Image

കാരൂരിന്‍റെ  പൊതിച്ചോറും, നീലകണ്ഠന്‍ മാഷിന്‍റെ കൊലച്ചോറും (കഥ: ജോസഫ് ഏബ്രഹാം)

Published on 12 November, 2023
കാരൂരിന്‍റെ  പൊതിച്ചോറും, നീലകണ്ഠന്‍ മാഷിന്‍റെ കൊലച്ചോറും (കഥ: ജോസഫ് ഏബ്രഹാം)

നീലകണ്ഠന്‍  മാഷിനെ കാണാതായി. 
സ്കൂളിലെ ഹെഡ്മാസ്റ്ററായ  മാഷിനെ അങ്ങിനെ  വെറുതെ  കാണാതായതല്ല, സ്കൂള്‍      മാനേജര്‍ക്ക് നീണ്ട ഒരു കത്തെഴുതി പോസ്റ്റ്‌ ചെയ്ത ശേഷമാണ്  മാഷിന്‍റെ തിരോധാനം ഉണ്ടായത്.  
ഹെഡ്മാസ്റ്ററായ  നീലകണ്ഠപിള്ള  നാടുവിടാന്‍ കാരണം   മൂപ്പരും   സ്കൂളിലെ റാണി ടീച്ചറും തമ്മിലുള്ള  അവിഹിതബന്ധം  റാണി ടീച്ചറുടെ ഭര്‍ത്താവ് കണ്ടു പിടിച്ചതതിനാല്‍ ആണെന്ന്  സ്കൂളിലെ മറ്റുള്ള  അധ്യാപകരും, പ്യൂണ്‍ സുകുമാരന്‍ നായരും  നീലകണ്ഠന്‍ മാഷിന്‍റെ വീട്ടുകാരും   നാട്ടുകാരും  ഒരുപോലെ  വിശ്വസിക്കുന്നു.

എന്നാല്‍ ചിലര്‍ പറയുന്നത് നീലകണ്ഠന്‍മാഷ് നാടുവിട്ടത്           സര്‍ക്കാരിന്റെ  പിടിപ്പുകേടു കൊണ്ടാണെന്നും അതുകൊണ്ട് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നുമാണ്.  ഇതുകേട്ട സര്‍ക്കാര്‍ പക്ഷപാതികളായ സ്വതന്ത്രനിരീക്ഷകര്‍  ടെലിവിഷന്‍  ചര്‍ച്ചയില്‍  മാഷിന്‍റെ അവിഹിതത്തിന് സര്‍ക്കാരിനെ കുറ്റം പറയുന്നത് ശരിയല്ലെന്നു  തിരിച്ചടിക്കുകയും,  സര്‍ക്കാര്‍ മാഷിനെതിരെ ഉചിതമായ നടപടികള്‍ എടുക്കുമെന്ന്  ആവശ്യപ്പെടുകയും  ചെയ്തു.
ചാനല്‍  ചര്‍ച്ചയില്‍ ഉടനീളം  മാഷിന്‍റെ സഹപ്രവര്‍ത്തകര്‍        നല്‍കിയത്  ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അതില്‍ ഒരെണ്ണം നമുക്ക് കേട്ടു നോക്കാം.
“എന്‍റെ പേര്  വനജ ടീച്ചര്‍.   ഞാന്‍.. നീലന്‍  മാഷ്, സത്യത്തില്‍ ആ മനുഷ്യനെ ഇപ്പോള്‍ ‘മാഷ്’ എന്നു വിളിക്കാന്‍ എനിക്ക് ലജ്ജയുണ്ട്”
വനജ ടീച്ചര്‍ ഒരു നിമിഷം ക്ഷോഭം കൊണ്ട് വീര്‍പ്പുമുട്ടി, ഒപ്പം വാക്കുകളും  മുട്ടി മുരടനക്കി  നിന്നുപോയി. 
“അതേ ശരിയാണ്  വനജ ടീച്ചര്‍ പറഞ്ഞത്. നമ്മള്‍ ഈ അധ്യാപകനെ ഓര്‍ത്തു ലജ്ജിക്കുക തന്നെ വേണം.    പക്ഷെ വനജ ടീച്ചര്‍ എന്താണ് കണ്ടത് എന്നു പ്രേക്ഷകരോട് പറയൂ.ജനത്തിനു സത്യം അറിയാനുള്ള അവകാശം ഉണ്ടല്ലോ” 
ന്യൂസ്  അവതാരകന്‍  തിരക്ക് കൂട്ടിക്കൊണ്ട്  പറഞ്ഞു.
 “റാണി ടീച്ചറും  ഹെഡ്മാസ്റ്ററും   തമ്മില്‍ ഈയിടെയായി  പല അടക്കിപ്പിടിച്ച  വര്‍ത്താനങ്ങള്‍ നടത്തുന്നത്   കാണാറുണ്ടായിരുന്നു”
“അതു  സ്വാഭാവികം. അടക്കിപ്പിടിച്ച വികാരങ്ങള്‍ പുറത്തേക്കു വരുമ്പോഴാണ് അടക്കിപ്പിടിച്ച വര്‍ത്താനങ്ങള്‍ ഉണ്ടാകുന്നതെന്ന് പണ്ടാരോ എവിടെയോ പറഞ്ഞതായി കേട്ടിട്ടുണ്ട്.  ടീച്ചര്‍ മടിക്കാതെ കണ്ടകാര്യങ്ങള്‍ മുഴുവനും   പ്രേക്ഷകരോട് പറയൂ.  ഇത്തരം അധമന്‍മാരുടെ പൊയ്മുഖങ്ങള്‍  അഴിഞ്ഞു കാലത്തിന്റെ കളിയരങ്ങില്‍ വീണടിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു”
അവതാരകന്റെ സാഹിത്യ പ്രയോഗങ്ങള്‍ അന്തരീക്ഷത്തിനു മുറുക്കം കൂട്ടി.
“അതേ സര്‍, അതാണ് ഞാന്‍ പറഞ്ഞു വരുന്നത്.
“ഒരു ദിവസം ഹെഡ്മാസ്റ്ററുടെ മുറിയില്‍ നിന്നും അടക്കിപ്പിടിച്ച     വര്‍ത്താനം കേട്ടാണ് ഞാന്‍ മറഞ്ഞു നിന്നു നോക്കിയത്.”
 “അപ്പോള്‍ അവിടെ  വനജ ടീച്ചര്‍ കണ്ടത്, ഒരു മാതൃകാ അധ്യാപകന്‍ ആകേണ്ട ഹെഡ്മാസ്റ്ററും റാണി ടീച്ചറും  തമ്മില്‍ വേഴ്ചയില്‍  ഏര്‍പ്പെടുന്ന രംഗമാണ്  അല്ലെ ടീച്ചര്‍?”
അവതാരകന്‍  ആകാംഷ മുറ്റിച്ചുകൊണ്ട്  ഒന്നിടപെട്ടു.
വനജ ടീച്ചര്‍ക്കു  വീണ്ടും വാക്കുകള്‍മുട്ടി. അവര്‍ അവതാരകനെനോക്കി  വായും പിളര്‍ന്നു ഒരു നിമിഷം നിന്നുപോയി  പിന്നെ പറഞ്ഞു 
“ഇല്ല അതൊന്നും ഞാന്‍ കണ്ടില്ല”
“പിന്നെ എന്താണ് കണ്ടത്, അവര്‍ തമ്മില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു  അല്ലെ?”
“ഇല്ല,  നീലന്‍ മാഷ്  റാണി  ടീച്ചറിന്റെ തോളില്‍ കൈവച്ചു കൊണ്ടു  പറയുവായിരുന്നു ”
“ഉം പറയൂ. എന്താണ് അവര്‍ പറഞ്ഞത്.  നമുക്ക്  ഒളിച്ചോടാം   എന്നല്ലേ അയാള്‍  അപ്പോള്‍ പറഞ്ഞത്”
“അല്ല  എനിക്ക് പേടിയാകുന്നു  എന്നു പറഞ്ഞു  ടീച്ചര്‍ അടക്കിപ്പിടിച്ചു കരഞ്ഞപ്പോള്‍, സാരമില്ല  കരയാതെ ടീച്ചറെ  ഞാനില്ലേ, നമുക്കീ പ്രശ്നം  ഇരു ചെവിയറിയാതെ  ഇല്ലാതാക്കാം  എന്നു മാഷ് പറയുന്നത് കേട്ടൂ ”
“നോക്കൂ നീലകണ്ഠന്‍ മാഷ് എന്ന നീലക്കുറുക്കന്റെ  തനിനിറം വെളിയില്‍ വന്നത് എങ്ങിനെയെന്ന് അയാളുടെ സഹപ്രവര്‍ത്തകയായ വനജ ടീച്ചര്‍ പറയുന്നത്. ഇരു ചെവി അറിയാതെ പ്രശ്നം പരിഹരിക്കാം എന്നവര്‍  പറഞ്ഞതില്‍ എന്താണ് അരിയാഹാരം കഴിക്കുന്ന നമ്മള്‍ മനസ്സിലാക്കേണ്ടത്? അവര്‍ തമ്മിലുള്ള അവിഹിതബന്ധത്തില്‍ റാണി ടീച്ചര്‍ ഗര്‍ഭിണിയായെന്നും  ആ ഗര്‍ഭം ഇരുചെവി അറിയാതെ ഇല്ലാതാക്കാനുള്ള അബോര്‍ഷനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്  എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.” 
അവതാരകന്‍ തന്‍റെ നിഗമനം വിളിച്ചു പറഞ്ഞു.
“അപ്പോള്‍  അവര്‍ അബോര്‍ഷന്‍ നടത്തിയിട്ടുണ്ടാകും  എന്ത്  തോന്നുന്നു വനജ ടീച്ചറിന് ?”
“നടത്തിയിട്ടുണ്ടാകും. അല്ലെപ്പിന്നെ  അങ്ങിനെയൊക്കെ പറയേണ്ട കാര്യമില്ലന്നാണ്  എനിക്കിപ്പോള്‍ തോന്നുന്നത് ?”
 
നീലകണ്ഠന്‍മാഷ് അയച്ച കത്തുമായി മാനേജര്‍ കൈമളിന്റെ വീട്ടില്‍ പോസ്റ്റ്‌മാന്‍ എത്തിയപ്പോള്‍ അദ്ദേഹം ടെലിവിഷനില്‍ കാരൂര്‍ എഴുതിയ ‘പൊതിച്ചോര്‍’ എന്ന കഥയുടെ സിനിമാരൂപം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. 

ഒരു  സന്ധ്യയില്‍ ഒരു  സ്കൂള്‍ മനേജര്‍ക്കു തന്‍റെ സ്കൂളിലെ പ്രഥമ അധ്യാപകന്‍റെ  കുറ്റസമ്മതം രേഖപ്പെടുത്തിയ ഒരു കത്ത് കിട്ടി. വിശപ്പു സഹിക്കാന്‍ ആവാതെ അദ്ദേഹം ഒരു കുട്ടിയുടെ പൊതിച്ചോര്‍ മോഷ്ട്ടിച്ചു  കഴിച്ചതുമൂലം ഉണ്ടായ കുറ്റബോധം താങ്ങാന്‍ ആവാതെ അദ്ദേഹം, അതെല്ലാം തന്‍റെ പേരില്‍ നടപടി എടുക്കാന്‍ അധികാരമുള്ള മാനേജരോട്  ഏറ്റു പറയുന്നതും,  തന്‍റെ വീട്ടിലെ ഗതികേട് വിവരിക്കുന്നതുമായിരുന്നു ആ കത്തിലെ ഉള്ളടക്കം. 
“വൈ ഡിഡ്  ഹി  ഡു ദാറ്റ്‌  ഗ്രാന്പ ?, 
ഹി കുഡ് ഹാവ് ഓര്‍ഡര്‍ ത്രൂ സ്വിഗ്ഗി!”
മാനേജര്‍  കൈമളിനൊപ്പം  ഇരുന്നു സിനിമ കണ്ടുകൊണ്ടിരുന്ന പേരക്കുട്ടികള്‍  ചോദിച്ചു. 
മറുപടിയൊന്നും പറയാതെ മാനേജര്‍ പോസ്റ്റ്‌മാന്‍ കൊണ്ടുവന്ന കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി. 

“പ്രിയപ്പെട്ട മാനേജര്‍ സാര്‍,
അങ്ങേയ്ക്ക്  അറിയാമായിരിക്കും  ഞാന്‍ എന്താണ്  പറയാന്‍ പോകുന്നതെന്നത്. 
ആയിരത്തി തൊള്ളായിരത്തി  അറുപതില്‍, മഹാനായ കുമാരസാമി കാമരാജ് അവറുകള്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഒരുദിവസം   അദ്ധേഹത്തിന്‍റെ കാര്‍ ഒരു റെയില്‍വേ ക്രോസ്സില്‍ കാത്തുകിടക്കവേ   അദ്ദേഹം ഒരു കാഴ്ച കണ്ടു. കുറച്ചു കുട്ടികള്‍ സ്കൂള്‍ സമയത്ത് പശുക്കളെയും ആടുകളെയും മേയിച്ചു കൊണ്ട് നടക്കുന്നു.
അദ്ദേഹം  കാറില്‍ നിന്നും ഇറങ്ങി തനിയെ ആ കുട്ടികളുടെ  അടുക്കലേക്കു  നടന്നു ചെന്നു. തങ്ങളുടെ  അടുക്കല്‍ വന്നു            നില്‍ക്കുന്നത്  തമിഴ്നാടിന്‍റെ  മുഖ്യമന്ത്രിയാണെന്ന കാര്യം     കുട്ടികള്‍ക്ക്  അറിയില്ലായിരുന്നു. 
അദ്ദേഹം കുട്ടികളോട് ചോദിച്ചു 
“നിങ്ങള്‍  എന്തുകൊണ്ടാണ്  സ്കൂളില്‍ പോകാത്തത് ?”
ആ കുട്ടികളില്‍  ഒരാള്‍ തിരിച്ചു ചോദിച്ചു 
“സ്കൂളില്‍ പോയാല്‍  നിങ്ങള്‍ ഭക്ഷണം  തരുമോ?”

ആ ഒരു ചോദ്യമാണ് സാര്‍, സ്വതന്ത്ര ഭാരതത്തിലെ സ്കൂള്‍  ഉച്ചഭക്ഷണ പദ്ധതിക്ക്  തുടക്കം കുറിച്ചത്. 
പക്ഷെ, സര്‍ അങ്ങയെ  ഈ ചരിത്രം ഓര്‍മ്മിപ്പിക്കാനല്ല  ഈ കത്തെഴുതുന്നത്.
നമ്മുടെ സ്കൂള്‍ ഇതുപോലെ നിലനിന്നു പോകേണ്ടത്  അങ്ങേയെക്കാള്‍  ആവശ്യം  അധ്യാപകരായ ഞങ്ങള്‍ക്കാണല്ലോ. കുട്ടികളുടെ  എണ്ണം കുറഞ്ഞു  ഡിവിഷന്‍ ഫാള്‍  ഉണ്ടായാല്‍ ജോലി നഷ്ട്ടപ്പെടുന്നത്  ഞങ്ങള്‍ക്കാണല്ലോ.  അതുകൊണ്ട് തന്നെയാണ്     ഓരോ അധ്യയനവര്‍ഷത്തിലും  കുട്ടികള്‍ക്ക്  പുസ്തകം വാങ്ങുവാനും  യൂണിഫോറം വാങ്ങുവാനും  വേണ്ടി അധ്യാപകര്‍   ഒരു നിധി രൂപികരിച്ചിരിക്കുന്നത്.

ഇതിനു പുറമേ കുട്ടികള്‍ക്ക്  ഉച്ചഭക്ഷണം കൊടുക്കേണ്ട വകയില്‍ കിട്ടി വരുന്ന സര്‍ക്കാര്‍ തുകയായ  കുട്ടിയൊന്നിനു  തലയെണ്ണി ആറു ഉറുപ്പിക എന്നു വകയിരുത്തിയത് ഒന്നിനും തികയാതെ വരുന്നതിനാല്‍  അതിലേക്കു പോരായ്ക വരുന്ന  തുക നല്കാന്‍  പ്രഥമ അധ്യാപകന്‍  എന്ന നിലയില്‍ എന്‍റെ കയ്യില്‍ നിന്നും എല്ലാ മാസവും  ഒരു  തുക എടുത്തുവരികയും ചെയ്തിരുന്നു, വിലക്കയറ്റം മൂലം അതും തികയാതെ വന്നപ്പോള്‍  മറ്റു അധ്യാപകരുടെ പക്കല്‍ നിന്നും മാസംതോറും നിശ്ചിത തുക പിരിച്ചുകൊണ്ടിരിക്കുകയും  ചെയുന്നുവെന്ന കാര്യം അങ്ങ്  അറിയാനിടയില്ല. 

കുട്ടികള്‍ക്ക്  ഭക്ഷണം നല്‍കുന്നതിനായി   ചെറിയതോതില്‍ ഓരോ മാസവും  സഹായം ചെയ്യുന്നതിന്   എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക്  സമ്മതമെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി  ഉച്ചഭക്ഷണം  മുടങ്ങാതെ നല്‍കണമെന്ന ഉത്തരവ് അല്ലാതെ  സര്‍ക്കാരില്‍ നിന്നും നയാപൈസ കിട്ടുന്നില്ലായെന്നു  അങ്ങേക്ക്   അറിയാമല്ലോ.           എ. ഇ. ഒ.  ഓഫീസില്‍ നിന്നും ഡി. ഇ. ഒ.  ഓഫീസിലേക്കും  അവിടെനിന്നും  തിരിച്ചും  മുടങ്ങാതെ  ഓടി നടക്കുമെങ്കിലും  പണമൊന്നും ഇതുവരെയ്ക്കും  കിട്ടിയിട്ടില്ല. 

 അധ്യാപകര്‍  ആയതിനാല്‍    കാശു ചോദിക്കുമെങ്കിലും,  തന്തക്കു വിളിക്കാറില്ല  എന്നൊരു  സൌജന്യം  കടക്കാര്‍  നല്‍കാറുണ്ട്. അതും കൂടി ഇല്ലാതാകാതിരിക്കാന്‍  വേണ്ടിയാണു  സ്വന്തമായി  ബാങ്കില്‍ നിന്നും ലോണ്‍  എടുത്തും,   വീട്ടുകാരുടെയും  മറ്റുള്ളവരുടെയും ആഭരണങ്ങള്‍  പണയം വയ്ച്ചു പൈസ എടുത്തും    കുട്ടികള്‍ക്കുള്ള   അരിസാമാനങ്ങള്‍ വാങ്ങി വന്നിരുന്നതു  എന്ന കാര്യം അങ്ങേയ്ക്ക്  അറിയുമോ എന്നറിയില്ല. 

മതിയായ പണം ഇല്ലാത്തതിനാല്‍  ചിലപ്പോള്‍ വിളമ്പുന്ന വിഭവങ്ങളില്‍ വരുന്ന  കുറവ്, ഹെഡ്മാസ്റ്റര്‍  സ്വന്തം വീട്ടിലേക്കു പലവ്യഞനങ്ങള്‍  കടത്തുന്നത്  മൂലമെന്ന അപവാദ പ്രചാരണങ്ങള്‍  കേട്ടില്ലെന്നു  വയ്ക്കാം, വീട്ടിലും  തൊടിയിലും  വിളയുന്ന പച്ചക്കറികള്‍ മുഴുവനും  സ്കൂളിലേക്ക് കൊണ്ടുവരുന്നതും   ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ  എന്നു കരുതി  സമാധാനിക്കുകയും ചെയ്തുകൊള്ളാം. 

പക്ഷെ എന്‍റെ മനസമാധാനം കെടുത്തുന്ന ഒന്നു രണ്ട് കാര്യങ്ങള്‍ ഈയിടെ ഉണ്ടായി ആയതു പറയാന്‍ വേണ്ടിയാണു ഇതെഴുതുന്നത്.

ഭാര്യയുടെ  ആഭരണം പണയം വച്ചതു ലേലത്തിന് വച്ചതിന്റെ നോട്ടീസ് വന്നപ്പോള്‍ ഭാര്യ, വീട്ടില്‍ ഉണ്ടാക്കിയ ഭൂകമ്പം ഞാന്‍ ഒരു വിധം തരണം ചെയ്തപ്പോഴാണ്,  ആശിച്ചു വാങ്ങിയ ആള്‍ട്ടോ കാറിന്റെ സി.സി മുടങ്ങിയെന്നു പറഞ്ഞു ബാങ്ക്, കാര്‍ കൊണ്ടുപോയത്. 
 പച്ചക്കറി വാങ്ങിയ വകയില്‍ ഉണ്ടായ കുടിശ്ശിക വീട്ടാന്‍  വേണ്ടി വട്ടിക്കാരന്‍  പൈലിയുടെ കയ്യില്‍ നിന്നും വാങ്ങിയ  പണത്തിന്‍റെ പലിശ മുടങ്ങാതെ കൊടുത്തില്ലെങ്കില്‍  അയാള്‍ പച്ചത്തെറി പറഞ്ഞു വീട്ടില്‍ കയറി നിരങ്ങും.  ഇപ്പോള്‍ വഴിയില്‍ വച്ചു കാണുമ്പോള്‍ സാറെ എന്നു വിളിക്കുന്ന അയാള്‍ കാശു മുടങ്ങിയാല്‍ പിന്നെ എന്തു വിളിക്കുമെന്ന്  അറിയാവുന്നതിനാല്‍  വണ്ടിപോയാലും വേണ്ടില്ല തെണ്ടിത്തരം കാണിച്ചെന്നു വട്ടി പൈലിയെക്കൊണ്ട് പറയിക്കാതെ നോക്കിയതു കൊണ്ടാണ് സാര്‍ കാറിന്‍റെ  അടവ് മുടങ്ങിയതും ബാങ്കുകാര്‍ കാര്‍ കൊണ്ടുപോയതും.

ബാങ്കില്‍ നിന്നു  എടുത്ത പേര്‍സണല്‍ ലോണില്‍ അടവ് തെറ്റിയതിനാല്‍  ശമ്പളത്തില്‍ നിന്നു പിടിക്കാന്‍ നടപടി എടുത്തുവെന്നു  പറഞ്ഞു നോട്ടീസ് വന്നതും പോട്ടെ,  ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകള്‍  ഉണ്ടാകുമെന്ന്  കരുതി ഞാന്‍ ആശ്വസിച്ചു.

ബഹുമാനപ്പെട്ട മാനേജര്‍  അവറുകളുടെ  അറിവിലേക്കായി ഇനി പറയുന്നത്  വലിയൊരു സംഗതിയാണ്  അത്  എനിക്ക് താങ്ങാന്‍ പറ്റാവുന്നതിലും വലിയ സംഭവമായിരുന്നു.  അതു  നടന്നത്  ഇന്നലെ വൈകുന്നേരമാണ്,  ഒരു പക്ഷെ അങ്ങയുടെ ചെവിയില്‍ ഇതിനകം തന്നെ അതെല്ലാം എത്തിയിരിക്കാതെ തരമില്ല. 

നമ്മുടെ സ്കൂളിലെ റാണി ടീച്ചറുടെ  ഭര്‍ത്താവ് ഗള്‍ഫില്‍ ആണെന്ന കാര്യം അങ്ങേയ്ക്ക്  അറിയാമല്ലോ. അവരുടെ ഭര്‍ത്താവ് ഈയിടെ അവധിക്കു വന്നു. ഇന്നലെ അയാള്‍ തിരികെ പോയി. പോകുന്നവഴി   അയാള്‍ റാണി ടീച്ചറെ എന്‍റെ വീട്ടില്‍ കൊണ്ടുവന്നാക്കി,   ഇനി  അവിടെ പൊറുതി ആക്കിയാല്‍ മതി എന്നു പറഞ്ഞു വീടും പൂട്ടി അയാള്‍ ഗള്‍ഫിലേക്ക്  കയറിപ്പോയി. 

ഞാനും റാണി ടീച്ചറും തമ്മില്‍ അവിഹിത ബന്ധമാണ്  എന്നാണ് അയാള്‍ എന്‍റെ ഭാര്യയോടു പറഞ്ഞത്. എന്‍റെ ഭാര്യ  അയാള്‍ പറഞ്ഞത് വിശ്വസിക്കാന്‍ ചില കാരണങ്ങള്‍  ഉണ്ടായിരുന്നു.  ഈ അടുത്തകാലത്തായി  റാണി ടീച്ചര്‍  എന്നെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു, അപ്പോഴൊക്കെ  ടീച്ചര്‍  സമധാനമായിരിക്കൂ  നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നൊക്കെ ഞാന്‍ പതിയെ പറയുന്നത്  എന്‍റെ ഭാര്യ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു, എന്താണ് കാര്യമെന്ന് ഭാര്യ ഒന്നുരണ്ടു വട്ടം ചോദിച്ചെങ്കിലും ഒന്നുമില്ലെന്നു പറഞ്ഞു ഞാന്‍ ഒഴിഞ്ഞത് അവളില്‍ സംശയം ഉളവാക്കിയിരുന്നുവെന്നു വ്യക്തം.

ഒരു വീട്ടില്‍ ഭാര്യയും  വെപ്പാട്ടിയും ഒരുമിച്ചു വേണ്ട എന്നു പറഞ്ഞുകൊണ്ട്  എന്‍റെ   ഭാര്യ  അവളുടെ വീട്ടിലേക്കു പോയി. ഈ അച്ഛന്‍ വയസുകാലത്ത്  എന്തൊരു വൃത്തികേടാണ് കാണിക്കുന്നത് എന്നു പറഞ്ഞു മക്കളും അവളോടൊപ്പം  പോയി. ഇനി എപ്പോഴാണ് ഉപ്പുകണ്ടം ബ്രദേര്‍സിനെപ്പോലുള്ള തല്ലിപ്പൊളികളായ അവളുടെ ആങ്ങളമാര്‍ എന്‍റെ തലതല്ലിപ്പൊളിക്കാന്‍ വരുന്നതെന്ന് അറിയില്ല.

 എന്താന്നു  സംഭവിച്ചതെന്നു ഞാന്‍ പറഞ്ഞിട്ടും   ആരുമൊട്ടും   വിശ്വസിക്കുന്നുമില്ല. 
കുട്ടികള്‍ക്കുള്ള  ഭക്ഷണം മുടങ്ങാതെ കൊണ്ടുപോകാന്‍  ഒരു      നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോള്‍  ഞാന്‍  റാണി ടീച്ചറുടെ കുറച്ചു  ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിച്ചിരുന്നു. ആരോടും പറയരുതെന്നു  ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നതിനാല്‍ സ്കൂളിലെ ആരോടും അക്കാര്യം പറഞ്ഞിരുന്നില്ല. ഭര്‍ത്താവ്  അവധിക്കു വരുന്നതിനു മുന്‍പ് പണയം എടുത്തു കൊടുക്കാം എന്നു ഞാന്‍ ഉറപ്പു പറഞ്ഞിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ ടീച്ചര്‍ എന്‍റെ അടുക്കല്‍ വന്നു കരയുകയും പറയുകയും ചെയ്തപ്പോള്‍  ആരും അറിയാതെ എങ്ങിനെയെങ്കിലും പരിഹരിക്കാമെന്നു  ഞാന്‍ വാക്ക് പറയുകയും ചെയ്തിരുന്നു. പക്ഷെ അതിനു കഴിഞ്ഞില്ല  അതിനു മുന്‍പ്  റാണിയുടെ ഭര്‍ത്താവ്  ആഭരണങ്ങള്‍ വീട്ടില്‍ ഇല്ലെന്നത്  കണ്ടുപിടിച്ചു.
 
 കുട്ടികള്‍ക്ക്  ഭക്ഷണം വാങ്ങിക്കാന്‍ കാശില്ലാതെ വന്നതിനാല്‍  ഹെഡ്മാസ്റ്റര്‍ക്ക്  പണയം വയ്ക്കാന്‍വേണ്ടി  ആഭരണങ്ങള്‍  കൊടുത്തു എന്നു പറഞ്ഞിട്ടു  അത് വിശ്വസിക്കാന്‍  അയാള്‍ തയ്യാറായില്ല.  താന്‍ ഗള്‍ഫില്‍ കിടന്നു കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന മുതല്‍ എല്ലാം റാണി ടീച്ചര്‍ അവളുടെ ഇഷ്ട്ടക്കാരനായ എനിക്കു നല്‍കുന്നു  എന്നാണ് അയാള്‍ കരുതുന്നത്. ആധാരം പണയം വച്ചും  കുട്ടികള്‍ക്ക്  മുടങ്ങാതെ ആഹാരം നല്കാന്‍ ശ്രമിച്ചതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം തന്നെ വഴിയാധാരമായി.
 കാര്യങ്ങള്‍ മേല്‍വിവരിച്ച പ്രകാരം ആണെന്നു   ബഹുമാന്യനായ  മാനേജര്‍  അവറുകളെ  അറിയിക്കുന്നതിനൊപ്പം  സ്കൂളിലേക്ക് പുതിയ ഹെഡ്മാസ്റ്ററെ നിയമിക്കാന്‍ വേണ്ട നടപടികള്‍   അടിയന്തിരമായി സ്വീകരിക്കണമെന്നും ഇതിനാല്‍    അപേക്ഷിക്കുകയും   ചെയ്യുന്നു 

എന്നു,
 വിശ്വസ്ഥതയോടെ 
ഹെഡ് മാസ്റ്റര്‍ 
 നീലകണ്ഠന്‍  പിള്ള (ഒപ്പു)”

നീലകണ്ഠന്‍  മാഷിന്‍റെ  തിരോധാനം  കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ആളുകള്‍ക്കിടയില്‍ ഒരു ചര്‍ച്ചാവിഷയമല്ലാതായി മാറിയെങ്കിലും ഇതു വരേയ്ക്കും മാഷ് എവിടെയെന്നു  ഒരു വിവരവും കിട്ടിയിട്ടില്ല. റാണി ടീച്ചറിന്റെ ഭര്‍ത്താവിനെ സത്യാവസ്ഥ  ബോധ്യപ്പെടുത്താന്‍  മാനേജര്‍ കൈമള്‍സാറും പഞ്ചായത്ത് പ്രസിഡണ്ടും, വാര്‍ഡു മെമ്പറും ചേര്‍ന്ന്   ഗള്‍ഫിലുള്ള അവരുടെ   ഭര്‍ത്താവുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും  പ്രശ്നം ഇതുവരേയ്ക്കും പരിഹരിക്കപ്പെട്ടില്ല എന്നാണ്  അറിയാന്‍ കഴിഞ്ഞത്.  

Join WhatsApp News
Sudhir Panikkaveetil 2023-11-12 15:36:26
വളരെ രസകരമായ കഥ. കാരൂർ കഥകളുടെ കാലഘട്ടത്തിൽ നിന്നു ഇപ്പോൾ അങ്ങനെയുള്ള കഥ അരങ്ങേറുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളുടെ സത്യമായ ആവിക്ഷ്കാരം. അവതാരകന്മാർ അവർക്ക് വേണ്ടത് ചോദിക്കുന്നവന്റെ വായിൽ തിരുകുകയും അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് കുത്തിപ്പൊക്കുകയും ചെയ്യുന്ന ദയനീയ കാഴ്ച്ച നന്നായി കൊടുത്തിട്ടുണ്ട്. മാധ്യമങ്ങൾ മനുഷ്യരുടെ ജീവിതം കുട്ടിച്ചോറാക്കുന്നത് കുട്ടി സഖാക്കളുടെ ആവശ്യമാണ്. മൂഢരായ ജനം അതറിയുന്നില്ല.
Dr.A.N Sreedhar 2023-11-12 16:08:46
Kamaraj was the most extraordinary Chief Minister India had ever seen, and his vision made the Tamilnadu the most significant welfare state in India. He introduced and implemented the noon meal system for kids in India. It was followed in Kerala with the help of the US aid program until 1983. This story highlighted the historical facts and the pathetic situation in Kerala. There is no money for school lunches, and the torments faced by the school teachers
സാബു മാത്യു 2023-11-12 20:35:32
കാരൂരിന്റെ പൊതിച്ചോർ എന്ന കഥയ്ക്കു ഇന്നു യാതൊരു പ്രസക്തിയുമില്ല കാരണം അധ്യാപകരുടെ വേതനം ഇന്നു വളരെ ഉയർന്നതാണ്. ഈ കഥ അന്നത്തെ പൊതിച്ചോർ എന്ന കഥയുടെ ഇന്നത്തെ ആവിഷ്കാരമാണ്. ഇന്ന്‌ അദ്ധ്യാപകരെ വലയ്ക്കുന്ന വിഷയം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനുള്ള വക കണ്ടെത്തുക മാനേജ്മെന്റ് സ്‌കൂൾ ആണെങ്കിൽ കുട്ടികളുടെ തലയെണ്ണൽ കുറയാതിരിക്കുക എന്നിങ്ങനെയുള്ള വിഷയങ്ങൾ. കഥയിൽ കാമരാജ് എന്ന മഹാമനുഷ്യനെ ഓർത്തതു ഉചിതമായി. ഇന്നത്തെ മാധ്യമ കോപ്രായങ്ങൾ വരച്ചതും നന്നായി. നർമ്മം എന്നു തോന്നുവെങ്കിലും നർമ്മത്തിൽ പൊതിഞ്ഞ ചില ആക്ഷേപങ്ങൾ നിറഞ്ഞതാണ് കഥ. ആശംസകൾ
ജോൺ സാമുവേൽ 2023-11-14 17:10:30
ഇന്ത്യൻ ഭരണാധികാരികളുടെ പാഠപുസ്തകമായി തീരേണ്ട ഒരാളാണ് കെ കാമരാജ് എന്നാൽ കൊണ്ഗ്രെസ്സ് കാർ പോലും അദ്ദേഹത്തെ ഓർക്കാറില്ല. കാമരാജിനെ ഈ കഥയിൽ ഓർത്തതു ഉചിതമായി.
രാജു ടോമി 2023-11-26 01:44:04
അടുത്ത കാലത്ത് വായിച്ച നല്ലൊരു ആക്ഷേപ ഹാസ്യം. ഇതൊക്കെയല്ലേ നമ്മുടെ നാട്ടില്‍ നടക്കുന്നത്. ആശംസകള്‍ ശ്രീ ജോസഫ്‌ എബ്രഹാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക