തിരുവനന്തപുരം : കളമശേരി. സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്.
കളമശേരിയിലെ കണ്‍വെൻഷൻ സെന്ററില്‍ മാര്‍ട്ടിൻ എത്തിയത് സ്കൂട്ടറിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സി.സി ടിവി ദൃശ്യങ്ങളില്‍ കണ്ട കാര്‍ മാര്‍ട്ടിന്റേതല്ലെന്നും പൊലീസ് വ്യക്തമാക്കി.
സ്ഫോടനം നടത്തുന്നതിനായി രാവിലെ 9. 40ഓടെ കളമശേരിയിലെ കണ്‍വെൻഷൻ സെന്ററില്‍ ഡൊമിനിക് മാര്‍ട്ടിൻ എത്തിയത് സ്കൂട്ടറിലാണെന്നും ഇതേ സ്കൂട്ടറിലാണ് കൃത്യം നടത്തിയ ശേഷം തൃശൂരിലേക്ക് പോയി കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
കടവന്ത്ര സ്വദേശിയായ ഡൊമിനിക് നിലവില്‍ തമ്മനത്താണ് താമസിക്കുന്നത്. സ്ഫോടനം നടത്തിയ പ്രതി കാറിലാണ് പോയതെന്ന സംശയത്തില്‍ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ നീല കാര്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പൊലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു, മണലി മുക്ക് ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ വീഡിയോ ദൃശ്യങ്ങളിലാണ് നീല കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനം സ്കൂട്ടറാണെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിലെ കാര്‍ മാര്‍ട്ടിന്റേത് അല്ലെന്നും സ്ഥിരീകരിച്ചു.
കണ്‍വെൻഷൻ സെന്ററില്‍ ഐ.ഇ.ഡി സ്ഥാപിച്ച ശേഷം സ്റ്റേജിന്റെ പിറകുവശത്ത് പോയശേഷമാണ് റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്ഫോടനം നടത്തിയതിന് പിന്നാലെ സ്കൂട്ടറില്‍ ഹൈവേയിലെത്തി തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് കൊടകര സ്റ്റേഷനിലെത്തി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും കാണിച്ചു. അതിന് മുമ്ബ് ഫേസ്‌ബുക്കിലൂടെ വീഡിയോയും പുറത്തുവിട്ടു.
ഇന്‍ര്‍നെറ്റ് ഉപയോഗിച്ച് ആറുമാസം കൊണ്ടാണു ഇയാള്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചത്. പല സ്ഥലങ്ങളില്‍ നിന്നുവാങ്ങിയ സാധനങ്ങള്‍ കൂട്ടി യോജിപ്പിച്ചാണു സ്‌ഫോടക വസ്തു തയ്യാറാക്കിയത്. റിമോട്ട് ഉപയോഗിച്ചാണു സ്‌ഫോടനം നടത്തിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളുടെ വിവരവും നല്‍കി.
സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഇയാള്‍ അവകാശപ്പെട്ടു.