Image

സുന്ദരിച്ചെല്ലമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 08 October, 2023
സുന്ദരിച്ചെല്ലമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

സൂര്യനിലേക്ക് മുഖാര്‍ച്ചന ചെയ്യുന്ന,
സൂര്യകാന്തിപ്പൂവുപോലൊരുവള്‍,
ശ്രീത്വം തികഞ്ഞവള്‍, 'സുന്ദരിച്ചെല്ലമ്മ',
സ്ത്രീജന്മമായത് ദുര്‍വിധിയോ?
നൃത്ത സംഗീത നിപുണ,യദ്ധ്യാപിക,
എത്ര മികച്ച കലാകാരിയീ-
'സുന്ദരിച്ചെല്ലമ്മ', നൊമ്പരപ്പൂവായി,
എന്നുമനന്തപുരിതന്‍ മണ്ണില്‍
ശ്രീപത്മനാഭന്റെ ദാസനെ ധ്യാനിച്ച്-
പ്രേമതപസ്വിനിയായ ദാസി, 
ദാഹജലം കൊതിക്കുന്ന വേഴാമ്പലായ്,
ജീവിതമാം മണല്‍ക്കാട്ടിലൂടെ....
കൊട്ടാരവാസികള്‍ക്കാ,യരങ്ങേറിയ,
നാടകത്തില്‍ നടിയായവള്‍ക്ക്,
തിരുവിതാംകൂര്‍ രാജവംശാധിനാഥന്‍,
ചിത്തിര നക്ഷത്ര നാമധാരി,
സന്തുഷ്ടചിത്തനായേകിയ സമ്മാനം-
കണ്ണഞ്ചിക്കുന്ന കസവുവസ്ത്രം,
കല്യാണപ്പുടവയാ,യുള്ളിലണിഞ്ഞവള്‍,
സ്വപ്നസഞ്ചാരിണിയായി മാറി;
അമ്പിളിമാമനെ,യെത്തിപ്പിടിക്കുവാന്‍,
ഇമ്പമോടെ കരംനീട്ടിയവള്‍,
മാമരം പാഴ്മുളയ്‌ക്കൊപ്പമല്ല,യെന്ന്, 
താനെ തിരിച്ചറിയാതെപോയി;
ആ, മുഖം മാത്രം തിരഞ്ഞുനിരന്തരം,
ആ, വഴിത്താരയിലൂടെ യാത്ര.....
പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കതാ-
രാജപ്രമുഖനെഴുന്നള്ളത്തായ്;
ദര്‍ശന സൗഭാഗ്യം സായൂജ്യമാക്കുവാന്‍,
ഭക്തയ,ക്കോവിലില്‍ കാത്തുനില്‍ക്കെ,
കാവല്‍ഭടന്മാര്‍ ക്ഷണത്തില്‍ പുറത്താക്കി, 
കാതര, നൈരാശ്യഗര്‍ത്തത്തിലായ്;
മോഹങ്ങള്‍ പാഴ്ക്കിനാവായവള്‍ക്കീ ഭൂവി,
സോപാനം മാത്രമ,ഭയസ്ഥാനം;
പ്രാണേശ്വരനായി തമ്പുരാനെത്തന്നെ, 
മാനസക്കോവിലില്‍, ദേവനാക്കി,
സ്വന്തബന്ധങ്ങളില്‍ നിന്നകന്നേകയായ്,
'ശ്രീപത്മനാഭന്റെ' ദു:ഖപുത്രി,
കാലചക്രങ്ങള്‍ കറങ്ങി ഋതുക്കളായ്,
ഭ്രാന്തിയെപ്പോലെ,യുഴന്നവള്‍ ഹാ!;
മാറത്തുചേര്‍ത്തുപിടിച്ച മാറാപ്പുമായ്,
ക്ഷേത്ര നടയിലായ് നിത്യനിദ്ര.
ആത്മവെളിച്ചമാ,യന്യമാം ലോകത്ത്,
ശാന്തിനികേതനം മറ്റെവിടെ?
മാറ്റൊലിക്കൊള്‍കയോ, സുന്ദരിച്ചെല്ലമ്മേ,
കാറ്റിലിടയ്ക്കിടെ നിന്‍ കരച്ചില്‍? 

 

Join WhatsApp News
Sudhir Panikkaveetil 2023-10-10 14:18:23
കിട്ടുകയില്ലെന്നു മനസ്സിലായപ്പോൾ കുറുക്കൻ പോലും മുന്തിരിങ്ങ പുളിച്ചതാണെന്നു പറഞ്ഞു സ്ഥലം വിട്ടു. പക്ഷെ സ്ത്രീ മുന്തിരിച്ചോട്ടിൽ കാത്തിരുന്നു ചാവുന്നു. ഇതിലെ നായികയുടെ വ്യാമോഹത്തിനു അടിസ്ഥാനം നിലവിൽ ഉണ്ടായിരുന്ന ഒരു ചടങ്ങാണ്. അവർക്ക് സമ്മാനമായി കിട്ടിയ കസവ്‌വസ്ത്രം അവൾ അവളുടെ പുടവയായി തെറ്റിദ്ധരിച്ച്.അത് നല്കിയവനെ പതിയായി മനസാ വരിച്ചു. നീന്തൽ അറിയാതെ വെള്ളത്തിൽ വസ്ത്രം നഷ്ടപ്പെട്ട നാഗനായായ ഒരു കെട്ടിലമ്മയെ ഒരു ജോനകൻ അവന്റെ കള്ളിമുണ്ടു കൊടുത്തു രക്ഷിച്ച് കരയിലേക്ക് കൊണ്ടുവന്നപ്പോൾ ആ അമ്മക്ക് പിന്നെ ജോനകൻ മാപ്പിളയായി വരണം. കാരണം അയാളിൽ നിന്നും പുടവ സ്വീകരിച്ചില്ലേ. സുന്ദരിമാരായാ പ്രജകളൊക്കെ രാജാവിനെ പ്രണയിക്കാൻ തുടങ്ങിയാൽ തമ്പുരാൻ കല്യാണ രാമനായി വശംകെടും. ശ്രീമതി മാർഗരറ്റ് ടീച്ചർ അവരെ ദുഃഖപുത്രിയായി അവതരിപ്പിക്കുന്നുണ്ട്. മൂഢസങ്കല്പ്പങ്ങളെ കെട്ടിപിടിച്ചു സ്വയംമറന്നു ജീവിച്ചു മരിച്ച ഒരു ദുരന്തനായികയാണവർ. പ്രായോഗികമല്ലാത്ത പ്രണയാദർശങ്ങൾ കമിതാക്കൾക്ക് ദുഃഖമേ നൽകിയിട്ടുള്ളൂ. പുരുഷമേധാവിത്വം അടിച്ചേൽപ്പിച്ച കല്പനകളിൽ നിന്നും സ്ത്രീ സ്വതന്ത്രയായില്ലെങ്കിൽ അവളുടെ അന്ത്യം ഭ്രാന്ത് പിടിച്ച് അനാഥയായി ഏതെങ്കിലും തെരുവിൽ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക