ലോകത്ത് എവിടെയായാലും ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ഒരുപോലെയാണ്. ജനാധിപത്യ സംവിധാനത്തെ നിലനിര്‍ത്തുന്ന നാല് തൂണുകളില്‍ ഒന്നായി മാധ്യമങ്ങള്‍ നിലകൊള്ളുന്നു. ജനാധിപത്യം ശക്തമായി നിലകൊള്ളണമെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കൂടിയേ കഴിയു. അങ്ങനെ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാന്‍, ഓരോ രാജ്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ട മാധ്യമങ്ങളുടെ ചരിത്രം നമുക്കു മുന്നിലുണ്ട്. ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് നമ്മളെല്ലാവരും മുന്നോട്ടുപോകുന്നത്.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം സമ്മേളനത്തിന് മയാമിയില്‍ കൊടി ഉയരുമ്പോള്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ നഷ്ടമായ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക മേരി കോള്‍വിലിനെയും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട ചോണ്‍സി ബെയ്ലി ഉള്‍പ്പടെയുള്ളവരെയും നമുക്ക് വിസ്മരിക്കാനാകില്ല. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊണ്ട എല്ലാവരെയും ഓര്‍ത്തുകൊണ്ടാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം കോണ്ഫറന്സിനോട് അനുബന്ധിച്ച് ഈ കുറിപ്പ്.
അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റായി 2022ല്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ മുന്നില്‍ യാതൊരുവിധ പ്രതിസന്ധികളോ, ചോദ്യചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. കാരണം വ്യക്തിതാല്പര്യങ്ങളില്‍ കുടുങ്ങാതെ കൂട്ടായ്മയോടെ മുന്നോട്ടുപോകാന്‍ എല്ലാ കാലത്തും ഇന്ത്യ പ്രസ് ക്ളബിന് സാധിക്കുമെന്ന് ഉറപ്പായിരുന്നു . കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്യാന്‍ സംഘടനക്ക് സാധിച്ചു.
അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന സംഘടനകളില്‍ ഒന്നായി ഇന്ത്യ പ്രസ് ക്ളബ് വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് എല്ലാ അംഗങ്ങളുടെയും സംഘടനയെ സ്നേഹിച്ച ഓരോ വ്യക്തികളുടെയും വിജയം കൂടിയാണ്. മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട അഡ്വൈസറി ബോര്‍ഡാണ് സംഘടനയുടെ കരുത്ത്.
മാധ്യമ പ്രവര്‍ത്തനം ഒരു പാഷനായി കൊണ്ടുനടക്കുന്നവരുടെ കൂട്ടായ്മ കൂടിയാണ് ഇന്ത്യ പ്രസ് ക്ളബ്. അമേരിക്കയിലെ മറ്റ് എല്ലാ സംഘടനകളുടെയും സഹകരണം തന്നെയാണ് അന്താരാഷ്ട്ര മാധ്യമ സമ്മേളനങ്ങളെ വിജയകരമാക്കുന്നത്.
മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ അതത് സമയത്ത് വേണ്ട ഇടപെടലുകള്‍ നടത്താനും ഓരോ കാലത്തും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കൊവിഡ് കാലത്തും പ്രളയകാലത്തുമൊക്കെ ഇന്ത്യ പ്രസ് ക്ളബ് കഴിവിന്റെ പരാമാവധി സഹായങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചു. മാധ്യമ പ്രവര്‍ത്തകരെ സഹായിക്കാനുള്ള മറ്റ് പദ്ധതികളും നടപ്പാക്കി. ഇന്ത്യ പ്രസ് ക്ളബിന്റെ അതിഥികളായി ഇതുവരെ എത്തിയവരും നിറഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുള്ളത്. അതിന് കാരണം എല്ലാ ചാപ്റ്ററുകളിലെയും അംഗങ്ങളുടെയും ഐക്യം തന്നെയാണ്.
2022ല്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മാധ്യമ പുരസ്കാര ചടങ്ങ് ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ കുറിക്കപ്പെടുമെന്ന് ഉറപ്പാണ് . കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ മാധ്യമ രംഗത്തെ ഏറ്റവും പ്രമുഖരായ മൂന്ന് തലമുറക്കാര്‍ ഇന്ത്യ പ്രസ് ക്ളബിന്റെ വേദിയിലേക്ക് എത്തി. അത്യപൂര്‍വ്വമായ നിമിഷം തന്നെയായിരുന്നു അത്. മാധ്യമ കുടുംബത്തിലെ കാരണവമാർ ആയ ടി.ജെ.എസ്.ജോര്‍ജ്, ബി ആർ പി ഭാസ്‌കർ , പി.രാജന്‍ , കെ മോഹനൻ എന്നിവരെ 'ഗുരുവന്ദനം' എന്ന ആ ചടങ്ങിലൂടെ ആദരിച്ചു.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് , ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം. ജി രാധാകൃഷ്‌ണൻ , മനോരമ ന്യൂസ് മേധാവി ജോണി ലൂക്കോസ്, തുടങ്ങി പ്രമുഖരായ എല്ലാവരും വേദിയിലേക്ക് എത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എത്താന്‍ സാധിക്കാതിരുന്ന ടി ജെ എസ് ജോർജിനും ബിആര്‍പി ഭാസ്കറിനും വീട്ടിലെത്തി ഗുരുവന്ദനം പുരസ്കാരം കൈമാറുകയും ചെയ്തു. ഗുരുവന്ദനത്തിനൊപ്പം ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും മികച്ച ,മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
കൊച്ചിയിലെ ചരിത്രപരമായ ചടങ്ങിന് ശേഷമായിരുന്നു മയാമി സമ്മേളനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മറ്റിടങ്ങളെ അപേക്ഷിച്ച ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രദേശമായിരുന്നു മയാമി. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സമ്മേളനം എങ്ങനെ നടക്കും എന്നതില്‍ വലിയ ആശങ്കകളായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ സംഘടനയിലെ ഓരോ അംഗങ്ങളും ഹൃദയം കൊണ്ട് നല്‍കിയ പിന്തുണയും ഒപ്പം എന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒത്തുചേര്‍ന്നപ്പോള്‍ എല്ലാ തടസ്സങ്ങളും നീങ്ങി. അതുതന്നെയാണ് ഈ സമ്മേളനത്തെ വിജയകരമാക്കുന്നത്. കേരളത്തിന്റെ പ്രതീക്ഷയായി മാറുന്ന യുവ രാഷ്ട്രീയ നേതാക്കളുടെയും ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരുടെയും വലിയൊരു നിരയാണ് ഇത്തവണ സമ്മേളനത്തിലേക്ക് എത്തുന്നത്. മുന്‍കാലങ്ങളിലെ പോലെ മയാമി സമ്മേളനനവും ചരിത്രപരമാകുമെന്നതില്‍ സംശയമില്ല.
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്റെ ഓർമകൾക്ക് മുമ്പിൽ ഈയവസരത്തിൽ പ്രണാമം അർപിക്കുന്നു.
സ്നേഹാദരവോടെ ,
സുനിൽ തൈമറ്റം
പ്രസിഡന്റ്