Image

ശ്രീലക്ഷ്മിക്കു ഒരേജ്വരം, ഡോക്ടറായേ തീരൂ, കോഴിക്കോട്  മെഡി. കോളജ് ലോകത്തിൽ എട്ടാമത് : (കുര്യൻ പാമ്പാടി)

കുര്യൻ പാമ്പാടി Published on 14 October, 2023
ശ്രീലക്ഷ്മിക്കു ഒരേജ്വരം, ഡോക്ടറായേ തീരൂ, കോഴിക്കോട്  മെഡി. കോളജ് ലോകത്തിൽ എട്ടാമത് : (കുര്യൻ പാമ്പാടി)

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനത്തിൽ നാലാണ്ട് പഠിച്ചു നേടിയ നഴ്‌സിങ് ജോലി നാലുവർഷം കഴിഞ്ഞു  പുല്ലുപോലെ വലിച്ചെറിഞ്ഞ ശ്രീലക്ഷ്മി എന്ന ഗ്രാമീണ പെൺകുട്ടിക്ക് ഒടുവിൽ സ്വപ്ന സായൂജ്യം. കൊച്ചുന്നാളിൽ ആഗ്രഹിച്ചത് പോലെ ഡോക് ടറാകാൻ അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്നു.

നഴ്സിങ്ങിന് പഠിച്ചതും ജോലി നേടിയതും ഡൽഹി ഓൾ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ. ഇന്ത്യയിൽ എവിടെങ്കിലും--ശ്രീനഗറിലോ ഡെറാഡൂണിലോ-- ഒരു എഐഐഎംഎസിൽ മെഡിസിന് ചേരണമെന്നായിരുന്നു മോഹം. കോഴിക്കോട്ട് അങ്ങിനെയൊരു ക്യാമ്പസ് വരുന്നുവെന്ന് കേൾക്കുന്നു. പക്ഷെ സമയംചിത്രങ്ങൾ (പഞ്ചായത്തു പ്രസിഡന്റ് ഉഷയുടെ അനുമോദനം)

കേരളത്തിൽ ഏറ്റവും  നല്ല ക്ലിനിക്കൽ എക്സ്പീരിയനസ് കിട്ടുന്ന സ്ഥാപനം ഒടുവിൽ തെരെഞ്ഞെടുത്തു-കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. അവിടത്തെ പല അദ്ധ്യാപകരും വിദേശത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തിയവരാണ് എന്നതും ആകർഷകമായി. 

റായി ബറേലിയിലേയും അതുപോലെ പുതുതായി തുടങ്ങിയ മറ്റൊരുപട്ടണത്തിലെയും  എഐഐഎംഎസിൽ അഡ്മിഷൻ കിട്ടുമായിരുന്നു. പക്ഷെ രണ്ടിലും ആശുപത്രിയും മറ്റു സൗകര്യങ്ങളും ഉണ്ടായി വരുന്നതേ ഉള്ളു. ഭവിയിൽ സർജറിയിൽ സ്പെഷ്യലൈസേഷൻ നടത്തണമെന്നാണ് ആഗ്രഹം. അതിനു കോഴിക്കോടാവും ഭേദമെന്നു അനുമാനിച്ചു.

(കോഴിക്കോട് മെഡിക്കൽ കോളജ്; കൂട്ടുകാരൊത്തു മണാലിയിൽ)

'മൂവായിരത്തിലേറെ കിടക്കകൾ ഉള്ള സിഎംസി (കാലിക്കറ്റ് മെഡിക്കൽ കോളജ്) ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ മെഡിക്കൽ കോളജ് ആണ്. വയനാട്ടിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ചികിൽ സിക്കുന്നതിനാൽ മറ്റെവിടെയുമില്ലാത്ത ക്ലിനിക്കൽ എക്സ്പോഷർ, 1957ൽ ആരംഭിച്ച കോളജിൽ ഇത്  67ആമതു ബാച്, സർജറിക്ക്‌ കാർഡിയോ തൊറാസിക്, വാസ് കുലർ സൂപ്പർ സ്പെഷ്യാൽറ്റികൾ. കേരളത്തിലെ ഏറ്റവും മികച്ചത്,"എന്നിങ്ങനെ പോകുന്നു ശ്രീലക്ഷ്മിയുടെ വാട്‍സ് ആപ് സന്ദേശം'.  

ഡോക്ടറാകാൻ ഡൽഹിയിലെ നഴ്സിങ് ജോലി രാജിവച്ച്‌ വീണ്ടും എൻട്രൻസ് എഴുതി ജയിച്ച കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തു കടനാട്‌ ഗ്രാമത്തിലെ ശ്രീലക്ഷ്മിക്കു (26) അനുമോദനങ്ങൾ ഒഴുകിയെത്തി. അതിൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും അയൽക്കാരിയുമായ  ഉഷ  രാജുവിന്റെ  അനുമോദനത്തിന്നാണ് കൂടുതൽ എരിവുണ്ടായിരുന്നത്. 

(എട്ടുവർഷം ജീവിച്ച ഡൽഹി എയിമ്സിൽ) 

'ശ്രീക്കുട്ടി ഗ്രാമത്തിന്റെ  അഭിമാനമാണ്. ഭാവിയിൽ വെറുമൊരു ഡോക്ടർ ആയിരിക്കാതെ ഒരു സയന്റിസ്റ്റായി  വൈദ്യശാസ്ത്രത്തിന് ശ്രദ്ധേയമായ സംഭാവന നൽകുന്ന ഒരാളായി വളരാൻ എല്ലാ  ശംസകളും നേരുന്നു,' വായാത്ത് വാർഡിലെ വീട്ടിലെത്തി പൂച്ചെണ്ട് സമർപ്പിച്ചുകൊണ്ട് ഉഷ  പറഞ്ഞു. 

'ആന്റി പറഞ്ഞത് ശരിയാണ്. എംബിബിഎസ്‌ കഴിഞ്ഞാൽ  യുഎസ്എംഎൽഇ യിൽ ഒരുകൈ നോക്കാൻ ആഗ്രഹമുണ്ട്. മറ്റുവഴികളും നോക്കും. അമേരിക്കയിലെ സ്റ്റേറ്റ് മെഡിക്കൽ ബോർഡ് ഫെഡറേഷനും നാഷണൽ ബോർഡും ചേർന്ന് 1992 ൽ ഏർപ്പെടുത്തിയതാണ് യുഎസ് മെഡിക്കൽ ലൈസൻസിങ് എക്‌സാമിനേഷൻ. മൂന്ന് ഘട്ടങ്ങൾ. വെരി ടഫ്.

(കുടുംബചിത്രം- കൂടെ അച്ഛൻ, അമ്മ, സഹോദരൻ )

രണ്ടു തവണത്തെ പരാജയത്തിന് ശേഷം പാലാ ബ്രില്യന്റ്  സ്റ്റഡി സെന്ററിൽ ചേർന്നാണ് നീറ്റ് പരീക്ഷയിൽ നല്ലൊരു റാങ്ക് നേടാൻ ശ്രീലക്ഷ്മിക്കു കഴിഞ്ഞത്. നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ്  ടെസ്റ്റ് എന്ന  ഈ കടമ്പ കടക്കാൻ രാജ്യമൊട്ടാകെ 31 ലക്ഷം പേർ മത്സരിച്ചു. 

ഏഴ് തവണ തോറ്റിട്ടും വീടും പടപൊരുതി സ്കോട്ലൻഡിന്റെ ഭരണം പിടിച്ചെടുത്ത റോബർട്ട്  ബ്രൂസിന്റെ ഊരാണ് ശ്രീലക്ഷ്മിക്കെന്നു കടനാട്‌ സെന്റ് സെബാസിന് ഹയർ സെക്കൻഡറിയിൽ അവളെ പഠിപ്പിച്ച അദ്ധ്യാപകർ പറയുന്നു.  ഫിസിക്സ് പഠിപ്പിച്ച ഷെബിൻ ജോൺ ആണ് ശ്രീലക്ഷ്മിയുടെ പ്രിയപ്പെട്ട ടീച്ചർ. 

 (നഴ്സിങ് കാല ജിവിതം)

അദ്ദേഹവും ഉൽക്കർശേഷയുള്ള കഠിനാധ്വാനിയാണ്. സ്‌കൂളിൽ അദ്ധ്യാപകാനായി  ജോലിചെയ്യന്നതിനിടയിൽ കോഴിക്കോട്ടെ നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗവേഷണം നടത്തി ഡോക്ട്രേറ് എടുക്കാനുള്ള  ശ്രമം അവസാന ഘട്ടത്തിലാണ്.  ഇനി പ്രബന്ധം സമർപ്പിച്ചു അഡ്ജുഡിക്കേഷൻ പൂർത്തിയാക്കണം.

വാഹനങ്ങളിൽ നിന്നുള്ള വിഷപ്പുക ഉൾപ്പെടെ അന്തരീക്ഷ മാലിന്യങ്ങൾ നിയന്ത്രിക്കുന്നതാണ് ഷെബിന്റെ പഠന  വിഷയം.രാജ്യത്തിന് മാത്രമല്ല ലോകമാകെ പ്രയോജനകരമായ പഠനം. ഗവേഷണത്തിന്റെ ഭാഗമായി രണ്ടു തവണ അദ്ദേഹം ഷാങ്ഹായിൽ പോയി വന്നു. അവരുടെ പുല്ലാട് ട്രെയിനിലും കയറി.  

 

ജീവിതസ്വപ് നം സാക്ഷാൽക്കരിക്കാനായി ന്യൂ ഡൽഹി എയിമ്സിലെ 75,000 രൂപയുടെ ശമ്പളവും ദേശീയ തലസ്ഥാനത്തെ ജീവിത സൗകര്യങ്ങളും ഉപേക്ഷിച്ചാണ് ശ്രീലക്ഷമി എംബിബിഎസ്‌ പഠനത്തിന് ചേർന്നത്. 

നഴ്‌സിംഗ് പഠനവും ജോലിയും കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിക്കു വയസ് 26. നാലര വർഷത്തെ മെഡിസിൻ പഠിത്തം കഴിയുമ്പോൾ മുപ്പതര. അവിചാരിത  കാരണം കൊണ്ട് പരീക്ഷകൾ നീണ്ടു പോയാൽ പിന്നെയും പ്രശ്നം. ആയുസ് നീട്ടികിട്ടുന്നില്ലല്ലോ. പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ ഹൗസ്  സർജൻസി പൂർത്തിയാക്കിയാലേ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കിട്ടൂ 

(അദ്ധ്യാപകൻ ഷെബിൻ ചൈനീസ് പ്രഫസറുമൊത്ത് ഷാങ്ഹായിൽ)

വെറും എംബിബിഎസ്‌ കൊണ്ട് എന്തു ചെയ്യാൻ? എംഡിയോ എംഎസോ എടുക്കണം. പിജി അഡ്മിഷന് വേണ്ടി വീണ്ടും എൻട്രൻസ്  എഴുതണം.  പാലാക്കടുത്ത് കടനാട്  പഞ്ചായത്തിലെ അച്ഛനമ്മമാർ സതീഷ് കുമാറിന്റെ യും ബിന്ദുവിന്റെയും തലവേദനയും അതു തന്നെയാണ്. സതീഷ് വൈദ്യുതി ബോർഡിൽ ഓവർ സീനിയർ ആയിരുന്നു. ബിന്ദു  പഞ്ചായത്തു മെമ്പറും. 

ന്യൂഡൽഹി ഇൻസ്റ്റിറ്റിയൂട്ടിൽ കഴിഞ്ഞ എട്ടു വർഷക്കാലം പുറത്തേക്കു അധികമൊന്നും യാത്ര ചെയ്തില്ല. അവധി കിട്ടുമ്പോൾ അച്ഛനും മുത്തശ്ശനും അമ്മയും സഹോദരൻ ശ്രീരാജുമുള്ള വീട്ടിലേക്കു പോകാനായി  രുന്നു താല്പര്യം. 91 എത്തിയ മുത്തച്ഛൻ ഗോപാലകൃഷ്ണൻ നായരുടെ അരുമക്കുട്ടിയാണ് ശ്രീലക്ഷമി.  

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി  ശ്രീരാജ്  ഇറ്റലിയിലെ മിലാനിൽ എനർജി എൻജിനീയറിങ്ങിൽ ഉപരിപഠനം  നടത്തുന്നു. 

കുര്യൻ പാമ്പാടി

Join WhatsApp News
Vaikom madhu 2023-10-14 14:09:48
Excellent story. Kudos to mr. Pampady
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക