കത്തോലിക്ക സഭയുടെ നാളിതുവരെയുള്ള ചരിത്രത്തിൽ ഏതാണ്ട് പതിനാലിലധികം കറുത്ത വർഗ്ഗക്കാരായ പുണ്യവാളൻമാരും പുണ്യവതികളും ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. അവരെല്ലാവരുംതന്നെ ലോകത്തിൻറെ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ വിശുദ്ധഗണങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം പ്രശസ്തി ആർജ്ജിച്ച ഒരു പുണ്യവാളൻ എന്നതിന് പുറമെ, വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ വിശുദ്ധനും കൂടിയായിരുന്നു വിശുദ്ധ മാർട്ടിൻ ഡി പോറെസ് .
ഇന്ത്യയിൽത്തന്നെ ഈ വിശുദ്ധൻറെ നാമധേയത്തിൽ പതിനാലോളം
ദേവാലയങ്ങൾ ഉള്ളതിൽ പതിനൊന്നെണ്ണം കേരളത്തിൽ തന്നെയാണ്. ((തേവക്കൽ, പാലാരിവട്ടം, അങ്കമാലി, മരട്, ഉളവയ്പ്പ്, പൊന്നാംവെളി, ചേർത്തല (കപ്പേള), മണ്ണമല, കാളകെട്ടി, അഞ്ചിരി, എൻ ആർ സിറ്റി)
ക്രിസ്തുവർഷം 1579 ഡിസംബർ മാസം ഒമ്പതാം തിയതി പെറു എന്ന തെക്കൻ അമേരിക്കൻ രാജ്യത്തിൻ്റെ തലസ്ഥാനമായ ലീമ പട്ടണത്തിൽ ഡോൺ ജുവാൻ ഡി പോറെസ് എന്ന് പേരുള്ള കുലീന കുലജാതനായ സ്പാനിഷ് കാരൻറെയും പനാമ യിൽ നിന്ന് അടിമയായി വന്നു പിന്നീട് സ്വതന്ത്രയായ കറുത്ത വർഗ്ഗക്കാരി ആന വിൽസെക്യൂസ് ൻറെയും മകനായിട്ടാണ് മാർട്ടിൻ ഡി പോറെസ് ഭൂജാതനായത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ മാർട്ടിന് ജുവാന എന്ന ഒരു സഹോദരികൂടി ഉണ്ടായി. മാർട്ടിൻറെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല എന്നതിനുപരി മാർട്ടിന് അമ്മയെപ്പോലെ കറുത്തനിറം ആയിപ്പോയി എന്നകാരണത്താൽ സ്വന്തം പിതാവിനാൽ ആ കുടുംബം പരിത്യജിക്കപ്പെട്ടു! പട്ടിണിയുടെ കാഠിന്യവും അതിനേക്കാളേറെ സമൂഹം അംഗീകരിക്കാത്ത പിതൃത്വവുംമൂലം ഒരു ജാരസന്തതി എന്ന അപമാനംകൂടി ഏറ്റുവാങ്ങിയാണ് മാർട്ടിൻ വളർന്നത്!
തുണി അലക്കുന്ന ജോലി ചെയ്താണ് മാർട്ടിൻറെ അമ്മ തൻറെ കുടുംബം പോറ്റിയിരുന്നത് . എന്നാൽ അതിനു സാധിക്കാതെ വന്ന സാഹചര്യത്തിൽ പന്ത്രണ്ടു വയസ്സായപ്പോൾ ഒരു ബാർബർ-ഡോക്ടറുടെ കൂടെ ട്രെയിനി ആയി മാർട്ടിനെ ജോലിക്കു ചേർത്തു. അവിടെ വച്ച് തലമുടി വെട്ടാനും, ടെസ്റ്റ് ചെയ്യാൻ വേണ്ടി രക്തം എടുക്കാനും, രക്തം കട്ടപിടിക്കാതെ സ്രവിപ്പിക്കാനും, മുറിവുകൾ വച്ചുകെട്ടാനും, സാധാരണ ചികിത്സാരീതികൾ നടത്താനും, മരുന്നുകൾ നൽകാനുമൊക്കെ മാർട്ടിൻ പരിശീലിച്ചു. രണ്ടുകൊല്ലം മരുന്നും ചികിത്സയുമായിട്ടുള്ള പരിശീലനത്തിനുശേഷം ആതുരസേവനം നടത്താനുള്ള അതിയായ ആഗ്രഹവും, അതുവഴി സമൂഹത്തെ സഹായിക്കാനുള്ള ആത്മാർത്ഥമായ താൽപ്പര്യവും മൂലം ഡൊമിനിക്കൻ ആശ്രമത്തിലെ ഒരു സ്വയം സേവകനായ ആശ്രമവാസിയായി മാർട്ടിൻ ചേർന്നു. അക്കാലത്തു പെറുവിലെ നിയമമനുസരിച്ചു കറുത്തവർഗ്ഗക്കാർക്കും സങ്കര വർഗ്ഗക്കാർക്കും ഒരു ബ്രദർ ആയി സഭയിൽ ചേരാൻ അനുവാദമുണ്ടായിരുന്നില്ല! എങ്കിലും ദിവസത്തിൻറെ നല്ലൊരു ഭാഗവും സുഖമില്ലാത്തവരെ പരിചരിക്കുന്നതിലും പാവപ്പെട്ടവർക്ക് സഹായം ചെയ്യുന്നതിലും മാർട്ടിൻ വ്യാപൃതനായിരുന്നു. അതിനുപുറമെ ആശ്രമത്തിലെ അടുക്കള ജോലിയും, തുണി അലക്കലും, ആശ്രമം വൃത്തിയാക്കലുമെല്ലാം മാർട്ടിൻ സ്വയം ഏറ്റെടുത്തു. മാർട്ടിൻറെ അതിതീവ്രമായ പ്രാർത്ഥനയും, എളിമയും, തപശ്ചര്യകളും, അശരണരോടുള്ള അനുകമ്പയുമെല്ലാം കണക്കിലെടുത്തു മാർട്ടിനെ ഒരു ഡൊമിനിക്കൻ അല്മായ സഹോദരനായി സഭാധികാരികൾ സ്വീകരിച്ചു. ജാതി മത സ്ഥാന ചിന്തകൾക്കതീതമായി പാവപ്പെട്ടവർക്കും ആശ്രയമില്ലാത്തവർക്കും വേണ്ടി സേവനം ചെയ്യുവാൻ മാർട്ടിൻ മുന്നിട്ടിറങ്ങി. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അടിമകൾക്ക് അഭയമായി ഒരു ആതുരാലയം തുടങ്ങാൻ മാർട്ടിന് സാധിച്ചു എന്നുള്ളത് ആരോരുമില്ലാത്ത ആ അടിമകൾക്ക് വലിയൊരു സഹായമായിരുന്നു. ദിവ്യകാരുണ്യത്തോടുള്ള മാർട്ടിൻറെ അതി തീവ്രമായ ഉപാസനയും, നിരന്തരമായ പ്രാർത്ഥനയും, എല്ലാറ്റിനുമുപരി സന്യാസത്തിൻറെയും വിരക്തിയുടെയും ഭാഗമായിട്ടുള്ള മാംസ വർജ്ജനവും എടുത്തുപറയേണ്ടിയിരിക്കുന്നു. ആതുരാലയത്തിലെയും ആശ്രമത്തിലെയും കഠിനാദ്ധ്വാനത്തിനുപുറമെ ലീമയിലുള്ള ദരിദ്രർക്കും പട്ടിണിപ്പാവങ്ങൾക്കും ഭക്ഷണവും അവശ്യസാധനകളും എത്തിച്ചുകൊടുക്കുന്നതിലും മാർട്ടിൻ പ്രത്യേക ശ്രദ്ധ പതിച്ചിരുന്നു. അടിമകളായി വന്നെത്തുന്ന പുതിയ ആളുകളുടെ ആധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുപുറമെ, പാവപ്പെട്ട അടിമ പെൺകുട്ടികളുടെ വിവാഹത്തിന് ആവശ്യമായ സ്ത്രീധനപ്പണം നൽകാനായി ആയിരക്കണക്കിന് ഡോളറുകൾ സമാഹരിക്കുന്നതിലും പ്രബലനായ ഒരു പണപ്പിരിവുകാരൻറെ സാമർഥ്യത്തോടെ മാർട്ടിൻ മുൻകൈ എടുത്തിരുന്നു. അന്ന് ഡൊമിനിക്കൻ സഭയുടെ അംഗമായിരുന്ന വിശുദ്ധ 'റോസു' മൊരുമിച്ച് ലീമയിലെ യുവാക്കൾക്കുവേണ്ടി ഒരു സ്കൂൾ തുടങ്ങിയതും മാർട്ടിൻറെ ലിഖിതരേഖയിൽ പരാമർശിച്ചിട്ടുണ്ട്! ഒരു കമ്പിളിപ്പുതപ്പോ, ഉടുപ്പോ, മിഠായിയോ, മെഴുകുതിരിയോ, എന്ത് തന്നെയായാലും അത് വളരെ മഹാമനസ്കതയോടും, പ്രായോഗികമായും എത്തേണ്ടിടത്തു എത്തിച്ചുകൊടുക്കുന്നതിലും, അത്ഭുതങ്ങളും പ്രാർത്ഥനാ നിയോഗങ്ങങ്ങളും കൃത്യനിഷ്ടയോടെ നിർവഹിക്കുന്നത്തിലും മാർട്ടിനുള്ള പ്രത്യേക കഴിവിനെ പരിഗണിച്ചു ആശ്രമത്തിൻറെ മാത്രമല്ല ലീമ പട്ടണത്തിൻറെയും ഭരണാധികാരി ആയിത്തീരാൻ മാർട്ടിന് ഭാഗ്യമുണ്ടായി!
മാർട്ടിൻ ഡി പോറെസിൻറെ ജീവിതത്തിൻറെ ഓരോ നിമിഷങ്ങൾ പോലും ദൈവത്തിൻറെ അസാധാരണമായ കൈവെപ്പുള്ളതായിരുന്നു; പ്രാർത്ഥിക്കുമ്പോൾ അദ്ദേഹത്തിൻറെ മുറിയിൽ ഉണ്ടാകാറുള്ള ഒരു പ്രത്യേകതരം പ്രകാശം, ഒരേ സമയത്ത് രണ്ടു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള മാർട്ടിൻറെ കഴിവ്, ഏതൊരു വിഷയത്തിലും അദ്ദേഹത്തിൻറെ അത്ഭുതകരമായ പരിജ്ഞാനം , തൽക്ഷണമുള്ള രോഗശാന്തിവരം, ഇവക്കെല്ലാം പുറമെ മൃഗങ്ങളുമായിട്ടുള അദ്ദേഹത്തിൻറെ ആശയ വിനിമയം, ഇവയെല്ലാം തന്നെ ദൈവം മാർട്ടിന് നൽകിയ പ്രത്യേക അനുഗ്രഹങ്ങളായിരുന്നു. മാർട്ടിൻറെ സഹ ആശ്രമവാസികളെല്ലാം അദ്ദേഹത്തെ ഒരു ആധ്യാത്മിക പിതാവായി സ്വീകരിച്ചെങ്കിലും "ഒരു പാവപ്പെട്ട അടിമ" എന്നപേരിൽ പരിഗണിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
1639 നവംബർ മാസം മൂന്നാം തിയതി അമ്പത്തിയൊമ്പതാമത്തെ വയസ്സിൽ മാർട്ടിൻ ഡി പോറെസ് ഇഹലോകവാസം വെടിഞ്ഞു. മാർട്ടിൻറെ ഭൗതീകശരീരം ആശ്രമത്തിൻറെ മണ്ണിൽത്തന്നെയാണ് സംസ്കരിച്ചത്. അദ്ദേഹത്തിൻറെ മരണശേഷം ഒട്ടേറെ അത്ഭുതങ്ങൾ സംഭവിച്ചതിൻറെ വെളിച്ചത്തിൽ 25 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ ഭൗതീകശരീരം കല്ലറയിൽ നിന്ന് പുറത്തെടുത്തപ്പോൾ ശരീരത്തിന് യാതൊരു കേടുപാടും സംഭവിക്കാത്ത നിലയിലായിരുന്നു എന്നുമാത്രമല്ല ഒരു സൗരഭ്യം വമിക്കുന്നതുകൂടിയായിരുന്നു!
1897 ഒക്ടോബർ 29 നു അന്നത്തെ മാർപ്പാപ്പ ഗ്രിഗറി പതിനാറാമൻ മാർട്ടിൻ ഡി പോറെസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, തുടർന്ന് 1962 മെയ് മാസം ആറാം തിയതി ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ പുണ്യവാളനാക്കുകയും ചെയ്തു.
ആഫ്രിക്കൻ സംസ്കാരം അനുകരിക്കുന്ന കൊളംബിയ, വെനെസുവേല, പോർട്ടോ റിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ക്യൂബ, യുണൈറ്റഡ് സ്റ്റേറ്റ്സ്, പെറു തുടങ്ങിയ സ്ഥലങ്ങളിലുള്ള ചില ആഫ്രോ - കരീബിയൻ കത്തോലിക്കാ വിഭാഗങ്ങൾ വിശുദ്ധ മാർട്ടിൻ ഡി പോറെസിനെ "പാപ്പാ ക്യാൻഡെലോ" എന്ന പേരിലാണ് വിളിച്ചിരുന്നത്. സങ്കര വർഗ്ഗക്കാരുടെയും, ബാർബർമാരുടെയും, സത്രം സൂക്ഷിപ്പുകാരുടെയും, പൊതുജനാരോഗ്യ പ്രവർത്തകരുടെയും പാലക പുണ്യവാളനായി വിശുദ്ധ മാർട്ടിൻ ഡി പോറെസിനെ ഇന്ന് ലോകം മുഴുവൻ വണങ്ങുന്നു.
എല്ലാവർഷവും നവംബർ മാസം മൂന്നാം തിയതിയാണ് വിശുദ്ധൻറെ തിരുനാൾ.