Image

ആലീസ് ഇൻ വണ്ടർലാൻഡ് (ഇന്ദു മേനോൻ)

Published on 12 October, 2023
ആലീസ് ഇൻ വണ്ടർലാൻഡ് (ഇന്ദു മേനോൻ)

പണ്ട് എനിക്ക് ആലീസ് ഇൻ വണ്ടർലാൻഡ് എന്ന് പറഞ്ഞ ഒരു പദ്ധതിയുണ്ടായിരുന്നു. ഗോത്രമേഖലയിൽ നിന്നും വരുന്ന പലർക്കും നല്ല ഉടുപ്പുകൾ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. കുറച്ചൊക്കെ കാശു കൊടുത്ത് നമ്മൾ തന്നെ വാങ്ങി നൽകും. നർത്തകർ വംശീയ, ഭക്ഷണക്കാർ , വൈദ്യന്മാർക്കൊക്കെ കുറച്ചൊക്കെ വസ്ത്രങ്ങൾ അങ്ങനെ കിട്ടി. എന്നാൽ അവർക്കാപ്പം വരുന്ന കുട്ടികൾക്ക് പദ്ധതി വിഹിതമോ പുതു ഉടുപ്പോ ഉണ്ടാവില്ല. അത് മറികടക്കാൻ ആരംഭിച്ച ഒന്നാണിത്.
20 K ആയിരുന്നു അടിസ്ഥാന തുക. അതുകൊണ്ട് കുറേ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ വാങ്ങി. പഴയ ഉപേക്ഷിച്ച ഒരു ഗോദറേജ് അലമാരി A0 യോട്  അനുമതി വാങ്ങി പെയിന്റ് ചെയ്യിച്ചെടുത്തു. ആ പദ്ധതി എല്ലാർക്കും വലിയ ഇഷ്ടമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഉടുപ്പുകൾ വാങ്ങി നൽകി. എന്നാൽ ആവശ്യം കൂടി വന്നു. ആദികലയിൽ ഒരിടത്ത് ഒരു ചെറിയ ഇടം കിട്ടിയതോടെ കൂടുതൽ വസ്ത്രങ്ങൾക്കുള്ള സ്ഥലവുമായി.
അധികം ഉപയോഗിക്കാത്ത വസ്ത്രങ്ങൾക്കും ആവശ്യക്കാരുണ്ടെന്ന് മനസ്സിലായി. പഴയ വസ്ത്രങ്ങളും ശേഖരിച്ചു.
പല പരിപാടികൾക്ക് പോകുമ്പോഴും സർക്കാർ ജോലിയിൽ ഇരിക്കുന്നതിനാൽ  സമ്മാനങ്ങൾ ഒന്നും തന്നെ വാങ്ങാൻ കഴിയാത്ത സമയമായിരുന്നു അത്. അഥവാ സമ്മാനങ്ങൾ വാങ്ങിയാലും കൊണ്ടുവന്ന സർക്കാരിൽ അടയ്ക്കണം. വലിയ ബുദ്ധിമുട്ടാണത്.
സമ്മാനങ്ങളുമായി സ്നേഹത്തോടെ വരുന്നവരെ നിരാശപ്പെടുത്താതിരിക്കാൻ അവരോട്  എനിക്ക് സമ്മാനമായി /പ്രതിഫലമായി അവരുടെ കുട്ടികളുടെ കഴിഞ്ഞ പിറന്നാളുകളിലെ ഉടുപ്പുകൾ ആവശ്യപ്പെടാൻ തുടങ്ങിയത് അങ്ങനെയാണ്..
ഒരേ ഒരു തവണ മാത്രം ഇട്ട രാജകുമാരിമാരുടെയും രാജകുമാരന്മാരുടെയും ഉടുപ്പുകൾ അതിമനോഹരങ്ങളാണ്.
ഈ ഉടുപ്പുകളെ ശേഖരിച്ച് നന്നായി അലക്കി വൃത്തിയാക്കി / ഡ്രൈ ക്ലീൻ ചെയ്തു ഇസ്തിരിയിട്ട് എൻറെ ആലീസിന് വണ്ടർലാൻഡ് മുറിയിൽ ഞാൻ തൂക്കി വെച്ചു.  ഒരു ബ്രൈഡൽ ബോട്ടിക്ക് പോലെ അതിമനോഹരം ആയിരുന്നു വണ്ടർലാൻഡ് എന്ന മുറി.
ചിലർ എനിക്ക് ഒരിക്കലും ഉപയോഗിക്കാത്ത ചെറുതായി പോയ ഉടുപ്പുകൾ തന്നു .  മറ്റുചിലർ നിറം ഇഷ്ടമല്ലാത്തത് കൊണ്ട് മക്കൾ ഉപയോഗിക്കാത്ത ഉടുപ്പുകൾ തന്നു . .30% പുതിയ ഉടുപ്പുകളും ബാക്കി70% ഒരു ഒന്നോ രണ്ടോ തവണ ഉപയോഗിച്ചടുപ്പുകളും ആയിരുന്നു എൻറെ ശേഖരത്തിൽ ഉണ്ടായിരുന്നത്.
കണ്ടാൽ പുത്തൻ തോൽക്കുന്ന ഉടുപ്പുകളായിരുന്നു മിക്കവയും. എല്ലാം സെറിമോണിയൽ ഉടുപ്പുകൾ. റേന്തയും തൊങ്ങലും ചില്ലുകളും മുത്തുകളും സ്വർണ്ണ ജറികളും അമേരിക്കൻ ഡയമണ്ടും വരെ പതിപ്പിച്ചവ . പുതിയ ടെക്സ്റ്റൈൽസിൽ കയറിയ പോലെ ആളുകൾ അന്തം വിട്ടു നിന്നു .
അതിഗംഭീരമായ ഒരു പദ്ധതിയായിരുന്നു അത്.അത്ഭുത ലോകത്തിൻറെ താക്കോൽ ആകട്ടെ എപ്പോഴും എന്റെ മേശയിൽ ഭദ്രമായിരുന്നു. ഞാനതും പിടിച്ച് കുളൂസിൽ നടക്കും
വകുപ്പിൽ പല ആവശ്യങ്ങൾക്കായി വരുന്ന ഗോത്രവർഗ്ഗ അമ്മമാരുടെ കൂടെ കുട്ടികൾ വരുമ്പോൾ അവരെ മുറിയിലേക്ക് ക്ഷണിയ്ക്കും.
"ആലീസിന്റെ അത്ഭുതലോകം കാണണ്ടേ വരു"
താക്കോൽ ഇട്ട് തുറന്നു കഴിഞ്ഞാൽ വർണ്ണങ്ങളുടെയും മുത്തുകളുടെയും തുണികളുടെയും ഭംഗി നാരങ്ങാ വെളിച്ചത്തിലുള്ള ബൾബിൻ തിളക്കത്തിൽ അവർ കണ്ടു.
അവരുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ നക്ഷത്രങ്ങൾ വിടർന്നു.
"എന്ത് ഭംഗ്യാ !"
" ആണോ ? അളവിലും പാകത്തിനും പറ്റിയ ഏതെങ്കിലും ഉടുപ്പ് ഇഷ്ടപ്പെട്ടുവെങ്കിൽ ഒരു ഉടുപ്പ് എടുത്തോളു. "
സ്വപ്നത്തിലെന്നവണ്ണമാണ് പല കുട്ടികളും ആ ഓഫർ കേൾക്കുന്നത്. കുട്ടികളുടെ കണ്ണുകൾ വിടരും. അവർ അതിൽ നിന്നും ഏറ്റവും മനോഹരമായ ഒരു ഉടുപ്പ് തന്നെ എടുക്കും.
ചില അമ്മമാർ വന്ന് എന്നോട് പരാതിപ്പെട്ടു.
" എൻറെ കുഞ്ഞു വരണമെന്ന് വാശിപിടിച്ചതാണ് എന്നാൽ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല. അവൾ വന്നിരുന്നുവെങ്കിൽ അവൾക്കും കിട്ടുമായിരുന്നല്ലോ ഉടുപ്പ് "
"അതിനെന്താ കുഴപ്പം?ആലീസിന്റെ അത്ഭുത ലോകത്തേക്ക് അമ്മമാർക്കും വരാമല്ലോ. നിങ്ങൾ കയറി ഉടുപ്പുകൾ എടുത്തുകൊള്ളൂ "
പലപ്പോഴും അമ്മമാരും അത്ഭുതം നിറഞ്ഞ തിളങ്ങുന്ന കണ്ണുകളോട് അതിനുള്ളിൽ കയറി.അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്ന് നിന്നു.  അത്രയും ഭംഗിയുള്ള ഉടുപ്പുകൾ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു.വിദേശത്തുനിന്ന് തന്നെ കൊണ്ടുവന്ന സവിശേഷമായ ഒരു സുഗന്ധദ്രവ്യം ആ മുറിയെ വസന്തകാലം പോലെ വാസനിപ്പിച്ചിരുന്നു.അമ്മമാർ സ്നേഹത്തോടെ ഉടുപ്പുകളെ തിരഞ്ഞെടുക്കുകയും ചുംബിക്കുകയും ചെയ്തു. അവരുടെ കണ്ണിലെ ആഹ്ലാദം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.
ആലീസ് വണ്ടർലാൻഡ് കാണാൻ വേണ്ടി അക്കാലത്ത് എൻറെ സുഹൃത്തുക്കളും വരുമായിരുന്നു. ചിലർ ഉടുപ്പുകൾ കൊണ്ടുവന്നു. അവരുടെ കൂടെ വന്ന കൊച്ചു കുട്ടികൾ അത്ഭുത ലോകത്ത് പ്രവേശിക്കെ  അമ്പരന്നു നിന്നു. ഇതിൽ നിന്ന് ഉടുപ്പുകൾ വേണമെന്ന് വാശിപിടിച്ചു.അവർക്കും കൊടുത്തു ഉടുപ്പ് .
പരിസരപ്രദേശത്തെ സാധാരണ കുട്ടികൾ ഇടയ്ക്ക് മ്യൂസിയം കാണാൻ വരുമ്പോൾ ആലീസിംഗ് വണ്ടർലാൻഡ് സന്ദർശിച്ചു. അവർക്കും ഇഷ്ടപ്പെട്ട ഉടുപ്പുകൾ തെരഞ്ഞെടുത്തു.
ഒരാൾക്ക് ഒരിക്കൽ മാത്രം ഉടുപ്പുകൾ കിട്ടുന്ന അത്ഭുതലോകമായിരുന്നു അത്.
സർക്കാർ ഓഫീസിന്റെ പ്രത്യേകതരം സ്വഭാവവും പലതരം പ്രശ്നങ്ങളും കാരണം ഇന്നവേറ്റീവ് ആയ പല പദ്ധതികളും നിർത്തേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.ആലീസിന് വണ്ടർലാൻഡിന്റെ വിധിയും മറ്റൊന്നായിരുന്നില്ല.
"പഴയ ഉടുപ്പുകൾ പെറുക്കലാണ് ആ മാഡത്തിന്റെ പണി"യെന്ന് അപഹാസവും പരിഹാസവും പലവട്ടം കേട്ടു. വളരെ സമാധാനപൂർണ്ണമായി നടന്ന പദ്ധതികൾക്ക് നേരെ ഉണ്ടാകുന്ന ചൊറി. ക്രമേണ ആലീസ് ഇൻ വണ്ടർലാൻഡ് ഞാൻ അടച്ചുപൂട്ടി.
കുഞ്ഞി കണ്ണുകളിലും അമ്മ കണ്ണുകളിലും കാണുന്ന സന്തോഷത്തിൽ കവിഞ്ഞ് ഒരു പ്രതിഫലവും ഇല്ലാത്ത എന്നാൽ പ്രയത്നം ഏറെ ആവശ്യമുള്ള ഒരു പദ്ധതിയായിരുന്നു അത്.
ഞാൻ ചെയ്ത ജോലിയെ അല്പം കൂടി മെച്ചപ്പെടുത്തി സ്വതന്ത്രമായി ചെയ്യുവാൻ ആരംഭിച്ചു. ഉടുപ്പുകൾ ശേഖരിച്ച് വൃത്തിയാക്കിയതിനുശേഷം ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്ന പരിപാടി ആരംഭിച്ചു.
കുട്ടികൾക്ക് മാത്രമായിരുന്നില്ല മുതിർന്നവർക്കും വൃദ്ധരായവർക്കും രോഗികളായവർക്കും എല്ലാം ഉടുപ്പുകൾ കൊടുത്തുകൊണ്ടിരുന്നു.
ചേവായൂരുള്ള വില്ലകളിലും കോളനികളിലും ഡോക്ടർമാരുടെ വീടുകളിലും തെണ്ടാൻ പോയി.കളിവണ്ടി പദ്ധതിക്ക് വേണ്ടിയായിരുന്നു അത്.അവിടെയൊക്കെ കയറിയാൽ അതിമനോഹരമായ കളിപ്പാട്ടങ്ങൾ കിട്ടുമായിരുന്നു.
വളരെ ചെറുപ്പം മുതൽ തന്നെ
"പെറുക്കി എന്നും കോർപ്പറേഷൻ ജീവനക്കാരി " എന്നും എൻറെ അമ്മ എന്നെ അപഹസിച്ചു വിളിക്കുന്നത് ഈ പെറുക്കൽ സ്വഭാവം കൊണ്ടാണ് എന്ന് എനിക്ക് അറിയാമായിരുന്നു. ആ പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ കളിപ്പാട്ടങ്ങൾ, ഷൂസുകൾ അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, പഴയ ഫോണുകൾ,പുസ്തകങ്ങൾ എല്ലാം ഞാൻ ശേഖരിച്ചു കൊണ്ടേയിരുന്നു.
സുഹൃത്തുക്കളുടെ വീട്ടിലെ കേടായ ഫോണുകൾ ചെറിയ പണം കൊടുത്തു നന്നാക്കി. മിക്സികൾ നന്നാക്കിയെടുത്തു. പഴയ പ്രിന്ററുകൾ, വാഷിംഗ് മെഷീനുകൾ , കമ്പ്യൂട്ടറുകൾ, അലമാരികൾ,തയ്യൽ മെഷീനുകൾ ഫ്രിഡ്ജുകൾ എല്ലാത്തരം പഴയ സാധനങ്ങളും ഞാൻ യാതൊരു ഉളുപ്പുമില്ലാതെ ഞാൻ കൈനീട്ടി വാങ്ങി.
ചിലരൊക്കെ പുതിയ സാധനങ്ങളും അതിനൊപ്പം വാങ്ങി തന്നു.
"പൈസ തരട്ടെ ?" എന്ന് ചോദിച്ചവരുണ്ട്
"ഏയ് പണം വേണ്ട " എന്ന് ഞാൻ പറയും എന്നിട്ട് പതുക്കെ സെല്ലറിന്റെ നമ്പർ കൊടുക്കും. മനുഷ്യർ എത്രയോ നല്ലവരും സ്നേഹമുളളവരുമാണ്. അവർ പുതിയ സാധനങ്ങൾ വാങ്ങി നൽകി.  വിമർശകരുമുണ്ട്.
"നിനക്ക് ഇതുകൊണ്ട് എന്ത് ലാഭമാണ് കിട്ടുന്നത് ? എന്ത് സന്തോഷമാണ് ഉണ്ടാകുന്നത് ? വേറെ പണിയില്ലേ ?എന്നെല്ലാം എന്നെ കളിയാക്കിയവരുണ്ട്.
ചിലർ ആദ്യത്തെ തവണ കഴിഞ്ഞാൽ പിന്നെ  സ്വന്തം കുട്ടികളുടെ ഉടുപ്പുകൾ ഏറെ പ്രിയത്തോടെ കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് നേരിട്ട് സമ്മാനിക്കുവാൻ കഴിയുന്നത്ര വൃത്തിയിൽ സ്ഥിരമായി എനിക്ക് അയച്ചു തന്നു.
പ്രളയകാലത്ത് പുഴ വലുതാവുകയും വീടുകൾ ഒലിച്ചു പോവുകയും ചെയ്തപ്പോൾ അനവധി ഗോത്രകുടുംബങ്ങൾ വലിയ പ്രതിസന്ധിയിലായി.ആ സമയത്ത് എൻറെ പെറുക്കൽ ബിസിനസ് വളരെയധികം  വികാസം പ്രാപിച്ച അവസ്ഥയിലായിരുന്നു..
പ്രളയ സമയത്ത് ഇതേറെ സഹായകമായി.മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും തിരികെ വന്ന കുട്ടികൾക്ക് ഇടാൻ ഉടുപ്പുകൾ ഇല്ലാതിരുന്നപ്പോൾ ധാരാളം ഉടുപ്പുകൾ ശേഖരിച്ച് നൽകാൻ കഴിഞ്ഞു.അനേകം പുതപ്പുകളും വിരിപ്പുകളും കൊടുക്കുവാൻ കഴിഞ്ഞു. പഴയ ബാഗുകളും പുസ്തക സഞ്ചികളും ധാരാളമായി ഉപയോഗപ്രദമായി.
ചിലപ്പോൾ ഈ പെറുക്കൽ നീതിയ്ക്ക് എനിക്ക് കളിയാക്കലുകൾ കിട്ടി
ഒരിക്കൽ ഒരു ബാക്ക് പാക്ക് പോലെയുള്ള ബാഗ് ഒന്ന് കളയാനായി എൻറെ സുഹൃത്ത് സൂക്ഷിച്ചിരുന്നു. ഒരുപാട് വർഷങ്ങൾ പഴയതാണെങ്കിലും കാണാൻ നിറം കുറഞ്ഞിരുന്നുവെങ്കിലും , എങ്കിലും വളരെ ഭംഗിയുള്ളതും ഒരുപാട് ഭാരം ചുമക്കാൻ കഴിയുന്നതുമായ യൂട്ടിലിറ്ററിയനായ ഒരു സുന്ദരൻ ആയിരുന്നു അത്.അത് കണ്ടപ്പോൾ എൻറെ മകൻറെ ബേബി സിറ്ററായ പെൺകുട്ടി ആ ബാഗ് അവൾക്ക് നൽകുമോ എന്ന് ചോദിച്ചു. ഞാനത് അവൾക്ക് കൊടുക്കുകയും ചെയ്തു.
ഏതാണ്ട് രണ്ടോ മൂന്നോ വർഷം കഴിഞ്ഞിരിക്കും ഒരിക്കൽ വളരെ എമർജൻസിയായി ഒരു വിജിലൻസ് കേസ് അന്വേഷണത്തിന് വേണ്ടി ഓഫീസിൽ നേരിട്ട് കോട്ടയത്തേക്ക് പോകേണ്ടിവന്നു.ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് എൻറെ ലഗേജും മറ്റും കൊണ്ട് തരികയുണ്ടായി.എൻറെ ബാക്ക് പാക്ക് കാറിൽ ആയതുകൊണ്ട് തൽക്കാലം അവൾ അവളുടെ കൈവശമുള്ള ഒരു ബാക്ക് പാക്കിലാണ് കുറച്ചു സാധനങ്ങൾ കൊണ്ട് തന്നത്.
വർഷങ്ങൾ രണ്ടിനു മുമ്പ് പഴയ ബാഗുകൾ കളക്ട് ചെയ്തതിൽ നിന്നും അവൾക്ക് കൊടുത്ത ബാഗാണ് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എനിക്കുണ്ടായില്ല.പിറ്റേദിവസം രാവിലെ റെയിൽവേ സ്റ്റേഷനിൽ എന്നെ കൂട്ടാൻ വന്നത് ആ പഴയ ബാഗ് തെങ്ങിൻ ചുവട്ടിൽ കളയാൻ വച്ച എന്റെ സുഹൃത്താണെന്നും ഞാൻ അപ്പോൾ ഓർമിച്ചില്ല.
"എടി എടി എന്താടി ?"
 എൻറെ സുഹൃത്ത് പൊട്ടിച്ചിരിക്കാൻ തുടങ്ങി. കാരണം അത് ആ പഴയ ബാഗ് ആണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് ജൂനിയർ മാൻഡ്രേക്ക് പോലെ വീട്ടിലേക്ക് തിരികെ വന്ന ബാഗ് കണ്ട് അവൾ തലയ്ക്ക് കൈ കൊടുത്തു
"നീ ഇങ്ങനെ പഴയ ആക്രി നടക്കുന്നതിനെക്കുറിച്ച് എനിക്ക് വലിയ സംശയം ഉണ്ടായിരുന്നു ഇതിപ്പോ സ്വന്തം ആവശ്യത്തിനുവേണ്ടി പെറുക്കിയ ആക്രിയാണ് അല്ലേ? നിനക്ക് വേണോന്ന് പറഞ്ഞാൽ ഒരു നല്ല ബാഗ് ഞാൻ വാങ്ങി തരില്ലേ ?നീ എത്ര ജില്ലയുടെ ചാർജ് വഹിക്കുന്ന വിജിലൻസ് ഓഫീസർ ആണ് ?"
ഞാൻ ആകെ ബ്ലിങ്കസ്യ നിന്നു.
ഇപ്പോ ഈ കഥയൊക്കെ പറയാൻ ഒരു കാരണം ഉണ്ട് .മൂന്നു മാസങ്ങൾക്ക് മുമ്പ് പഴയ ഉടുപ്പുകൾ ആ സുഹൃത്ത് തന്നെ തന്നപ്പോൾ നല്ല വെള്ള ഒരു കുപ്പായം ഉണ്ടായിരുന്നു.അതീവ ഭംഗിയിൽ ചിക്കൻ കാരി  ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ഒരു കുർത്ത.ചിക്കൻകാരി തുന്നലിന്റെ  ആ മനോഹാരിത കണ്ടു ഞാൻ മയങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.
ബാക്കിയെല്ലാ കുപ്പായങ്ങളും ആവശ്യക്കാർക്ക് കൊടുത്തു കഴിഞ്ഞു ഞാൻ തന്നെ ഇതിൻറെ ആവശ്യക്കാരി എന്ന് പറഞ്ഞ് ഞാൻ ഇതങ്ങിട്ട് :
അപ്പോൾ പ്രിയപ്പെട്ട സുഹൃത്തുക്കളെ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ കുഞ്ഞുങ്ങളുടെ പഴയ ബർത്ത് ഡേ ഉടുപ്പുകൾ ഉണ്ടെങ്കിൽ എനിക്ക് അയച്ചു തരണം …
ഞാനിനി അതിൽ നിന്നും ഒന്നും എടുത്ത് ഇടില്ല.  എന്നെ വിശ്വസിക്കാം.ഇത് അല്പം ഭംഗിയുള്ളത് ആയതുകൊണ്ടാണ് ഞാൻ സ്വന്തമായിട്ട് പെറുക്കിയത്
എന്ന് സ്വന്തം
ഇന്ദു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക