Image

വാദപ്രതിവാദങ്ങൾ (കവിത: എ.സി. ജോർജ്)

Published on 10 November, 2023
വാദപ്രതിവാദങ്ങൾ (കവിത: എ.സി. ജോർജ്)

 ഞങ്ങൾ തൻ വിശ്വാസങ്ങളെല്ലാം നിങ്ങൾക്കു അന്ധവിശ്വാസങ്ങൾ
നിങ്ങൾ തൻ വിശ്വാസങ്ങളെല്ലാം ഞങ്ങൾക്ക് അന്ധവിശ്വാസങ്ങൾ
ഞങ്ങൾ തൻ ആചാരങ്ങളെല്ലാം നിങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ
നിങ്ങൾ തൻ ആചാരങ്ങളെല്ലാം ഞങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ
ഞങ്ങൾ തൻ  ദൈവങ്ങളോട് നിങ്ങൾക്ക് വെറുപ്പാണ് പുച്ഛമാണ്
നിങ്ങൾ തൻ  ദൈവങ്ങളോട് ഞങ്ങൾക്ക് വെറുപ്പാണ് പുച്ഛമാണ്
ഞങ്ങൾ തൻ  ആരാധനാമൂർത്തിയോട് നിങ്ങൾക്ക് വെറുപ്പാണ് കലിപ്പാണ്
നിങ്ങൾ തന്നെ ആരാധനാമൂർത്തിയോട് ഞങ്ങൾക്ക് വെറുപ്പാണ് കലിപ്പാണ്
ഞങ്ങളുടെ മാർഗമാണ് ശരിയെന്നു ഞങ്ങളും പാർശ്വവർത്തികളും..
നിങ്ങളുടെ മാർഗമാണ് ശരിയെന്നു നിങ്ങളും പാർശ്വവർത്തികളും..
ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന് ഞങ്ങൾ
നിങ്ങൾ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്, ഞങ്ങൾ ഭീകരരെന്ന്
മറിച്ച് അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാർഗ്ഗമാണ് ഭീകരത, നിങ്ങളാണ് ഭീകരർ
ഞങ്ങൾ തൻ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം..
ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത രാഷ്ട്രം എന്നും സെക്കുലർ രാഷ്ട്രമായി തുടരണം
ഞങ്ങൾ തൻ മത ഭൂരിപക്ഷ രാഷ്ട്രം മത രാഷ്ട്രീയകാർ കൈകോർത്ത് ഭരിക്കും
ഞങ്ങൾ തൻ മത ഭൂരിപക്ഷമില്ലാ രാഷ്ട്രം സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ്  സ്റ്റേറ്റ്.. 
കൈമോശം വരാതെ മതനിരപേക്ഷത എന്നെന്നും നിലനിർത്തണം പാലിക്കണം…
ഞങ്ങളുടെ ചെലവ് ഡ്രീം പ്രോജക്ട് പരിപാടികൾ രാഷ്ട്ര നിർമ്മാണത്തിന്.. 
ഞങ്ങടെ സ്വപ്നങ്ങളെല്ലാം പങ്കുവയ്ക്കാം അതു നിങ്ങളുടേതാകും പൈങ്കിളിയെ..
നിങ്ങൾ അത് ധൂർത്തായി വാദിക്കുന്നെങ്കിൽ നിങ്ങൾക്ക് വട്ട്,  ഞങ്ങൾക്കത് പുല്ല് 
നിങ്ങളും ഖജനാവിലെ കാശ് എടുത്ത് അന്തം കുന്തമില്ലാതെ ധൂർത്തടിച്ചിട്ടില്ലേ 
ഞങ്ങൾക്ക് വോട്ട് തന്നു ജയിപ്പിച്ച പൊതുജന കഴുതകളെ, കോവർ കഴുതകളെ
നിങ്ങൾ തൻ പുറത്തൊന്നു കേറി സുഖമായൊരു സവാരിഗിരിഗിരി ആനകളിക്കട്ടെ
ആരുണ്ട് ഇവിടെ ചോദിക്കാൻ.. അധികം കളിച്ചാൽ നിങ്ങളെ ഓഡിറ്റ് ചെയ്യും
വകുപ്പ് ഉണ്ടാക്കി കേസെടുത്ത് നിങ്ങളെ ഉള്ളിൽ തള്ളും ഉണ്ട തീറ്റിക്കും ദൃഢം...
ന്യൂനപക്ഷങ്ങളെ അന്യോന്യം തമ്മിലടിപ്പിക്കുന്ന ചാണക്യ തന്ത്രം കുതന്ത്രം..
ചാണക്യ തന്ത്രകുതന്ത്രങ്ങളിൽ വീഴുന്ന ഭൂരിപക്ഷം ന്യൂനപക്ഷം
ഒഴുക്കിനനുകൂലമായി ചലിക്കുന്ന സാംസ്കാരിക ബുദ്ധിജീവികൾ
ഭയചകിതരായി..ഒഴുക്കിന് അനുകൂലമായി എഴുതുന്ന എഴുത്തുകാർ
സത്യ നീതിക്കു വേണ്ടി ഒഴുക്കിനെതിരെ ചലിക്കുന്നവർ തുച്ഛം..
തേനും പാലും ഒഴുക്കും ഞങ്ങൾ ഭരണത്തിൽ ധൂർത്തുണ്ടെങ്കിൽ
അത് ചുമക്കാൻ വോട്ടർമാർ പൊതുജന കഴുതകൾ ഉണ്ടിവിടെ
കടമെടുത്തു പുരോഗമിച്ച് വീണ്ടും മാവേലി നാടാകും കേരളം
ഭരണം കൈവിട്ടാൽ വരും ഭരണകക്ഷിയുടെ മാറാപ്പായി ഈ കടം
വിദേശ മലയാളികളെ ഉദ്ധരിക്കാൻ എത്തുന്ന ഞങ്ങൾക്ക്…
കുടപിടിക്കാനിവിടെ ചോട്ടാ ബഡാ മെഗാ സംഘടനകൾ ഉണ്ടിവിടെ
ഞങ്ങൾ എറിയും എല്ലിൻ കഷണത്തിനായി അവർ കടിപിടി കൂടും
ഞങ്ങളെ പൊക്കിയെടുത്തവർ വേദിയിലിരുത്തി പൂമാലയർപ്പിക്കും
ഞങ്ങളെ പൊക്കി തൊള്ള തൊരപ്പൻ വാക്കുകളാൽ വാഴ്ത്തിപ്പാടും
വാദപ്രതിവാദങ്ങൾക്കിനി വിധി കൽപ്പിക്കാൻ ആരുണ്ടിവിടെ..?
ആരാണ് ശരി..ആരാണ് തെറ്റ്.. ഏതാണ് ശരി.. ഏതാണ് തെറ്റ്..?

Join WhatsApp News
തോമസ് കുട്ടി, വാക്കത്തിപ്പാറ. 2023-11-11 02:27:17
എ.സി. ജോർജ് എന്തെഴുതിയാലും അതിനൊരു പ്രത്യേകതയുണ്ട്. വാക്കുകൾക്കും വാചകങ്ങൾക്കും വളരെ മൂർച്ചയുണ്ട്. ആരുടെയും മുഖം നോക്കാതെ ധീരമായി എഴുതുന്നു. ഒഴുക്കിനെതിരെ തന്നെ നീന്തുന്നു. കൈയ്യടി കിട്ടാൻ വേണ്ടി മാത്രം ഒഴുക്കിന് അനുകൂലമായി ഈ പുള്ളിക്കാരൻ അത്ര അങ്ങോട്ട് എഴുതാറില്ല. കാരണം ലോകത്തിൻറെ പോക്കും, യുദ്ധവും, പോർവിളികളും, രാഷ്ട്രീയ മതാചാര്യന്മാരുടെ തേർവാഴ്ചയും അവരെയൊക്കെ തോളിൽ ഇരുത്തി പൊക്കിക്കൊണ്ട് നടക്കുന്ന ചില വമ്പൻമാരുടെ പ്രവർത്തിയും ആശയങ്ങളും, അദ്ദേഹം പൊളിച്ചടുക്കി തന്നെ എഴുതുന്നു. . അതിനാൽ അദ്ദേഹത്തിന് അതിൽ നിന്ന് കിട്ടുന്ന അപ്രീതികളും ഈ എഴുത്തുകാരൻ കാര്യമാക്കുന്നില്ല. പഴയ ആശയങ്ങളും പുതിയ ആശയങ്ങളും, ശരിയും തെറ്റും, ചിന്തകളും, അതിശക്തമായി തന്നെ കവിതകളിൽ ആകട്ടെ ലേഖനങ്ങളിൽ ആകട്ടെ നർമ്മങ്ങളിലാകട്ടെ അദ്ദേഹം പ്രയോഗിക്കുന്നു. എന്നാൽ എഴുത്തുകളിൽ ഒരു തീർത്തും നിഷ്പക്ഷത പുലർത്തുന്നു. മുഴുവൻ മനസ്സിരുത്തി വായിച്ചു ചിന്തിച്ചാൽ ഈ എഴുത്തിലെ ഉള്ളടക്കങ്ങൾ, ലളിതമായാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. . നോക്കുക ഇതിൽ വിഷയങ്ങൾ എല്ലാം തന്നെ നമ്മുടെ ചിന്തയ്ക്ക് വിഷയിഭവിക്കേണ്ടത് തന്നെയാണ്. ആരാണ് ശരി ആരാണ് തെറ്റ്? എഴുത്തുകാരൻ സമൂഹത്തോട് നിർഭയം ചോദിക്കുന്നു. . നിങ്ങളുടെ ശരിയല്ല ഞങ്ങളുടെ ശരി, ഞങ്ങളുടെ ശരിയല്ല നിങ്ങളുടെ ശരി. ഇവിടെയാണ് വാദപ്രതിവാദങ്ങളുടെ അരങ്ങേറ്റം. എഴുത്തുകാരനും ഈ മലയാളിക്കും അഭിവാദ്യങ്ങൾ.
Ramesh Nair 2023-11-12 14:16:20
ഈ ഗീർവാണത്തിനെ ഏതു കൂട്ടത്തിലാണ് പെടുത്തേണ്ടത്? കഷ്ടം!
ശ്രീധരൻ നായർ 2023-11-12 18:29:59
ശ്രീമാൻ രമേശ് നായർ, കഷ്ടം പറയാനും ഇത്ര ചൂടാകാനും കാരണമെന്ത്? ഇതിൽ എഴുതിയിരിക്കുന്ന സത്യങ്ങളും യുക്തികളും കേട്ടപ്പോൾ താങ്കൾക്ക് ദഹിക്കുന്നില്ല അല്ലേ? ഒരുമാതിരി തുള്ളൽ വരുന്നുണ്ട് അല്ലേ? ഇതിലെ എഴുത്തുകാരൻ വിമർശനങ്ങളെയും മറ്റും സ്വാഗതം ചെയ്യുന്ന ഒരു വ്യക്തിയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇതിലെ എന്ത് ആശയമാണ് താങ്കൾക്ക് പിടിക്കാത്തത് എന്ത് ആശയമാണ് യുക്തിക്ക് നിരക്കാത്തത് എന്ന് വ്യക്തമായി എഴുതുക. മറ്റുള്ളവരുടെ പല രചനകളും ആയിട്ട് കൂടെ താങ്കൾ താരതമ്യപ്പെടുത്തുക. അല്ലാതെ കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും എന്ന മാതിരി ചുമ്മാ കാലിട്ട് അടിക്കുന്നത് ശരിയല്ല. ഈ കവിതയെ ആസ്വദിച്ചു കൊണ്ടും മറ്റും ശ്രീമൻ തോമസ് കുട്ടിഎഴുതിയിരിക്കുന്നതും താങ്കൾ ഒന്ന് പോയി വായിക്കുക. ഒരു കൃതിയെ ആര് എഴുതി എന്നുള്ളതല്ല നോക്കേണ്ടത്. അതിൽ കാമ്പുണ്ടോ കഴമ്പുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്നൊക്കെയാണ് നോക്കേണ്ടത്. വായിക്കുമ്പോൾ മനസ്സിൽ എന്തെങ്കിലും പ്രീജഡീസ്, മുൻവിധി ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കുക. അതുപോലെ ഏതു വകുപ്പിലും ഈ രചനയെ പെടുത്താവുന്നതാണ് എന്നാണ് എൻറെ അഭിപ്രായം. ഇത് പദ്യ കവിതയാകാം അല്ലെങ്കിൽ ഗദ്യ കവിതയാകാം. ഇതെന്തുമാകട്ടെ ഈ കവിത എഴുതിയ വ്യക്തി ഏതാണ്ട് എപ്പോഴും തന്നെ ഒഴുക്കിനെതിരെ നീന്തുന്ന രചനകൾ ആണ് കാഴ്ചവയ്ക്കാറ്. ഇവിടെയും പല തൊരപ്പന്മാരെയും ഈ എഴുത്തുകാരൻ എടുത്തിട്ട് കുടഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ അത് ഒരിക്കൽ കൂടെ പോയി വായിച്ച് ഒന്ന് ചിന്തിക്കൂ. എന്നിട്ട് അല്പം കൂടെ വിശദമായി വിമർശിക്കുക. എഴുത്തുകാരനും ഈ മലയാളിക്കും എല്ലാ ആശംസകളും നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക