കാർട്ടൂണിസ്റ്റ് സുകുമാർ സാറും ഓർമ്മയായി.വായിച്ചു പരിചയമുണ്ടായിരുന്നെങ്കിലും നേരിൽ പരിചയപ്പെടുന്നത് എന്റെ ആദ്യ പുസ്തക പ്രകാശനത്തിന് എന്റെ ജന്മനാടായ ആലപ്പുഴയിലെ മണ്ണഞ്ചേരി വൈ.എം.എ.ഗ്രന്ഥശാലയിൽ വരുമ്പോഴാണ്.മുൻ പരിചയമൊന്നുമില്ലാതിരുന്നിട്ടും ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിൽ മാത്രം അദ്ദേഹം കൃത്യ സമയത്ത് തന്നെ തിരുവനന്തപുരത്തു നിന്ന് എത്തുകയും പ്രകാശനം നിർവ്വഹിച്ച് എന്നെ അനുഗ്രഹിക്കുകയും നർമ്മമധുരമായ പ്രസംഗത്തിലൂടെ ജനങ്ങളെ പിടിച്ചിരുത്തുകയും ചെയ്തു.
നേരിട്ട് പരിചയമില്ലായിരുന്നെങ്കിലും മനശ്ശാസ്ത്രം മാസികയിലൂടെ അദ്ദേഹത്തിന് എന്നെ പരിചയമുണ്ടായിരുന്നുവെന്ന് സംസാരിച്ചപ്പോൾ മനസ്സിലായി.അന്ന് എന്റെ കഥകൾ തുടർച്ചയായി മനശ്ശാസ്ത്രത്തിൽ വന്നിരുന്ന കാലമായിരുന്നു. അവസാന പേജിൽ വന്നിരുന്ന സാറിന്റെ ‘’ഡോ.മനശ്ശാസ്ത്രി’’ എന്ന ഫുൾ പേജ് കാർട്ടൂൺ അന്നത്തെ ശ്രദ്ധേയ മാസികയായ മനശ്ശാസ്ത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു.പതിനേഴ് വർഷത്തോളം അദ്ദേഹം ആ കാർട്ടൂൺ പരമ്പര വരച്ചു.
സാറിന്റെ പ്രസംഗം ആലപ്പുഴയിൽ എവിടെയുണ്ടെങ്കിലും ഞാൻ കേൾക്കാൻ വരുമായിരുന്നുവെന്ന് ഞാൻ പറഞ്ഞപ്പോൾ പിന്നെ എന്താണ് നേരിൽ വന്ന് പരിചയപ്പെടാതിരുന്നതെന്ന് സാർ ചോദിച്ചു.മറ്റൊന്നുമല്ല, അന്നും ഇന്നുമുള്ള എന്റെ ഒരു സങ്കോചം എന്ന് ഞാൻ പറഞ്ഞില്ല.ഇത്ര വലിയ നർമ്മ സാഹിത്യകാരൻ നർമ്മത്തിൽ ഒരു തുടക്കക്കാരനായ എന്നെ അറിയാൻ സാധ്യതയുണ്ടോയെന്ന ഒരു സംശയം..
എന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ ആമുഖത്തിൽ ആദ്യ പുസ്തകം പ്രകാശനം ചെയ്ത സാറിന് ഞാൻ നന്ദി രേഖപ്പെടുത്തി ’’എന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്ത് എന്നെ പ്രോൽസാഹിപ്പിച്ച ഹാസ്യസാഹിത്യ കുലപതി സുകുമാർ സാറിന് നന്ദി’’. അത് വായിച്ചിട്ട് അദ്ദേഹം എനിക്ക് എഴുതി ’‘അതെ,ആ കുലപതി ഞാൻ തന്നെയാണ്!’’ അങ്ങനെയുള്ള വിശേഷണങ്ങളൊന്നും തനിക്ക് ഇഷ്ടമല്ലെന്ന് എത്ര ഭംഗിയായി അദ്ദേഹം സൂചിപ്പിച്ചു.
പിന്നെ നേരിൽ കാണുന്നത് അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിന്റെ കുഞ്ചൻ പ്രതിഭാ പുസ്ക്കാരം സ്വീകരിക്കാൻ അമ്പലപ്പുഴയിൽ വന്നപ്പോഴാണ്.ആ വർഷം കുഞ്ചൻ പ്രബന്ധ പുരസ്ക്കാരം എനിക്കായിരുന്നു.അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫിൽ നിന്നും ഒന്നിച്ച് പുരസ്ക്കാരം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. അതിനിടയിലും തിരുവനന്തപുരത്ത് നർമ്മകൈരളി എന്ന ചിരിക്കൂട്ടായ്മയുടെ പ്രധാന അമരക്കാരൻ എന്ന നിലയിൽ എല്ലാ മാസവും മുടങ്ങാതെ പരിപാടികൾ നടത്തിയിരുന്നു.കോവിഡ് വന്നപ്പോൾ ഗൂഗിൾ മീറ്റിലൂടെയുള്ള പ്രതിമാസ പരിപാടിയാകുകയും ഇന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.ഒരു വിധത്തിൽ അത് നല്ല കാര്യമാണ്.കാരണം പിന്നീട് എറണാകുളത്തേക്ക് താമസം മാറ്റിയ സാറിനും മുടങ്ങാതെ അതിൽ പങ്കെടുക്കാൻ കഴിഞ്ഞു. മാത്രമല്ല,എവിടെയിരുന്നും എല്ലാ മാസവും അതിൽ തിരുവനന്തപുരംകാരല്ലാത്തവർക്കും പങ്കെടുക്കാനും അസ്വദിക്കാനും കഴിയുന്നു.
ഒരിക്കൽ നർമ്മകൈരളിയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞതും ഏറെ സന്തോഷകരമാണ്.അന്നും സുകുമാർ സാർ ചിരിയനുഭവങ്ങൾ പങ്കു വെച്ച് കൂടെയുണ്ടായിരുന്നു.അസ്വസ്ഥതകൾ അലട്ടും വരെ ഏതാനും മാസം മുമ്പും അദ്ദേഹം നർമ്മകൈരളിയുടെ പരിപാടിയിൽ സജീവമായിരുന്നു. കഷായം,സർക്കാർ കാര്യം,കോടമ്പാക്കം,പ്ളഗ്ഗുകൾ,ഒരു നോൺ ഗസറ്റഡ് ചിരി,പൊതുജനം പല വിധം,കാവ്യം സുകുമാരം,വായിൽ വന്നത് കോതയ്ക്ക് പാട്ട് തുടങ്ങി കഥകളും കവിതകളും ലേഖനങ്ങളുമായി എത്രയെത്ര നർമ്മ സാഹിത്യ ഗ്രന്ഥങ്ങൾ അദ്ദേഹം നമുക്ക് സംഭാവന ചെയ്തു.. പ്രസിദ്ധീകരണങ്ങളിൽ വരുന്ന അദ്ദേഹത്തിന്റെ എല്ലാ കഥകൾക്കൊപ്പവും അദ്ദേഹം തന്നെ വരക്കുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്,എല്ലാ ചിത്രങ്ങളുടെ താഴെയും ‘’സു..’’ എന്ന് മാത്രം പ്രത്യേക ശൈലിയിൽ എഴുതിയ വരകൾ..അതേ പോലെ നിരവധി കാർട്ടൂണുകളും കാരിക്കേച്ചറുകളും.അദ്ദേഹത്തിന്റെയും വേളൂർ കൃഷ്ണൻ കുട്ടിയുടെയും ചെമ്മനം ചാക്കോ സാറിന്റെയുമൊക്കെ നർമ്മം വായിച്ചാണ് ഞങ്ങളൊക്കെ എഴുതാൻ തുടങ്ങുന്നത്.
കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ എന്ന നിലയിലും നിരവധി കാർട്ടുണിസ്റ്റുകൾക്ക് പ്രോൽസാഹനവും പിന്തുണയും നൽകി.പുതിയ എഴുത്തുകാരെയും കാർട്ടൂണിസ്റ്റുകളെയും വലിപ്പച്ചെറുപ്പമൊന്നും നോക്കാതെ അദ്ദേഹം പ്രോൽസാഹിപ്പിച്ചു. നർമ്മപ്രേമികളെ ദുഖത്തിലാഴ്ത്തി സുകുമാർ സാർ വിടപറയുന്നുവെങ്കിലും അദ്ദേഹം മലയാളത്തിന് സമ്മാനിച്ച നിരവധി ഹാസ്യഗ്രന്ഥങ്ങളും കാർട്ടൂണുകളും നർമ്മമധുരമായ ഓർമ്മകളായി എന്നും നിലനിൽക്കും..