Image

നദികൾ പുനർജനിയ്ക്കട്ടെ! (വിജയ് സി. എച്ച് )

Published on 02 October, 2023
നദികൾ പുനർജനിയ്ക്കട്ടെ! (വിജയ് സി. എച്ച് )

നദികളെ സംരക്ഷിക്കണമെന്ന സന്ദേശം പുതുക്കിക്കൊണ്ടു വർഷം തോറും സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദി ദിനമായി നാം ആചരിച്ചു വരുന്നു. ജലമാണ് ജീവൻ്റെ നിലനിൽപിനു ആധാരമെന്നും, നദീ തീരങ്ങളിലാണ് മാനവ സംസ്കാരങ്ങൾ പിറവികൊണ്ടതെന്നും ഈ ആഘോഷച്ചടങ്ങുകൾ നമ്മെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ലോക പ്രശസ്ത നദിസംരക്ഷകൻ മാർക്ക് ആഞ്ചലോ 1980 മുതൽ പടിഞ്ഞാറൻ കാനഡയിൽ നടത്തി വരുന്ന അരുവി അവബോധന പരിപാടികളുടെ വിജയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു ഐക്യരാഷ്ട്ര സഭ 2005-ൽ തുടങ്ങിയ ആചരണമാണ് ലോക നദി ദിനം. ഒരു പുഴയെങ്കിലുമുള്ള, ലോകത്തെ നൂറിലധികം രാജ്യങ്ങൾ വേൾഡ് റിവേർസ് ഡേ (WRD) കൊണ്ടാടുന്നുണ്ട്.


നാൽപത്തിനാലു നദികളും അവയുടെ ആയിരത്തോളം വരുന്ന ഉപനദികളും ചെറു കൈവഴികളും ഒഴുകുന്ന കേരളത്തിൽ, പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അഡ്വ. രാജേഷ് വെങ്ങാലിൽ എന്നവരുടെ പുഴ സംരക്ഷണ പ്രവർത്തനങ്ങളും ചിന്തകളും ഏറെ പ്രസക്തമാണ്...


🟥 ബാല്യം നിളാതടത്തിൽ
പാലക്കാടു ജില്ലയുടെ പടിഞ്ഞാറുള്ള പട്ടാമ്പി താലൂക്കിലെ തൃത്താല ഗ്രാമത്തിൽ വളർന്നതുകൊണ്ടാകാം നദികൾ എന്നെ ഇത്രയധികം സ്വാധീനിച്ചത്. തൃത്താലയുടെ ലാവണ്യവും പ്രകൃതവുമാണ് അക്ഷരസ്നേഹികൾ നിളയെന്നു വിളിയ്ക്കുന്ന ഭാരതപ്പുഴ. ഹൈസ്കൂൾ പഠന കാലത്താണ് നിള എൻ്റെ ജീവിതരീതിയുടെ വൈകാരിക ഭാഗമായിത്തീർന്നത്. ഉച്ചഭക്ഷണം കഴിയ്ക്കാൻ ചോറ്റുപാത്രവുമായി പോയിരുന്നത് തൊട്ടടുത്തുള്ള വെള്ളിയാംകല്ല് കടവിലേക്കായിരുന്നു. നിളയുടെ മനോഹരമായ മണൽതിട്ടയിൽ ചെറിയ കുഴികളുണ്ടാക്കി, അവയിൽ ഊറുന്ന പരിശുദ്ധ ജലമാണ് ഊണിനു ശേഷം കുടിച്ചിരുന്നത്. അതു കഴിഞ്ഞാൽ ലഞ്ചു ബ്രേക്ക് കഴിഞ്ഞെന്നറിയിക്കുന്ന മണി മുഴങ്ങും വരെ വെള്ളിമണലിൽ കളിയും ബഹളവും. കാണുന്നതു പുഴ, കുടിയ്ക്കുന്നത് അതിലെ വെള്ളം, കളിയ്ക്കുന്നത് അതിൻ്റെ മണൽപരപ്പിൽ. പുഴയുമായൊരു ആത്മബന്ധമുണ്ടായത് യഥാർത്ഥത്തിൽ ഞാൻ പോലും അറിയാതെയാണ്!


🟥 നഷ്ടപ്പെട്ട സിന്ധു
നാനൂറിൽ പരം മഹനീയമായ നദികൾ നമുക്കുണ്ടെങ്കിലും, രാജ്യത്തിൻ്റെ പേരിൽ ഒരേയൊരു നദിയേയുള്ളൂ. അതാണ് സ്വാഭാവികമായ കാരണങ്ങളാൽ എനിയ്ക്ക് ഏറെ പ്രിയം തോന്നുന്ന ഭാരതപ്പുഴ. ഈ നാമം ഭാരതത്തിലെ വൻ നദികളെക്കുറിച്ചോർക്കാൻ ചെറുപ്പം തൊട്ടേ എനിയ്ക്കു പ്രചോദനമായി എന്നതാണ് ഏറ്റവും ഉൽകൃഷ്ടമായ കാര്യം. ഭാരതീയ പരിഷ്‌കൃതിയോടും, അയൽരാജ്യങ്ങളുമായുള്ള നയതന്ത്രജ്ഞതയോടും ബന്ധപ്പെട്ടുകിടക്കുന്ന സിന്ധു, ഗംഗ, യമുന, ബ്രഹ്മപുത്ര മുതലായ നദികൾ പതിവായി ചിന്തയിലെത്താറുണ്ട്. ഗോദാവരിയും, കൃഷ്ണയും, നർമദയും, മഹാനദിയും കൂടെയെത്തും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഇൻഡസ് വാട്ടർ ട്രീറ്റി (IWT) എന്ന നദീജല കരാർ പുനഃപരിശോധിക്കുവാൻ ഇക്കൊല്ലം ജനുവരിയിൽ നാം പാക്കിസ്ഥാനു നോട്ടീസ് അയച്ചതാണ് ഈ വഴിയിൽ അവസാനം ഓർക്കുന്നത്. സാഹചര്യ പരിമിതികളാൽ സമ്മർദങ്ങൾക്കു വഴങ്ങിയിരുന്ന കാലത്തു നിന്നു സ്വയം പര്യാപ്തതയിലേയ്ക്കും, ലോകത്തിൻ്റെ നേതൃനിരയിലേയ്ക്കും ഇന്ത്യ ഇന്നു എത്തിക്കഴിഞ്ഞു. അതിനാൽ നയതന്ത്ര നയങ്ങളിലും അതിനനുസൃതമായ വ്യതിയാനം സ്വാഭാവികമാണ്. രാജ്യത്തിൻ്റെ അതിരുകൾ മനുഷ്യൻ നിർണയിക്കുമ്പോൾ പ്രകൃതിയുടെ വരദാനങ്ങളായ പുഴകൾ തർക്കങ്ങൾക്കു കാരണമാകാറുണ്ട്. സ്വാഭാവികമായും സിന്ധുവും അതിൻ്റെ പോഷക നദികളും സൃഷ്ടിച്ചത് വൻ സങ്കീർണതയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവും ചിനാബും ഝലവും, കിഴക്കോട്ടൊഴുകുന്ന ബീസും രവിയും സത്‌ലുജും അതിർവരമ്പുകളെ ഭേദിക്കുന്നു. കാശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഈ നദികളിലെ ജലം നമുക്ക് അനിവാര്യമാണ്. പാക്കിസ്ഥാനിലെ സിന്ധ്-പഞ്ചാബ് പ്രവശ്യകൾ നിലനിൽക്കുന്നതു മുഖ്യധാരയായ സിന്ധു നദീ ജലത്താലും. സിന്ധുവും സത്‌ലുജും ഒഴികെയുള്ള നാലു നദികളുടെയും സിംഹഭാഗം ഇന്ത്യയിലൂടെയാണ് ഒഴുകുന്നത്. വിഭജനത്തെ തുടർന്നു നദീ ജലം പങ്കുവയ്ക്കാൻ ഒരു സ്റ്റാറ്റസ് ക്വോ കരാർ ഉണ്ടാക്കിയിരുന്നു. അതിൻ്റെ കാലാവധി തീർന്നപ്പാൾ വാക്‌യുദ്ധം രൂക്ഷമായി. ജല തർക്ക പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടൽ വേണമെന്നായി. ലോക ബാങ്ക് ഇടനിലക്കാരായി. അനന്തരം, 1960-ൽ ഇൻഡസ് ജല ഉടമ്പടിയിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു. സത്‌ലുജ്, ബീസ്, രവി എന്നീ നദികൾ ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും. അങ്ങനെ ഭാരതീയ പൈതൃകത്തിൻ്റെ നെടുംതൂണുകളായ നാലു നദികളിൽ ഏറ്റവും ചരിത്രപരമായത് നമുക്കു നഷ്ടപ്പെട്ടു. ഇപ്പോഴും സിന്ധുവിൻ്റെ 40 ശതമാനത്തോളം ഒഴുകുന്നത് ഇന്ത്യയിലൂടെയാണ്. എന്തിനേറെ, 'ഇന്ത്യ' എന്ന പേരു തന്നെ 'സിന്ധു'വിൽ നിന്നു സംജാതമായതാണ്! നിർഭാഗ്യവശാൽ, നമ്മുടെ നഷ്ടത്തെയും സഹനഭാവത്തെയും തിരിച്ചറിയാൻ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നു മാത്രമല്ല, തുടർച്ചയായ ഭീകരാക്രമണങ്ങൾ ഇന്ത്യയുടെ വൈദേശിക നയത്തിൽ മാറ്റം വരുത്തുന്നതിന് പ്രേരകമാകുകയും ചെയ്തു. കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ആ മണ്ണിൻ്റെ സമ്പൂർണ വികസനത്തിനു നദീജലത്തിൻ്റെ പങ്ക് അത്യന്താപേക്ഷിതമാണു താനും. ഈ സാഹചര്യത്തിലാണ് 62 വർഷം പഴക്കമുള്ള നദീ ജല കരാർ പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമായി വന്നത്. IWT-യുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന നോട്ടീസ് ഇന്ത്യയുടെ ധീരമായ നിലപാടിനെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നു. ഇങ്ങ് ഏറ്റവും തെക്കുള്ള, പശ്ചിമഘട്ടത്തിലെ ത്രിമൂർത്തി മലയിൽ നിന്നു ഉത്ഭവിച്ചു, 255 കിലോമീറ്റർ ഒഴുകി അറബിക്കടലിൽ പതിയ്ക്കുന്ന ഒരു കൊച്ചു പുഴയുടെ 'ഭാരതപ്പുഴ' എന്ന നാമധേയമാണ് 3000 കിലോമീറ്ററോളം നീളമുള്ള ഉത്തരേന്ത്യൻ നദികളെക്കുറിച്ചു എന്നുമോർക്കാൻ എൻ്റെ ഉദ്‌ബോധനം. സിന്ധു നദീതടസംസ്കാരവും നാഗരികതയും നമ്മുടെ സ്വത്വമല്ലേ!


🟥 മണൽ കൊള്ള വൻ ഭീഷണി
അതിപ്രാചീന കാലം മുതൽ പ്രകൃതിയും മനുഷ്യനും തമ്മിൽ സംഘട്ടനമുണ്ട്. അത്തരം സംഘട്ടനത്തിലൂടെയാണ് അന്നത്തെ ഹോമോസാപ്പിയൻ ഇന്നത്തെ ആധുനിക മനുഷ്യനായത്. എന്നാൽ, പ്രതിപ്രവർത്തനങ്ങൾ അനിയന്ത്രിതമാകുമ്പോഴാണ് അത് അതിജീവനത്തെ ബാധിക്കുന്നത്. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അതിലോലമായ ഭൗമപ്രവർത്തനങ്ങളുടെ ഫലമായാണ് ഗുണനിലവാരമുള്ള മണൽതരികൾ പുഴകളിൽ രൂപപ്പെടുന്നത്. അവ കെട്ടിട നിർമാണ മേഖലയിലെ അവശ്യവസ്തുവാണ്. എന്നാൽ, കച്ചവടകണ്ണോടുകൂടിയ നിർമിതികളും, ബഹുനില മാളികകളും മണലെടുപ്പിനെ മണൽ കൊള്ളയാക്കി മാറ്റി. പുഴകൾക്ക് അവയുടെ ജീവനാഡിയായ മണൽ അടിത്തട്ട് നഷ്ടമായതോടെ, ജലസംഭരണ ശക്തിയും സ്വാഭാവികമായ മാലിന്യ ശുദ്ധീകരണ ശേഷിയും നഷ്ടപ്പട്ടു. തുടർച്ചയായ മഴയ്ക്കു ശേഷവും അവ നിറഞ്ഞൊഴുകാതെയായി. ഉള്ള ജലം കടലിലേയ്ക്ക് ഒഴുക്കിക്കളഞ്ഞു. ഇത് അതിൽ അതിജീവിച്ചിരുന്ന ജന്തുക്കളുടെയും ചെടികളുടെയും വംശനാശത്തിനു കാരണമായി. കൂടാതെ, മണലില്ലാത്ത നദികൾ ഭൂമിയുടെ ജലവിതാനം കുറച്ചു, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചു. പുഴയിൽ പലയിടത്തും കയങ്ങളും മണൽ കൂനകളും രൂപം കൊണ്ടു. എന്നാൽ, സാൻഡ് ഓഡിറ്റെന്ന സർക്കാർ വഴിപാടിൽ ഇത്തരം കുഴികളും, ചാലുകളും അവഗണിക്കപ്പെട്ടു. അവയിലുണ്ടായിരുന്ന മണലാണ് പലയിടത്തും കൂനകളായി രൂപപ്പെട്ടതെന്ന വസ്തുത തമസ്കരിച്ചു! തുടർന്നു പുഴയിൽ അമിതമായി രൂപപ്പെട്ട മണൽ കൂനകൾ നിർമാണ പ്രവർത്തനങ്ങൾക്കായി ഏടുക്കാമെന്നു ഉത്തരവായി. ഇതു മറ്റൊരു മണൽ കൊള്ളയായി മാറി. തിട്ടകൾ ഇടിച്ചു ചാലുകൾ തൂർക്കുകയാണ് വേണ്ടിയിരുന്നത്. കോടതികളിൽ പോലും ഈയൊരവസ്ഥ വാദമായി വന്നിട്ടില്ലെന്നതാണ് അഭിഭാഷകൻ എന്ന നിലയിൽ എൻ്റെ അനുഭവം.


🟥 പുഴ നടുവിൽ കുട്ടിക്കാടുകൾ!
പുഴയിൽ പലയിടത്തുമുള്ള മണൽ കൂനകളിൽ നാട്ടുവൃക്ഷങ്ങളും കാട്ടുചെടികളും കരിമ്പനകളും മറ്റും വളർന്നു പുതിയൊരാവാസ വ്യവസ്ഥ രൂപപ്പെട്ടുവരുന്നു. വെള്ളിയാങ്കല്ലു മുതൽ കൂടല്ലൂർ വരെ ഞാനും, ശ്രീകൃഷ്ണ കോളേജിലെ സസ്യശാസ്ത്രം വകുപ്പു മേധാവി ഡോ. ഉദയനും, പട്ടാമ്പി കാർഷിക ഗവേഷണ സ്റ്റേഷനിലെ ഡോ. മൂസയും ഉൾപ്പെട്ട സംഘവും പുഴയിലൂടെ നടത്തിയ നടത്ത ദൗത്യത്തിൽ നിളയുടെ നടുക്കുളള കുട്ടിക്കാടുകളും അവയിലെ ജൈവസമൂഹത്തെയും നേരിട്ടു നിരീക്ഷിക്കാനായി. യഥാർത്ഥത്തിൽ, നിളയെ കണ്ടെത്താനുള്ള ഒരു തീർഥയാത്രയായിരുന്നു ആ നടത്തം. അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം കുട്ടിക്കാടുകൾ അധികം താമസമില്ലാതെ തന്നെ പുഴയെ കരഭൂമിയാക്കി രൂപാന്തരപ്പെടുത്തും. പുഴ-കേന്ദ്രീകൃത ജൈവവൈവിദ്ധ്യത്തിൻ്റെ മൃത്യുവായിരിക്കുമത്. പ്രകൃതിയുടെ ഞരമ്പുകളായ നദികൾ വലിഞ്ഞു മെലിഞ്ഞു ശോഷിക്കുന്ന കാഴ്ചകളാണ് ഇന്നു കേരളമാകെ. പെരിയാറും, പമ്പയും, ചാലിയാറും, ചാലക്കുടിപ്പുഴയും, കടലുണ്ടിപ്പുഴയും, കല്ലടയാറും വരച്ചുകാട്ടുന്ന ദൃശ്യങ്ങൾ വളരെ ശോചനീയമാണ്.

പുഴയിൽ സമൃദ്ധിയിൽ ജലം വേണമെങ്കിൽ അതിൻ്റെ വൃഷ്ടിപ്രദേശം ഹരിതാഭമായി നിലകൊള്ളണം. തീരങ്ങളിലുള്ള കാടു വെളുപ്പിച്ചോ, ജലം സൂക്ഷിക്കുന്ന പ്രകൃതിയുടെ സ്പഞ്ചുകളായ വെട്ടുകൽ കുന്നുകൾ ഉന്മൂലനം ചെയ്തോ, മാസങ്ങളോളം ജലസംഭരണിയായി നിലനിൽക്കുന്ന കൃഷിയിടങ്ങൾ നികത്തിയോ തരിശ്ശാക്കിയിട്ടോ നദികളിൽ നീരുണ്ടാക്കാൻ കഴിയില്ല. കൃഷിയുണ്ടാക്കണം, കുന്നുകളും സസ്യശ്യാമളതയും നിലനിർത്തണം. എല്ലാം പരസ്പര ബന്ധിതമാണ്. പുഴയെന്നാൽ വെള്ളവും മണലും അതിനോടനുബന്ധിച്ച ജൈവവ്യവസ്ഥിതിയും മാത്രമല്ല, അവയിൽ അന്തർലീനമായ സംസ്കൃതികളും കൂടിയാണെന്നും മറന്നുകൂടാ. നാൽപത്തിനാലു നദികളും പരശ്ശതം പോഷകനദികളും, അഞ്ചു വലിയ കായലുകളും കുളങ്ങളുമുൾപ്പെടെ രണ്ടു ലക്ഷത്തോളം ജലാശയങ്ങളുള്ള കേരളം എന്തുകൊണ്ടു വരൾച്ച നേരിടുന്നുവെന്നു ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!


🟥 വേണം പുതിയ നിയമങ്ങൾ
2001-ൽ, കേരള നദീതീര സംരക്ഷണവും, മണൽ വാരൽ നിയന്ത്രണ നിയമവും നടപ്പിലാക്കുമ്പോഴേക്കും ഒട്ടു മുച്ചൂടും മണൽ പുഴകളിൽ നിന്നു കടത്തപ്പെട്ടിരുന്നു എന്നതാണ് വാസ്തവം! മാത്രവുമല്ല, നിലവിലെ നദീതീര സംരക്ഷണ വകുപ്പുകൾ വളരെ അശക്തവുമാണ്. നേരിട്ടു നടപടിയെടുക്കുവാൻ നിയമപാലകർക്കു അധികാരമില്ല. ജാമ്യം ലഭിക്കുന്ന കുറ്റവും ചെറു പിഴയുമാണ് വകുപ്പുകൾ അനുശാസിക്കുന്നത്. മണൽ കൊള്ളക്കെതിരെ ഇപ്പോൾ കളവ് (IPC 379) വകുപ്പാണ് പോലീസ് ചുമത്തുന്നത്. ഇതിനു നിയമപരമായ പരിമിതികളുണ്ട്. അതിനാൽ, സ്വതന്ത്രവും ശക്തവുമായ ഒരു നിയമം മണൽ കൊള്ള തടയാൻ നിർമിച്ചേ മതിയാകൂ. തൊണ്ടിയായി കണ്ടുകെട്ടുന്ന ലോഡു കണക്കിലുള്ള മണൽ പുഴയിൽ തിരിച്ചു നിക്ഷേപിക്കണം.

നിലവിൽ അവ ലേലം ചെയ്തു വിൽക്കുന്ന രീതിയാണുള്ളത്. മണലിൻ്റെ ആവശ്യം കുറക്കുകയെന്ന ഉദ്ദേശ്യത്തോടെ കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും, കെട്ടിടങ്ങളുടെ വലിപ്പം നിയന്ത്രിക്കുകയും, പരിസ്ഥിതി-സൗഹൃദ കെട്ടിടങ്ങൾക്ക് നികുതി ഇളവു നൽകുകയും വേണം. ഒപ്പം, സമസ്ത മേഖലകളിലും പ്രാബല്യത്തിലുള്ള മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥിതിയെ പ്രകൃതി കേന്ദ്രീകൃതമാക്കാൻ പുതിയ നിയമ നിർമാണങ്ങൾ നടത്തണം. പുഴയിലേക്കു മാലിന്യമൊഴുക്കുന്നതിനെ തടയാനും പഴുതുകളില്ലാത്ത നിയമം വേണം. അഴുക്കും ഉച്ഛിഷ്ടവും ഏറ്റുവാങ്ങാനുള്ള ബാധ്യത അരുവികളുടെയല്ല. സ്ഥാപിക്കപ്പെട്ട മാലിന്യ നിർമാർജന സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാലിന്യ സംസ്കരണത്തെക്കുറിച്ചു കൂടുതൽ ഗവേഷണങ്ങളും അനിവാര്യമാണ്. ബയോ ഡീഗ്രേഡബ്ൾ ശൗചാലയങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് പുഴയുടെ സമീപത്തെ കെട്ടിടങ്ങളിൽ നിർമിക്കേണ്ടത്. അതിനുതകുന്ന തരത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യണം.


🟥 ബോധവൽകരണം
വിദ്യാർത്ഥികളിൽ നിന്നു തുടങ്ങണം പരിസ്ഥിതി ബോധവൽകരണം. മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കുട്ടികളെ പ്രകൃതിയുമായി ചേർത്തു നിർത്തണം എന്നതായിരിക്കണം നമ്മുടെ പൊതു ലക്ഷ്യം. നദികളുടെ നീളവും വീതിയും അളക്കാനല്ല അവരുടെ വിലപ്പെട്ട സമയം ചിലവാക്കേണ്ടത്, മറിച്ച് അവയുടെ ജൈവികത നിലനിർത്താനാണ്. എല്ലാം അടുത്തടുത്ത പ്രദേശങ്ങളിലെ നമ്മുടെ പ്രിയപ്പെട്ട പുഴകളായതിനാൽ, ഒന്നിനേക്കാൾ നീളം മറ്റൊന്നിനുണ്ടെന്നു തെളിയിക്കാനുള്ള അധ്വാനം പാഴ്വേലയാണ്. പെരിയാറിനോ പമ്പക്കോ നിളയേക്കാൾ നീളം ഇല്ലെങ്കിലും ഉണ്ടെങ്കിലും ശരി, നമ്മുടെ എല്ലാ നദികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുവാൻ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുകയാണു ഈ നദി ദിനത്തിൽ മുതിർന്നവർ ചെയ്യേണ്ടത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി അരികത്തുള്ള പെരിയാറായാലും, അയൽപക്കത്തുള്ള നിളയായാലും നമുക്കുണ്ടാകേണ്ടത് തുല്യ അഭിമാനമാണ്.

ഈ ചിന്താധാര പോഷിപ്പിക്കാൻ ജലസംസ്കാരവും നദിസംസ്കാരവും അവരുടെ ഉള്ളിലേയ്ക്ക് ആവാഹിപ്പിക്കണം. അതിനായി വിദ്യാലയങ്ങളിലും വായനശാലകളിലും പോയി ഞാൻ ക്ലാസ്സുകൾ എടുത്തുകൊണ്ടിരിയ്ക്കുന്നു. മെട്രോ മാൻ ഇ. ശ്രീധരൻ നയിക്കുന്ന FOB എന്ന പുഴസൗഹൃദ കൂട്ടുകെട്ടിലും, വ്യക്തിഗതമായും പ്രവർത്തിച്ചു, നിളയ്ക്കു പുനരുജ്ജീവനം നൽകാൻ കഴിയുന്നതെല്ലാം ചെയ്തുവരുന്നു. 'ആലൂർ ഒരുമ' എന്ന പ്രാദേശിക സംഘടനയും കുറേ പരിസ്ഥിതി ഇടപെടലുകൾക്കു വേദിയൊരുക്കി.

പൈതൃകവും സംസ്കാരവും ചരിത്രവും ഉറങ്ങുന്ന നമ്മുടെ ശ്രേഷ്ഠമായ തീർത്ഥ പ്രവാഹങ്ങൾ മാലിന്യങ്ങളും പാഴ് വസ്തുക്കളും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളല്ലെന്നു ലഭ്യമായ അവസരങ്ങളിലെല്ലാം ഞാൻ പൊതുജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കുന്നു. നദികൾ ഇല്ലാതാകുമ്പോൾ ഒപ്പം നാമും ഇല്ലാതാകുന്നുവെന്നു എല്ലാവരുമറിയണം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക