മരിച്ചതിനുശേഷം മലയാളികള്‍ ആര്‍ക്കെതിരെയും ഒന്നും എതിരായി പറയാറില്ല. പക്ഷേ, ഇന്നലെ ആനത്തലവട്ടം മരിച്ചതിനു തൊട്ടു പിന്നാലെ വന്ന ട്രോളുകള്‍ കെ.എസ്.ആര്‍.ടി.സി ഇനിയെങ്കിലും രക്ഷപ്പെടുമല്ലോ എന്നായിരുന്നു ആ ട്രോള്‍. എളമരത്തെ കാത്തിരിക്കുന്നത് അത്തരം ട്രോളാകുമെന്ന് കരുതിയെങ്കിലും മാഷേ, ഇനിയെങ്കിലും നാടിന്റെയും നാട്ടാരുടെയും മനസ്സറിഞ്ഞു പ്രവൃത്തിക്കു. ജി.സുധാകരനെ ദ്രോഹിച്ച കഥ അദ്ദേഹം തന്നെ ഇന്ന് തുറന്നു പറഞ്ഞു. എത്ര വലിയ മരമായി വളര്‍ന്നാലും സഖാവേ, ഒരു നല്ലനടപ്പ് അങ്ങേക്കുമാകാം.
കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ സി.പി.എമ്മില്‍ ചില പൊട്ടിത്തെറികള്‍ നേരത്തെ തന്നെ തുടങ്ങിയതാണല്ലോ. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് ആദ്യവെടി പൊട്ടിച്ചത്. ജി.സുധാകരന്‍ ഇന്ന് വെളിപ്പെടുത്തിയതാകട്ടെ വലിയ ബോംബ്. സഹകരണ ബാങ്കിന്റെ ചുമതലയുള്ള എം.കെ കണ്ണന്‍ തന്റെ മൂക്കിനുതാഴെ ഇതൊക്കെ നടക്കുമ്പോള്‍ എവിടെയായിരുന്നു എന്നാണ് സുധാകരന്റെ ചോദ്യം. ഒരു പ്രശ്‌നമുണ്ടായാല്‍ ഇ.ഡി വരും അന്വേഷണമുണ്ടാകും എന്നൊന്നും കണ്ണനറിയില്ലേ ? ഓരോരുത്തര്‍ താന്തോന്നിത്തരം കാട്ടിയതിനു സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ എന്ത് പിഴച്ചു ? എല്ലാ പാര്‍ട്ടിയിലുമുണ്ടാകും കണ്ണനെ പോലെ ചിലര്‍. അവര്‍ ചെയ്തു കൂട്ടിയതിന് കമ്മ്യൂണിസ്റ്റുകാരെന്ത് പിഴച്ചു ?സുധാകരന്‍ കത്തിക്കയറുന്നു. ആലപ്പുഴയിലെന്നും വിഭാഗീയത ഉണ്ടായിട്ടുണ്ട്. വി.എസിനൊപ്പം നിന്ന സുധാകരന്‍ പിണറായിയോടൊപ്പം ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ ശക്തനായ വക്താവായിരുന്നു. വിഭാഗീയതയുടെ പേരില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സുധാകരന്‍ ഒറ്റപ്പെട്ടു, സുധാകരന്‍ പൊട്ടിത്തെറിച്ചു. പിണറായി സുധാകരനെ വിളിച്ചുവരുത്തി സംസാരിച്ചതോടെയായിരുന്നു അദ്ദേഹമൊന്ന് അടങ്ങിയത്.
ഒരുകാലത്ത് തന്നോടൊപ്പം ഉറച്ചുനിന്ന സജി ചെറിയാനും മറ്റും തനിക്കെതിരെ സംസാരിക്കുന്നത് സുധാകരനെ വേദനിപ്പിച്ചു. അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ വന്നവരുടെ കൂട്ടത്തില്‍ എളമരം കരീമും ഉണ്ടായിരുന്നു. സുധാകരനു കലി ഇപ്പോഴും എളമരത്തോടാണ്. 24 പേജില്‍ താനെഴുതി കൊടുത്ത വിശദീകരണം ആ മനുഷ്യന്‍ വായിച്ചു നോക്കുക പോലും ചെയ്തില്ല എന്നാണ് സുധാകരന്റെ സങ്കടം. താമസിയാതെ സുധാകരന്‍ ചിലപ്പോള്‍ തുറന്നു പറഞ്ഞേക്കും. അത് പലര്‍ക്കും പൊള്ളലേല്‍പ്പിക്കും.
കഴിഞ്ഞ മന്ത്രിസഭാംഗമായിരുന്ന ഇ.പി ജയരാജന്‍, തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍ തങ്ങളെ ചിലര്‍ ഒതുക്കിയതാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. പിണറായിക്ക് പണ്ടേ ഇഷ്ടക്കുറവുള്ള എം.എ ബേബിയും കേരള രാഷ്ട്രീയത്തില്‍ നിന്ന് കരുതിക്കൂട്ടി അകറ്റി നിര്‍ത്തപ്പെട്ടവരാണല്ലോ. അപശബ്ദങ്ങള്‍ എന്താണെങ്കിലും ഒഴിവാക്കാന്‍ പിണറായി ഇടപെടാതിരിക്കില്ല.
അടിക്കുറിപ്പ് : ആനത്തലവട്ടം ആനന്ദന്‍ സൗമ്യനും നല്ലവനുമൊക്കെ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം കെ.എസ്.ആര്‍.ടി.സി ഇനിയെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ട്രോള്‍ ഇറങ്ങിയത് കണ്ടില്ലെങ്കില്‍ ഒരു അമേരിക്കന്‍ മലയാളി കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ആനത്തലവട്ടം ചെയ്തു വച്ച ഓരോ വിപത്തുകള്‍ പറഞ്ഞത് വൈറലായതെങ്കിലും ഇന്നലെയും ഇന്നുമായി കണ്ടു കാണും. എളമരത്തിന് എന്തെങ്കിലും സംഭവിച്ചാലും മലയാളി ഓര്‍ക്കുന്നത് അങ്ങനെയാവുമെന്ന ഒരു വീണ്ടു വിചാരം എളമരത്തിനെങ്കിലും ഉണ്ടായാല്‍ നന്നായി. ഗ്വാളിയര്‍ റയോണ്‍സിന്റെ മാവൂര്‍ ഫാക്ടറി മുതല്‍ താന്‍ പൂട്ടിച്ച വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ ഏതൊക്കെയാണെന്ന് ഇപ്പോഴെങ്കിലും എളമരം ഒന്ന് എണ്ണി നോക്കട്ടെ. കൂടെ എത്ര തൊഴിലാളി കുടുംബങ്ങളെയാണ് പട്ടിണിയിലാക്കിയത് എന്നും ശരിക്കും ഒന്നോര്‍ത്തോട്ടെ. കാട്ടാളന്‍ വാല്മീകിയായ നാടല്ലേ? വല്ലതും നല്ലത് സംഭവിച്ചാലോ?
കെ.എ ഫ്രാന്‍സിസ്