കൊച്ചി: സൗഹൃദത്തിന്റെ ചരടില്‍ മലയാളത്തില്‍ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നു. സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും രണ്ട് നടന്മാരും ചേര്‍ന്നുള്ള ഈ ബാനറിന്റെ പേര് തക്കാളി ഫിലിംസ്. ആദ്യചിത്രംചേട്ടായീസ്. സംവിധായകന് ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി, ഛായാഗ്രാഹകന്‍ പി. സുകുമാര്‍, നടന്മാരായ ബിജുമേനോന്, സുരേഷ്കൃഷ്ണ എന്നിവരാണ് തക്കാളി വിളയിക്കുന്നവര്‍. ആദ്യചിത്രം 'ചേട്ടായീസ്' ഷാജൂണ്തന്നെയാണ് സംവിധാനംചെയ്യുന്നത്. തിരക്കഥ സച്ചിയുടേത്. ബിജുമേനോനും സുരേഷ്കൃഷ്ണയ്ക്കുമൊപ്പം സുകുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാല്‍ ആണ് മറ്റൊരു പ്രധാനവേഷത്തില്‍. ജിമിജോര്ജാണ് നായിക.
കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ ചേട്ടായീസിന്റെ പൂജയും സ്വിച്ചോണും നടന്നു. പുതിയ സംരംഭത്തിന് ആദ്യ ക്ലാപ്പുമായി മമ്മൂട്ടിതന്നെയെത്തി.ജോഷി സ്വിച്ചോണ്‍ നിര്‍വഹിച്ചു. സിബി മലയില്‍, കമല്‍, സിദ്ദിഖ്, ലാല്‍, ടി.കെ. രാജീവ്കുമാര്‍, ബി. ഉണ്ണികൃഷ്ണന്, ജോണി ആന്റണി, മധുപാല്‍, രഞ്ജിത് ശങ്കര്‍, ജോസ് തോമസ്, സംയുക്തവര്‍മ,കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, ഉണ്ണിമുകുന്ദന്, അസിഫ് അലി, ഹരിശ്രീ അശോകന്, കൈലാഷ്, അഗസ്റ്റിന്, സേതു, കുക്കുപരമേശ്വരന്‍, എ.കെ. സാജന്, സാദിഖ്, സിന്ധുരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനെത്തി.
മലയാളത്തിലെ നവസിനിമയോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമയാണ് 'ചേട്ടായീസ്'. ബിജുമേനോന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ ഒരു പുതുവത്സരത്തലേന്ന് കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇതിന്റെ വഴിത്തിരിവ്. അതിന് അനുബന്ധമായി രണ്ടുദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍.