Image

മയാമിയില്‍ മലയാളത്തില്‍ നമുക്കായി ഒരു 'വാര്‍ത്താ' സമ്മേളനം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 02 November, 2023
മയാമിയില്‍ മലയാളത്തില്‍ നമുക്കായി ഒരു 'വാര്‍ത്താ' സമ്മേളനം(എ.എസ് ശ്രീകുമാര്‍)

കുറച്ചു നാള്‍ മുമ്പ് കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്രത്തില്‍ മാട്രിമോണിയല്‍ വിഭാഗത്തില്‍ കണ്ട ഒരു പരസ്യം ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്ത് ഉദ്ദേശ്യത്തോടുകൂടിയാണോ ആ പരസ്യം കൊടുത്തത് എന്നതിന്റെ റിസല്‍റ്റ് ഏവരും പ്രതീക്ഷിക്കുന്നതായിരുന്നു...

ആ പരസ്യവാചകം ഇങ്ങനെ. ''എന്നെ നോക്കാന്‍ ഞാന്‍ വളര്‍ത്താത്ത ഒരു നായയെ ആവശ്യമുണ്ട്..''

പരസ്യം കൊടുത്തിരിക്കുന്നത് മധ്യവയസ്‌കയായ വനിതയാണ്. സാമ്പത്തികമായി നല്ല നിലയിലുള്ള ആ വ്യക്തിയുടെ ആഗ്രഹങ്ങള്‍ ഏതാനും വാക്കുകളില്‍ സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ മാട്രിമോണിയല്‍ പരസ്യം. അതിന്റെ ചുരുക്കം നമുക്ക് ഇങ്ങനെ പറയാം.

താന്‍ അത്യാവശ്യം സാമ്പത്തികമുള്ള ഒരു വീട്ടമ്മയാണ്. നല്ല കാലത്ത് അതായത് ആരോഗ്യം ഉള്ള സമയകാലഘട്ടങ്ങളില്‍ സൗദി അറേബ്യ എന്ന രാജ്യത്ത് ചെല്ലുകയും നേഴ്സായി ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലെ സഹോദരി സഹോദരന്മാരുടെ ജീവിതത്തിനു വേണ്ടി യഥേഷ്ടം വിനിയോഗിക്കുകയും ചെയ്തു. അവരെല്ലാം ജീവിതത്തിന്റെ നല്ല സാമ്പത്തിക നിലകള്‍ കുതിച്ച് കയറിയപ്പോള്‍ എന്നെ നിഷ്‌ക്കരുണം മറന്നുപോയി. രക്തബന്ധത്തിലുള്ളവര്‍ എന്നെ തിരസ്‌കരിച്ചപ്പോള്‍ ഞാന്‍ ഒരാളെ ആഗ്രഹിക്കുന്നു... സ്നേഹിക്കാന്‍ പറ്റുന്ന ഒരു തെരുവുനായയെ.

ഇതായിരുന്നു ആ പരസ്യത്തിന്റെ ഉള്ളടക്കത്തിന്റെ സാരാംശം. ഫോണ്‍ നമ്പര്‍ സഹിതമുള്ള ആ പരസ്യം ആരും ഗൗനിച്ചില്ല. ഏതോ ഒരു മനോവിഭ്രാന്തിയുള്ള സ്ത്രീ നാട്ടുകാരെ കബളിപ്പിക്കുവാന്‍ ചെയ്യുന്ന ഒരു പരസ്യമായിട്ടേ എല്ലാവരും കണ്ടുള്ളു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട ചിലര്‍ താത്പര്യങ്ങളോടെ അവരുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അതെല്ലാം ഫെയ്ക്കാണെന്നു കണ്ടുകൊണ്ടു തന്നെ മറുപടി കൊടുക്കാതെയുമിരുന്നു.

കുറച്ചു നാളുകള്‍ക്കു ശേഷം ഒരു ഭിക്ഷാടകന്‍ ആ വീട്ടിലെ വേലക്കാരിയോടുള്ള മുന്‍ പരിചയം വച്ച് ഈ അമ്മയുടെ ഗെയ്റ്റ് നിര്‍ബന്ധപൂര്‍വം തുറപ്പിച്ച് അകത്തു ചെല്ലുമ്പോള്‍ അവര്‍ ഷൗട്ട് ചെയ്തുകൊണ്ട് ''നിന്നെ ആരാ ഇങ്ങോട്ട് കയറ്റിവിട്ടത്...'' എന്ന് ചോദിക്കുന്ന നിമിഷത്തിലാണ് ക്ലൈമാക്സ്.

''ഇത് ഞാന്‍, എന്റെ അമ്മ നൊന്തു പ്രസവിച്ച തെരുവുനായ...''

ആ അമ്മയുടെ കണ്ണുകളില്‍ തിളക്കമോ ശൗര്യമോ, സ്നേഹമോ...വാല്‍സല്യമോ. അമ്മയും മകനും ഒരുനിമിഷം കണ്ണില്‍ കണ്ണില്‍ നോക്കി. ഏതായാലും മുഷിഞ്ഞ വസ്ത്രങ്ങളോടെയും ഉറയ്ക്കാത്ത കാലുകളോടു കൂടിയും അയാള്‍ നടന്നകന്നു പോയി. പെട്ടെന്ന് ഒരു സ്നേഹസ്മൃണമായ കുര കേട്ട് അയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍  തന്നെ പ്രസവിച്ച അമ്മയും അവരുടെ സംരക്ഷണത്തിനായി ഏല്‍പ്പിച്ചുകൊടുത്ത ജാക്കി എന്ന പട്ടിക്കുട്ടന്റെയും സമാഗമത്തിന്റെ സന്തോഷമായിരുന്നു.

ഒരിക്കല്‍ എന്റെ നടപ്പിനും എന്റെ കാഴ്ചയ്ക്കും സഹായിയായിരുന്ന ആ സ്നേഹനിധിയായ മിണ്ടാപ്രാണിയെ ഇനിയേറെ സ്നേഹിക്കുവാന്‍ കെല്പുള്ള എന്റെ അമ്മയെ ഏല്പിച്ചിട്ട് കാഴ്ചയില്ലാത്ത ഞാന്‍ എങ്ങിനെ ജീവിക്കും...എന്തിന് ജീവിക്കണം...

***
മേല്‍സൂചിപ്പിച്ചത് ഒരു പരസ്യവും അതിനെ സംബന്ധിക്കുന്ന ആഗ്രഹവും അതിന്റെ സാക്ഷാത്ക്കാരവുമാണെങ്കില്‍ പിന്തുടരുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് ജീവിതത്തിന്റെ കണ്ണുനീര്‍ നനവുണ്ട്.  

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മഹനീയ സ്ഥാപനം ഫ്ളോറിഡയിലെ മയാമിയിലെത്തുമ്പോള്‍ ഇത്തരത്തില്‍ ഒരു വ്യക്തി വാര്‍ത്താസമ്മേളനം നടത്തിയാല്‍ അതിനെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും എന്നുള്ള ഒരു പാഠം കൂടി പഠിപ്പിക്കേണ്ടതുണ്ട്. സത്യാവസ്ഥകളെ മാനിപ്പുലേറ്റ് ചെയ്യുകയും മാനിപ്പുലേറ്റ് ചെയ്യുന്നവയെ സത്യവാര്‍ത്തകളാക്കുകയും ചെയ്യുന്ന മാധ്യമസംസ്‌കാരത്തിന്റെ വിത്തുകള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് വലിയൊരു താക്കീത് കൊടുക്കേണ്ടതാണ്.

ലോകത്തിലെ എല്ലാ വ്യവസ്ഥാപിക മാധ്യമങ്ങളും തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വാര്‍ത്തകളും വിശേഷങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന പക്ഷക്കാര്‍ കുറവായിരിക്കും. തങ്ങള്‍ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളോ തങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും പിന്നെ തങ്ങള്‍ ഏര്‍പ്പെടുത്തിയ ചില കൂലിയെഴുത്തുകാരും ചേര്‍ന്ന് നടത്തുന്ന പരസ്പര സഹായ സഹകരണ സംഘങ്ങളാവരുത് തീര്‍ച്ചയായും അമേരിക്കന്‍ മലയാളി മാധ്യമ ഉടമകളും തൊഴിലാളികളും.

ഇങ്ങനെയൊരു സുതാര്യമായ മാതൃക പിന്തുടരാനും ആ വഴിയില്‍ നമ്മുടെ പുതു തലമുറയ്ക്ക് ദിശാബോധമുള്ള ദൃശ്യങ്ങളും ഓഡിയോകളും എഴുത്തും സമ്മാനിക്കുവാന്‍ പ്രചോദനമാകട്ടെ മയാമിയിലെ ഈ മഹനീയ മാധ്യമ മാമാങ്കം... ഈ ലേഖനത്തിന് ആദ്യം സൂചിപ്പിച്ച പരസ്യം നല്‍കിയ ആളുടെ സുരക്ഷയ്ക്കായി ജാക്കി എന്ന പട്ടിക്കുട്ടന്‍ കടന്നുവരുന്നതും മോശമായ ഒരു അവസ്ഥയില്‍ അവരുടെ സ്വന്തം മകന്‍ നിലനില്‍പ്പില്ലാതെ കടന്നു പോകുന്നതും യാദൃശ്ചികമല്ല. അതെല്ലാം ചിട്ടയില്ലാത്ത ജീവിതത്തിന്റെയും ബഹുമാനമില്ലാത്ത സ്വഭാവത്തിന്റെയും ക്ലൈമാക്സാണ്.

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ സമ്മേളന സുദിനങ്ങളില്‍ നമ്മള്‍ക്ക് കേള്‍ക്കാം ശുഭയാത്രയുടെ നോര്‍ത്ത് ഈസ്റ്റ് വെസ്റ്റ് സൗത്ത് വാര്‍ത്തകള്‍... ചങ്ങലയില്ലാത്ത ആ തെരുവുനായ ആ സ്നേഹനിധിയായ അമ്മയുടെ കാല്‍ക്കല്‍ നമസ്‌കരിച്ചുകൊണ്ട് അവരുടെയോ ആ നായയുടെയോ ജീവിതാന്ത്യം വരെയുള്ള സ്നേഹം പരസ്പരം പങ്കിട്ടുകൊണ്ട് ജീവിച്ചു.

അമ്മയ്ക്ക് ആശ്വാസമായി...വെളിച്ചമായി...കുരയുടെ ഷൗട്ടിങ്ങായി...

ബൗ...ബൗ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക