Image

വിചാരണ ( കവിത : രാധാമണി രാജ്)

Published on 12 November, 2023
വിചാരണ ( കവിത : രാധാമണി രാജ്)

അതേ
അടിവരയിടാതെ
ഞാനിവിടുണ്ടാവും
നിസ്സഹായതയുടെ
തുരുത്തുകളില്‍
വെറുതെ എന്നാലും
കാവലാകും

കട്ടിലിനൊരറ്റം
കസേരയും
മടിയില്‍ വെച്ച
കേക്കിന്‍റെ പലക
എനിക്കുവേണ്ടി
മേശയുമൊരുക്കും

ജനലില്‍ക്കൂടി
പടിഞ്ഞാറിനെയാണ്
ഞാനാദ്യം  കാണുന്നത്
ഉറപ്പുള്ള ഭിത്തിയും
അതിനു മുകളില്‍
കമ്പിവലകളും

അതിനിപ്പുറം അയയില്‍
ആരൊക്കെയോ
അലക്കി വിരിച്ചതുണികള്‍
നടന്നുമറയുന്ന തലകളെ
കാണുന്നുണ്ടാവണം

അതേ ഇവിടെ
രണ്ടുതരത്തിലാണ്
മഴകള്‍
പെയ്യുന്നതും തോരുന്നതും ..
ശങ്കയോടെ എത്തുന്ന
വെയിലുകളും
രണ്ടായിട്ടാണ്
വിരിയുന്നതും കൊഴിയുന്നതും
പറവകളും
ചില്ലയൊതുക്കുന്നു

ജനിച്ചു പോയതൊരു
കുറ്റമാകുമെങ്കില്‍
അതിന്‍റെ വിചാരണകള്‍ക്കാണ്
ഈ കോടതി ഏറ്റെടുക്കുന്ന കേസുകള്‍

തോറ്റു പിന്മാറുന്ന
കേസുകളാണേറെയും
ജയിച്ചു പുറത്തെത്തുന്നത്
വളരെ ചുരുക്കം;
അതല്ലതെ
ജയിക്കണമെങ്കില്‍
മാഞ്ഞുമറയണം
എന്നേയുള്ളൂ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക