മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം നാളെ (വ്യാഴം) ആരംഭിക്കുന്നു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസും കണ്‍വീനര്‍ അനില്‍ ആറന്മുളയും ഫ്ളോറിഡ ചാപ്റ്റര്‍ ഭാരവാഹികളായ സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, ജോ. സെക്രട്ടറി എബി ആനന്ദ്, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, ട്രഷറര്‍ ജെസ്സി പാറത്തുണ്ടില്‍ എന്നിവര്‍ അറിയിച്ചു.
ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യാത്രയില്‍ ഇത് ആദ്യമായാണ് മയാമി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. കേരളത്തില്‍ നിന്നും യുവ എം.എല്‍.എ ചാണ്ടി ഉമ്മന്‍, ഗായികയും എംഎല്‍.എയുമായ ദലീമ ജോജോ, കവി മുരുകന്‍ കാട്ടാക്കട, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ദ കാരവന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ്, പി.ജി.സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), സ്മൃതി പരുത്തിക്കാട് (റിപ്പോര്‍ട്ടര്‍ ടി.വി), ശരത് ചന്ദ്രന്‍ (കൈരളി ന്യൂസ്), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്), ഷാബു കിളിത്തട്ടില്‍ (ദുബായ് എഫ്.എം), പി.ശ്രീകുമാര്‍ (ജന്മഭൂമി), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യൂസ്) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍.
ന്യൂ ജേഴ്‌സിക്കും ചിക്കാഗോക്കും പുറത്ത് ആദ്യത്തെ കോൺഫെറെൻസാണ് മയാമിയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ഐ പി സി എൻ എ അംഗങ്ങൾ ആകാംക്ഷാഭരിതരും സന്തുഷ്ടരുമാണ്. മുൻ ജനറൽ സെക്രട്ടറി, ട്രെഷറർ തുടങ്ങി പ്രസ് ക്ലബ്ബിന്റെ ഉന്നത ശ്രേണികളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച കരുത്തനായ സുനിൽ തൈമറ്റം നായകനായ ഭരണസമിതിയാണ് സമ്മേളനത്തെ നയിക്കുന്നത് എന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.
പ്രസ് ക്ലബ്ബിന്റെ സീനിയർ മെമ്പറും മുൻ പ്രസിഡണ്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച മാത്യു വർഗീസ് ആണ് കൺവെൻഷൻ ചെയർമാൻ എന്നതും മയാമി കോൺഫ്‌റെൻസിൻറെ പ്രത്യേകതയും പ്രസക്തിയും വർദ്ധിപ്പിക്കുന്നു.
സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിൽ ഈ വർഷം ആദ്യം കേരളത്തിൽ നടന്ന കോൺഫ്രൻസിൽ ജീവിതസായാഹ്നത്തിലെത്തിയിരിക്കുന്ന കേരളത്തിലെ ഏറ്റവും മുതിർന്ന നാലു പത്ര പ്രവർത്തകരെ അവരുടെ സേവനത്തിനു തങ്ക പതക്കം നൽകി ആദരിച്ചു എന്നത് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ അളവറ്റ മതിപ്പുണ്ടാക്കിയ സംഭവമായിരുന്നു.
മുൻ വർഷങ്ങളിലെ കോൺഫ്രൻസുകളിൽ ഏറ്റവും കൂടുതൽ പ്രതിനിധികളെ അണിനിരത്തിയ ഹ്യൂസ്റ്റൺ ചാപ്റ്റർ ഇത്തവണയും മയാമി കോൺഫ്രൻസിനു കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്. ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമലയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രതിനിധികളാണ് ഇത്തവണ കോൺഫ്രൻസിൽ പങ്കെടുക്കുന്നത്.
പ്രസ് ക്ലബ്ബിന്റെ സാധാരണ കോൺഫ്രൻസുകളിൽ നിന്ന് വ്യത്യസ്തമായി മയാമി കോൺഫ്രൻസും അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് എന്നെന്നും ഓർമ്മിക്കുന്ന അനുഭവങ്ങൾ സമ്മാനിക്കും എന്ന് നിസ്സംശയം പറയാം.
അമേരിക്കയിലെ കൊച്ചു കേരളം എന്ന് അറിയപ്പെടുന്ന മയാമി വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയാണ്. മയാമിയിലെ കാഴ്ചകള്‍ അതിഥികള്‍ക്ക് മികച്ച അനുഭവം കൂടിയായിരിക്കും. ചൂടും തണുപ്പും ഇല്ലാത്ത ഏറ്റവും നല്ല കാലാവസ്ഥയില്‍ കൂടിയാണ് രാഷ്ട്രീയ-സാമൂഹിക-മാധ്യമ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് മയാമി വേദിയാകാന്‍ പോകുന്നത്.
അതിഥികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി ഉള്‍പ്പടെയുള്ള സംഘടനകളുടെ അമരക്കാര്‍ മാധ്യമ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നുണ്ട്. അങ്ങിനെ അമേരിക്കന്‍ മലയാളികള്‍ ഒത്തുചേരുന്ന മഹാസമ്മേളനത്തിന് കൂടിയാണ് അടുത്ത മൂന്ന് ദിവസം മയാമി വേദിയാകാന്‍ പോകുന്നത്.