സൂര്യൻ അസ്തമിച്ചു പോകുന്നു. ആ നേരം അവനെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ ഉള്ളിൽ ഒരു സുഖമായി വന്നു ചേർന്നു. സമയം കിട്ടിയിരുന്നപ്പോഴൊക്കെ എന്റെയടുത്തു ഓടി വരികയും അവന്റെ സ്വപ്‌നങ്ങൾ പങ്കുവെക്കുകയും കുറേ സംസാരിക്കുകയും ചെയ്തിരുന്ന എന്റെ കൂട്ടുകാരൻ. ഞാൻ ഇന്ന് ഏകാന്തമായി അസ്തമയ സൂര്യന്റെ സ്വർണ്ണ നിറം നോക്കി ഇരുന്നപ്പോൾ എന്റെ സാമീപ്യം കൊതിച്ചിരുന്ന എന്റെ കൂട്ടുകാരനെപ്പറ്റി അറിയാതെ ചിന്തിച്ചതാകാം.
അവൻ പറയും : ഞാൻ നിന്നെ ആദ്യമായി കണ്ട നിമിഷം എനിക്ക് ജീവനുള്ള കാലം വരെ മറക്കില്ല. അന്ന് നീ ഒരു മഞ്ഞ ചുരിദാറിട്ടാണ് ക്ലാസ്സിൽ വന്നത് . എനിക്ക് നിന്നെ ആ നിമിഷം മുതൽ ഇഷ്ട്ടമായിരുന്നു. പക്ഷേ നിന്റെ ചുറ്റും കടന്നൽ കൂട് ഇളകിയതുപോല കുറേ ആണുങ്ങൾ! അതിൽ ഒരാൾ നിന്റെ അടുത്ത് വരുന്നവരെ ഒക്കെ ഓടിച്ചു വിട്ടു. നീ അന്ന് കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരാട്ടിൻകുട്ടിയായിരുന്നു. എനിക്കന്ന് നിന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ട് നിന്റെ പിന്നാലെ നടക്കുന്നവരുടെ അടി കൊള്ളാനും വയ്യായിരുന്നു.
ഇതൊക്കെ അവൻ എന്നോട് ആദ്യം പറയുമ്പോൾ ഞങ്ങൾ വേറെ വേറെ കോളേജിൽ മൂന്നാം വർഷം പഠിക്കുകയായിരുന്നു. പിന്നെ പിന്നെ അവൻ എപ്പോഴും ഇത് പറയും. സ്കൂൾ കഴിഞ്ഞപ്പോൾ മുതൽ അവൻ എന്റെ വീട്ടിൽ വിളിച്ചു. എന്നോട് കൂട്ട് കൂടി. ഞങ്ങൾ അന്ന് മുതൽ നല്ല സുഹൃത്തുക്കളായിത്തീർന്നു. പിന്നെയും എത്രെയോ കാലങ്ങൾ എടുത്തു അവന് എന്നോട് ഇഷ്ട്ടമായിരുന്നു എന്ന് പറയാൻ. ആ കാലമത്രയും ഞാൻ അവനെ അവന് ഇഷ്ട്ടമുണ്ടെന്നു ഞാനും മറ്റുപലരും കരുതിയിരുന്ന പെൺകുട്ടിയെ വിളിക്കാനും അവന്റെ പ്രേമം പറയാനും അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആ കാലമത്രയും ഞാൻ അവനെ സുഹൃത്തായി കണ്ടു.
ഒരു ദിവസം പെട്ടെന്ന് അവൻ , ‘നിനക്ക് എന്നെ ഇഷ്ട്ടമാണോ’ എന്ന് ചോദിച്ചു.
നീ എന്റെ സുഹൃത്തല്ലേ. എനിക്ക് അതിനപ്പുറം ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല എന്ന് ഞാനും പറഞ്ഞു.
ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം. നീ എന്നെ വേറെ രീതിയിൽ കാണാൻ ശ്രമിക്കൂ എന്നവൻ അഭ്യർത്ഥിച്ചു.
ഞാൻ ആ നിമിഷം ഒന്ന് ശ്രമിച്ചു നോക്കി. കഴിഞ്ഞില്ല. കഴിയുമെന്ന് തോന്നുന്നുമില്ല . എനിക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ അവനെ സുഹൃത്തായി കണ്ടു പോന്നു. അവൻ പ്രതീക്ഷയോടെ കാത്തിരുന്നു. ഒളിക്കാതെ പ്രേമം പറഞ്ഞതിന്റെ ആശ്വാസം അവനുണ്ടായിരുന്നു.
‘വല്ലതും തോന്നി തുടങ്ങിയോടീ’ എന്ന് സധൈര്യം എന്നോട് ചോദിച്ചു പോന്നു.
ക്യാമ്പസ് സെലക്ഷന് പോയപ്പോൾ അവന്റെ കൂട്ടുകാർ എന്നെ കണ്ട് ഓടി വന്നു. അവൻ എന്നെക്കുറിച്ച് അവരോട് കുറേ പറഞ്ഞിട്ടുണ്ട്. എന്നെ കുറിച്ച് അവന് ഒരുപാട് പറയാനുണ്ടായിരുന്നു. ഞങ്ങൾ അന്ന് ഫോണിൽ സംസാരിക്കും മെസ്സേജ് ചെയ്‌യും. അന്ന് മെസ്സേജിന് ഒരു രൂപയായിരുന്നു. എനിക്ക് അവനോട് സുഹൃത്ബന്ധമല്ലാതെ മറ്റൊന്നും തോന്നിയില്ല. അവന്റെ കൂട്ടുകാർ പറഞ്ഞു അവന് എന്നെ ഒരുപാട് ഇഷ്ട്ടമാണെന്ന് . എന്നെ കാണാൻ വേണ്ടി മാത്രമാണ് മൂന്ന് കമ്പനിയിൽ സെലെക്ഷൻ കിട്ടിയിട്ടും പിന്നെയും ക്യാമ്പസ് സെലക്ഷന് വന്നിരിക്കുന്നത്. അതിൽ പല പെണ്ണുങ്ങൾക്കും അവനോട് ഇഷ്ട്ടമുണ്ടായിരുന്നു. എനിക്ക് അവനോട് ഇഷ്ട്ടമായിരുന്നില്ല എന്നത് കൊണ്ടാകണം അവർക്കൊക്കെ എന്നെ കാണാൻ തോന്നിയത്. ഇത്രെയും സുന്ദരനെ ആരാ വേണ്ടന്ന് വയ്ക്കുക എന്ന് ചിന്തിച്ചിട്ടുണ്ടാകണം.
കോളേജ് തുടങ്ങിയ സമയം എനിക്ക് ബുക്ക് വാങ്ങാൻ എന്റെ വീട്ടുകാരുടെയും എന്റെയും കൂടെ അവനും വന്നു. മമ്മിക്ക് അവന്റെ പെരുമാറ്റം കണ്ടിട്ട് അപ്പോൾത്തന്നെ കാര്യം മനസ്സിലായി. ബുക്ക് വാങ്ങിയിട്ട് ഞാൻ പോട്ടെ എന്ന് പറഞ്ഞിട്ട് പോയിക്കളഞ്ഞു. അവൻ എന്റെ കാർ അകലുന്നതും നോക്കി നിന്നു. മമ്മിക്ക് അതുകണ്ട് എന്നോട് ദേഷ്യം തോന്നി. നീ എന്തോ പെണ്ണാണ് ? അവൻ നോക്കി നിൽക്കുന്നത് കണ്ടോ?
അവന് നിന്നെ ഇഷ്ട്ടമാണ് എന്ന് എന്നോട് പറഞ്ഞു.
ഞങ്ങൾ കൂട്ടുകാരാണ് എന്ന് ഞാനും പറഞ്ഞു. ആ സമയം അവൻ എന്നോട് ഇഷ്ട്ടം പറഞ്ഞിരുന്നില്ല. എന്നാലും അവനോട് എന്തെങ്കിലും പറയണമായിരുന്നു എന്ന് എനിക്ക് തോന്നി. എന്ത് പറയാനാ… ഞാൻ അവന് സോറി , നിന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ല എന്ന് പറഞ്ഞു!
അവൻ സമയം കിട്ടിയിരുന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു. മമ്മി അവന് നൂഡിൽസ് ഉണ്ടാക്കിക്കൊടുത്തു. ഞങ്ങൾ സോഫയിൽ ഇരുന്നു സംസാരിച്ചു. അവൻ ബുദ്ധിമാനായിരുന്നു. അവന്റെ ഭാവി പരിപാടികൾ എന്നോട് പറഞ്ഞിരുന്നു. ഇതുണ്ടാക്കണം അതുണ്ടാക്കണം. എല്ലാം ഓരോ പുതിയ ആശയങ്ങൾ. ഞാൻ അതുകേട്ട് പുതുലോകത്ത് എത്തിയപോലെ ഇരിക്കും. ഓരോ കഥ കേൾക്കും പോലെ. അവസാനം ഞാൻ പറയും നീ എന്ത് മിടുക്കൻ ആണ്. അത് കേട്ട് അവൻ സന്തോഷത്തോടെ തിരിച്ചു പോകും. അവനെപ്പോലെ ഒരു മിടുക്കനെ ഞാൻ അന്ന് കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരിക്കൽ അവൻ എന്നോട് പറഞ്ഞു നീയും നിന്റെ ഭർത്താവും കൂടെ ഒരിക്കൽ എന്നെ കാണാൻ വരും. അന്ന് ഞാൻ കോടീശ്വരനായിരിക്കും. കുറേ ജോലിക്കാർ…അന്നും നമ്മൾ കുറേ സംസാരിക്കും. അന്ന് അവൻ അങ്ങനെ പറഞ്ഞതുകേട്ടപ്പോൾ ഞാൻ കരുതി അവന് എന്നോടുള്ള ഇഷ്ട്ടം പോയിക്കാണുമെന്ന്.
പിന്നെ അവൻ ഉപരിപഠനത്തിന് അങ്ങ് ദൂരെ പോയി. അന്നും അവധിക്ക് എന്നെ കാണാൻ വരും. അന്ന് അവന് അവന്റെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു. എന്നെ ഫോട്ടോ കാണിച്ചു. വേറെ നാട്ടുകാരിയാണ്. അവൾ ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് അവന്റെ അടുത്തുചെല്ലും എന്ന് പറഞ്ഞു. രണ്ടു പേരും നല്ല രസമാണ് കാണാൻ. അവൻ നല്ല സുന്ദരൻ ആണ്. അവൻ എന്നോട് ചോദിക്കും നിനക്ക് ഇത്രെയും സുന്ദരനായ എന്നെ എന്താ ഇഷ്ട്ടമല്ലാത്തത് ?
എനിക്ക് പറയാൻ ഒരു കാരണവും ഇല്ലായിരുന്നു. ഞാൻ നിന്നെ കൂട്ടുകാരനായി മാത്രമേ കണ്ടിട്ടുള്ളൂ എന്നല്ലാതെ.
എനിക്ക് കല്യാണ പ്രായമായ സമയം. ആരേയും നോക്കിയിട്ട് ശെരിയാകുന്നില്ല. ഒടുക്കം മമ്മിയും അനിയത്തിയും പറഞ്ഞു നിന്റെ ആ കൂട്ടുകാരൻ ഉണ്ടല്ലോ ! അവന് നിന്നെ ഇഷ്ട്ടമാണ്! അവൻ മതി.
അവന് വേറെ ഒരു പെണ്ണിനെ ഇഷ്ട്ടമാണെന്ന് ഞാൻ പറഞ്ഞു. അതുമാത്രമല്ല അവൻ എന്റെ സുഹൃത്തല്ലേ! അതൊക്കെ കല്യാണം കഴിക്കുമ്പോൾ മാറും എന്ന് അവരും പറഞ്ഞു.
അവർ നിർബന്ധിച്ചപ്പോൾ ഞാൻ അവനോട് ചോദിച്ചു , നിനക്ക് ഇപ്പോഴും ആ പെണ്ണിനെ ഇഷ്ട്ടമാണോ?
ഞങ്ങൾ രണ്ടു വീട്ടുകാരേയും സമ്മതിപ്പിച്ചു കല്യാണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് അവൻ പറഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
കുറേ നാൾ കഴിഞ്ഞ് എന്റെ കല്യാണത്തിന് അവൻ വന്നു. ഒരുമിച്ച് ഫോട്ടോ എടുക്കാനൊന്നും അവൻ നിന്നില്ല. അവനും കല്യാണം കഴിച്ചു.
ഞാൻ ആലോചിക്കാറുണ്ടായിരുന്നു വീട്ടുകാർ പറയുന്നതും കേട്ട് കൂട്ടുകാരനായി മാത്രം കണ്ട ആളെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്ത് അബദ്ധമായേനേ..
ഒരിക്കൽ അവൻ എന്നോട് ചോദിച്ചു , നിനക്ക് എന്നെ എപ്പോഴെങ്കിലും ഇഷ്ട്ടമായിരുന്നോ ?
ഇല്ല. എന്നാൽ ഒരിക്കൽ വീട്ടുകാർ പറയുന്നതുകേട്ട് നിന്നോട് കല്യാണം കഴിക്കാം നമുക്ക് എന്ന് ചോദിക്കാനിരുന്നതാണ് ഞാൻ.
എന്നിട്ട് നീ എന്താ ചോദിക്കാഞ്ഞത് ?
അന്ന് നിനക്ക് വേറെ ഒരു പെണ്ണിനെ ഇഷ്ട്ടമായിരുന്നു. അല്ലെങ്കിലും എനിക്ക് നിന്നോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല.
ഇപ്പോഴോ ?
ഇപ്പോഴുമില്ല.
അവൻ പറഞ്ഞു , എനിക്ക് നിന്നോട് സംസാരിക്കുമ്പോൾ ബഷീറിന്റെ പുസ്തകം വായിക്കുംപോലെയാണ്. എന്റെ കമ്പനി ഞാൻ വിചാരിച്ചതുപോലെ ശെരിയായില്ല. ഒന്നും ഞാൻ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ല.
നീ എന്നാലും മിടുക്കൻ ആണ്.
നീ എന്തിനാ എനിക്ക് ഇത്രമാത്രം ആത്മവിശ്വാസം തരുന്നത്? അവൻ എന്നോട് ചോദിച്ചു.
ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല.
അടുത്ത ജന്മത്തിൽ നിനക്ക് എന്നെ ഇഷ്ട്ടമാകുമോ ?
നീ ആദ്യമേ എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ മതി. അല്ലെങ്കിൽ നിന്നെ കൂട്ടുകാരനായി മാത്രം ഞാൻ കണ്ടുപോകും.
ഇന്നും അവനെപ്പറ്റി ആലോചിക്കുമ്പോൾ എനിക്ക് കൂട്ടുകാരനിൽ അപ്പുറമായി ഒന്നുംതന്നെയില്ല.. എങ്കിലും അവനോളം എന്നോട് മിണ്ടാൻ എന്റെ കൂടെ ഇരിക്കാൻ വേറെ ആരും ആഗ്രഹിച്ചിട്ടുമില്ല.