മാറുന്നു,
ജീവിത താളം,
പൽ ചക്രങ്ങൾ
തേയുന്നു, ഘർഷണ
വേഗം സ്പുലിംഗമായ് -
ത്തീരുന്നു, നാളെ
ശവക്കുഴി തീർക്കും
ചുവപ്പിൽ ഞാ -
നെന്നെ യടക്കുന്നു,
കാലമേ,
നിന്റെയീ സ്വപ്നം
പൊലിഞ്ഞു പോകുന്നൂ,
ഞാൻ
ഉണ്ടായിരുന്നതായ്
ആരറിയുന്നു?
നീല നിലാവിന്റെ
മാറിലെയുന്മാദ മൂർച്ച,
മതിഭ്രമ നിശ്വാസം,
സ്വപ്നങ്ങൾ
ചാലുകൾ കീറിയ
ജീവിതം,
വ്യർഥമാ മേതോ നിഗൂഡത
ചൂഴുന്ന താഴ്വര -
യെന്റെ മോഹങ്ങൾ
മരിക്കുന്നു!
കാലമേ,
നിന്റെയീ സ്വപ്നം
പൊലിഞ്ഞു പോകുന്നൂ
ഞാൻ,
ഉണ്ടായിരുന്നതായ്
ആരറിയുന്നു?
എന്റെയഹത്തിന്റെ -
യോരോ കണികയും,
മണ്ണിലലിഞ്ഞലി,
ഞ്ഞില്ലാതെയായി ഞാ -
നെന്ന വെറും മിഥ്യ,
കാലമാം കായലി-
ലാരോ കലക്കിയ
കായം, രുചിക്കുവാ -
നൊന്നുമില്ലെന്റെ
തലച്ചോറിൽ പൊന്തിയ
പൊൻ മുകുളങ്ങൾ
കുമിളകൾ!
ഒക്കെയും മായുന്നവകളിൽ
പൂത്ത വൈഡ്യൂരം പ്രപഞ്ചം,
നിമിഷാർദ്ധ സ്വപ്നങ്ങളെ
വിട,
വീണടിയട്ടെ ഞാൻ!