Image

ആരിഫിന് ഇനി അടങ്ങാമല്ലോ... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 06 October, 2023
ആരിഫിന് ഇനി അടങ്ങാമല്ലോ... : (കെ.എ ഫ്രാന്‍സിസ്)

ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തുവിടുകയും, 13 കോടി ജനങ്ങളില്‍ 36 ശതമാനവും പിന്നോക്കക്കാരാണെന്ന് വന്നതും ബി.ജെ.പിക്ക് വലിയ അടിയായപ്പോള്‍, കേരളത്തിലെ സി.പി.എമ്മിന് സന്തോഷിക്കാവുന്നതും, ഗവര്‍ണര്‍ ആരിഫ് ഖാന് ദുഖിക്കാവുന്നതുമായ ഒരു പരാമര്‍ശം സുപ്രീംകോടതിയില്‍ നിന്ന് വന്നത് കേരള സര്‍ക്കാറിന് നേട്ടമാകുമോ? 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കണ്ണു തുറപ്പിക്കുന്ന ഒരു പരാമര്‍ശമാണല്ലോ ഇന്ന് സുപ്രീം കോടതിയിലുണ്ടായത്.  സര്‍ക്കാര്‍ അയച്ച ബില്ലുകളില്‍ ഒപ്പിടുന്നതിന് കാലാവധിയില്ലെങ്കിലും ഇഷ്ടം പോലെ കാലതാമസം വരുത്തരുതെന്ന ഒരു ഉപദേശം ബംഗാളിലെ ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ പോര് പരിഗണനക്ക് വന്നപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായി. മലയാളിയായ ആനന്ദ ബോസ്സാണല്ലോ അവിടുത്തെ ഗവര്‍ണര്‍. 

ഗവര്‍ണറും സര്‍ക്കാരുമായുള്ള  പോരു നല്ലതിനല്ല. അവര്‍ ഒന്നിച്ചു പോവുകയാണ് വേണ്ടത്. സര്‍ക്കാര്‍ അയച്ചുതരുന്ന ബില്ലുകള്‍ അനന്തമായി  നീട്ടുന്നത്  ശരിയല്ലെന്നും കോടതി പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ഈ കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഒപ്പിടാതെ അട്ടത്തുവച്ച ബില്ലുകള്‍ ഒപ്പിടുമോ ? ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ പോയ 'കോടതി വഴി' പിണറായി സര്‍ക്കാറും സ്വീകരിക്കണമോ എന്നതാണ് ഇനി  അറിയാനുള്ളത്. 

കരുവന്നൂര്‍  കേസ് സജീവ രാഷ്ട്രീയ നേതൃത്വത്തെ കാര്യമായി തൊടാതെ സതീഷ് കുമാറിലും  അരവിന്ദാക്ഷനിലും  ഒതുക്കി അവസാനിപ്പിക്കും എന്ന ഒരു തോന്നല്‍ പൊതുവേ ഉണ്ടായിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍  സി.പി.എമ്മിനെ  നാറ്റിക്കുന്നതില്‍  ഇ.ഡി വിജയിച്ചിട്ടുമുണ്ടല്ലോ. സുരേഷ് ഗോപി നടത്തിയ ജാഥയോടെ ആ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയായി. അടുത്ത വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സുനില്‍ കുമാറിനെ നിര്‍ത്തി നല്ലൊരു മത്സരം കാഴ്ച വക്കാനുള്ള സി.പി.ഐയുടെ പരിപാടിക്ക് ഇതൊരു തിരിച്ചടിയാകുമോ ? സി.പി.ഐ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാമതായിരുന്നു. കോണ്‍ഗ്രസിന്റെ പ്രതാപനാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് അംഗം. 

അടിക്കുറിപ്പ് : ഒട്ടേറെ തട്ടിപ്പുകളിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന അഖില്‍ സജീവിനെ തേനിയില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്ന് പോലീസ്. പക്ഷേ, അയാളുടെ ബാങ്ക് അക്കൗണ്ട് കാലി! പോലീസ് അതേ പറ്റി അന്വേഷിക്കുന്നു. ആ കേസും എങ്ങനെയൊക്കെ വഴിമാറുമെന്ന് കണ്ടറിയണം.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക