1
പുഴയെ തള്ളേണ്ടയാരും
പുഴ തള്ളിയൊഴുകട്ടെ
വിടരട്ടെ പൂമൊട്ട് വഴിയോരത്തെ
വിടർത്തേണ്ടയാരുമാ, കോരകത്തെ
ദീപത്തെയാരും വലിക്കേണ്ട
ദീപം നിന്ന് കത്തട്ടെ!
2
കാറെടുത്തമ്പലത്തിലേക്ക് കുതിക്കണൊ
കാർബൺ മോണോക്സൈഡ്
കൂട്ടണോ
കുഞ്ഞിക്കാൽ രണ്ടിനൊപ്പം
അടി വെക്കാനൊരു
ബൃഹത്താം ഭൂമിയും തന്നില്ലേ
പടച്ചോൻ ആദികാലത്തിൽ!
3
അയൽക്കാരന്റെ കാതിൽ
മൂക്കിൽ പഞ്ഞി വെക്കേണ്ട
പടക്കപ്പുക പരത്തേണ്ട
ദൈവകോപത്തെ ക്ഷണിക്കുവാൻ
ഗുണ്ട് പൊട്ടിച്ച് വീഴ്ത്തേണ്ട
ദുർബലചിത്തരെ
കാണാം ടി വിയിൽ
ഹമാസിന്റെ അതിക്രമം
ഇസ്റായേലിന്റെ പരാക്രമം
പോർക്കളത്തിൽ ജിതന്
ദീപാവലി ഘോഷമെങ്കിൽ
ഇരകളാമഭയാർത്ഥിമനുഷ്യർക്കൊക്കെ
ദു:ഖാവലിയിതു ജീവിതം!
4
ദീപം നിന്ന് കത്തുന്നു
മാർവാഡി പെട്ടിക്ക് മേൽ
തുറന്നു വെക്കുന്നു
ഇരട്ടക്കണക്കു പുസ്തകങ്ങൾ
ഒന്ന് കറുപ്പെങ്കിൽ മറ്റേതു വെളുപ്പത്രെ!
5
ദീപം നിന്ന് കത്തുന്നു
മനസ്സിൽ ലഡ്ഡു പൊട്ടുന്നു
ഡയബറ്റിക്കാം കവി മധുരവെറിയൻ
ബീവിയെ പറ്റിച്ച് ഫ്രിഡ്ജിലെ
കാജു ബർഫി,യര ഡസൻ വിഴുങ്ങുന്നു!
6
അങ്ങാടിപ്പാട്ടിന്നീണത്തിൽ
പൊക്കാമീ, ജീവിതനിലവാരം
മറന്നു പോകയാണല്ലൊ മാനുഷർ
ജീവന്റെ ഗുണനിലവാരമുയർത്തുവാൻ!
7
ചീതപ്പെണ്ണിനെ കട്ടു
രാവണച്ചൻ
രാവണച്ചന്റെ ലങ്ക ചുട്ടു
വാനരച്ചൻ
പോർനിലത്തിൽ ചീരാമൻ
പത്ത് തലയെടുത്തു
പതിനാല് കൊല്ലം തീർന്നങ്ങനെ
ദു:ഖകാനനത്തിൽ
ഉള്ളത്തിൽ ആനനത്തിൽ
പെരിയ തോഷത്തിൽ തിരിച്ച് ബന്ന്
അയോത്ത്യത്തെരുവില്
ഊരുകാര് എണ്ണേം
താളീം തേച്ച് കുളിച്ച് കോടിക്കുപ്പായമുടുത്ത്
ബെളക്ക് ബെച്ച്
കതിന പൊട്ടിച്ച്
ലഡ്ഡു പൊട്ടിച്ച്
ജയ് സിയാറാം ബിളിച്ച്!
ഏനുമെന്റെ പൊരപ്പടിയില്
മൺചെരാത് ബെച്ച്
തിരി കത്തിച്ചു......!
കമ്പിത്തിരി കത്തിച്ചു......!!
ജയ് സിയാറാം ബിളിച്ചില്ല
അയലത്തെ മുസലിയാർക്ക്
അതിസ്റ്റല്ല. ഏന് ഓറ്
പത്ത് കോയി മൊട്ട
കടം തന്നിന്.. മൊട്ടേട
കൂറ് കാണിക്കണ്ടേ?
ഏൻ മുസലിയാർ കേക്കാൻ
ബേണ്ടീറ്റ് മനസ്സിൽ പാടി:
സാരെ ജഹാൻ സെ അച്ചാ
പാക്കിസ്ഥാൻ ഹമാര!
ഹമാസ് ഭി ഹമാര!
ഇൻക്വിലാബ് ജിന്താബാദ്!!
8
ദീപത്തെയാരുമൂതിക്കെടുത്തേണ്ട
ദൈവക്കാറ്റിലതാളിക്കത്തിയണഞ്ഞിടും!