റിയാദ്: ഇരുവൃക്കകളും തകരാറിലായ കോഴിക്കോട് പേരാമ്പ്ര കല്ലൂര്‍ സ്വദേശി തെരുവത്ത് അബ്ദുറസാഖിനെ (23) സഹായിക്കാന്‍ നാട്ടുകാരായ പ്രവാസികള്‍ രംഗത്ത്. നിത്യരോഗിയും വിവാഹ മോചിതയുമായ ഏക സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം കൂടിയായിരുന്ന അബ്ദുറസാഖ് ഏറെ നാളായി അസുഖ കിടക്കയിലാണ്.
ഒന്നിടവിട്ട ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്താലാണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. അതിനിടയില്‍ റസാഖിന്റെ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാനാവുന്നില്ല. ഇതിനിടയില്‍ വൃക്ക മാറ്റിവെച്ചില്ലെങ്കില്‍ ജീവന് അപകടത്തിലാവുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താനാണ് റിയാദ് പേരാമ്പ്ര ഏരിയ വെല്‍ഫയര്‍ അസോസിയേഷന് (പ്രവ) പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നാട്ടില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ ഒരു സഹായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അബ്ദുറസാഖ് സഹായ സമിതി എന്ന പേരില്‍ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് (14150100106597) തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സഹായിക്കാന്‍ താല്പര്യപ്പെടുന്നവര് ബഷീര്‍ ചാലിക്കര (0502967328), അശ്റഫ് കല്ലൂര്‍ (0597899386), അബ്ദുസ്സലാം കല്ലൂര്‍ (0562387083), മുഹമ്മദ് വാളൂര്‍ (0564238114) എന്നിവരെ ബന്ധപ്പെടണമെന്ന് പ്രവ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.