെഴുതാൻ ഉള്ള പ്രചോദനം. ചലച്ചിത്ര സംവിധായകനും അദ്ദേഹത്തിന്റെ വ്യദ്ധസദനത്തിലെ താമസവും ആണു ചർച്ചാ വിഷയം. എല്ലാവരും നല്ലോണം ചർച്ച ചെയ്യപ്പെടുന്ന വിഷയം കണ്ടപ്പോഴാണു എനിക്ക് രണ്ട്കഥ ഓർമ്മ വന്നത്.
1. മക്കൾ മൂന്ന്. അമ്മയ്ക്ക് മാറാരോഗം വന്ന് തീരെ വയ്യ. മക്കൾ മൂന്ന് ഉണ്ടായിരുന്നിട്ടും അമ്മയ്ക്ക് അസുഖം വന്നാൽ പോലും അവരെ ഒന്നു ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും സമയവും മനസ്സും ഇല്ലാത്ത മക്കളുടെ കുടുംബത്തിന്റെ കഥ സുഹ്യത്ത് പറഞ്ഞത് ഓർക്കുന്നു. ഡോക്ടറിന്റെ അടുത്ത് കൊണ്ടു പോകാൻ വേറെ ആരെലും വരണം. വീട്ടിൽ ഒറ്റയ്ക്കുള്ള അമ്മയ്ക്ക് കൂട്ടുകിടക്കാൻ അയൽക്കാർ വേണം. മരുന്ന് വാങ്ങി കൊടുക്കാൻ പലരെ വിളിക്കണം. ആഴ്ചാവസാനമായാൽ അമ്മയെ കാണാൻ വരാൻ പോലും മക്കൾക്ക് സമയം ഇല്ലാ. "ഇതിനൊക്കെ ഇറങ്ങി തിരിച്ചാൽ സ്വന്തം കൈയിലിരിക്കുന്ന കാശു പോകുമല്ലോ" എന്ന ഭയം കൊണ്ടാകാം ഇവരൊക്കെ അമ്മ/ അച്ഛനെ നോക്കാൻ മടിക്കുന്നത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഏതാണ്ട് അത് തന്നെയാണു സത്യം എന്ന് ആണു അമ്മയെ നോക്കുന്ന പ്രവാസികളായ അവരും പറഞ്ഞത്. പലപ്പോഴും ഓടി എത്താൻ പ്രയാസമില്ലാത്ത അടുത്തുള്ള മക്കളെക്കാൾ അകലെ അങ്ങ് വിദേശങ്ങളിൽ ഇരിക്കുന്ന മക്കൾ ആണു ഇങ്ങനെ നാട്ടിലുള്ള മാതാപിതാക്കൾക്ക് സാമ്പത്തികമായും അല്ലാതെയും ആശ്രയം.അവർക്ക് എപ്പോളും കൈയിൽ പൂത്ത പണം കാണുമല്ലോ, അവർ നോക്കട്ടെ എന്നാണല്ലോ വെപ്പ്. അങനെ സ്നേഹം കൊണ്ട് ഒരാൾ ഇറങ്ങിതിരിച്ചാൽ അമ്മയെയും അച്ഛനെയും നോക്കേണ്ട കടമ അവരിലേക്ക് മാത്രമായി അടിച്ചേൽപ്പിക്കുന്ന കുറച്ച് സഹോദരങ്ങളും കൂടി ഉണ്ടേൽ പറയുകയും വേണ്ട. തഥൈവ..!
സ്വന്തം ജീവിത പ്രാരാബ്ധത്തിന്റെയും ജോലിയുടെയും തിരക്കിന്റെയും കണക്ക് പറഞ്ഞ് ഇങ്ങനെ പലതിൽ നിന്നും ഒഴിഞ്ഞു മാറി പണവും സമയവും ഒക്കെ ലാഭിക്കുന്ന ഇതേ മക്കൾ അറിയുന്നില്ലേ നാളെ ഇങ്ങനെ ഒരവസ്ഥ അവർക്കും അവരുടെ മക്കളിൽ നിന്നും വന്നു ചേരാമെന്ന്.. എവിടുന്ന്.. ? നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചു പോകേണ്ട സാഹചര്യത്തിൽ സ്വന്തം അമ്മയെ നോക്കാൻ സമയമില്ലാത്ത മക്കൾ ഹോം നർസ്സിനെ വെച്ചു. എന്നിട്ടോ അവസാനം ആ ഹോംനെർസ്സിനെയും അമ്മ നോക്കേണ്ട അവസ്ഥ. ഇപ്പോളും ആ അമ്മ ഒറ്റയ്ക്കാ വീട്ടിൽ താമസിക്കുന്നു.
2. ഇനി വേറൊരു കഥ. 4 ആണ്മക്കളുള്ള 85-90 വയസ്സിനു ഇടയിൽ ഉള്ള അമ്മ. പെട്ടെന്ന് ഒരു ദിവസം വീണു നടുവിനു ക്ഷതം പറ്റി കിടക്കയിലാകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ ആകാത്ത ആ അമ്മയുടെ പ്രായം കൊണ്ട് തന്നെ ആലോചിക്കുമ്പോൾ മക്കളും 60-70 പ്രായപരിധിയിൽ ആണെന്ന് ഓർക്കണം. ആ അമ്മയെ ദിവസവും എടുത്ത് പൊക്കാനും മറ്റും ബുദ്ധിമുട്ടുന്നവർ. ആ പ്രായത്തിലുള്ള മക്കൾക്ക് അവരുടേതായ ആരോഗ്യപ്രശ്നങ്ങളും. അമ്മയെ എടുത്ത് പൊക്കാനും ദൈനംദിന കാര്യങ്ങൾ ചെയ്യാനും അവരെകൊണ്ടാകുന്നില്ല. അതും ഹോംനർസ്സിൽ ചെന്നെങ്കിലും അവർക്കും ഒറ്റയ്ക്ക് അത് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് നല്ലോണം നോക്കുന്ന ഒരു വ്യദ്ധസദനത്തിൽ അവരും അമ്മയെ കൊണ്ട് വിട്ടു. അത് നോക്കിയിരുന്ന പോലെ കുറ്റപ്പെടുത്തലും കുറവുകളും അമ്മ സ്നേഹവും ഒക്കെ പറഞ്ഞ് അതു വരെ ഒന്ന് തിരിഞ്ഞു നോക്കാതിരുന്ന ബാക്കി മൂന്നു മക്കളും കൂടി നിയമവശങ്ങളുമായി പിറ്റേ ദിവസം വീട്ടുപടിക്കലെത്തി. ഇവരിൽ ഒരാൾ പോലും ആ അമ്മ വയ്യാതായി എന്നറിഞ്ഞതിൽ പിന്നെ ഒന്ന് കാണാൻ പോലും വന്നിട്ടില്ലാത്തവരാണെന്നും ഓർക്കണം. എന്നാൽ കുറ്റം പറഞ്ഞ് കുത്തിനോവിക്കാൻ വന്ന ആ മക്കളിൽ ഒരാൾ പോലും ആ അമ്മയെ വ്യദ്ധസദനത്തിൽ നിന്ന് അവരുടെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകാൻ തയാറേ ആയില്ല എന്നതാണു വിരോധാഭാസം. അതാണു മക്കൾസ്നേഹം. സ്വത്ത് എപ്പോഴും മക്കൾക്ക് തുല്യമായി വേണം എന്നാൽ അമ്മ/ അച്ഛൻ ആർക്കും വേണ്ടാതെ ഒരാൾക്ക് മാത്രവും..
മാതാപിതാക്കളെ നോക്കണ്ട സാഹചര്യംവരുമ്പോൾ അതെപ്പോഴും ആരു എത്ര നന്നായി അത് ചെയ്ത് കൊടുത്താലും അവസാനം കേൾക്കുന്നത് പഴിയും കുറ്റപ്പെടുത്തലും തന്നെയാണു. എന്നാൽ പഴി പറയാൻ വരുന്നോരോ തിരിഞ്ഞു പോലും നോക്കാതെ ഇരുന്നിട്ട് വാചകമടിച്ച് സ്നേഹം അഭിനയിക്കുന്നോരും .. എല്ലാ കാര്യങ്ങൾക്കും കുറ്റം പറയുന്നതിനു മുന്നേ ഒന്ന് ചിന്തിക്കണം നമ്മൾ എങ്ങനെ ആയിരുന്നു എന്നും അത് പറയാൻ നമ്മളർഹരാണോയെന്നും..
അക്കാര്യത്തിൽ സ്വന്തമായി നിലപാടുകളുള്ള മാതാപിതാക്കളും ഉണ്ട്. ഒറ്റയ്ക്ക് ഒരു വലിയ വീട്ടിൽ അടച്ചിട്ട് ജീവിക്കുന്നവർക്ക് അറിയാംഅതിന്റെ ബുദ്ധിമുട്ട്. വ്യദ്ധസദനത്തിൽ പോകാൻ അവർ അതാഗ്രഹിക്കുന്നില്ല എങ്കിൽ കൂടിയും വേറെ വീടു വെച്ച് മാറിത്താമസിക്കുന്ന ജോലി കഴിഞ്ഞെത്തുന്ന മക്കൾക്ക് പോലും അവരോട് ഫോണിൽക്കൂടി മിണ്ടാനും അവരെ പരിപാലിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുംസമയമില്ല എങ്കിൽ പിന്നെ അവരെന്താണു ചെയ്യണ്ടേ?? ഒരു വീട്ടിൽ ഒറ്റയ്ക്കിരുന്ന് ആപത്ത് വന്നാൽ പോലും രക്ഷിക്കാൻ ആരുമില്ലാത്ത അത്തരക്കാർക്ക് ചിലപ്പോൾ ആശ്വാസമായിരിക്കും ഈ സദനങ്ങൾ. അത് കൊണ്ട് തന്നെയാകും ചില മാതാപിതാക്കൾ അവിടേക്ക് പോകാൻ മനസ്സ് കാണിക്കുന്നതും.
ഞാൻ ആലോചിക്കാറുണ്ട്, ഒറ്റയ്ക്ക് ഇരിക്കുമ്പ്പോൾ ഡിപ്രഷനിലോട്ട് പോകുന്ന അവരുടെ മനസ്സ്, ശരീരം ഇതൊക്കെ തിരിച്ച് കൊണ്ടുവരാൻ അവിടെയുള്ളാ സമപ്രായക്കാരോടൂള്ള സഹവാസം കൊണ്ട് സാധിക്കുമെങ്കിൽ വ്യദ്ധസദനത്തെക്കാൾ ബെറ്റർ ചോയിസ് വേറെ എന്താണുള്ളത്? (കള്ളമില്ലാതെ പരിപാലിക്കുന്ന ഇടങ്ങളിൽ)കറക്ട് സമയത്തിനു ഭകഷണം, മരുന്ന്, ആഘോഷങ്ങൾ, മിണ്ടലുകൾ ഇതൊക്കെ വീട്ടിലുള്ള ആളുകളെക്കാൾ ക്യത്യമായി കൊടുക്കാൻ ആളുള്ളപ്പോൾ അവിടമല്ലേ ശരിക്കും അവർക്ക് ആവശ്യം. ഒറ്റപ്പെടലുകളില്ലാതെ മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ അവർ ജീവിക്കണമെന്നാശിച്ചാലും ജീവിതം കരുപ്പിടിപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിനിടയിൽ ഞാനും നിങ്ങളും ഉൾപ്പെടുന്ന എത്ര പേർ തയാറാകും ജോലി, കുടുംബം എല്ലാം ഉപേക്ഷിച്ച് അമ്മയ്ക്കും അച്ഛനുമൊപ്പം മാത്രം ഇരിക്കാൻ?? ആരും തയാറാകില്ല എന്നത് തന്നെ സത്യം. ചുരുക്കം ചിലർ ചെയ്യുന്നവർ ഉണ്ടാകാം.ഞാൻ ചെയ്യും എന്ന പറച്ചിൽ പോലെ അത്ര എളുപ്പമല്ല അത് ചെയ്യാൻ തുടങ്ങുമ്പോൾ. അവരവരുടെ ജീവിതം അതാണല്ലോ എപ്പോളും ആദ്യം പരിഗണിക്കുക. പ്രാക്ടിക്കലായി ചിന്തിച്ചാൽ അത്തരമൊരു സാഹചര്യം വന്നാൽ എന്റെ ഉൾപ്പെടെ കാര്യം ഇങ്ങനൊക്കെ തന്നെ. പണ്ടത്തെപോലെ കൂട്ടുകുടുംബങ്ങളും ഒന്നിലധികം സഹോദരങ്ങളും ഒന്നുമില്ലാത്ത ഈ കാലഘട്ടത്തിൽ അവരവർക്ക് അവരവർ തന്നെ തുണ.
എന്റെ മക്കൾ നാളെ എങ്ങനെ ആകും എന്നെനിക്കറിയില്ല. പക്ഷെ, ഞാൻ കരുതാറുണ്ട് അമ്മയ്ക്കും അച്ഛനും വേണ്ടി ഒരിത്തിരി സമയം കരുതി വെയ്ക്കാനില്ലെങ്കിൽ മാതാപിതാക്കളെ അവരുടെ ശിഷ്ടജീവിതം സന്തോഷിക്കാൻ നല്ല പോലെ നോക്കുന്ന ഒരിടത്ത് താമസിക്കാൻ അവരെ അനുവദിക്കണം. വ്യദ്ധസദനത്തിൽ അല്ലെങ്കിൽ Retirement Home കൊണ്ട് വിടണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ആ അവസരം നൽകണമെന്ന് തന്നെയാണു ആഗ്രഹം. ഒറ്റയ്ക്ക് ഇരുന്ന് വിഷാദരോഗത്തിനടിമപ്പെട്ട് ഉള്ള ഒരു ജീവിതത്തെക്കാൾ എന്ത് കൊണ്ടും നല്ലത് അത് തന്നെയാണു. സന്തോഷം, സമാധാനം, സ്നേഹം ഇത് മൂന്നും സ്വന്തംവീട്ടിൽ നിന്നും കൊടുക്കാൻ ശ്രമിക്കാത്ത മക്കളെക്കാൾ/കൊടുക്കാൻ സമയം ഇല്ലാത്ത മക്കളെക്കാൾ ഭേദം അതൊക്കെ കിട്ടുന്ന ഇടം തന്നെയാണു. ഒറ്റയ്ക്കായവർക്കേ അറിയൂ അവരുടെ മനസ്സിന്റെ സങ്കടം. വ്യദ്ധസദനത്തിൽ സ്വമേധയാ ആരും പോകാൻ ആഗ്രഹിക്കുന്നില്ലയെങ്കിലും ചില നിമിഷങ്ങളിൽ, സാഹചര്യങ്ങളിൽ അവിടമാകും ചിലപ്പോൾ അവരുടെ സമാധാനത്തെ തിരിച്ച് നൽകുന്ന ഇടം. പ്രത്യേകിച്ചും ഇനി വരും കാലത്തിൽ.!
Soya Nair