ഏഷ്യാഡില്‍ മെഡല്‍ നേടിയവര്‍ക്ക് ഒഡീഷാ സംസ്ഥാനത്ത് ഒന്നര കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി നല്‍കും പോലും ! ഇവിടെ, കേരളത്തിലോ ? ഒരു പഞ്ചായത്ത് അംഗം പോലും ചെന്ന് അഭിനന്ദിക്കാന്‍ മെനക്കെടില്ല. പിന്നെങ്ങനെ പുത്തന്‍ ഗവേഷണത്തിന് 5 പേറ്റന്റ് നേടിയ ഒരു എന്‍ജിനീയറിങ് കോളേജിന് മാധ്യമങ്ങള്‍ ഒരു അഖിലകേരള കവറേജ് നല്‍കും? മാത്രമോ ഗവേഷകര്‍ക്ക് ഒരു സ്വീകരണം കോളേജ് വച്ചാല്‍ മുഖ്യാതിഥിയായി വരാമെന്നേറ്റ വകുപ്പ് മന്ത്രി മുങ്ങുകയും ചെയ്യും.
പുത്തന്‍ ഗവേഷണങ്ങള്‍ക്ക് 5 പേറ്റന്റുകള്‍ - അതും വ്യത്യസ്ത വിഷയങ്ങളില്‍ - ഒരൊറ്റ കോളേജിന് കിട്ടിയാല്‍ പോലും മാധ്യമങ്ങള്‍ക്ക് അതൊരു പൊതുവാര്‍ത്തയേയല്ല! തിരുവനന്തപുരത്തെ സ്വാശ്രയ കോളേജായ പൂജപ്പുര എല്‍.ബി.എസിനാണ് ഈ അപൂര്‍വ്വ നേട്ടം. കമ്പ്യൂട്ടര്‍ വിഭാഗം അസി. പ്രൊഫ. ഡോ.ലിസി എബ്രഹാം അതേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി. പ്രൊഫ. ഡോ.നീതി നാരായണ്‍, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ. ഡോ.രാജവര്‍മ്മ പമ്പ അതേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി. പ്രൊഫ. ആര്‍.രശ്മി എന്നിവരാണ് ആ എന്‍ജിനീയറിങ് കോളേജിനു പേരും പെരുമയും നേടിക്കൊടുത്തത്. ഇവരില്‍ രാജവര്‍മക്ക് 2 പേറ്റന്റുകള്‍ ലഭിച്ചു. ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ചുള്ള മെഡിക്കല്‍സ് സപ്ലൈ മാനേജ്മെന്റ് രീതിയും യന്ത്ര പഠനവും എന്ന വിഷയത്തിലാണ് ഒരു പേറ്റന്റ്. ഗുണനിലവാരം കുറഞ്ഞതോ വ്യാജമായി ഇറക്കിയതോ ആയ മരുന്നുകള്‍ ഇതുവഴി തടയാനാകും. മൈക്രോ ഡ്രോണ്‍ ഉപയോഗിച്ച് ആരുടെ മുഖമാണോ തിരിച്ചറിയേണ്ടതെങ്കില്‍ അതിനുള്ള സംവിധാനത്തിനാണ് വര്‍മ്മക്ക് മറ്റേ അവാര്‍ഡ്. യന്ത്രങ്ങള്‍ കൊണ്ട് പഴങ്ങളുടെയും വിത്തുകളുടെയും സംസ്‌കരണം നടത്തുന്നതിന് നീതിക്കും, നാനോടെക്‌നോളജി മൈക്രോബിയല്‍ ബാന്‍ഡേജ് നിര്‍മ്മാണത്തിന് രശ്മിക്കും, നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സിന് ലിസിക്കുമാണ് പേറ്റന്റ് കിട്ടിയത്. ലിസി ടീച്ചറുടെ നേതൃത്വത്തില്‍ ഇതേ കോളേജിലെ വനിതാ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത 'വി (വിമണ്‍) സാറ്റ്' എന്ന ഉപഗ്രഹം പി.എസ്.എല്‍.വി ഈ വര്‍ഷം അവസാനം വിക്ഷേപിക്കും, അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റിനെ പറ്റി പഠിക്കാനാണിത്.
നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇങ്ങനെയൊക്കെ ഗവേഷണങ്ങളുംപേറ്റന്റും കിട്ടുമെന്നത് ഏറ്റവും അഭിമാനകരമായി ഉയര്‍ത്തിപ്പിടിക്കുകയും അവര്‍ക്ക് ആദരവും മറ്റാരും നല്‍കിയില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പെങ്കിലും അവരെയൊക്കെ ആദരിക്കേണ്ടേ ? പാരിതോഷികങ്ങള്‍ നല്‍കേണ്ടേ ? അതൊന്നും കാണാതായപ്പോള്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ജയമോഹന്‍ കോളേജില്‍ വെച്ച് പേറ്റന്റ് കിട്ടിയവര്‍ക്ക് വലിയൊരു സ്വീകരണയോഗം ഏര്‍പ്പാടു ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു വരാമെന്നേറ്റു. ചടങ്ങിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ബിന്ദു മന്ത്രിയുടെ അറിയിപ്പ്: സ്ഥലം എം.എല്‍.എയെ ക്ഷണിക്കാത്തതിനാല്‍ മുഖ്യാതിഥി വരില്ല! ആരാണെന്നോ സ്ഥലം എം.എല്‍.എ? പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി! എങ്ങനെയുണ്ട് നമ്മുടെ പ്രോട്ടോക്കോള്‍ ?
അടിക്കുറിപ്പ് : യുദ്ധം ആരു തുടങ്ങിയാലും അവര്‍ക്കത് നിര്‍ത്താനാവില്ല. ഇക്കാലത്ത് അപൂര്‍വ്വമായി കിട്ടുന്ന അവസരം യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്നവര്‍ നിര്‍ത്താന്‍ സമ്മതിക്കില്ലല്ലോ. പുതുതായി ഉണ്ടാക്കുന്നത് എങ്ങനെ വല്ലവന്റെ നാട്ടിലും ഉപയോഗിച്ച് നോക്കാന്‍ കിട്ടുന്ന സുവര്‍ണാവസരമല്ലേ?