എന്റെ ജനാലതൻ ചില്ലിൽ മുഖം ചേർത്തു
മെല്ലെ മെല്ലെ മഴ ചൊല്ലിയിതെന്താണ്
തുള്ളികളായി പൊഴിയുന്നതെന്നിലെ
നിന്നോടുമാത്രമായ പ്രണയമെന്നോ
തൂവൽ പൊഴിക്കുന്ന മഞ്ഞിന്റെ മറവിലും
കുളിരുമ്മ നല്കാനായ് വന്നതെന്നോ
കാതിൽ മധുരമാം സംഗീതമഴയായി
ഹൃദയ വീണയിൽ സ്വരമാകുവാനോ
ജന്മങ്ങളൊന്നായി തീരുവാനായ്
തപസായിരുന്നെന്ന് ചൊല്ലുവാനോ
എൻ കവിളോടു കവിൾചേർത്തു
പിരിയുവാനാവില്ലെന്നു പറയുവാനോ
നിൻ ചുണ്ടിൽ കടംകൊണ്ട പാട്ടുകളെല്ലാം
എനിക്കായി മാത്രമെന്നോതുവാനോ
എൻ കാതിൽ സ്വകാര്യമായ് പാടുവാനോ
നിൻ കരവലയിത്തിലൊതുക്കുവാനോ
മുറ്റത്തെ തുളസീത്തറയുടെ പിന്നിൽ
കറ്റക്കാർ കുഴലിയായ് ഒളിച്ചത്
കാർമുകിൽ വർണ്ണന്റെ പീലിത്തിരുമുടിയിൽ
നീയാണഴകെന്നു ചൊല്ലുവാനോ
എന്റെ പ്രണയിനി നീയെന്നോതുവാനോ
എന്മാറിൽ തലചായ്ച്ചുറങ്ങുവാനോ
പവിഴം പൊഴിയും നിന്നധരങ്ങളിലൂറും
മധുകണമെൻ ചൊടിയിൽ പകരുവാനോ..