Image

ആ നോട്ടവും കൂര്‍ത്ത ചുണ്ടുകളും (ചിഞ്ചു തോമസ്)

Published on 30 September, 2023
ആ നോട്ടവും കൂര്‍ത്ത ചുണ്ടുകളും (ചിഞ്ചു തോമസ്)

ഭിത്തിയിൽ ഒരു  കോണോട് ചേർന്ന് പല്ലി പറ്റിപ്പിടിച്ചിരിക്കുന്നതുകണ്ട്‌ എനിക്ക് കുളിര് വന്നു. ഞാൻ പേടിക്കുന്നത് കണ്ടിട്ടോ അപായ സൂചന തോന്നിയിട്ടോ എന്തോ പല്ലിയും ചെറുകെ മുന്നോട്ടും പിന്നോട്ടുംകാലുകൾ അനക്കി എന്തിനും തയ്യാറായി നിന്നു.

പല്ലിയെക്കുറിച്ചു ഞാൻ ആ സമയം ചിന്തിച്ചിരുന്നു. ആ ചിന്ത എങ്ങനെയോ എന്റെ ചിന്താ മണ്ഡലത്തിലേക്ക് വന്ന് ചാടിയതാണ്.  ശൂന്യതയിൽ നിന്നുമുണ്ടായ ഒരു ചിന്താ ഉന്തൽ. അപ്പോൾത്തന്നെ അതിനെ മുന്നിൽ  കാണാൻ കഴിയുമെന്ന് വിദൂരങ്ങളിൽ പോലും ഞാൻ കരുതിയില്ല. ഞാൻ പെതുക്കെ അതിനെ ശല്യപ്പെടുത്താതെ മുന്നോട്ട് നീങ്ങി. പല്ലിയും എന്റെ നടത്തത്തെ അനുകരിച്ചു എന്ന് തോന്നുംപോലെ ഒന്ന് വട്ടത്തിൽ പതുങ്ങി എന്തോ പരതി . എനിക്ക് അത് കണ്ടിട്ട് ഉള്ളം കാലുമുതൽ വിറച്ചു. എന്നിട്ടും ഞാൻ വാ തുറന്നില്ല.

സാധാരണ ഞങ്ങൾ പരസ്പരം കണ്ടാൽ ഇതല്ല സ്ഥിതി. അയ്യോ എന്നൊരു അമറാണ്.  എന്നിട്ട് തിരിഞ്ഞോടും. എന്റെ അലർച്ച കേട്ടിട്ടോ എന്തോ പല്ലിയും ഓടും  എതിർ ദിശയിലേക്ക്. ഒരിക്കലും ഇവളെ കണ്ടുമുട്ടല്ലേ എന്ന് പ്രാർത്ഥിക്കും പോലെ. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ശാന്തതയിലാണ്. എനിക്ക് ഓടാൻ പറ്റുന്ന സ്ഥിതിയല്ല എന്ന് പറയുന്നതാണ് സത്യം. എന്റെ തോളിൽ ഒരു  തത്തമ്മയിരുന്നുറങ്ങുന്നു. നല്ല കൂർത്ത ചുണ്ടുള്ള ഗൗരവക്കാരൻ തത്തമ്മ. അതിനെ പതിയെ ഉണർത്തി കൂട്ടിൽ കയറ്റാൻ നോക്കിയിട്ട് എന്തുചെയ്താൽ അനുസരിക്കുന്നില്ല. പോരാത്തതിന് എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട്. അതിന്റെ കൂർത്ത ചുണ്ടുകൾ എന്നെ പേടിപ്പെടുത്തി നിർത്തിയപ്പോഴാണ് ഭിത്തിയിലെ പല്ലിയെ ഞാൻ കാണുന്നത്. എനിക്കാകെ കുളിര് വന്നു. പേടിച്ചിട്ട്. ശബ്ദിക്കാൻ നിന്നില്ല. പയ്യെ പയ്യെ നടന്നു. തത്തമ്മ കണ്ണുതുറന്നൊന്ന് നോക്കി  പിന്നെയും എന്റെ തോളത്ത് അള്ളിപ്പിടിച്ച് കണ്ണുംപൂട്ടി സുഖമായി ഉറങ്ങിത്തുടങ്ങി.  

മലയാള സിനിമ കളിയൂഞ്ഞാൽ കണ്ടതു മുതൽ തുടങ്ങിയ ഓട്ടമാണ് ഞാൻ പല്ലിയെ കാണുമ്പോൾ. ആ സിനിമയിൽ നായികയുടെ തലയിലോ തോളത്തോ  പല്ലി വീണതുമുതൽ അവൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ കണ്ടു ഞാൻ ആകെ പേടിച്ചുപോയ നിമിഷങ്ങൾ.. ആ നിമിഷങ്ങളിൽ എപ്പോഴോഞാനും ഉറപ്പിച്ചു പല്ലി കാരണം എന്റെ ജീവിതത്തിൽ ദുരിതം വന്നുകൂടാ. അപ്പോൾ മുതൽ പല്ലിയെ കാണുമ്പോൾ പേടിച്ചു അലറാൻ തുടങ്ങി. ആദ്യമൊക്കെ എന്തോ പറ്റി മോൾക്ക് എന്ന് വിചാരിച്ചു ശ്വാസം പിടിച്ചു ഓടി വന്നുകൊണ്ടിരുന്ന വീട്ടുകാർ പിന്നെ പിന്നെ ഓ അവൾ പല്ലിയെ കണ്ടതാ എന്ന് പറഞ്ഞ് എന്റെ അലർച്ചയെ  നിസ്സാരവത്കരിച്ചുകളഞ്ഞു. ചിലപ്പോൾ എന്റെ വഴിമുടക്കിയായി കതകിലോ കട്ടളയിലോ അത് കയറി ഒരു ഇരുപ്പിരിക്കും. ആ സമയം വീട്ടുകാർ വന്ന് അതിനെ ഓടിച്ചു കളയും. നമ്മുടെ നാട്ടിൽ പല്ലിയും പാറ്റയും ചിലന്തിയും മനുഷ്യരും ഒക്കെക്കൂടെ പരസ്പര ധാരണയിൽ ആമോദത്തോടെ ഒരു വീട്ടിൽ വസിക്കുകയായിരുന്നല്ലോ പണ്ടൊക്കെ. ഇപ്പോഴും ആ സ്ഥിതിക്ക്  മാറ്റമൊന്നും  സംഭവിച്ചിട്ടില്ല. 

പാറ്റകൾ പൊതുവേ ഔചിത്യമര്യാദ പാലിച്ചു വരുന്ന കൂട്ടരാണ്. മനുഷ്യർ ഉറങ്ങിക്കഴിയുമ്പോഴേ അവർ പുറത്തിറങ്ങൂ. പൊതുവേ..അതൊരു അലിഖിത നിയമമാണ്.  നമ്മുടെ രാത്രിയെ അവർ പകലാക്കുന്നു. അവർ സ്വസ്ഥമായി വിഹരിക്കുന്നു. മനുഷ്യർ ഉണരുമ്പോൾ അവർ എങ്ങോട്ടോ പോയി മറയുന്നു. ഒരു ശല്യവുമില്ലാത്ത കൂട്ടർ. 

വലിയ ചിലന്തികളാണെങ്കിൽ എണ്ണത്തിൽ കുറവ്. രണ്ട് മാസം കൂടുമ്പോൾ ഒരെണ്ണത്തെ കാണാം. കുളുമുറിയിലോ കതകിന്റെ പുറകിലോ ആകും ഇതുങ്ങളുടെ സ്ഥാനം. ഈർക്കില് കൊണ്ടുണ്ടാക്കിയ  ചൂല് കൊണ്ട് ആഞ്ഞൊരടികൊടുത്താൽ ചെറിയ ഒരു പഞ്ഞിക്കെട്ട് മാതിരിയാകുന്ന ഭീമൻ എട്ടുകാലി ! എന്നെ പേടിപ്പെടുത്തിയെ ഭീകരനാണോ കാറ്റടിച്ച്‌ ഉരുണ്ട് ഉരുണ്ട്  പോകുന്ന തറയിൽ കിടക്കുന്ന  ആ പഞ്ഞിക്കെട്ട്!  എന്തൊരു രൂപമാറ്റം ! പുലിപോലെ വന്നത് എലിപോലെ പോയി എന്നൊക്കെ പറയുന്നത് ഇതിനെയാണ്. അങ്ങനെ നോക്കിയാൽ എട്ടുകാലിക്കും ഉണ്ട് വകതിരിവ്. ഞാൻ എന്തൊക്കെപ്പറഞ്ഞാലും ചൂല് കൊണ്ട് അതുങ്ങളെ പഞ്ഞിക്കെട്ടു പോലെയുള്ള പന്താക്കുന്നത് മറ്റുള്ളവരാണ്. ഞാനല്ല.  

പകലെന്നോ രാത്രിയെന്നോ ഭിത്തിയെന്നോ മേൽക്കൂരയെന്നോ തറയെന്നോ  കതകെന്നോ കതകിൻ  പുറകെന്നോ കുളുമുറിയെന്നോ കട്ടിലെന്നോ പാതകമെന്നോ വീടിന്റെ അകമെന്നോ പുറമെന്നോ     വ്യത്യാസമില്ലാതെ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വച്ഛമായി പ്രയാണം നടത്തുന്ന ജീവിയാണ് പല്ലി. ഇതൊന്നും പോരാഞ്ഞ് ഭാഗ്യദോഷം എന്ന പേരുദോഷവും പേറി നടക്കുന്നു. മനുഷ്യർ സംസാരിക്കുന്നതു കേട്ട്  വേണ്ടുംപോലെ ഒന്ന് ചിലച്ച് നമ്മളെ സുഖിപ്പിച്ചു നിർത്താനും  അവയ്ക്ക്  അറിയാം. അങ്ങനെ ചിന്തിച്ചാൽ മനഃശാസ്ത്രപരമായ നീക്കങ്ങൾ നടത്താനും കഴിവുള്ള ജീവിയാണ് പല്ലി. എത്രതന്നെ  കഴിവുണ്ട് അറിവുണ്ട് എന്ന് പറഞ്ഞാലും അവറ്റകളുടെ  തെമ്മാടിത്തരം തോന്ന്യാസം ഗുണ്ടായിസ്സം ഭാഗ്യദോഷം ഒക്കെക്കൊണ്ട്  അതിനെക്കാണുമ്പോഴേ  ഓടിവായോ.. ആരെങ്കിലുമൊന്നു  ഓടിവായോ.. ഇതിനെ ഒന്നെടുത്ത് കളയോ.. എന്ന്  എന്നെക്കൊണ്ട് കരഞ്ഞലച്ചു ആരുടേയും കാലു പിടിപ്പിച്ചു കളയും സ്നേഹമില്ലാത്ത ഈ  വർഗ്ഗം ! അങ്ങനെ ഒരു നാണവുമില്ലാതെ കാലുപിടിച്ചു കളയുന്ന എന്റെ വാ അടപ്പിച്ചുകളഞ്ഞു തത്തമ്മയുടെ ആ നോട്ടവും കൂർത്ത ചുണ്ടുകളും ! 

 (ചിഞ്ചു തോമസ്)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക