Image

ഇലക്ഷന്‍ : ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 10 October, 2023
ഇലക്ഷന്‍ : ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ! : (കെ.എ ഫ്രാന്‍സിസ്)

സാക്ഷാല്‍ മാര്‍ക്‌സ് പറയുന്നതു പോലുള്ള പോരാട്ടം ഇന്ത്യയില്‍ അങ്ങനെ നടക്കാന്‍ പോകുന്നു ! ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട പൊളിക്കാന്‍ 'ഇന്ത്യ' മുന്നണിക്കിത്  'തുറുപ്പുചീട്ടും'. ജാതി സര്‍വേക്ക് പുറമേ, സാമ്പത്തിക സര്‍വ്വേ കൂടി നടത്തുമെന്ന്  വരുത്തിത്തീര്‍ത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അങ്ങനെ ഒരു വലിയ നീക്കത്തിന് തുടക്കമായി. 

പിതാവും, മുത്തശ്ശിയും, മുതുമുത്തശ്ശനും മറന്നുവച്ച 'ജാതിസര്‍വ്വേ' എന്ന തുറുപ്പുചീട്ടുമായി രാഹുല്‍ഗാന്ധി ഇത്തവണ ഗോദയിലിറങ്ങുമ്പോള്‍  കോണ്‍ഗ്രസിന് പുത്തന്‍ പ്രതീക്ഷ ! ജാതിസര്‍വ്വേയ്ക്കൊപ്പം  സാമ്പത്തിക സര്‍വ്വേ കൂടി വേണമെന്ന രാഹുല്‍ജിയുടെ നിര്‍ബന്ധം കൂടിയാകുമ്പോള്‍ 2024 ലോകസഭാ ഇലക്ഷനെ കോണ്‍ഗ്രസ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടമാക്കി മാറ്റും. ഇതോടെ പിന്നോക്ക വിഭാഗം ഏറെക്കാലമായി പറഞ്ഞുകൊണ്ടിരുന്ന ബി.പി മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകളും ഈ ഇലക്ഷനില്‍ പ്രസക്തമാകും. 

രാഹുലിന്റെ മുത്തശ്ശിയാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി മേശക്കകത്ത് പൂട്ടി വെച്ചത് - 1980 ഡിസംബര്‍ 31ന്. അത് രണ്ടാം പിന്നോക്ക കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു.  അതിനുമുമ്പ് കാക്കാ സാഹബ് പിന്നോക്ക കമ്മീഷന്‍ റിപ്പോര്‍ട്ട് നെഹ്‌റു ഭരണകാലത്ത് തള്ളിയിരുന്നു. ഇങ്ങനെയുള്ള ഒരു അജണ്ട കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതോടെ ബി.ജെ.പി സുരക്ഷിതമാക്കി വെച്ച് ഹിന്ദുത്വ അജണ്ടക്ക് വലിയ വിള്ളല്‍ വരും. പട്ടികജാതിക്കാരെ വരെ ആവേശം കൊള്ളിക്കുന്ന ഹിന്ദുത്വ അജണ്ട രാഹുലിന്റെ പുതിയ നീക്കത്തോടെ പൊളിഞ്ഞു പാളീസാകേണ്ടതാണ്. ഇന്ത്യ രാജ്യത്ത് ഭൂരിപക്ഷംപേരും കീഴ്ജാതിക്കാരെ പട്ടിണി പാവങ്ങളുമാണല്ലോ അവരുടെ പിന്തുണ ബി.ജെ.പിക്ക് കിട്ടാത്തവിധം പ്രചാരണം ശക്തമാക്കിയാല്‍ ഇന്ത്യ  മുന്നണി എല്ലാംകൊണ്ടും ചരിത്രവിജയം നേടേണ്ടതാണ്. 

ആശയങ്ങള്‍ പ്രായോഗികമായി അവതരിപ്പിക്കുകയും ആരെയാണോ പുതുതായി അത് ഉന്നം വെക്കുന്നത് അവരത്  ഏറ്റെടുക്കുകയും ചെയ്യണം. ഇക്കാര്യത്തില്‍ ഇന്ത്യ മുന്നണിക്ക് രൂപം നല്‍കാന്‍ തുടക്കം മുതല്‍ ഓടി നടക്കുന്ന ബിഹാറിലെ നിതീഷ് ജാതി സര്‍വേ നടത്തി നാട്ടില്‍ കൂടുതല്‍ പിന്നോക്ക വിഭാഗക്കാരാണ് എന്ന് തെളിയിക്കുകയും ചെയ്തു. 

ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷം വിജിലന്‍സ് പിടിച്ചെടുത്തത്  തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ഷാജി കൂടുതല്‍ ശക്തിയോടെ സി.പി.എമ്മിനെതിരെ പ്രചരണത്തിനിറങ്ങും. കഴിഞ്ഞ തവണത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ഒഴികെയുള്ള 19 സീറ്റും യു.ഡി.എഫ് തൂത്തുവാരി എന്നത് ശരി. പക്ഷേ, സി.പി.ഐക്ക് ഇത്തവണ കിട്ടുന്ന നാലു സീറ്റില്‍ ഒന്ന് തൃശ്ശൂരാണ്. അവിടെ സുരേഷ് ഗോപി തൃശ്ശൂര്‍ ഇങ്ങെടുക്കാമെന്ന മട്ടിലാണ്. കഴിഞ്ഞതവണ ഒടുവില്‍ സുരേഷ് ഗോപി രണ്ടാംസ്ഥാനത്തെത്തി. മുന്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ നിര്‍ത്തിയാല്‍ സി.പി.ഐക്ക് നല്ലൊരു മത്സരമെങ്കിലും കാഴ്ചവെക്കാം.  കൊടിക്കുന്നില്‍ സുരേഷിനെ സ്ഥിരമായി ജയിപ്പിച്ചു വിടുന്ന മാവേലിക്കരയില്‍ ചീറ്റയാമിനെയും നിര്‍ത്താം. തിരുവനന്തപുരത്ത് തരൂരിനെതിരെയും വയനാട്ടില്‍ രാഹുലിനെതിരെയും ആരെ നിര്‍ത്തിയിട്ടും എന്ത് കാര്യം? 

അടിക്കുറിപ്പ് : അല്ലേലും മന്ത്രി വീണയോട് എല്ലാവര്‍ക്കും വലിയ അസൂയ തന്നെ ! മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നേരിട്ട് കൊടുത്തുവെന്ന് ആണയിട്ട് പറഞ്ഞ മലപ്പുറത്തെ ഹരിദാസ് മൊഴിമാറ്റി. താന്‍ ആര്‍ക്കും പണം കൊടുത്തിട്ടില്ലെന്നാണ് ഇപ്പോള്‍ ഹരിദാസിന്റെ മൊഴി. ഇതേപ്പറ്റി വീണ പറയുന്നതുകൂടി കേട്ടോളൂ : അഖില്‍ മാത്യു എന്റെ ബന്ധുവാണെന്നും മറ്റും പറഞ്ഞ് എന്തായിരുന്നു കോലാഹലം, ഇപ്പോള്‍ എന്തായി ? എല്ലാം തീരട്ടെ എനിക്കും പറയാനുണ്ട് ചിലതൊക്കെ... അത് എന്തൊക്കെയാണെന്ന് കേള്‍ക്കാന്‍ നമുക്ക് കാതോര്‍ക്കാം.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക