40 വർഷത്തിലേറെ ചാലിയാർ നദിയിൽ കടത്തുകാരനായി ജോലി ചെയ്യുകയും 2009 ൽ മൂർക്കനാ മൂർക്കനാട് സ്കൂൾ കടവിൽ തോണിയപകടം നടന്ന് 8 സ്കൂൾ വിദ്യാർത്ഥികൾ മരണപ്പെടുകയും അതേ തുടർന്ന് ആ ജോലി നിർത്തുകയും ചെയ്ത ഉസ്മാൻകുട്ടിക്ക അന്നത്തെ അപകട കാരണങ്ങളെ കുറച്ചും കടത്തു ജോലിയിലെ അനുഭവങ്ങളെ കുറിച്ചും ഇതാദ്യമായി ഇ-മലയാളിയോട് മനസ്സ് തുറക്കുന്നു
മലയാള സാഹിത്യത്തിലെ സർഗ്ഗ രചനകൾക്ക് ഗൃഹാതുര ഭംഗിയും സൗന്ദര്യവും നൽകാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു ചേരുവ മാത്രമാണ് പലർക്കും കടവും കടത്തുകാരനുമൊക്കെ, എന്നാൽ കടത്ത് ജോലി ചെയ്ത് കാലത്തിൻറെ പുരോഗതിയുടെ കുത്തൊഴുക്കിൽ അതിജീവനം സാധ്യമാകാതെ കരയിലേക്ക് നടന്ന് കയറിയ എത്രയോ പച്ച മനുഷ്യർ ഇന്നും നീറുന്ന നോവിൻ ഭാണ്ഡം പേറി ജീവിതം തള്ളിനീക്കുന്നുണ്ട്. നാൽപ്പത് വർഷത്തിലേറെ ചാലിയാർ നദിയുടെ വിവിധ കടവുകളിൽ തോണി കുത്തിയ കടത്തുകാരൻ ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശി ഒടുങ്ങാടൻ ഉസ്മാൻ തൻറെ എഴുപതാം വയസ്സിലും ജീവിതം കരക്കടുപ്പിക്കാനായി മാസങ്ങൾ മുമ്പ് വരെ കരയിൽ തൊഴിലെടുത്തിരുന്നു!
ഉസ്മാൻകുട്ടി
പിതാവ് ഒടുങ്ങാടൻ മുഹമ്മദിൻറെ വഴിയിൽ തൊഴിൽ തേടി കടവിറങ്ങിയതാണ് ഉസ്മാൻ, അടുപ്പക്കാർ സ്നേഹപൂർവ്വം ഉസ്മാൻട്ട്യാക്ക എന്ന് വിളിക്കുന്നു. പുഴയും തോണിയും കടവും കടത്തും തെരപ്പൻ കെട്ടും പുഴ നാട്ടറിവുകളുടേയും വലിയ ഒരു സഞ്ചരിക്കുന്ന ഗ്രന്ഥം തന്നെയാണ് ഉസ്മാൻട്ട്യാക്ക! ചാലിയാർ നദിയുമായും, പുഴത്തൊഴിലുമായും ബന്ധപ്പെട്ട എഴുതിവെക്കപ്പെടാത്ത അനേകം വിജ്ഞാനങ്ങൾ സൂക്ഷിക്കുന്ന നല്ലൊരു ഗൈഡ് തന്നെയാണ് അദ്ധേഹം. പുഴയുമായി ബന്ധപ്പെട്ട് എത്ര നേരം സംസാരിച്ചിരിക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ജീവിതത്തിൽ കാര്യമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല എങ്കിലും അദ്ദേഹം സംതൃപ്തനാണ്. ഒരാളെ കടവ് കടത്തുമ്പോൾ അയാൾ തരുന്ന ചില്ലറക്കാശിന് പുറമെ പടച്ചോൻ നമുക്ക് കൂലി തരും, ഒരു മനുഷ്യൻറെ പ്രയാസത്തെയാണ് നമ്മൾ ദൂരീകരിച്ച് കൊടുക്കുന്നത്. മനുഷ്യൻ മനുഷ്യനെ സഹായിക്കുന്നത് വലിയ ദൈവിക ആരാധനയാണ്. ആ തലത്തിൽ ഞാൻ ചെയ്ത കടത്ത് ജോലി ഒരു ഇബാദത്താണ്, പുറമെ എത്രയോ കുട്ടികളെ അറിവ് പഠിക്കാൻ സ്കൂളിലേക്കെത്തിക്കാനും ഒരുപാട് മനുഷ്യരെ തൊഴിലിടങ്ങളിലേക്കെത്തിക്കാനുമൊക്കെ തൻറെ കടത്ത് ജോലി നിദാനമായിട്ടുണ്ടെന്ന് ഓർക്കുമ്പോഴുള്ള സംതൃപ്തി മാത്രമാണ് സമ്പാദ്യമെന്ന് ഉസ്മാൻട്ട്യാക്ക പറയുന്നു.
കടത്ത്
ഗതാഗതം ഇന്നത്തെ പോലെ വികസിക്കുന്നതിന് മുമ്പ് പ്രധാന ഗതാഗത മാർഗം ജലപാതകളായിരുന്നു. ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തിലേക്ക് പോകാനും ചരക്ക് ഗതാഗതത്തിനുമൊക്കെ പുഴയായിരുന്നു ആശ്രയം. അങ്ങനെയുള്ള കാലത്ത് തൻറെ പതിനെട്ടാം വയസ്സിലാണ് മുഴു സമയ കടത്തുകാരനായി ഉസ്മാൻ കടവിലെത്തുന്നത്. അതെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് ഇങ്ങനെയാണ് - 'ഞാൻ പഠിക്കാൻ കുറച്ച് പിന്നോക്കമായിരുന്നു, കളിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. നാലാം ക്ലാസ് വരെയാണ് സ്കൂളിൽ പഠിച്ചത്, അന്ന് സ്ഥിരമായി കടവ് തോണിക്കാരനെ കടത്തിന് സഹായിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു, നീ കടവിൽ കടത്തുകാരനായി നിൽക്കുന്നോ എന്ന്? തോണി കടത്തിൽ ഞാൻ കരസ്ഥമാക്കിയ നൈപുണ്യത്തിൽ മതിപ്പ് തോന്നിയത് കൊണ്ടാണ് ആ പഴയ കടത്തുകാരൻ കടവ് എന്നെ ഏൽപ്പിക്കാൻ ധൈര്യം കാണിച്ചത്’. അന്ന് മുതലാണ് ഉസ്മാന് കടത്തുകാരൻ എന്ന മോഹം ഉള്ളിൽ കയറിയത്. അതിനും മുമ്പ് തന്നെ കടവിലെത്തുന്ന ചരക്ക് തോണികളിൽ നിന്നും വലിയ ഭാരമില്ലാത്ത വസ്തുക്കളായ ഉണക്ക മുളക് ചാക്ക്, എണ്ണത്തപ്പ്, മണ്ണെണ്ണ തുടങ്ങിയവ കരക്കെത്തിക്കുന്ന തൊഴിലും ചെയ്തിട്ടുണ്ട്. നാട്ടിൽ തൊഴിലൊക്കെ വളരെ കുറഞ്ഞ കാലത്താണ് കടവിലെത്തുന്നത്. നാളെ എന്താണ് പണിയുള്ളത് എന്നന്വേഷിച്ച് പ്രയാസപ്പെടേണ്ട എന്ന് വിചാരിച്ചാണ് കൂലി വളരെ കുറവായിട്ടും കടത്ത് ജോലിയിൽ തുടർന്നത്. മുമ്പ് ശക്തമായ ഒരു വർഷക്കാലത്ത് പെരുമഴ നീണ്ടു നിന്നപ്പോൾ മൈത്ര റേഷൻ ഷോപ്പിലേക്ക് പുതിയ ബേരൽ മണ്ണെണ്ണ എത്തിക്കാനാവാതെ സ്റ്റോക്ക് മുഴുവൻ തീർന്നുപോയി. കാർഡിന് വെച്ച് ആളുകൾക്ക് കൊടുക്കാൻ മണ്ണെണ്ണ ഇല്ലാതെ നാട് പ്രതിസന്ധിയിലായി ഇരുട്ടിലേക്ക് നീങ്ങുന്ന അവസ്ഥയെത്തി, ഇത് തരണം ചെയ്യാനായി ഉസ്മാൻട്ട്യാക്ക അക്കരെ അരീക്കോട് നിന്നും മൈത്രയിലേക്ക് എട്ട് വലിയ ബേരൽ മണ്ണെണ്ണ കുത്തിയൊലിച്ച് നിറഞ്ഞൊഴുകുന്ന ചാലിയാറിലൂടെ തനിച്ച് ഒറ്റത്തവണയായി തോണിക്ക് നിഷ്പ്രയാസം ഇക്കരെയെത്തിച്ചത് നാട്ടിൽ വലിയ അത്ഭുതമായിരുന്നു. മുമ്പ് ഗതാഗത സൗകര്യം കുറഞ്ഞ കാലത്ത് എത്രയോ ഗർഭിണികളെ ആശുപത്രികളിലെത്തിക്കാൻ വേണ്ടി പാതിരാ നേരത്തും തോണി കുത്തിയ അനുഭവ സുകൃതമുണ്ട് അദ്ദേഹത്തിന്. മുക്കം കടവ്, മൈത്രക്കടവ്, മൂർക്കനാട് കടവ് എന്നിവിടങ്ങളിലൊക്കെ അദ്ദേഹം കടത്തുകാരനായി ജോലി ചെയ്തു. മൈത്രക്കടവിലാണ് ഏറ്റവും ആദ്യം കടത്തുകാരനായി എത്തുന്നത്. ഒരുപാട് വർഷം അവിടെ കടത്ത് ജോലി ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് തെരപ്പൻ കുത്ത് ജോലിയും ചെയ്തുവെന്ന് അദ്ധേഹം ഓർക്കുന്നു. ഒരുവർഷത്തിൽ താഴെയാണെങ്കിലും മക്കത്ത് പ്രവാസിയായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്, ഒരു ഹജ്ജ് കാലത്ത് മിനായിലും അറഫയിലും മുസ്തലിഫയിലും ഹാജിമാർക്ക് തംബൊരുക്കാൻ സാധന സാമഗ്രികൾ എത്തിച്ച് കൊടുക്കുന്ന ജോലിയായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി അന്ന് ഹജ്ജ് ചെയ്യാൻ കഴിഞ്ഞ സന്തോഷം അദ്ദേഹം മറച്ച് വെക്കുന്നില്ല.
അവസാനം കടത്തുകാരനായി ജോലി ചെയ്തത് മൂർക്കനാട് സ്കൂൾ കടവിലാണ്. പഞ്ചായത്തുകൾ അവരുടെ കീഴിലുള്ള കടവുൾ ലേലം ചെയ്യും, കടവ് വിളിച്ചെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് അവിടെ കടത്ത് ജോലി ചെയ്യാം, പലപ്പോഴും വലിയ തുകയ്ക്കാണ് കടവുകളൊക്കെ ലേലം പോകുന്നത്. ഏതാണ്ട് പന്ത്രണ്ട് വർഷം മുമ്പാണ് കടത്ത് ജോലി നിർത്തുന്നത്, ആ സമയത്ത് ഇരുപത്തിരണ്ടായിരം രൂപയ്ക്കാണ് ഒരു വർഷത്തേക്ക് കടവ് ലേലത്തിന് പോയത്. അന്ന് കടവ് കടക്കാൻ രണ്ട് രൂപയാണ് ഒരാൾക്ക് കൂലി. അങ്ങോട്ട് പോയവരെ തിരിച്ച് ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ കാശ് വാങ്ങാൻ പാടില്ല എന്നതാണ് കടവിലെ നൈതികത. അന്ന് നാട്ടിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലി അറുനൂറ് രൂപയാണ്, എന്നാൽ ഇവിടെ കടവ് കുത്താൻ നിൽക്കുന്നവർക്ക് ഒരു ദിവസം കിട്ടുന്ന ആകെ പണം മുന്നൂറോ മുന്നൂറ്റമ്പതോ ഒക്കെയാണ്. മൂർക്കനാട് സ്കൂൾ കടവിലായ സമയത്ത് സ്കൂൾ യുവജനോത്സവ സമയത്തൊക്കെ നാന്നൂറ് രൂപ വരെ ഒത്ത ദിവസങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ലേലത്തിന് വിളിച്ചെടുത്ത തുക അടക്കുന്നതിലേക്ക് കൂടി പൈസ മാറ്റിവെച്ചാൽ പിന്നെ കഷ്ടിച്ച് അതാത് ദിവസത്തെ ചിലവ് കഴിഞ്ഞ് പോകാനുള്ള കാശെ കയ്യിലുണ്ടാകൂ!
തെരപ്പൻ കെട്ടും കടവും
പഴയകാലത്തെ പുഴത്തൊഴിലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തെരപ്പൻ കെട്ടെന്ന് ഉസ്മാൻ പറയുന്നു, ഉരുപ്പടികളും തോണിയും ഫർണിച്ചറുകളും മറ്റും നിർമിക്കാനാവശ്യമായ മരങ്ങൾ പുഴയിലൂടെ കല്ലായി പോലുള്ള നിർമ്മാണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത് പുഴ മാർഗ്ഗമായിരുന്നു. നിലമ്പൂർ പ്രദേശങ്ങളിൽ നിന്നും മറ്റും ചാലിയാർ വഴി ധാരാളം മരങ്ങൾ ഇങ്ങനെ തെരപ്പൻ കെട്ട് വഴി പണിശാലകളിലേക്ക് എത്തിക്കുമായിരുന്നു. പുഴയെ ശരിയായി അറിയുന്നവർക്ക് മാത്രമേ തെരപ്പൻ കുത്തിലൂടെ മരങ്ങൾ കടത്താനാകൂ. ചാലിയാറിൽ മുമ്പ് ധാരാളം തെരപ്പൻ കെട്ട് കടവുകളുണ്ടായിരുന്നു. നിലമ്പൂരിനും മമ്പാടിനും ഇടക്കുള്ള ടാണ കടവായിരുന്നു പ്രധാന തെരപ്പൻ കെട്ട് കേന്ദ്രം. ചെറിയ തെരപ്പനുകൾ കുത്തിക്കൊണ്ട് വന്ന് അവയൊക്കെ കൂട്ടി കെട്ടി വലിയ തെരപ്പനുകളാക്കി മാറ്റിയിരുന്നത് ടാണ കടവിൽ വെച്ചായിരുന്നു എന്ന് ഉസ്‌മാൻക്ക ഓർത്തെടുക്കുന്നു. ടാണ കടവിന് കീഴ്‌പ്പോട്ട് പല കടവുകളിലും അദ്ദേഹം തെരപ്പൻ കെട്ടിയിട്ടുണ്ട്.
പരിസരപ്രദേശങ്ങളിലെ പ്രധാന കടവ് കടത്ത് കേന്ദ്രങ്ങൾ എടശ്ശേരിക്കടവ്, പെരുങ്കടവ്, അരീക്കോട് പാലത്തിന് മേലെയുള്ള മുക്കം കടവ്, മൂർക്കനാട് കടവ്, മൈത്രക്കടവ്, വാക്കാലൂർ കടവ്, വടശ്ശേരി കടവ്, പാവണ്ണക്കടവ്, ഒതായി കടവ്, എടവണ്ണ കടവ്, കുണ്ട്തോട് കടവ്, പൊങ്ങല് കടവ്, മമ്പാട് കടവ്, ടാണ കടവ് എന്നിവയായിരുന്നെന്ന് ഉസ്മാൻട്ട്യാക്ക പറയുന്നു.
അന്നത്തെ ചാലിയാർ
വില്ല്യം ലോഗൻ മലാബാർ മാന്വലിൽ ചാലിയാറിനെ കുറിച്ച് പറയുന്നത് ‘പശ്ചിമ ഘട്ട നിരകളുടെ മലമടക്കുകളിൽ നിന്ന് തീര പ്രദേശത്തേക്ക് കാര്യമായ തോതിൽ വെള്ളം എത്തിക്കുന്ന മലബാറിലെ ഒരേ ഒരു പുഴ’ എന്നാണ്. മുമ്പ് ചാലിയാറിൽ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു, ആറ് പുഴകൾ ചേർന്നാണ് ചാലിയാറായി ഒഴുകുന്നതെന്ന് ഉസ്മാൻട്ട്യാക്ക പറയുന്നു. കാഞ്ഞിരപുഴ, കുറുവമ്പുഴ, മാടപ്പുഴ, കരിമ്പുഴ, പുന്നപ്പുഴ, ചാലിയാർപ്പുഴ എന്നിവയാണവ. ഇവയിൽ ഏറ്റവും തെളിഞ്ഞ ശുദ്ധമായ വെള്ളം വഹിച്ച് കൊണ്ട് വരുന്നത് കരിമ്പുഴ ആയിരുന്നെന്നും അദ്ദേഹം ഓർക്കുന്നു. ആ പുഴ ഒഴുകുന്ന വഴികളിൽ ധാരാളം കറുത്ത മണ്ണിൻറെ സാന്നിധ്യമുണ്ട്, അത് കൊണ്ടായിരിക്കാം ആ വെള്ളത്തിന് അത്ര വൃത്തി എന്നും അദ്ദേഹം ഊഹിക്കുന്നു. പഴയ കാലത്ത് പുഴയുമായി ജനങ്ങൾക്ക് ആത്മബന്ധമുണ്ടായിരുന്നു. അന്നത്തെ ചാലിയാർ നദിക്ക് നല്ല ശുദ്ധിയായിരുന്നു, ആളുകൾ പുഴയിൽ നിന്ന് വെള്ളം കോരി കുടിക്കൽ ഒട്ടും അത്ഭുതമില്ലാത്ത പതിവ് കാഴ്ച്ചയായിരുന്നത്രെ. വീട്ടിലെ കുടിവെള്ളമായും ചാലിയാറിലെ ജലം ഉപയോഗിച്ചിന്നു എന്ന് ഉസ്മാൻട്ട്യാക്ക പറയുന്നു. ‘മുമ്പ് ആളുകളുടെ അരയിൽ ഒരു പിച്ചാത്തി ഉണ്ടാകുമായിരുന്നു, അത് തോണിയിലെ വെള്ളം കോരി ഒഴിവാക്കാൻ പാള കുത്താനും മീനിനെ വെട്ടിപ്പിടിക്കാനും മീൻ നന്നാക്കാനുമൊക്കെ ഉപയോഗിച്ചു. മണലെടുപ്പ് കൂടിയത് കാരണം പുഴ വെള്ളത്തിൻറെ ശുദ്ധിയും തെളിവും കുറഞ്ഞു, പുറമെ ധാരാളം മൽസ്യ സമ്പത്തും അന്യമായി! പൂശാൻ മൽസ്യം നാല് ഇനങ്ങളുണ്ട്, ഇതിൽ ഒഴുക്ക പൂശാൻ എന്ന മൽസ്യം ധാരാളമുണ്ടായിരുന്നു ചാലിയാറിൽ. ഇവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നത് വെള്ളത്തിലെ മണലിലായിരുന്നു. വേനലിൽ നന്നായി വെള്ളം കുറയുന്ന കാലത്തായിരുന്നു ഇവ വിരിഞ്ഞിറങ്ങാറ്. എന്നാൽ ഇന്ന് അങ്ങനെയുള്ള ഒരു മത്സ്യത്തെ തന്നെ ചാലിയാറിൽ കാണാനില്ല’ എന്നും അദ്ദേഹം വേദനയോടെ പറയുന്നു.
‘ഫാനും എ.സിയുമൊക്കെ വ്യാപകമാകുന്നതിന് മുമ്പ് പുഴയോര വാസികളായ വലിയ ധനാട്യൻമാർ വരെ കിടന്നുറങ്ങാൻ പുഴമാടുകളിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. മണൽ ചീകിയിട്ട് കിടക്കാൻ പാകത്തിലാക്കി ബെഡും തലയിണയുമൊക്കെ മണൽ കൊണ്ട് തന്നെ രൂപപ്പെടുത്തി പുഴയിലിറങ്ങി നല്ലൊരു കുളിയും കുളിച്ച് കിടന്നാൽ സുഖ നിദ്ര ലഭിക്കുകയും ക്ഷീണമൊക്കെ പൂർണമായും വിട്ടുമാറി നല്ല ഉന്മേഷവും ലഭിക്കുമായിരുന്നു’. കടത്തുകാരൻറെ ഷെഡിലും കടവിലെ പീടികയിലും കിടന്നുറങ്ങാൻ എല്ലാ കാലത്തും കുറേ ചെറുപ്പക്കാരുണ്ടായിരുന്നു എന്നതും ഉസ്മാൻട്ട്യാക്ക ഓർക്കുന്നു. ഇപ്പോൾ നമ്മുടെ പുഴയെ ആർക്കും വേണ്ടാതെയായി, എല്ലാവർക്കും മാലിന്യം തട്ടാനുള്ള ഒരു കുപ്പത്തൊട്ടിയായി മാറി ചാലിയാർ. ചാലിയാറിലെ വെള്ളം കുടി ആളുകൾ നിർത്തിവെച്ചതിനെ കുറിച്ച് ഉസ്മാൻട്ട്യാക്ക പറയുന്നത് ഇങ്ങനെയാണ് - 'അന്ന് ഒരാഴ്ച്ച ചാലിയാറിൻറെ ഒഴുക്ക് നിലച്ചു, അങ്ങനെയിരിക്കുന്ന സമയത്ത് മഞ്ചേരി ജില്ലാ ആശുപത്രിയിലെ ആളുകൾ ഹോസ്പിറ്റലിലെ വസ്ത്രങ്ങളും മറ്റും എടവണ്ണ പാറമ്മലിട്ട് അലക്കി പോയി. ഈ സംഗതി ജനങ്ങളുടെ ഇടയിൽ കാത് കാതോരം വാർത്തയായി, അങ്ങനെ ആളുകൾ പുഴ വെള്ളം കുടി നിർത്താൻ തുടങ്ങി. പിന്നീട് അങ്ങാടിയിൽ അറവ് കോഴി എത്തിയതിന് ശേഷം അതിൻറെ മാലിന്യങ്ങളും ബോധമില്ലാത്തവർ പുഴയിൽ തള്ളാൻ തുടങ്ങി. പിന്നെ മണലെടുപ്പ് അമിതമായത് കാരണം വെള്ളത്തിന് കലങ്ങിയ നിറം തന്നെ സദാ സമയവുമായി, മണലില്ലാത്തത് കാരണം വെള്ളത്തിന് ശുദ്ധിയാവാനും കഴിയാതെ വന്നു. അമിതമായി പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയിലെത്തി, പലപ്പോഴും കക്കൂസ് മാലിന്യങ്ങളും പുഴയിലെത്തുന്നു എന്ന വാർത്തയും വരാൻ തുടങ്ങിയപ്പോൾ ജനങ്ങൾ പൂർണ്ണമായും പുഴ വെള്ളത്തെ ഒഴിവാക്കി'. പുഴയിൽ മാലിന്യമെത്താതെ നോക്കാനുള്ള സംവിധാനമൊരുക്കാൻ സർക്കാറും സമൂഹവും തയ്യാറായാൽ ഒരു പരിധി വരെ നമ്മുടെ നദിയെ സംരക്ഷിക്കാനാവുമെന്നും ഉസ്മാൻട്ട്യാക്ക അഭിപ്രായപ്പെടുന്നു.
തോണി അപകടം
ചാലിയാറിൻറെ ഓരോ ശ്വാസോച്ഛാസവും അറിയുന്ന വ്യക്തിയാണ് ഉസ്മാൻട്ട്യാക്ക. തൻറെ നാൽപ്പത് വർഷക്കാലത്തെ കടത്ത് ജീവിതത്തിൽ ഒരൊറ്റ അപകടവും വരുത്താതെ കാറ്റിൽ നിന്നും കോളിൽ നിന്നും പേമാരിയിൽ നിന്നുമൊക്കെ ജനത്തെ കരക്കെത്തിച്ച ചാലിയാറിൻറെ കടത്ത്കാരണാണ് അദ്ദേഹം. എന്നാൽ തൻറെ കാരണം കൊണ്ട് അല്ല എങ്കിലും 2009 നവംബർ നാലിന് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ തോണി അപകട സമയത്ത് അമരം പിടിച്ചിരുന്നത് ഉസ്മാൻട്ട്യാക്കയായിരുന്നു. സ്കൂൾ വിടുന്ന സമയത്ത് സ്ഥിരം മൂർക്കനാട് നിന്നും അരീക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന ബസ്സ് അന്ന് വന്നിരുന്നില്ല. അത് കൊണ്ട് തന്നെ കടവിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. ‘കുറേ പേർ തോണിയിലേക്ക് തിരക്കി കയറിയെങ്കിലും അവരോടൊക്കെ ഇറങ്ങാൻ ആവർത്തിച്ച് പറഞ്ഞത് കാരണം ചിലരൊക്കെ ഇറങ്ങി, തോണിയിൽ കയറി ഒട്ടും പരിചയമില്ലാത്ത പത്തോളം പുതിയ കുട്ടികളെ ഞാൻ കണ്ടു. തുഴച്ചിലാരംഭിച്ചപ്പോൾ തോണി യാത്ര തീരെ പരിചയമില്ലാത്ത കുട്ടികൾ ഒച്ച വെക്കാനും എഴുന്നേൽക്കാനും തുടങ്ങി. എഴുന്നേറ്റവരെയൊക്കെ എഴുന്നേൽക്കരുത് എന്ന് പറഞ്ഞ് ഇരുത്താനും ഞാൻ പരിശ്രമിച്ചു. തോണി ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോഴും കുറെ കുട്ടികൾ എഴുന്നേറ്റു, അപ്പോൾ ആടിയും ഉലഞ്ഞും നിന്ന തോണിൽ വെള്ളം കയറാനും അപകടം സംഭവിക്കാനും തുടങ്ങി. ആ സമയത്താണെങ്കിൽ പുഴയിൽ മണൽ തൊഴിലാളികളും ഉണ്ടായിരുന്നില്ല’. ഇത് മരണ സംഖ്യ വർധിക്കാൻ കാരണമായി എന്നും അദ്ദേഹം പറയുന്നു. ‘അന്ന് സ്കൂളിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന പരിശീലന പദ്ധതി ഉണ്ടായിരുന്നു. കുറെ കുട്ടികൾ ഇതിൽ പരിശീലനത്തിന് പോകാറുണ്ടായിരുന്നു. അവരൊക്കെ നീന്തി രക്ഷപ്പെട്ടു. പരിശീലനത്തിന് പോയിരുന്ന കുട്ടികളിൽ പെട്ട കുറേ ആൺകുട്ടികളാണ് കൂടെയുണ്ടായിരുന്ന കുറേ പെൺകുട്ടികളെ രക്ഷപ്പെടുത്തിയതെന്നും ഉസ്മാൻട്ട്യാക്ക പറയുന്നു. ഏതാണ്ട് ഏഴ് പെൺകുട്ടികളെ ആൺകുട്ടികൾ തന്നെ രക്ഷിച്ച് കരക്കെത്തിച്ചിട്ടുണ്ട്’. ‘ആ മരിച്ച കുട്ടികളുടെ കൂട്ടത്തിൽ സിറാജ് എന്ന ഒരു പയ്യനുണ്ടായിരുന്നു, അവൻ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. അത് കൊണ്ട് തന്നെ അവൻ നന്നായി ക്ഷീണിച്ചിരുന്നു, കടവിലെ കുട്ടികളൊക്കെ പറഞ്ഞു ഒന്ന് റെസ്റ്റെടുത്തിട്ട് ഇനി വെള്ളത്തിലിറങ്ങിയാൽ മതി. ഇവരെ എടുത്ത സ്ഥലത്ത് ഇനി ഒരാൾ കൂടിയുണ്ട്, അയാളെ കൂടി രക്ഷിച്ചതിന് ശേഷം റെസ്റ്റെടുക്കാം എന്ന് മറുപടി പറഞ്ഞുകൊണ്ട് സിറാജ് വെള്ളത്തിലേക്ക് എടുത്തുചാടി. രക്ഷപ്പെടുത്താൻ അവൻ ശ്രമിച്ച കുട്ടിയേയുമായി പിന്നീട് സിറാജിന് പൊങ്ങാൻ കഴിഞ്ഞില്ല. അവൻ പടച്ചോൻറെ സന്നിധിയിലേക്ക് വിശ്രമ ജീവിതത്തിന് പോയി’ ഒരു നെടുവീർപ്പോടെ ഉസ്മാൻട്ട്യാക്ക പറഞ്ഞു നിർത്തി. ഇരു കരയിലേക്കും വലിച്ച് കെട്ടിയ കയറിൽ പിടിച്ച് യാത്ര ചെയ്യാവുന്ന തരത്തിലായിരുന്നു അന്ന് തോണി ഉണ്ടായിരുന്നത്. അപകടത്തിന് ഒട്ടും സാധ്യതയില്ലാത്ത സാഹചര്യമായിരുന്നു അത്. പക്ഷെ തോണി യാത്ര ഒട്ടും പരിചയമില്ലാത്ത കുട്ടികൾ തോണിയിൽ കയറിയതും എഴുന്നേറ്റ് നിന്നതും വലിയ അപകടം വിളിച്ച് വരുത്തി എന്ന് ഉസ്മാൻട്ട്യാക്ക ഗദ്ഗദത്തോടെ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും മറ്റു പല പ്രമുഖരും വീണ്ടും കടവിലേക്ക് ക്ഷണിച്ചെങ്കിലും കടവ് ജോലികൾ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ധേഹം. ‘എൻറെ കൺമുന്നിൽ നിന്നാണ് അന്ന് ആ കുട്ടികൾ മരിക്കുന്നത്. പിന്നെയും എങ്ങനെ എനിക്ക് ആ ജോലി ചെയ്യാനാകുമെന്ന്’ ഉസ്മാൻട്ട്യാക്ക ചോദിക്കുന്നു. ആ അപകടത്തിന് ശേഷം പിന്നെ കടവും തുഴയും തോണിയുമെല്ലാം എന്നെന്നേക്കുമായി അദ്ദേഹം ഉപേക്ഷിച്ചു!
സിറാജ്
കടവ് ഒഴിഞ്ഞവർ
ഇന്നത്തെ കാലത്ത് ചാലിയാറിൽ കടത്ത് ജോലിക്കാർ വളരെ കുറവാണ്, ഇല്ല എന്ന് തന്നെ പറയാം. യുവ കടത്തുകാരും എണ്ണത്തിൽ തുലോം കുറവാണ്, പഴയ കടത്ത് കാരിൽ ജീവിച്ചിരിക്കുന്നവർ വളരെ കുറവാണിന്ന്. പാലവും മറ്റു ഗതാഗത സൗകര്യങ്ങളുമൊക്കെ വന്നപ്പോൾ കടത്തുകാരുടെ ജോലി പോയി. അത് കാലഹരണപ്പെട്ട ഒരു തൊഴിലായി മാറി. കടത്ത് നിർത്തിയ പലരും വ്യത്യസ്ഥ തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞു. തൻറെ അറിവിലുണ്ടായിരുന്ന പല കടത്തുകാരും കൃഷി കച്ചവടം മരപ്പണി തുടങ്ങിയ മേഖലകളിലേക്കാണ് പോയത് എന്ന് ഉസ്മാൻട്ട്യാക്ക പറയുന്നു. കടത്തുകാർക്ക് യൂണിയനോ മറ്റ് സംഘടനാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കടത്ത് ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആനുകൂല്ല്യമോ പെൻഷനോ ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത് വരെ ഏതെങ്കിലും സാമൂഹിക പ്രവർത്തകരോ ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ അത്തരം ഒരു കാര്യത്തിനായി ഞങ്ങളെ പരിഗണിച്ച് കൊണ്ട് സംസാരിക്കുന്നതായും ഞാൻ കേട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെ പോലുള്ള എത്രയോ ആളുകൾ ജീവിതത്തിലെ നല്ല യുവത്വ കാലം ഇതുപോലുള്ള സാമൂഹിക സേവന പ്രവർത്തികൾ ചെയ്ത് ജീവിച്ചവരായിട്ടുണ്ട്. ഞങ്ങളെയൊക്കെ ശരിക്കും പരിഗണിക്കപ്പെടേണ്ടതാണ് എന്ന് ചെറിയ നിരാശ ബോധത്തോടെ അദ്ദേഹം പറഞ്ഞുവെക്കുന്നു. ഒരു പാലം നിർമിക്കാൻ എത്ര ലക്ഷങ്ങളാണ് ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്. അതിന് ശേഷം എത്ര പണമാണ് വർഷങ്ങളോളം ടോൾബൂത്തിലൂടെ പിരിച്ചെടുക്കുന്നത്. ഒരു കാലത്ത് ഇക്കരെയുള്ള അനേകം മനുഷ്യരെ അക്കരെയെത്തിച്ച പാവപ്പെട്ട കടത്ത് കാർക്ക് യാതൊരു ആനുകൂല്ല്യമോ പെൻഷനോ നൽകാതിരിക്കുന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഭൂഷണമാണോ എന്ന് പോളിസി മേക്കേഴ്‌സും സർക്കാറും രാഷ്ട്രീയക്കാരുമൊക്കെ ആലോചിക്കേണ്ടതുണ്ട്.
കുടുംബം
ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര വലിയ ജുമാമസ്ജിദിൻറെ അടുത്ത് സ്വകുടുംബത്തോടൊപ്പമാണ് ഉസ്മാൻ താമസിക്കുന്നത്, ഭാര്യയും അഞ്ചു പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ഉസ്മാൻറെ കുടുംബം. അദ്ദേഹം നടുവേദനയും ഷുഗറും ബ്ലഡ് പ്രഷറും യൂറിക് ആസിഡിൻറെ പ്രശ്നങ്ങളുമൊക്കെ സഹിക്കുന്നുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഒരു ഭാഗം തളർച്ചയുടെ പ്രശ്നം അനുഭവിച്ചിരുന്നു. മനോധൈര്യത്തിന്റെ ബലത്തിൽ ഇപ്പോൾ അതിൽ ഇതും കാരകയറുണ്ട്. ഈ അസുഖം വരുന്നതിൻറെ മുമ്പ് മൈത്ര യത്തീം ഖാനയുടെ റെസീവാറായി ജോലി ചെയ്തിരുന്നു. യത്തീംഖാന പിരിവിനായി ദിവസവും കിലോമീറ്ററുകളോളം നടക്കാറുണ്ടായിരുന്നു. ഭാര്യ ചെറിയ രീതിയിൽ കാൻസറിൻറെ പ്രയാസം അനുഭവിക്കുന്നു. ഒരു പുത്രി അരക്ക് താഴെ തളർന്ന രീതിയിലാണുള്ളത്. എങ്കിലും അവളുടെ കാര്യങ്ങളൊക്കെ സ്വയം ചെയ്യാൻ അവൾ പ്രാപ്തയാണ്. ഈയടുത്ത് അദ്ദേഹത്തിൻറെ കോഴിക്കോട്ടേക്ക് വിവാഹം ചെയ്തയച്ച ഒരു മകളുടെ ഭർത്താവ് വിമാന യാത്രക്കിടെ മരണപ്പെട്ട സങ്കടവും അദ്ദേഹം പങ്ക് വെച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും പടച്ചോൻ തന്ന അനുഗ്രഹങ്ങളെ പ്രകീർത്തിച്ച് കൊണ്ട് ആരോടും ഒട്ടും പരാതിയും പരിഭവവുമില്ലാതെ ഈ കടത്തുകാരൻ തൻറെ എഴുപതാം വയസ്സിലും കർമ്മോത്‌സുകനായി ജീവിക്കുന്നു. ജീവിതത്തിൽ ഇനി ഒരേയൊരു ആഗ്രഹമാണ് അദ്ദേഹത്തിന് ബാക്കിയുള്ളത്. ‘റസൂൽ തിരുമേനിയുടെ അടുത്തെത്തി ഒരു തവണ കൂടി ഹജ്ജ് ചെയ്യാൻ കഴിഞ്ഞെങ്കിൽ ജീവിതം ധന്യം’.
തിരിക്കയായ് സന്ധ്യ; വഴിക്കിടക്ക
വിരിച്ചു ഞാൻ കേറിയ തോണിതാനും
സ്ഫുരിക്കുമോളങ്ങൾ മുറിച്ചുകൊണ്ട-
സ്സരിത്തിലൂടെ ഗമനം തുടങ്ങി
അങ്ങോട്ടു മിങ്ങോട്ടുമിരുട്ടിലോരോ
കേവഞ്ചിയസ്സിന്ധുവിലെന്ന പോലെ,
അവ്യക്തമായിട്ടു കടന്നുപോയ്ക്കൊ-
ണ്ടിരുന്നു നാനാ നിനവെന്മനസ്സിൽ
നിറഞ്ഞിടട്ടേ തരണിവ്രജത്താൽ;
നിശ്ശൂന്യമാകട്ടെ നിജപ്രദേശം
രണ്ടും ഗണിക്കാതെ ഗമിച്ചു മുന്നോ-
ടുത്സംഗപോലാ നദി ശാന്തവൃത്ത്യാ
സന്നാഹിയായ്ക്കേറിയ കൂരിരുട്ടാൽ
മന്നാകെയാച്ഛാദിതമായ്ച്ചമഞ്ഞും
മിന്നമിനുങ്ങിൻ നിര സഞ്ചരിച്ചു.
(മഹാകവി വള്ളത്തോളിൻറെ തോണിയാത്ര എന്ന കവിതയിലെ വരികൾ)