ഞാൻ എങ്ങോട്ടേലും എങ്ങോട്ടേലും പോവാ.. പോവാന്ന്…. അവൾ ഏറുകണ്ണിട്ടു നോക്കി ഒരു കാൽ കട്ടിളക്കപ്പുറം കയറ്റി വെച്ചിട്ട്… മോഹന് ഒരു കുലുക്കവുമില്ല. മാത്രവുമല്ല വാർത്തകൾ വളരെ ഗൗരവത്തോടെ വായിക്കുന്നു.
ഓ അല്ലേലും ഞാൻ പോയാലെന്താ.. എന്നെ ആര് ശ്രദ്ധിക്കാനാ.. ആര് ഗൗനിക്കുന്നു.. ആരുമില്ല..
അവൾ തേങ്ങാ പുരയിൽ കയറി നല്ല മുഴുത്ത കുലുക്കമുള്ള തേങ്ങ എടുത്തുകൊണ്ടുവന്നു. എന്നിട്ട് മോഹന്റെ മുന്നിൽവെച്ച് തേങ്ങ പൊട്ടിക്കാൻ തുടങ്ങി..
പൊട്ട് തേങ്ങേ പൊട്ട്..
ആരുടെയൊക്കെയോ ഹൃദയം തേങ്ങാ പോലാ..
പൊട്ട് തേങ്ങേ.. അവൾ ആഞ്ഞടിച്ചു.. തേങ്ങാ പൊട്ടി. തേങ്ങാ വെള്ളം ഗ്ലാസ്സിലേക്കാണ് പൊട്ടിച്ച് ഒഴിച്ചത്.. ആ വെള്ളം മോഹന് കുടിക്കാൻ കൊടുത്തു .. അയാൾ അത് വാങ്ങി കുടിച്ചു.
എന്ത് വാർത്തക്കാണ് ഇത്ര ഗൗരവം, അവൾക്ക് അരിശം വന്നു.
ഇസ്രായേൽ ഗാസയിലേക്ക് കരമാർഗ്ഗം യുദ്ധത്തിന് പുറപ്പെടുകയാണ്..
എന്നേക്കാൾ വെല്യതാ ഇങ്ങൾക്ക് യുദ്ധം ?
താല്ക്കാലം അതെ..
നിനക്ക് അറിയാമോ അവിടെ എത്ര പേര് മരിച്ചു വീഴുന്നു എന്ന് !
ഇല്ല..
ഇല്ലെങ്കിൽ ആ മൊബൈൽ എടുത്ത് യുദ്ധത്തിന്റെ വാർത്ത വായിക്കൂ.. മൊബൈൽ കൊണ്ട് അങ്ങനെയും ചില പ്രയോജനങ്ങൾ ഉണ്ട്. അയാളുടെ ഭാവത്തിൽ അല്പ്പം കൂടി ഗൗരവം അയാൾ ശ്രദ്ധാ പൂർവ്വം തിരുകി കയറ്റി.
മോഹന്റെ ഗൗരവം അവളുടെ നെഞ്ചിൽ തറച്ചു കയറി ശൃംഗാര ഭാവമായി രൂപം മാറി.. എങ്കിലും അയാളെപ്പോലെ അവളും മൊബൈലിൽ ഗാസയുടെ വാർത്തകൾ പരതി.
ഇസ്രായേൽ എങ്ങനെ ആ അതിർത്തി കടക്കുന്നത് ? നടന്നിട്ടാ ?അവൾക്ക് സംശയം..
അല്ല. അതിനൊക്കെ മിലിറ്ററി വാഹനങ്ങൾ ഉണ്ട്.
ആണോ. എന്നിട്ട് അവർ എന്ത് ചെയ്‌യും? കണ്ണിൽ കാണുന്നതൊക്കെ ബോംബിട്ട് തകർക്കുമോ ?
അങ്ങനെ കണ്ണിൽ കാണുന്നതൊന്നും അല്ല. അവർക്ക് ഹമാസ് ഉണ്ട് എന്ന് തോന്നുന്നിടത്താകും ബോംബ് ഇടുക..
എല്ലാടത്തും ഹമാസ് ഉണ്ട് എന്ന് തോന്നിയാലോ ..
എല്ലാടത്തും ഇടും.
അയ്യോ.. ഇതല്ലേ ഞാൻ ആദ്യം ചോദിച്ചേ.. എല്ലാടത്തും ബോംബ് ഇടുമോ ന്ന് ! ഒരു കുന്തവും അറിയത്തില്ല. പിന്നെ എന്തുവാ ഈ ഗൗരവത്തിൽ വായിക്കുന്നേ..
മോഹൻ അവളുടെ കുസൃതി കണ്ണുകൾ കണ്ടില്ല എന്ന് നടിച്ചു.. എന്നിട്ട് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തു.. അതിന് എല്ലാടത്തും ബോംബിട്ട് പൊട്ടിക്കാൻ നീ അല്ലല്ലോ യുദ്ധത്തിന് പോകുന്നത്..
ആ.. ആ അവൾക്ക് അതത്ര ഇഷ്ട്ടമായില്ല.. എന്നുമാത്രമല്ല കുറച്ചിലായി ആ ഒരു വർത്തമാനം..
അവൾക്ക് വേറെ സംശയം ഉദിച്ചു.. സംശയം അപ്പോൾത്തന്നെ ചോദിച്ചു.. ഗാസ അവർ എങ്ങനെ പിടിച്ചെടുക്കും?
കൈ കൊണ്ട് , മോഹന് വേറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല.
അവൾക്ക് അരിശം കയറി കയറി കൈയിൽ വന്നിരുന്നു.. അവൾ കൈ ചുരുട്ടി പിടിച്ച് മോഹനെ കൂർപ്പിച്ചു നോക്കി..എന്നിട്ട് അവൾ ചോദിച്ചു ഏത് കൈകൊണ്ട് പിടിച്ചടക്കും ?
രണ്ട് കൈയ്യും കൊണ്ട്.
രണ്ട് കൈയ്യും കൊണ്ട് പിടിച്ചടക്കാൻ ഇങ്ങൾ അല്ലല്ലോ യുദ്ധത്തിന് പോകുന്നത്..
നിനക്ക് ഈ ഉത്തരം ഒക്കെ മതി..
അത് എന്താ..
നീ ഗൗരവത്തോടെ അല്ല വായിക്കുന്നത്. അതുകൊണ്ട്.
എന്നാൽ ശെരി.. ഗൗരവത്തിൽ വായിച്ചു കളയാം.. മൊബൈലിൽ അവൾ ആത്മാർത്ഥതയോടെ യുദ്ധകാരണം തിരഞ്ഞു. മോഹന് എന്താണോ ഇഷ്ട്ടം അതൊക്കെ അവൾക്കും ഇഷ്ട്ടമാണ്. അല്ലെങ്കിൽ അതൊക്കെ അവളുടേയും ഇഷ്ട്ടങ്ങളായി മാറും.
സ്ഥലത്തെ ചൊല്ലിയുള്ള യുദ്ധം !
അതെ..
കൊള്ളാവുന്നവർ മധ്യസ്ഥം നിന്ന് അതിരുകെട്ടി തിരിച്ച് ഒന്നുകൂടെ സമാധാനത്തിന്റെ വെള്ളക്കൊടി പാറിച്ചൂടെ അവർക്ക്..
അങ്ങനെ ഒരിക്കൽ വേലികെട്ടിത്തിരിച്ചതാണല്ലോ. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്ത ആളുകൾ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. ഇവിടെയും അത് തന്നെ.
അങ്ങനെ എങ്കിൽ ഇതിന് എപ്പോൾ പരിഹാരം ഉണ്ടാകും ? അവൾക്ക് അടുത്തകാലത്തൊന്നും ഇതിന് പരിഹാരം ഉള്ളതായി തോന്നിയില്ല.
ഒരാൾ തോൽക്കുമ്പോൾ.. അല്ലെങ്കിൽ ഒരുകൂട്ടം രാജ്യങ്ങൾ തോൽക്കുമ്പോൾ.. ആയുധങ്ങൾ തീരുമ്പോൾ.. യുദ്ധം ചെയ്യുന്ന ജനതകൾ ചത്തൊടുങ്ങുമ്പോൾ.. പട്ടിണിയാകുമ്പോൾ .. കുടിവെള്ളം ഇല്ലാതെയാകുമ്പോൾ.. യുദ്ധക്കൊതിക്ക് ശമനം ഉണ്ടാകുമ്പോൾ .. അങ്ങനെ ഏതുമാകാം.. എല്ലാമാകാം..
ഒന്നുകഴിയുമ്പോൾ അടുത്തത്.. മഹാമാരി ഉണ്ടായി ജീവനെ പേടിച്ച് വീട്ടിൽ അടച്ചുപൂട്ടി ഇരുന്നകാലത്ത് യുദ്ധങ്ങൾ ഉണ്ടായില്ല..മോഹന് ആവേശം കൂടി വന്നു. മോഹൻ അങ്ങനെയാണ്. ലോകത്തെ എന്ത് കാര്യവും ഗൗരവമായി കണ്ട് അതേക്കുറിച്ച് വായിക്കും മനസ്സിലാക്കും.
ബോംബിട്ട് ബോംബിട്ട് ഒടുക്കം ആ നാട് എങ്ങനെയായി തീരും ? ജീവജാലങ്ങൾ അവശേഷിക്കുമോ ? ആ നാടിന്റെ നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കുമോ ?
ഒന്നും അവശേഷിക്കില്ല. അന്തരീക്ഷം നിറയെ വിഷപ്പുകയും ചവിട്ടുന്ന മണ്ണ് രാസമയവും. എല്ലാം കരിഞ്ഞുണങ്ങിപ്പോകും. വെള്ളത്തിൽ ജീവജാലങ്ങൾ ചത്തു പൊങ്ങും. നമ്മൾ കണ്ടിട്ടില്ലേ അനാഥമാക്കപ്പെട്ട വീടുങ്ങൾ മാറാലപിടിച്ചു ചുവരുമങ്ങി മൂകമായി തേങ്ങുന്നത് ? ആ വീടുകൾ ഓരോ കഥ പേറി ഇന്നും ജീവച്ഛവമായി നിൽക്കുന്നില്ലേ ? അവയൊക്കെ ഒരുപക്ഷേ കഴിഞ്ഞുപോയ നല്ല കാലങ്ങൾ തിരിച്ചു വരാൻ കൊതിക്കുന്നുണ്ടാകില്ലേ ? അതുപോലെ ആ നാടും കൊതിക്കും മരിച്ചു മണ്ണായ മനുഷ്യർ ഒരിക്കൽ ചിരിച്ച ചിരികൾ , ആ ഭൂമിയിൽ പതിപ്പിച്ച കാൽപാടുകൾ ഒന്നുംകൂടെ തിരിച്ചു വരാൻ..
അവളുടെ ഹൃദയം വിങ്ങി..
അതിർത്തി തർക്കങ്ങൾ എന്ന് അവസാനിക്കും ? അയല്പക്കങ്ങളായ വീട്ടുകാർ തമ്മിൽ ഇല്ലേ ഈ തർക്കം. അവിടെ വെട്ടും കുത്തും കൊലപാതകങ്ങളും നടക്കുന്നില്ലേ ! അതുപോലെ രാജ്യങ്ങൾ തമ്മിലും. പക്ഷേ ഈ ലോകം എല്ലാവരുടേയും നാടായി കണ്ടാൽ.. ലോകത്തിനെ ഓരോരോ രാജ്യങ്ങളായി വിഭജിക്കാതെ ലോകത്തിനെ ലോകം എന്ന് വിളിച്ചാൽ … പ്രശ്നങ്ങൾ തീർന്നല്ലോ.. അവൾക്ക് മോഹന്റെ ഉത്കണ്ഠ തീർക്കുകയായിരുന്നു ലക്ഷ്യം.. അതിനുവേണ്ടി അവൾ എന്തും ചിന്തിക്കും.. നടക്കാത്തതും ചിന്തിച്ചു കൂട്ടും..
മോഹൻ അതുകേട്ട് പൊട്ടിച്ചിരിച്ചു.. നീ എന്നാൽ വീടില്ലാത്തവരെ എല്ലാം ഈ വീട്ടിലോട്ട് വിളിച്ചു കയറ്റ്.. പറമ്പ് ഇല്ലാത്തവന് എഴുതിക്കൊടുക്ക്. നടക്കുമോ കഴുതേ ?
അവൾ പല്ല് കടിച്ചു.. പുരികം ചുളിച്ചു.. മനസ്സിൽ വന്ന ഒരിക്കലും നടക്കാത്ത ലോക സമാധാനത്തിനുള്ള മാർഗ്ഗം വന്നപാടേ നാണംകെട്ടു തിരിച്ചു നടന്നു..
അപ്പോൾ ഇതിന് പരിഹാരം ഒന്നും ഇല്ലേ ?
എന്റെ തലയിൽ ഒന്നും ഉദിക്കുന്നില്ല..
എങ്കിൽ പിന്നെ എന്തിന് ഈ വാർത്തയും പിടിച്ച് ഇരിക്കുന്നു.. ഞാൻ ഒരുത്തി ഇവിടെ ജീവിച്ചിരിക്കുന്ന കാര്യം ഓർക്കുന്നുണ്ടോ !
നമ്മൾ എല്ലാം അറിഞ്ഞിരിക്കണം..ലോകവും യുദ്ധവും മറ്റ് എല്ലാ കാര്യങ്ങളും..
“ങാ.. കുറേ തേങ്ങാ ഹൃദയന്മാർ അതിരിനപ്പുറം ബോംബെറിയുന്നു… ഇവിടെയും ഒരു തേങ്ങാ ഹൃദയൻ !”