Image

പാപ്പിറസ്സ് ചുരുളുകളും മരയെഴുത്തുകളും ഹൈറോഗ്ലിഫിക്കിന്റെ ആദിരഹസ്യങ്ങളും (ഇന്ദു മേനോൻ-അമ്മു വള്ളിക്കാടിന്റെ ഈജീപ്ഷ്യൻ യാത്രാ വിവരണത്തിനു അവതാരിക)

Published on 11 November, 2023
പാപ്പിറസ്സ് ചുരുളുകളും മരയെഴുത്തുകളും ഹൈറോഗ്ലിഫിക്കിന്റെ ആദിരഹസ്യങ്ങളും (ഇന്ദു മേനോൻ-അമ്മു വള്ളിക്കാടിന്റെ ഈജീപ്ഷ്യൻ യാത്രാ വിവരണത്തിനു അവതാരിക)

 ഹൈറോഗ്ലിഫിക്കിന്റെ പ്രകാശനം ഷാർജ ബുക്ക് ഫെസ്റ്റിവൽ വേദി നവംബർ  12  വൈകിട്ട് 5 മണി 
 
സ്വജനപക്ഷപാതവും ധാർമ്മികതയും
◾◾◾◾◾◾◾◾◾◾◾◾
ആദ്യമായി സർക്കാർ സർവീസിൽ ഒരു ജോലി കിട്ടിയപ്പോൾ അന്നത്തെ വിജിലൻസ് ഓഫീസർ ആയിരുന്ന മോഹൻ സാർ എനിക്കൊരു ഉപദേശം തന്നു. ഗസറ്റഡ് ഓഫീസ്സറുടെ സീലു പിടിച്ച് തിരിച്ചും മറിച്ചും നോക്കുന്നതിലെ കൗതുകം കൊണ്ടായിരിയ്ക്കണം. 
“അറ്റസ്റ്റ് ചെയ്യുന്നതൊക്കെ കൊള്ളാം പക്ഷേ സ്വന്തം വീട്ടിലുള്ള അനിയത്തിക്കോ അച്ഛനോ അമ്മയ്ക്കോ അനിയനോ ഒന്നും അറ്റസ്റ്റ് ചെയ്തു കൊടുക്കരുത്”
“യൂ മീൻ നെപ്പോട്ടിസം” ?
“എയ്യ് സ്വജനപക്ഷപാതമൊന്നുമല്ല. അതിൽ നിയമപരമായി പ്രശ്നമൊന്നും പറയുന്നുമില്ല എങ്കിലും ധാർമികമായി  അത് അത്ര ശരിയല്ല.”
അന്നുമുതൽ ഇന്നുവരെ പ്രൈമറി കിൻഷിപ്പിലുള്ളവർക്ക് പോയിട്ട് സെക്കൻഡറി കിൻസായവർക്കു പോലും ഒരു രേഖയും അറ്റസ്റ്റ് ചെയ്തു കൊടുത്തിട്ടില്ല. എൻറെ നാട്ടിലുള്ള മുഴുവൻ ആളുകൾക്കും അറ്റസ്റ്റ് ചെയ്തു കൊടുക്കുമ്പോഴും എൻറെ വീട്ടുകാർ മറ്റാരെയെങ്കിലും തേടി പോകേണ്ട ദയനീയ അവസ്ഥയായിരുന്നു. ഞാൻ തന്നെ ആ രേഖയും താങ്ങിപ്പിടിച്ച് എൻറെ ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്തെയ്ക്കു പോകും. അപൂർവ്വമായി വിളിച്ചു പറഞ്ഞും ഞാൻ ഏർപ്പാടാക്കി കൊടുത്തിരുന്നു.
എൻറെ സഹോദരി അമ്മു അവളുടെ ഈജിപ്ത് യാത്രാവിവരണ പുസ്തകം പ്രസിദ്ധീകരിയ്ക്കാനായപ്പോൾ 
“ആരോടെങ്കിലും അവതാരിക വാങ്ങി തരുമോ ചേച്ചി?” എന്ന് ചോദിച്ചു.
 അറ്റസ്റ്റ് ചെയ്യാൻ വേണ്ടി സ്വന്തക്കാരുടെ രേഖകളും പിടിച്ച് ഓരോ ഗസറ്റഡ് ഓഫീസർമാരുടെ അടുക്കലേക്ക് ഓടുന്ന അവസ്ഥയിലായി ഞാൻ .
ഞാനൊരു പക്ഷേ മറ്റുള്ളവരോട് "എന്തെങ്കിലും ചെയ്തു തരൂ" എന്ന് പറയുന്നതിൽ അത്ര മിടുക്കി ആയിരുന്നില്ല. അമ്മു ആവശ്യപ്പെട്ട ആരെക്കൊണ്ടും എനിക്ക് അവതാരിക എഴുതിക്കാനുള്ള കഴിവുമുണ്ടായിരുന്നില്ല. സമയക്കുറവാണ് മുഖ്യമായ പ്രശ്നം. ആ സമയക്കുറവിനെ മാറ്റി നിർത്തിക്കൊണ്ട് ആരെയെങ്കിലും നിർബന്ധിക്കുവാൻ എൻറെ ധാർമിക ബോധം സമ്മതിച്ചും ഇല്ല.
ഞാൻ മറ്റൊരു രീതിയിൽ ആലോചിച്ചു നോക്കി. അമ്മു എന്റെ സഹോദരിയാണ് എന്നതുകൊണ്ട് മാത്രം നന്നായി എഴുതിയ ഒരു പുസ്തകത്തിന് ഞാനെന്തിന് അവതാരിക എഴുതാതിരിക്കണം ? അങ്ങനെയാണ് അമ്മുവിൻറെ ഈജിപ്ഷ്യൻ യാത്രയ്ക്ക് ഞാൻ തന്നെ അവതാരിക എഴുതിക്കളയാം എന്ന് തോന്നൽ എനിക്ക് ഉണ്ടായത്.
അമ്മുവിൻറെ എഴുത്തിനെയും അമ്മുവിൻറെ യാത്രകളെയും അമ്മുവിൻറെ ചിന്തകളെയും അമ്മുവിൻറെ ക്രിയാത്മകതയെയും ഏറ്റവുമടുത്ത അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈജിപ്ഷ്യൻ യാത്രയെക്കുറിച്ച് ഏറ്റവും നന്നായി എഴുതുവാൻ എനിക്ക് സാധിക്കുമെന്ന് എനിയ്ക്ക് സംശയമേയില്ലായിരുന്നു.

ഇന്ദുഭവനിലെ ശാരികപ്പൈതൽ ചാരുശീല അമ്മു
◾◾◾◾◾◾◾◾◾◾◾◾◾
സത്യത്തിൽ എന്റെ വീട്ടിൽ എഴുത്തുകാരിയായി തീരും എന്ന് എല്ലാവരും കരുതിയിരുന്നത് അമ്മൂനെയാണ്. ചെറുപ്പത്തിൽ തന്നെ ഒരു വിഷയം പറഞ്ഞാൽ അതിൽ നിമിഷ കവിത ഉണ്ടാക്കാനുള്ള പ്രാവീണ്യം എനിക്കും എൻറെ അനിയത്തിക്കും ഉണ്ടായിരുന്നു. ഞാനും അനിയത്തിയും തമ്മിലുള്ള വയസ്സ് 6 ആണ് എന്നതിനാൽ എന്റെ നിമിഷകവിത മുതിർന്ന് പ്രായത്തിലെങ്കിൽ അമ്മു വളരെ ചെറിയ പ്രായത്തിൽ തന്നെ കവിത പാടിത്തുടങ്ങി. 
വി ഡി രാജപ്പന്റെ ഗുരുവായി കണ്ട് പാരഡി ഉണ്ടാക്കി നടന്ന എന്നെപ്പോലെ ആയിരുന്നില്ല എൻറെ സഹോദരി . രസകരമായ കുട്ടിക്കവിതകൾ അവൾ പാടി. വരുന്നവരും പോകുന്നവരും അവളുടെ പാട്ടുകളിൽ കൗതുകം പൂണ്ടു.  അമ്മ അവൾക്കു പാടിക്കൊടുക്കുന്ന അച്ഛനവൾക്കു പാടിക്കൊടുക്കുന്ന പാട്ടുകളായിരുന്നു അവളുടെ മാതൃക.
“ഗോപാലനാം മകൻ എൻ മകൻ പൊന്മകൻ”
എന്നൊക്കെ എൻറെ വീട്ടിലെ ശാരിക പൈതൽപെൺകുട്ടി കൊഞ്ചുന്നത് കേട്ട് അച്ഛനും അമ്മയും ഹൃദയം കുളിർന്നു നിന്നു. ജാന്വെല്ലിമ്മ "കേൾക്കെടീ" എന്ന ഭാവത്തിൽ എന്നെ നോക്കി.
ശ്രീകൃഷ്ണനെ കുറിച്ച് അവൾ പാടി കൊടുത്ത കവിതകള് അയൽപക്കത്തുണ്ടായിരുന്ന അച്ഛന്റെ സ്കൂളിലെ മാഷ് നാരായണ മാമൻ എഴുതി എടുത്തു.
“ഈ കുട്ടി വലിയ എഴുത്തുകാരിയാകും” എന്നനുഗ്രഹിച്ചു.
ജനഗണമനയ്ക്ക് പാരഡി പാടിയതിന്റെ പേരിൽ അതിനുമുമ്പത്തെയാഴ്ച നാരായണമാമൻ അച്ഛനൊപ്പം നിന്ന് എന്നെ വിളിച്ച ചീത്തക്ക് കണക്കുണ്ടായിരുന്നില്ല.
“എൻറെ വകയിലെ ഒരു അമ്മാവൻ; ഉമയനല്ലൂർ ബാലകൃഷ്ണപിള്ള, വലിയ എഴുത്തുകാരനാണ് അദ്ദേഹത്തിന് അക്കാദമി അവാർഡൊക്കെ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഹൃദയത്തിലൂടെ എന്ന പുസ്തകം പത്താം ക്ലാസിൽ നോൺ ഡീറ്റെയിൽ ആയി പഠിക്കാൻ ഉണ്ടായിരുന്നു."
അച്ഛൻ അമ്മുവിൻറെ കവിത കണ്ടു ഊറ്റം കൊണ്ടു. ഞാൻ എഴുതിയപ്പോൾ പാരഡി ഉണ്ടാക്കിയപ്പോൾ പൊന്തി വരാത്ത ഈ അമ്മാവൻ എപ്പോൾ വന്നുവെന്നു ഞാൻ വാ പൊളിച്ചു നോക്കി.എനിക്ക് ശിവ മാമയുടെ പാരമ്പര്യമാണ് ആരോപിക്കപ്പെട്ടിരുന്നത്. തന്റെ സഹോദരനെ പോലെ മകൾക്ക് നല്ല പിരാന്ത് ഉണ്ടെന്ന് അമ്മ വിശ്വസിച്ചു.
കുറ്റം പറയരുതല്ലോ അമ്മു പിന്നെ വല്ലാതെ എഴുതാൻ ഒന്നും നിന്നില്ല. ഒരു കാലഘട്ടത്തിൽ അവളുടെ എഴുത്ത് നിന്നുപോയി. ശാരികപ്പൈതൽ കൊഞ്ചൽ നിർത്തി.
എഴുതാൻ അറിയാത്തതുകൊണ്ടോ ഒന്നുമായിരുന്നില്ല അത്. എഴുതുവാനുള്ള ഒരു ഭ്രാന്ത് അവളെ ആവേശിച്ചിരുന്നില്ല. എഴുത്തിന്റെ ഉന്മാദം അവളെ ആവേശിച്ചിരുന്നില്ല. എഴുത്തിന്റെ അശാന്തി, വന്യത, ഏകാന്തത, വിഷാദം ഇതൊന്നും അവൾക്ക് ആവശ്യമേയുണ്ടായിരുന്നില്ല. അവളൊരു മെസോക്കിസ്റ്റായിരുന്നില്ല.
മുതിർന്നപ്പോൾ ചിലപ്പോഴൊക്കെ “എൻറെ ചേച്ചി എഴുത്തുകാരി ആകണമെന്നില്ല ശാന്തമായ സമാധാനമായി ഒരു കുടുംബ ജീവിതം ജീവിക്കണമെന്ന്” വരെ പറഞ്ഞ് എന്റെ എഴുത്തിനെ പോലും നെഗേറ്റ് ചെയ്തവളാണ്. 
എഴുത്തിനെ പ്രതി ആശങ്കയോ ജാഡയോ ആകുലതയോ ഒന്നും അവൾക്കുണ്ടായിരുന്നില്ല. എഴുതാതിരിയ്ക്കുന്നതിനെ പ്രതി അസ്വസ്ഥതയും. സർഗ്ഗക്രിയയെ പറ്റി സരസ്വതിയെ പറ്റി ഉൾവേവു ഒട്ടുമില്ല.
സത്യത്തിൽ എന്റെ ദേവത സരസ്വതിയും അവളുടെ ദേവത ലക്ഷ്മിയും ആയിരുന്നു. എങ്കിലും ഞങ്ങൾക്കിരുപേർക്കുള്ളിലും യന്ത്രലക്ഷ്മിയും യന്ത്രസരസ്വതിയുമുണ്ടായിരുന്നു.
കാലങ്ങൾ കടന്നുപോയി ഞാൻ പതുക്കെ ലക്ഷ്മിയെയും അവൾ പതുക്കെ സരസ്വതിയെയും ആരാധിക്കുവാൻ തുടങ്ങി. അമ്മു എഴുത്തിനെ കുറിച്ചും ഞാൻ പണം ഉണ്ടാക്കുന്നതിനെ കുറിച്ചും ചിന്തിച്ചു.
“ഇത്രയും സമയം എഴുതാൻ ഇരുന്നാൽ ഓഫീസ് ജോലിയാണ് ചെയ്യുന്നതെങ്കിൽ 10 15 ലക്ഷം രൂപയെങ്കിലും ജനറേറ്റ് ചെയ്തു വരും” എന്ന് അവൾ പറഞ്ഞിടത്തുനിന്ന് എഴുതുവാൻ വേണ്ടി സമയം മാറ്റിവയ്ക്കാൻ അവൾ തയ്യാറായി.
ഞാൻ ആകട്ടെ പ്രതിഫലമില്ലാതെ എഴുതിയതിന് പകരമായി പ്രതിഫലം കിട്ടുന്ന തരം എഴുത്തുകൾക്ക് വേണ്ടി സമയം മാറ്റിവെച്ചു.

യാത്രകൾ പകുത്ത സാഹോദര്യം
◾◾◾◾◾◾◾◾◾◾◾◾◾
യാത്രകളിലേക്ക് വരുമ്പോൾ ഞങ്ങൾക്കിരുപേർക്കും യാത്രകൾ അത്രമേൽ പ്രിയങ്കരമാണ്. അച്ഛനിൽ നിന്നും പകർന്നു കിട്ടിയ യാത്രാഭ്രാന്ത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ അവധിക്കാലങ്ങളിലും ആദ്യത്തെ തീവണ്ടിയിൽ ആലുവ വഴി കൊല്ലത്തേയ്ക്കുള്ള പ്രതിവർഷ യാത്രകൾ. അതിനു ശേഷം മൈസൂർ, ചെന്നൈ പിന്നെ അമ്മു ഒമാനിൽ താമസമാക്കിയ ശേഷം മസ്ക്കറ്റ്. പിന്നെ തമിഴ്നാട്. ഞങ്ങൾ ഇരുവരും നിലപതമില്ലാതെ യാത്ര ചെയ്തു. അച്ഛനും അമ്മയും ഉള്ളവയും ഇല്ലാത്തവയും ഉണ്ടായിരുന്നു.
പിന്നെ ലോകം ചുറ്റി സഞ്ചാരം.  ഞാനും അവളും തമ്മിലുള്ള  ഏറ്റവും വലിയ വ്യത്യസ്തമായ സംഗതി  ഒരിക്കലും മാസങ്ങളോളം പോയി നിന്ന വിദേശയാത്രയിൽ പോലും സുദീർഘമായ യാത്രാവിവരണങ്ങൾ എഴുതുവാൻ ഞാൻ ശ്രമിച്ചിട്ടേയില്ലയെന്നതാണ്. ഒന്നോ രണ്ടോ ചെറിയ ലേഖനങ്ങളിൽ ഒതുക്കി ഞാനെൻറെ എല്ലാ യാത്രാവിവരണങ്ങളും.
കോവിഡ് വന്ന പ്രാന്തിലോ മറ്റോ ആണ് അമ്മുവിന്റെയും അനീഷിന്റെയും യാത്രാ ഞരമ്പ് പൊട്ടിയത്. വിളറി പിടിച്ചത് പോലെ അവർ യാത്ര പോകുവാൻ തുടങ്ങി. വിദേശത്ത് തന്നെ ജീവിക്കുന്നത് കൊണ്ട് അതിൻറെ അരികിലും ഓരത്തുമുള്ള സാധാരണ പൊട്ടും പൊടിയും  രാജ്യങ്ങളിലെല്ലാം അവർ ഇടയ്ക്കിടെ പോയി വന്നു. ജോർജിയ, നൈജീരിയ, ഈജിപ്ത് അസർബൈജാൻ, ദുബായ്, എമിറേറ്റ്സ്, ടർക്കി ഇടയ്ക്ക് ഒരു ഹരത്തിന് ഇന്ത്യ പിന്നെ അർമേനിയ തുടങ്ങി പല സ്ഥലങ്ങളിൽ അവർ യാത്ര പോയി.

“ഈ വർഷം ഞങ്ങൾ ഒറ്റ പൈസ സമ്പാദിയ്ക്കില്ല” എന്നവർ പ്രതിജ്ഞ ചെയ്തു. 
“മുഴുവനും യാത്രകൾക്കായി മാത്രം“
അമ്മുവുമനീഷും മാത്രമല്ല പുത്രന്മാരായ കിച്ചനും കുഞ്ചുവും അനീഷിന്റെ അമ്മ കാവേരി ആന്റിയും ചേർന്ന് ഒരു സംഘമായിരുന്നു യാത്ര പോയിരുന്നത്. എന്നാൽ ഈജിപ്ഷ്യൻ യാത്രയ്ക്ക് പോകുന്നതിനു മുമ്പ് അമ്മു വെറുതെ തമാശയ്ക്ക് കിച്ചനോടും കുഞ്ഞുവിനോടും ചോദിച്ചു 
“നിങ്ങൾ ഇവിടെ ഇരിക്കുന്നൊ?  എങ്കിൽ യാത്രയ്ക്ക് ചെലവാകുന്ന 100 റിയാൽ നിങ്ങൾക്ക് ഞാൻ വീതിച്ചു തരാം.”
കുറ്റം പറയരുതല്ലോ കണക്ക് കൂട്ടലിൽ വിദഗ്ധന്മാരായ കൊച്ചു കിച്ചനും കുഞ്ചവും ആ ഓഫർ ശിരസാ സ്വീകരിച്ചു. അവർക്ക് ഇരുപതിനായിരം രൂപ കിട്ടിയാൽ നല്ല പാർട്ടി നടത്താമെന്ന് പദ്ധതിയുണ്ടായിരുന്നു. കുട്ടി കൂട്ടുകാരെ വിളിച്ച് അവർ അത് ചെയ്യുകയും ചെയ്തു. എന്തായാലും ഈജിപ്ഷ്യൻ യാത്രയ്ക്ക് മക്കളും കുടുംബവും ഒന്നും ഇല്ലാതെ വളരെ ആശ്വാസത്തോടും ആയാസരാഹിത്യത്തോടും കൂടിയാണ് അമ്മു പോയത്.
അതുകൊണ്ടായിരിക്കണം ഈജിപതിലേയ്ക്കുള്ള ഒരു യാത്രയ്ക്ക് മാത്രം ഒരു പുസ്തകം ജനിച്ച് വീണത്.
അസർബൈജാനിലെ കൊടും തണുപ്പിൽ അമ്മുവിൻറെ ദേഹത്തേക്ക് തന്നെ മുന്നോട്ടാഞ്ഞു മാറുക പോലും ചെയ്യാതെ ഛർദിക്കുന്ന കുഞ്ചുവിന്റെയും അവരെ തട്ടിക്കൊണ്ടുപോയ കൊള്ളക്കാരുടെയും ഒക്കെ കഥകൾ ഉണ്ടെങ്കിലും അതൊന്നും എഴുതാൻ അമ്മുവിന് സമയം കിട്ടിയിട്ടില്ല.
 പിന്നെ അമ്മുവിന്റെ സുഹൃത്ത് ശ്രീദേവി, അത് വരെ മാറ്റി നിർത്തിയിട്ടില്ലാത്ത പെൺമക്കളെ ഭർത്താവിനെയേല്പിച്ചു, വ്യവസ്ഥാപിത കുടുംബ ചട്ടങ്ങളിൽ നിന്നും പുറത്ത് കടന്ന് സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആനന്ദത്തിന്റെയും വിപ്ലവക്കൊടിനാട്ടി നീണ്ട യാത്രക്ക് ടർക്കിയിലേക്ക് പോയി. ജീവിതവും കാഴ്ചപ്പാടും മാറ്റിമറിക്കുന്ന പുതുയാത്രകൾക്ക് അവർ കൂട്ടുകാർ പലരും തുടക്കമിട്ടു.

അമ്മു കണ്ട ഈജിപ്ത്
◾◾◾◾◾◾◾◾◾
അമ്മു കണ്ട ഈജിപ്ത് എന്നാണിതിന് ശരിയ്ക്കുമിടേണ്ട പേര്. സാധാരണ യാത്രാവിവരണങ്ങളിൽ നിന്നും വിഭിന്നമായി ഒരു യാത്രക്കാരിയുടെ കണ്ണുകളിലൂടെയാണ് ഈജിപ്ത് യാത്ര അമ്മു കാണുന്നത്. സ്ഥലങ്ങളെക്കുറിച്ച് എല്ലാമുള്ള കൂടുതൽ  വിവരണങ്ങൾ കരുതി തന്നെ  അവൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സ്ഥലങ്ങളെ കുറിച്ചുള്ള വ്യത്യസ്തമായ അനുഭവങ്ങൾ, കണ്ടുമുട്ടിയ ആളുകൾ, കേട്ടറിഞ്ഞ കാര്യങ്ങൾ സംസ്കാരം, ഭക്ഷണം അങ്ങനെ പലതും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇൻഫൊർമേറ്റീവ് ഇൻന്റെലക്ച്വലുമായ ഒരു യാത്രാവിവരണം തേടി നിങ്ങൾ ഇത് വായിക്കേണ്ടതില്ല. ഇത് കൂടുതൽ ഇമോഷണൽ ആയിട്ടുള്ള തരം പുസ്തകമാണിത്. ഒരു യാത്രയും അതിൻറെ ആനന്ദങ്ങളുമാണ് ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നത്. ഇൻറർനെറ്റ് നോക്കിയാൽ വിക്കിപീഡിയ വായിച്ചാൽ നമുക്ക് കിട്ടാവുന്ന അനേകം അറിവുകളുണ്ട്. അത്തരമറിവുകളെ ആസ്പദമാക്കിയ അസംഖ്യം പുസ്തകങ്ങളുമുണ്ട്. അത്തരം അറിവുകളെ ഒഴിവാക്കി കൊണ്ടാണ് അമ്മു ഈ പുസ്തകം എഴുതിയത്. ഒരു വ്യക്തി അനുഭവിക്കുന്ന ഈജിപ്ത്. ഒരു വ്യക്തിയെ ആഹ്ലാദിപ്പിക്കുന്ന മമ്മികളും ഹൈറോഗ്ലിഫിക് ലിപികളും പിരമിഡുകളും ചേർന്ന് ഒരാളുടെ കാഴ്ചയെ സുരഭിലമാക്കുന്ന വ്യത്യസ്തമായ യാത്രാനുഭൂതി. ആ അനുഭൂതിയുടെ പകർത്തെഴുത്തുകൾ ആണ് ഹൈറോഗ്ലിഫിക്സ് എന്ന പേരിൽ ഒരു പുസ്തകമായി നമ്മളെ തേടി വരുന്നത്.
ഈജിപ്തിന്റെ ചരിത്രവും സംസ്കാരവും നാഗരികതയും എല്ലാം ഹൈറോഗ്ലീഫിക്സ് ലിപി വായിക്കാൻ പഠിച്ചതോടെയാണ് ഒരു താക്കോലിട്ട് തുറന്നത് പോലെ പുറത്തേക്ക് വെളിവായി വന്നത്. ഭാഷാശാസ്ത്രജ്ഞന്മാരെ അമ്പരപ്പിയ്ക്കുന്ന രീതിയിൽ പ്രാചീന ഈജീപ്തിന്റെ ലിഖിതരൂപം വെളിപ്പെട്ടു. പെറ്റ്രോഗ്ലിഫിക്ക് പോലെയോ ലിപി പോലെയോ അവയുടെ മിശ്രമായോ പ്രാചീന ഈജിപ്തിന്റെ നിഗൂഡതകൾ മനുഷർ വായിച്ചെടുത്തു. ഈജിപ്തുകാരുടെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് അതിരഹസ്യവും നിഗൂഢതയും. മമ്മികളിൽ അടയ്ക്കപ്പെട്ട ഉടലും അദൃശ്യാത്മാക്കളും നിധിയും അത്ഭുതവുമെല്ലാം തുറക്കാൻ കഴിഞ്ഞില്ലയെങ്കിൽ ഈജിപ്തിന്റെ അമ്പരപ്പിക്കുന്ന ചരിത്രവും പാരമ്പര്യവും ആ മരുഭൂമിയിൽ തന്നെ  മണലായൂർന്നു പോയേനെ.
നീല എന്നതിൽ നിന്നും ഉണ്ടായിവന്ന നൈൽ നദിയും അതിൻറെ ഹൃദയത്തിലൂടെയുള്ള യാത്രയും ഇരുൾവീണ മ്യൂസിയങ്ങളെ പറ്റിയും മമ്മി അനുഭവങ്ങളുടെയും കഥയും എല്ലാം വ്യത്യസ്തമായ രീതിയിൽ തന്നെ അമ്മു വരച്ചിട്ടിരിക്കുന്നു. ഹൈറോഗ്ലിഫുകൾ ലോഗോഗ്രാഫിക്കുകളും, സിലബിക്കുകളും വ്യതിരിക്തമായ അക്ഷരമാല ഘടകങ്ങളും ചേരുന്ന ഏതാണ്ട് ആയിരം വ്യത്യസ്ത പ്രതീകങ്ങളിലൂടെയാണ് ഈ ഹൈറോഗ്ലിഫിക്ക് വികസിയ്ക്കുന്നത്. ഈ പുസ്തകവും അതുപോലെ തന്നെ. ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക് ലിപി ആധുനിക ഉപയോഗത്തിലുള്ള ഭൂരിഭാഗം ലിപികൾക്കും പൂർവ്വികനാണെത്രെ. ലാറ്റിൻ, സിറിലിക് ലിപികൾക്കും, അറബിക് ലിപികൾക്കും, ഒരുപക്ഷേ ബ്രാഹ്മിക് ലിപികളുടെ കുടുംബത്തിനുമൊക്കെ പൂർവ്വികമായതു പോലെ അമ്മുവിന്റെ ഗൗരവമാർന്ന എഴുത്തു ജീവിതത്തിലെ സുപ്രധാന ലിഖിതമായി ഇത് രേഖപ്പെടുത്തപ്പെടും. നിഗൂഡ ലിപികൾ മണലാരണ്യത്തിലെഴുതിയാൽ ഒരു കാറ്റുമതിയത് മായ്ക്കാൻ. എന്നാൽ വലിയ മരത്തിലും മരപ്പെട്ടിയിൽ സൂക്ഷിച്ച പാപ്പിറസ്സ് ചുരുളിലും ഹൈറോഗ്ലിഫിക്ക് മനുഷ്യരുടെ ആദിഭയത്തെ പ്രതീക്ഷയെ രോഷത്തെ പ്രത്യാശയെ വേദനകളെ രേഖപ്പെടുത്തിയിരിയ്ക്കുന്നു. അമ്മുവും അവയെ പുസ്തകത്തിലാക്കി അനശ്വരമാക്കുന്നു. 
യാത്രയെ ഭയങ്കരമായി സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ പുസ്തകം, യാത്രയെ ഭയങ്കരമായ സ്നേഹിക്കുന്ന മറ്റൊരു വ്യക്തി ആർത്തിയോടെ വായിച്ചുതീർത്തതിൽ നിന്നാണ് ഈ അവതാരിക ഉണ്ടാകുന്നത്. അവൾ എൻറെ അനിയത്തിയാണ് എന്നതിനാൽ ഞാൻ ഒരിക്കലും എനിക്കിഷ്ടമല്ലാത്ത ഒരു പുസ്തകം വായിക്കുകയില്ല. ഈ പുസ്തകം എന്നിലെ യാത്രക്കാരിയെ ആഹ്ലാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യാത്രക്കാരി എഴുത്തുകാരി എന്ന നിലയിൽ എന്നെ അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഞാനും എൻറെ അനുജത്തിയും എഴുതുന്നതിൽ ഒരൊറ്റ വ്യത്യാസമേ ഉള്ളൂ ഞാൻ ഉന്മാദത്തിൽ നിന്ന് എഴുതുന്നു. അവൾ നല്ല തലവെളിവോടുകൂടി എഴുതുന്നു.
ശുഭം .
ഇന്ദു മേനോൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക