Image

കൂനമ്പാറക്കവല (അധ്യായം 16- നോവല്‍: തമ്പി ആന്റണി)

Published on 07 October, 2023
കൂനമ്പാറക്കവല (അധ്യായം 16- നോവല്‍: തമ്പി ആന്റണി)

വിചാരണ

    കാടുകേറിയച്ചന്റെ നേതൃത്വത്തില്‍ ആദിവാസിനേതാവായ മയിലപ്പനും ഭാര്യ മയിലമ്മയും അവരുടെ അനുയായികളെയും കൂട്ടി, അഞ്ചുരുളി സിറ്റിയില്‍ വലിയ പന്തലിട്ട്, അനിശ്ചിതകാലത്തേക്കു കുത്തിയിരിപ്പുസമരം തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ, നേതൃത്വം കൊടുത്ത മയിലപ്പന്റെ പെട്ടെന്നുള്ള മരണം കാരണം, ആ ഉദ്യമം പരാജയപ്പെട്ടു. 

    ചപ്പാത്തുഭാഗത്ത് ഒരു ചെറിയ കൂരയില്‍ പലവകസാധനങ്ങളും പച്ചക്കപ്പയും കച്ചവടംചെയ്തു കഷ്ടിച്ചു ജീവിച്ചുപോന്ന മയിലപ്പനും മയിലമ്മയും അണക്കെട്ടു സംരക്ഷണസമിതിയില്‍ സജീവസാന്നിധ്യമായിരുന്നു. മയിലപ്പന്റെ മരണത്തോടെ മയിലമ്മ ഒറ്റയ്ക്കായി. എങ്കിലും കച്ചവടം തുടരുന്നു. 

    അണക്കെട്ടു സംരക്ഷണസമിതിയുടെ ആവേശമൊക്കെ കെട്ടടങ്ങിയിരുന്നു. എങ്കിലും റോഷന്‍ കാടുകേറിയച്ചന്റെ നേതൃത്വത്തില്‍ അണക്കെട്ടു പൊളിക്കാനും പുതിയ അണക്കെട്ടു വേണമെന്ന ആവശ്യം അംഗീകരിപ്പിക്കാനുമുള്ള പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്. 

    അപ്പോഴേക്കും കൂനമ്പാറയെ ഞെട്ടിച്ച ആ നാടകവും അവസാനത്തെ നാടകാനന്തരനാടകവും കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. ആദ്യമൊന്നും ആരും അതേപ്പറ്റി അധികമൊന്നും പറഞ്ഞിരുന്നില്ല. ആകെ നാണംകെടുത്തിയ നാടകംകളിയെപ്പറ്റി വീണ്ടും വീണ്ടും പറയുന്നതും ഓര്‍ക്കുന്നതുമൊന്നും അത്ര സുഖമുള്ള കാര്യമല്ലല്ലോ! മണ്ടത്തരങ്ങള്‍ പറ്റുന്നത് ഒരാള്‍ക്കാണെങ്കില്‍ ചിലപ്പോള്‍ മൂടിവയ്ക്കാന്‍ എളുപ്പമായിരിക്കും. ഇതിപ്പോള്‍ ഒരു ദേശത്തെ മുഴുവനാളുകളേയും വിഡ്ഢികളാക്കിയില്ലേ? 

    ഒരു ഞായറാഴ്ച വൈകുന്നേരം കൂനമ്പാറയിലെ ചൂടുള്ള ചര്‍ച്ച, ആ അപ്പോസ്തലന്‍മാരുടെ തിരോധാനത്തെപ്പറ്റിയായിരുന്നു. 

    രാഷ്ട്രം, പതിവുപോലെ നാലുമണിക്കുര്‍ബ്ബാന കഴിഞ്ഞ് നേരേ ഹോട്ടലിലേക്കു വന്നു. അവധിദിവസമായാല്‍ കുറച്ചേറെ പരദൂഷണക്കാരുണ്ടാകും. അങ്ങനെ ചില നാട്ടുവിശേഷങ്ങളറിയാം.  ടി വിയില്‍ വാര്‍ത്താവായന നടക്കുന്നുണ്ടായിരുന്നെങ്കിലും പീറ്റര്‍സാര്‍ അതു ശ്രദ്ധിക്കാതെ പത്രം അരിച്ചുപെറുക്കി വായിക്കുകയായിരുന്നു. എല്ലാവരും അപ്പാജിയുടെ കാര്യത്തില്‍ ഇത്തിരി സങ്കടത്തിലായിരുന്നു. 

    'ആറ്റുനോറ്റിരുന്ന് ഒരു നാടകം തല്ലിക്കൂട്ടിയതാ. അതീന്നു കിട്ടിയ തുകയുംകൊണ്ടു വരത്തന്‍മാര്‍ കടന്നുകളഞ്ഞില്ലേ!'

    കുട്ടാപ്പി സംഭാഷണത്തിനു തുടക്കം കുറിച്ചു. 

    'കണ്ട വരത്തന്‍മാരു തെണ്ടികളെക്കണ്ടപ്പോള്‍ ഞങ്ങളെയൊക്കെ മറന്ന് അവന്‍മാരുടെ പിറകേ കൂടി. എന്നാലും റോഷനച്ചനും ഇങ്ങനൊരബദ്ധം പറ്റുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ?'

    വിഷമംകൊണ്ട് കരുണാകര്‍ജി പറഞ്ഞു. 

    'അവസാനം പള്ളിപ്പിരിവെടുത്തല്ലേ ഹോട്ടലുകാരുടെ ബില്ലടച്ചത്? ആ പാവം കത്തനാരെ വിശ്വസിച്ചാ റിസോര്‍ട്ടുകാര് എല്ലാത്തിനേം വെറുതേ വിട്ടത്. അല്ലെങ്കിലിപ്പോള്‍ ഹോട്ടലില്‍ തൂത്തുവാരലൊക്കെയായി അവിടെക്കൂടാമായിരുന്നു!'

    അത്രയും പറഞ്ഞ്, രാഷ്ട്രം ഒരു വെടലച്ചിരി ചിരിച്ചു. പീറ്റര്‍സാര്‍ കുമ്പിട്ടിരുന്ന തലയൊന്നുയര്‍ത്തിപ്പറഞ്ഞു: 

    'പണ്ടത്തെ കാര്‍ന്നോന്‍മാരു പറഞ്ഞിട്ടില്ലേ തലമറന്ന് എണ്ണതേയ്ക്കരുതെന്ന്? അതുതന്നെയാ ഇപ്പോള്‍ കൂനമ്പാറക്കാര്‍ക്കും പറ്റിയത്.'

    സാര്‍ വീണ്ടും പത്രപാരായണം തുടര്‍ന്നു. 

    രാജപ്പന്റെ ബൈക്കിന്റെ ശബ്ദം കേട്ടു. അടുത്തു വന്നപ്പോഴാണ്, നാരദനപ്പ എന്ന അപ്പാജിയും പിറകിലുണ്ടെന്നു മനസ്സിലായത്. അയാള്‍ ഒരു കാലന്‍കുടയും പിടിച്ചു കൂനിക്കൂടി ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്നു! അപ്പാജിയുടെ സങ്കടം തീര്‍ക്കാന്‍ അഞ്ചുരുളി ഷാപ്പില്‍പ്പോയി നല്ല വീശു വീശിയിട്ടാണു വരുന്നതെന്നു രാജപ്പനെ കണ്ടാലറിയാം. രാജപ്പനങ്ങനെയാണ്. ആര്‍ക്കു സങ്കടം വന്നാലും അവരെയുംകൂട്ടി ഷാപ്പില്‍പ്പോകും. നഷ്ടങ്ങളൊക്കെ മറക്കാനുള്ളതാണെന്ന് ഇടയ്ക്കിടെ ഉപദേശവുമുണ്ടാകും. അത് മാനവും പണവും പോയ അപ്പാജിയോടും പറഞ്ഞിട്ടുണ്ടാകും. 

    എന്തായാലും എല്ലാം മറന്ന്, കള്ളിന്റെ ബലത്തിലാവും, ഒരു പുഞ്ചിരിയോടെ അപ്പാജി ധൈര്യപൂര്‍വ്വം കടയിലേക്കു കയറി. കുട്ടാപ്പി പറഞ്ഞു: 

    'രണ്ടുപേരുംകൂടി അഞ്ചുരുളി ഷാപ്പില്‍പ്പോയതാണെന്നു കണ്ടപ്പോഴേ മനസ്സിലായി. എന്തായാലും നന്നായി. അപ്പാജിക്കും ഒരു മാറ്റം വേണമല്ലോ. പിന്നെ കരണ്ടിന്റെ സാരോപദേശംകൂടി കിട്ടിക്കഴിഞ്ഞാല്‍ സംഗതി ഉഷാര്‍.'

    രാജപ്പനെ ഒന്നു നോക്കി, കരുണാകര്‍ജി അപ്പാജിയോടു പറഞ്ഞു: 

    'അപ്പാജിയോടുള്ള സ്‌നേഹംകൊണ്ടു പറയുവാ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. നമ്മള്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാലും ഈ പോക്ക് അത്ര ശരിയാണെന്നു ഞങ്ങള്‍ പറയില്ല.'

    അപ്പാജിക്ക് അതത്ര പിടിച്ചില്ല. എല്ലാവരേയും സൂക്ഷിച്ചൊന്നു നോക്കിയെങ്കിലും സൗമ്യമായി മൊഴിഞ്ഞു: 

    'അല്ലാതെപിന്നെ കരണ്ടിന്റെകൂടെ പള്ളീലോ അമ്പലത്തിലോ പോകാന്‍ പറ്റുമോ?'

    'ആരോഗ്യത്തിനു ഹാനികരമെന്ന് എല്ലാ ആരാധനാലയത്തിന്റെ മുമ്പിലും എഴുതിവയ്ക്കണമെന്നു നിയമം വേണമെന്ന് നാടകത്തിലൂടെയാണെങ്കിലും ആദ്യം പറഞ്ഞത് അപ്പാജിയാണ്. അതു മറക്കണ്ട.'

    രാജപ്പന്‍ മുണ്ട് ഒന്നുകൂടി മുറുക്കിക്കുത്തി, കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു. പീറ്റര്‍സാര്‍ പത്രം താഴെവച്ച് എല്ലാവരോടുമായി പ്രസ്താവിച്ചു: 

    'അപ്പാജി പറഞ്ഞതില്‍ കാര്യമുണ്ട്. മദ്യലഹരി ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാ കുപ്പിയിലും എഴുതിയിട്ടുണ്ടല്ലോ. അതിലും ഹാനികരമല്ലേ, ഈ മതലഹരി? അപ്പോള്‍പ്പിന്നെ പള്ളിയുടെയും അമ്പലത്തിന്റെയും മോസ്‌ക്കിന്റെയും മുമ്പില്‍ വലിയ അക്ഷരത്തിലെഴുതി വയ്ക്കണം: മതം ആരോഗ്യത്തിനു ഹാനികരം എന്ന്.'

    'അതു നേരാ. മതത്തിന്റെയും ജാതിയുടെയും പേരിലല്ലേ ഈ കൊലപാതകങ്ങള്‍ മുഴുവനും?'

    ഇടതുപക്ഷ സഹയാത്രികന്‍ കരുണാകര്‍ജിയും ഒന്നു സപ്പോര്‍ട്ട് ചെയ്തു. അതുകേട്ടിട്ടു പ്രതികരിക്കാത്ത കുട്ടാപ്പിയോടാവശ്യപ്പെട്ടു: 

    'ഒരു നാലു പരിപ്പുവട.'

    'അതെന്തിനാ നാലെണ്ണം? അപ്പോള്‍ ചായ വേണ്ടേ?'

    'രണ്ടെണ്ണം രാജപ്പനാ. ചായ വേണ്ട. അതൂടെക്കുടിച്ചാല്‍ വയറ്റില്‍ക്കെടന്നു പിരിയും. ചൂടുവെള്ളം മതി.'

    തികഞ്ഞ മുസ്ലീമായ അപ്പാജി അസ്സല്‍ കലാകാരനാണെന്നും ദൈവവിശ്വാസം തീരെയില്ലെന്നും കൂനമ്പാറയിലെ മണല്‍ത്തരികള്‍ക്കുപോലുമറിയാം! അയാള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നതുപോലെ മുരണ്ടു: 

    'എന്നാലും അവന്‍മാരു നമ്മളോടു കാണിച്ചത് വന്‍ചതിയായിപ്പോയി.'

    സംവിധായകന്‍കൂടിയായ അപ്പാജിക്ക് അതങ്ങോട്ടു മറക്കാന്‍ പറ്റുന്നില്ല. ഒന്നുമറിയാത്ത മട്ടില്‍ കുട്ടാപ്പി ഒരു മറുചോദ്യം ചോദിച്ചു: 

    'അപ്പാജി ആരുടെ കാര്യമാ ഈ പറഞ്ഞുവരുന്നത്?'

    അപ്പാജിക്കു ദേഷ്യം വന്നു. 

    'നിന്റപ്പൂപ്പന്റെ... ഇതിപ്പം രാമായണം മുഴുവന്‍ വായിച്ചിട്ടു സീത രാമന്റെയാരാന്നു ചോദിച്ചതുപോലെയുണ്ട്.'

    എല്ലാവരും കുട്ടാപ്പിയെ നോക്കി പരിഹസിച്ചുചിരിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും കുട്ടാപ്പിയും കൂടെച്ചിരിച്ചു. അപ്പോഴേക്കും റോഷനച്ചന്റെ ബുള്ളറ്റിന്റെ 'പടപട' ശബ്ദം കേട്ടു. കുര്‍ബ്ബാന കഴിയുമ്പോള്‍ പതിവുള്ള വരവാണ്. പിന്നില്‍ പൊട്ടനുമുണ്ടാകും. കവലയില്‍നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങാനുള്ള വരവാണ്. 

    'ദേ, അച്ചനിപ്പോഴിങ്ങെത്തും. ഇനിയിപ്പം നമുക്ക് ആ വിഷയമങ്ങു മാറ്റിപ്പിടിക്കാം. പോയതു പോയി. അതിനിയും വിചാരണചെയ്ത് ആ കത്തനാരെ വിഷമിപ്പിക്കണ്ട.'

    അപ്പാജി എല്ലാവരോടുമായി താക്കീതു ചെയ്തു. അച്ചനും പൊട്ടന്‍ ചെങ്ങാലിയും ചായക്കടയുടെ മുമ്പിലെത്തി. കടയിലേക്കു കയറി, അച്ചന്‍ മുഖവുരയില്ലാതെ ചോദിച്ചു: 

    'ഇന്നെന്താടാ കുട്ടാപ്പീ, എല്ലാവരും ഒന്നും മിണ്ടാതിരിക്കുന്നത്? ചൂടുള്ള വാര്‍ത്തയൊന്നും കിട്ടിയില്ലേ?'

    കുട്ടാപ്പി, അറിയാതെ ഒരു ചോദ്യം അച്ചനോടു ചോദിച്ചുപോയി: 

    'അച്ചോ, ആ അപ്പോസ്തലന്‍മാരുടെ എന്തെങ്കിലും വിവരം കിട്ടിയോ?'

    'എടാ, അവന്‍മാരു വരും. പറഞ്ഞ വാക്കും പാലിക്കും. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ അന്നവര്‍ക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നു. അത്രേയുള്ളു. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കുമെന്നല്ലേ ക്രിസ്തുവും പറഞ്ഞിരിക്കുന്നത്?'

    എന്തോ മനസ്സിലായ മട്ടില്‍, പൊട്ടനെന്തൊക്കെയോ ആംഗ്യഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്നു. അതുകണ്ടിട്ട് അച്ചന്‍ പറഞ്ഞു: 

    'എല്ലാം ശരിയാകുമെന്നാ അവനും പറയുന്നത്. എന്തായാലും വന്നതൊക്കെ വന്നു. അവന്‍മാരു തിരിച്ചുവരുമെന്നുതന്നെയാ എന്റെ വിശ്വാസം.' 

    'നമുക്കു കാത്തിരുന്നുകാണാം' എന്നു രാജപ്പനും പറഞ്ഞു.  

    അപ്പവും മുട്ടറോസ്റ്റും കഴിച്ചു ചായയും കുടിച്ച്, അച്ചനും പൊട്ടനും പച്ചക്കറിക്കടയിലേക്കു കയറി. ഞായറാഴ്ചദിവസങ്ങളില്‍ അതു പതിവാണ്. അന്നു പള്ളിമേടയിലെ കുശിനിയില്‍ പാചകമില്ല. എങ്കിലും പൊട്ടന് അവധിയില്ല. അവന്റെ പൊണ്ടാട്ടി സ്റ്റൈലിക്കുഞ്ഞമ്മ, വീട്ടിലെ എല്ലാ പണികളും അവനെക്കൊണ്ടു ചെയ്യിക്കും. അതുകൊണ്ട് അന്നവന്‍ പള്ളിമേടയില്‍ത്തന്നെ താമസിക്കാനുള്ള പദ്ധതിയിലായിരുന്നു.

    കുഞ്ചാക്കോയെ മാത്രം അന്നു സിറ്റിയിലെങ്ങും ആരും കണ്ടില്ല. ഞായറാഴ്ചയായതുകൊണ്ട് പീരുമേട്ടിലെ വീട്ടിലേക്കു പോയിക്കാണും. അവിടെ അപ്പനും അമ്മയും മാത്രമേയുള്ളു. ആര്‍മിയിലുള്ള അനുജന്‍ കാശ്മീരിലാണ്.  

se more: https://emalayalee.com/writer/82

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക